Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പിണറായി വിജയൻ നയിച്ച കേരളയാത്രയിലെ പ്രാസംഗികൻ; ഇസ്ലാമിക വേദിയിൽ കത്തിക്കയറുമ്പോഴും സിപിഎം സഹയാത്രികൻ എന്ന പേര് നിലനിർത്തി; ഇടതുമുന്നണി പിന്നോക്ക കമ്മീഷൻ അംഗത്വം നൽകിയതും ഇതേ പരിഗണന വെച്ച്; മതപ്രഭാഷണങ്ങളിൽ മതേതരത്വവും വിശാല ജനാധിപത്യവും കയറ്റുന്നതിന് പലതവണ സ്വസമുദായത്തിൽ നിന്ന് പഴികേട്ടു; ചേരമാൻപള്ളി ഹിന്ദുക്കളുടെ മഹാമനസ്‌കതയെന്ന പ്രസംഗത്തിൽ മാപ്പു പറഞ്ഞത് കാന്തപുരം കൂടി കൈവിട്ടപ്പോൾ; സഖാഫിയിൽ നിന്ന് 'സഖാവി'യും ഇപ്പോൾ 'സംഘി'യുമായ മുള്ളൂർക്കരയുടെ കഥ

പിണറായി വിജയൻ നയിച്ച കേരളയാത്രയിലെ പ്രാസംഗികൻ; ഇസ്ലാമിക വേദിയിൽ കത്തിക്കയറുമ്പോഴും സിപിഎം സഹയാത്രികൻ എന്ന പേര് നിലനിർത്തി; ഇടതുമുന്നണി പിന്നോക്ക കമ്മീഷൻ അംഗത്വം നൽകിയതും ഇതേ പരിഗണന വെച്ച്; മതപ്രഭാഷണങ്ങളിൽ മതേതരത്വവും വിശാല ജനാധിപത്യവും കയറ്റുന്നതിന് പലതവണ സ്വസമുദായത്തിൽ നിന്ന് പഴികേട്ടു; ചേരമാൻപള്ളി ഹിന്ദുക്കളുടെ മഹാമനസ്‌കതയെന്ന പ്രസംഗത്തിൽ മാപ്പു പറഞ്ഞത് കാന്തപുരം കൂടി കൈവിട്ടപ്പോൾ; സഖാഫിയിൽ നിന്ന് 'സഖാവി'യും ഇപ്പോൾ 'സംഘി'യുമായ മുള്ളൂർക്കരയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം സമൂഹം ചെറിയ വിട്ടുവീഴ്‌ച്ചകൾ ചെയ്താൽ മതിയെന്നും, ഉടൻതന്നെ നെഞ്ചത്തടിച്ച് അതിന് പുനഃപരിശാധനക്ക് ഹരജി സമർപ്പിക്കേണ്ട കാര്യമില്ല എന്ന വിവാദ പ്രസംഗത്തിൽ മുള്ളൂർക്കര മുഹമ്മദലി സഖാഫി മാപ്പുപറയേണ്ടി വന്നത് കാന്തപുരം എ പി അബൂബക്കർ മുസലിയാർ കൂടി കൈവിട്ടതോടെ. സുന്നി സംഘടനകളിലൊന്നും ഔദ്യോഗിക ഭാരവാഹിത്വമില്ലെങ്കഷിലും എ പി സുന്നി പ്രഭാഷകനായാണ് മുള്ളൂർക്കര അറിയപ്പെടുന്നത്. എന്നാൽ വിവാദ പ്രസംഗം സംഘപരിവാർ ഗ്രൂപ്പുകളിൽ അടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും വിവിധ മുസ്ലിം സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉയരുകയും ചെയ്തതോെടാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടത്. ഇതെത്തുടർന്ന് കാന്തപുരം പ്രസംഗത്തിന്റെ നിജസ്ഥിതി അറിയിക്കാൻ എസ്വൈഎസ്, മുസ്ലിം ജമാഅത്ത് ഭാരവാഹികളെ നിയോഗിച്ചു. ഇവർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് പ്രസംഗം പിൻവലിച്ച് വിവാദത്തിൽനിന്ന് തടിയൂരാൻ കാന്തപുരം മുള്ളൂർക്കരയോട് നിർദ്ദേശിക്കയായിരുന്നു.

പുതിയ സാഹചര്യത്തിൽ മുള്ളൂർക്കര സഖാഫിയെ താൽക്കാലികമായി പരിപാടികളിൽനിന്ന് അകറ്റി നിർത്താനാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം. എ പി സുന്നി പ്രസ്ഥാനവുമായി ബന്ധമുള്ള കണ്ണൂരിലെ സ്ഥാപനത്തിൽ നിശ്ചയിച്ച പരിപാടിയിൽ വരേണ്ടതില്ലെന്ന് മുള്ളൂർക്കര സഖാഫിയെ നടത്തിപ്പുകാർ നേരിട്ട് അറിയിച്ചിട്ടുണ്ട്. എസ്എസ്എഫിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും പ്രമുഖ നേതാക്കൾ തന്നെ സോഷ്യൽ മീഡിയയിൽ മുള്ളൂർക്കരക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണുതയും വിട്ടുവീഴ്ചയുമാണ് ഇസ്ലാം മതത്തിന് വളരാൻ സഹചര്യം ഉണ്ടാക്കിയതെന്നും അതിനാൽ നാം ബാബറി വിധിയിലും ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം എന്നായിരുന്നു മുള്ളൂർക്കര പറഞ്ഞത്. 'ഇന്ത്യയിൽ ആദ്യമായി മുസ്ലീങ്ങൾക്ക് പള്ളിയുണ്ടാക്കാൻ സൗകര്യം നൽകിയത് ഹൈന്ദവ സഹോദരങ്ങളാണ്. ചേരമാൻ പെരുമാളിന്റെ പിൻഗാമിയായ ഹൈന്ദവ രാജാവാണ് ആദ്യപള്ളിയുണ്ടാക്കാൻ മുസ്ലിംങ്ങൾക്ക് കൊടുങ്ങല്ലൂരിൽ സ്ഥലം നൽകിയത്. ഈ വിട്ടുവീഴ്ചകളുടെയാക്കെ പശ്ചാത്തലത്തിൽ ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ റിട്ട് സമർപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറയുന്നു. ബാബറി വിധി വന്ന ദിവസം വൈകീട്ടായിരുന്നു ഈ അഭിപ്രായവും വന്നത്. അദ്ദേഹം നേമത്ത് നടത്തിയ നബിദിന സന്ദേശ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാണ് വൻ വിവാദങ്ങൾക്ക് ഇടയാക്കിയത്.

മതേതരത്വത്തിന് വേണ്ടി നിലകൊണ്ട മതപ്രഭാഷകൻ

തൃശൂർ ജില്ലയിലെ ഉൾഗ്രാമമായ മുള്ളൂർക്കരയിൽ ജനിച്ച മുഹമ്മദ് അലി സഖാഫി പ്രഭാഷകൻ എന്ന നിലയിൽ 50 വർഷം തികയ്്ക്കുന്ന സമയത്താണ് വിവാദം കടന്നുവന്നത്. എന്നാൽ ഇസ്ലാമിക മത പ്രഭാഷകൻ എന്ന നിലയിൽ അറിയപ്പെടുമ്പോഴും എപ്പോഴും മതേതരത്വത്തിന്റെ സഹിഷ്ണുതയുടെയും വിശാല ജനാധിപത്യത്തിന്റെയും ആശയങ്ങളാണ് എപ്പോഴും ഉയർത്തിപ്പിടിച്ചത്. ഓണഘോഷത്തിൽപോലും പങ്കെടുക്കാൻ പാടില്ലെന്നും, ഉത്സവത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിലേക്ക് പണം കൊടുക്കുന്നത്പോലെയാണെന്നൊക്കെ പരസ്യമായി പൊതുവേദികളിൽ പ്രസംഗിക്കുന്ന മതപ്രഭാഷകരിൽനിന്ന് തീർത്തും വ്യത്യസ്തനാണ് അദ്ദേഹം. മുഹമ്മദലി സഖാഫിയുടെ പഴയ പ്രസംഗങ്ങൾ കേട്ടവർക്ക് ഇത് ബോധ്യമാവും. എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കപ്പെടേണ്ടതാണെന്നും പരസ്പരം വിട്ടുവീഴ്ചകളും സഹനവുമാണ് ഇന്ത്യയിലെ എല്ലാവർക്കും നല്ലതെന്നുമാണ് അദ്ദേഹം എപ്പോഴും ഉയർത്തിപ്പിടിക്കാറ്. അതുപോലെ തന്നെ മറ്റു മതസ്ഥരുടെ ആചാരങ്ങളും ആഘോഷങ്ങളും അനിസ്ലാമികമാണ് എന്ന കാഴ്ചപ്പാട് അദ്ദേഹം ഒരിക്കലും കൊണ്ടുനടുക്കുന്നില്ല. ന്യുനപക്ഷ സമുദായങ്ങൾ അവർക്കുണ്ടാകുന്ന ചില പ്രശ്്നങ്ങൾ മാത്രം മാന്തിപ്പുണ്ണാക്കരുതെന്നും, വിശാലമായ ജനാധിപത്യരീതിയും സഹിഷ്ണുതയും വേണമെന്നുമാണ് അദ്ദേഹത്തിന്റെ സമകാലീന പ്രസംഗങ്ങൾ മുഴുവനും. അതുകൊണ്ടുതന്നെ മുള്ളൂർക്കര സഖാഫിയുടെ പ്രസംഗം മുമ്പും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

പലപ്പോഴും രാഷ്ട്രീമായി ഇടതുപക്ഷത്തിന് അനുകൂലമായ പ്രംസഗങ്ങൾ ആണ് മുള്ളൂർക്കര നടത്താറുള്ളത്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള തീവ്ര മുസ്ലിം സംഘടനകളുടെ കടുത്ത വിമർശകൻ ആയിരുന്നു അദ്ദേഹം. പിണറായി വിജയൻ നയിച്ച കേരളയാത്രയിൽ പ്രാസംഗികനായി അനുഗമിച്ച മുള്ളൂർക്കര സഖാഫിയുടെ നടപടിയും വിമർശനം ഉയർത്തിയിരുന്നു. സഖാഫിയുടെ രാഷ്ട്രീയ പ്രസംഗങ്ങൾ അതിരുകൾ ഭേദിച്ചെന്ന് വിലയിരുത്തി നാല് വർഷം മുൻപ് തന്നെ കാന്തപുരം വിഭാഗം സംഘടനാ പരിപാടികളിൽ ക്ഷണിക്കുന്നത് നിർത്തിയിരുന്നു. സിപിഎം അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് പിന്നോക്ക കമ്മീഷൻ അംഗത്വം നൽകി. കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധി എന്ന പരിഗണന വച്ചായിരുന്നില്ല ഈ നടപടിയെങ്കിലും അതും വന്നുചേർന്നത് കാന്തപുരത്തിന്റെ അക്കൗണ്ടിലായിരുന്നു. സിപിഎമ്മിനോടുള്ള ചായവ് ഉള്ളതുകൊണ്ട് കാന്തപുരം വിഭാഗം സുന്നികൾ അരിവാൾ സുന്നികൾ, എന്നും വത്തക്ക സുന്നികൾ എന്നുമൊക്കെയാണ് ( പുറമെ പച്ച അകത്ത് ചുവപ്പ്്) പരിഹസിക്കപ്പെട്ടിരുന്നത്. എന്നാൽ കാന്തപുരം ഇടക്ക് മുസ്ലിം ലീഗിനോട് അടുത്തപ്പോഴും മുള്ളുർക്കര സഖാഫി തന്റെ നിലപാടിൽ ഉറച്ചു നിൽക്കയായിരുന്നു. ഇന്ത്യൻ ന്യുനപക്ഷങ്ങളുടെ വിഷയം ഉയർത്തിപ്പിടിക്കാൻ എക്കാലവും നല്ല പ്ര്സ്ഥാനം ഇതുപക്ഷമാണെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.

എ പി വിഭാഗത്തിന്റെ സംഘടനാ പരിപാടികളിൽ വിലക്കുണ്ടായിരുന്നെങ്കിലും സംഘടനയുമായി ബന്ധമുള്ള കോളജുകളിലും മറ്റും പരിപാടികൾക്ക് മുള്ളൂർക്കരയെ അതിഥിയായി ക്ഷണിക്കാറുണ്ടായിരുന്നു. ഇപ്പോൾ നേമത്തെ നബിദിന പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മുള്ളൂർക്കര സഖാഫിയെ പൂർണ്ണമായി അകറ്റിനിർത്താനാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

സഖാഫിയിൽ നിന്ന് 'സഖാവി'യായി ഇപ്പോൾ സംഘിയും

രൂക്ഷമായ സൈബർ ആക്രമണമാണ് മുള്ളൂർക്കര ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്്. അദ്ദേഹം സഖാഫിയല്ല 'സഖാവി'യാണെന്നായിരുന്നു ഒരു കാലത്ത് എതിരാളികൾ പ്രചരിപ്പിച്ചത്. അത് അദ്ദേഹം പിണറായിയുടെ യാത്രയിൽ പങ്കെടുക്കുകയും, പാർട്ടി ശൈലിയിൽ സംസാരിക്കുകയും ചെയ്യുന്ന കാലത്തായിരുന്നു. എന്നാൽ ഇപ്പോൾ സഖാവിയിൽനിന്ന് സംഘി എന്ന പട്ടമാണ് അദ്ദേഹത്തിന് ചാർത്തിക്കൊടുത്തിരിക്കുന്നത്. അടുത്ത മീസോറം ഗവർണർ, കേന്ദ്ര ന്യുനപക്ഷ കമ്മീഷൻ അംഗം എന്ന രീതിയിലൊക്കെയാണ് എതിരാളികൾ പരിഹസിക്കുന്നത്. ഇങ്ങനെ പരിഹസിക്കുന്നവരിൽ നല്ലൊരു ശതമാനവും ഇസ്ലാമിക മത മൗലികവാദികളുമാണ്.

അതോടൊപ്പം ബിജെപി, മുസ്ലിം സംഘടനകളിലെ ചിലരെ റാഞ്ചുന്ന കൂട്ടത്തിൽ ഈ മൗലവിയും പെടുമെന്ന് ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ വന്ന ഒരു പ്രതികരണം ഇങ്ങനെ. 'സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് സമുദായത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ ബറേൽവി ശൈഖുനമാരിൽ ഒരാൾ മാത്രമാണ് കപടനായ ഈ സഖാഫി. ഡൽഹിയിൽ ആർഎസ്എസ് ആശീർവാദത്തോടെ നടന്ന സൂഫി സമ്മേളനവും, മംഗലാപുരത്തു ബിജെപി നടത്തിയ സമ്മേളനവും, അതിൽ പങ്കെടുത്ത മുസ്ലിയാക്കന്മാരെയും കൂടി നാം ചേർത്ത് വായിക്കുമ്പോൾ ഇതൊന്നും യാദൃശ്ചികമല്ലെന്നു നമുക്ക് ബോധ്യപ്പെടും.സമുദായം പരീക്ഷണം നേരിട്ടപ്പോളെല്ലാം ഈ സമുദായത്തിൽ നിന്നും കപടന്മാർ ശത്രുപക്ഷത്തിനു വേണ്ടി രംഗത്ത് വന്നത് എക്കാലത്തെയും ചരിത്രമാണ്. അതിന്റെ ആവർത്തനം മാത്രമാണീ കാണുന്നതും' - ഇതിലും രൂക്ഷമായി ്പ്രതികരണങ്ങളും ഭീഷണിയും സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ പേജിൽ നിരവധിയാണ്.

കടുത്ത സമ്മർദത്തെ തുടർന്ന് അദ്ദേഹം തന്റെ നിലപാട് തിരുത്തിക്കൊണ്ട് പോസ്ററ് ഇട്ടിരിക്കുന്നുണ്ട്. ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെതാണ്: 'തിരുവനന്തപുരം നേമത്ത് ഞാൻ നടത്തിയ നബിദിന പ്രഭാഷണം പല നിലക്കും പല അഭിപ്രായങ്ങൾക്കും വഴിവെക്കാനിടയായതിൽ ഞാൻ ഖേദിക്കുന്നു. ചരിത്രകാരന്മാരിൽ നിന്നും, പണ്ഡിതന്മാരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയ സാഹചര്യത്തിൽ ഞാൻ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താൻ തയ്യാറാവുന്നു.ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കുന്നു. സുന്നീ പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു.നേതൃത്വത്തിന്റെ നിലപാടിൽ വ്യത്യസ്ഥമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കിൽ അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകർക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.'- മുള്ളൂർക്കര അലി സഖാഫി വ്യക്മാക്കി.

സ്വന്തം പ്രസംഗത്തിൽ ചരിത്ര വിരുദ്ധമായ പലതും ഉണ്ടെന്ന് മുള്ളൂർക്കര തന്നെ സമ്മതിക്കുമ്പോളും ഇവയെല്ലാം ചരിത്രപരമായി ശരിയാണെന്നാണ് ഈ വിഷയം പഠിച്ചരുടെ അഭിപ്രായം. കൊടുങ്ങല്ലൂർ ചേരമാൻ പള്ളിക്ക് സ്ഥലം വിട്ടുകൊടുത്തതുതൊട്ട് ഇസ്ലാമിക പ്രബോധനത്തിനുള്ള എല്ലാ സൗകര്യങ്ങളും നൽകിയത് ഈ നാട്ടിലെ ഹൈന്ദവർ തന്നെയാണെന്നത് ഒരു ചരിത്ര വസ്തുതകൂടിയാണ്. നമ്മുടെയൊക്കെ പൂർവികൻ ഒരു അമുസ്ലിം ആയിരിക്കുമെന്ന പ്രസ്താവനയും നരവംശശാസ്ത്രഞ്്ജന്മാക്കുപോലും നിഷേധിക്കാൻ കഴിയില്ല. ലോക വ്യാപകമായി കുടിയേറ്റവും സംസ്‌ക്കാരങ്ങളുടെ കലരലലും രൂപപ്പെട്ടത് അങ്ങനെയാണ്. ഇതിന് കൃത്യമായ ജനിതക പഠനങ്ങൾപോലും ആധുനിക കാലത്ത് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ സത്യം പറഞ്ഞതുകൊണ്ട് മാത്രമാണ് സഖാഫി ക്രൂശിക്കപ്പെട്ടതെങ്കിലും അദ്ദേഹത്തിനുവേണ്ടി വാദിക്കാൻ സിപിഎം അനുഭാവികൾ പോലും രംഗത്ത് എത്തുന്നില്ല എന്നതാണ് വാസ്തവം.

മുള്ളൂർക്കരയുടെ വിവാദ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

'1956ന് ശേഷമാണ് ഗൾഫുനാടുകളിൽ പെട്രോൾ കണ്ടെത്തുന്നത്. അതുവരെ അവിടങ്ങളിലെല്ലാം ഏറെ കഷ്ടപ്പാടായിരുന്നു. അറബികൾ ഈത്തപ്പഴവും, ഉണക്ക മീനുമായി കഷ്ടിച്ചു ജീവിക്കുന്നവരായിരുന്നു. ആ ദുരിത കാലത്താണ് ( എ ഡി 8ാം നൂറ്റാണ്ടിൽ) മുസ്ലിംമത പ്രബോധനത്തിനുവേണ്ടി 13 അറബികൾ കേരളത്തിലെത്തുന്നത്. അന്നാണ് അറബികൾ ചേരമാൻ പെരുമാളിന്റെ പിൻഗാമിയായ ഹൈന്ദവ രാജാവിനോട് പള്ളിയുണ്ടാക്കാൻ സഹായം അഭ്യർത്ഥിച്ചെത്തിയത്. തങ്ങളുടെ കയ്യിൽ ഇതിനുള്ള പണമില്ലെന്നും സംഘം രാജാവിനെ അറിയിച്ചു. ഇതിനെ തുടർന്ന് പിറ്റേ ദിവസം തന്നെ രാജാവ് കൊട്ടാരത്തിൽ ഹൈന്ദവരുടെ ഒരു യോഗം വിളിച്ചുചേർത്തു. എന്നിട്ട് ചോദിച്ചു. മക്കത്തുനിന്നും വന്ന മുസ്ലിംങ്ങൾക്ക് ഇവിടെ പള്ളിനിർമ്മിക്കാൻ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്, ഇതിനുവേണ്ടി നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും രാജാവ് പറഞ്ഞതോടെ ഒരു ഹൈന്ദവ സഹോദരൻ എഴുന്നേറ്റ് നിന്നു പറഞ്ഞു. രാജാവെ പള്ളിയുണ്ടാക്കാൻ നമ്മൾ പണം എടുക്കേണ്ട ആവശ്യമൊന്നുമില്ല. കൊടുങ്ങല്ലൂർ ക്ഷേത്ര നഗരിയിൽ അവിടെ ഒരു കാളിക്ഷേത്രം നിർമ്മിക്കാൻ ഞങ്ങൾ ആവശ്യമായ നിർമ്മാണ സാമഗ്രികളെല്ലാം തെയ്യാറാക്കിവെച്ചിട്ടുണ്ട്. കല്ലുകൾവെട്ടിവെച്ചു, കട്ടിലകൾ ഉൾപ്പെടെ മുഴുവൻ വസ്തുക്കളും ഉണ്ടെന്നും പറഞ്ഞു. രാജാവ് പറയുകയാണെങ്കിൽ ഈ സാധനസാമഗ്രികളെല്ലാം നമുക്ക് പള്ളിയുണ്ടാക്കാൻ കൈമാറാമെന്നും ഈ ഹൈന്ദവ സഹോദരൻ യോഗത്തിൽ എഴുന്നേറ്റ് നിന്നു പറയുകയായിരുന്നു.ഉടൻ തന്നെ രാജാവ് മുസ്ലിങ്ങളോട് ചോദിച്ചു. ക്ഷേത്രത്തിന് വേണ്ടിയുണ്ടാക്കിയ ഇവ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോയെന്ന്. സ്വീകരിക്കാൻ തെയ്യാറാണെന്ന് മുസ്ലിംങ്ങൾ പറഞ്ഞതോടെയാണ് രാജ്യത്തെ ആദ്യ പള്ളി കെടുങ്ങല്ലൂരിൽ പണിതത്. കൊടുങ്ങല്ലൂർ പള്ളിയുടെ കട്ടലകൾ അമ്പലത്തിന്റെ കട്ടലയാണ്. പള്ളി പണിതുയർത്തിയ കല്ലുകളും അമ്പലത്തിന്റേതാണ്.

ഇത്തരത്തിലൊക്കെ മുൻകാലങ്ങളിൽ നടന്നിട്ടുള്ളതിനാൽ തന്നെ നിലവിൽ ബാബരി മസ്ജിദ് വിഷയത്തിൽ ചെറിയ വിട്ടുവീഴ്‌ച്ചകൾ ചെയ്താൽ മതി. കോടതി പറഞ്ഞത് കേട്ട് വെപ്രാളപ്പെടേണ്ടതില്ല. നെഞ്ചത്തടിച്ച് അതിന് പുനഃപരിശാധനക്ക് റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല. അതങ്ങ് വിട്ടുകൊടുത്താൽ മതി. എന്നാൽ തിരിച്ച് ഹൈന്ദവരെയും സാമ്പത്തികമായി മുസ്ലിംങ്ങൾ സഹായിച്ചതും പറയാനുണ്ടാകും. നേർച്ചകളും മറ്റുമായി അങ്ങോട്ടും കൊടുത്തത് എല്ലാവർക്കും പറയാനുണ്ടാകും.

14 അറബികൾ ഇസ്ലാമത പ്രചരണത്തിനായി സൗദിയിൽനിന്നും കേരളത്തിലെത്തിയപ്പോൾ അതിൽ 12പുരുഷന്മാരും, രണ്ട് സ്ത്രീകളുമായിരുന്നു. തുടർന്ന് അവരിൽ 10പേർക്ക് വിവാഹം കഴിക്കണം. അന്ന് ജാതി വെറി പൂണ്ടുനിന്ന കാലമാണ്. ഈഴവനുപോലും പെണ്ണ് കൊടുക്കാതെയും താഴ്ന്ന ജാതിക്കാർക്ക് മാറുമറക്കാൻപോലും പറ്റാത്ത കാലം. കല്യാണം കഴിക്കാനുള്ള അഭ്യർത്ഥനയുമായി അറബികൾ രാജാവിനെ കണ്ടപ്പോൾ രാജാവ് വീണ്ടും പിറ്റേ ദിവസം ഹൈന്ദവരുടെ ഒരു യോഗം വിളിച്ചു. ഇവർക്കുവിവാഹം കഴിക്കാൻ പെണ്ണുവേണമെന്നും അതും മതംമാറിയിട്ട് തന്നെ വിവാഹം കഴിക്കണമെന്നും രാജാവ് പറഞ്ഞു. ഇതിന് തയ്യാറുള്ളരുണ്ടോയെന്ന് രാജാവ് ചോദിച്ചതോടെ ഹൈന്ദവ സ്ത്രീകൾ സ്വമേധയാ മുന്നോട്ടുവന്ന് ഇവരെ വിവാഹം കഴിക്കുകയായിരുന്നു. അങ്ങിനെ അന്നത്തെ അംബിക ആമിനയായി. ശാരദ നബീസായയി അങ്ങിനെയാണ് ഇവർ ജീവിച്ചത്. ഇതിനും അപ്പുറം കേരളത്തിലെ മുസ്ലിംങ്ങളുടെ ഒരു പത്തുതലമുറയോളം പിന്നോട്ടുപോയാൽ അവരുടെ പിതാക്കന്മാരൊക്കെ ഈ പറഞ്ഞ ഹൈന്ദവർതന്നെയാകും'- മുള്ളൂർക്കര മുഹമ്മദലി സഖാഫി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP