Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അന്നത്തെ പിഴവിന് രാജ്യം കൊടുക്കേണ്ടി വന്നത് വലിയ വില! പുൽവാമയിലെ ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ കാണ്ടഹാറിൽ റാഞ്ചിയ വിമാനം രക്ഷിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി വിമാനത്തിൽ കൊണ്ടുകൊടുത്ത ഭീകരൻ; കാശ്മീരിനെ സ്വതന്ത്രമാക്കുമെന്ന് സ്വപ്‌നം കാണുന്ന ജയ്ഷെയുടെ സ്ഥാപകൻ; പഠാൻകോട്ട് ഭീകരാക്രമണത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിട്ടും ചൈനയുടെ വീറ്റോയിൽ ആഗോള ഭീകരനാക്കാൻ കഴിഞ്ഞില്ല; രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടുംഭീകരൻ മസൂദ് അസ്ഹറിന്റെ കഥ

അന്നത്തെ പിഴവിന് രാജ്യം കൊടുക്കേണ്ടി വന്നത് വലിയ വില! പുൽവാമയിലെ ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ കാണ്ടഹാറിൽ റാഞ്ചിയ വിമാനം രക്ഷിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി വിമാനത്തിൽ കൊണ്ടുകൊടുത്ത ഭീകരൻ; കാശ്മീരിനെ സ്വതന്ത്രമാക്കുമെന്ന് സ്വപ്‌നം കാണുന്ന ജയ്ഷെയുടെ സ്ഥാപകൻ; പഠാൻകോട്ട് ഭീകരാക്രമണത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിട്ടും ചൈനയുടെ വീറ്റോയിൽ ആഗോള ഭീകരനാക്കാൻ കഴിഞ്ഞില്ല; രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടുംഭീകരൻ മസൂദ് അസ്ഹറിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: 1999 ഡിസംബർ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിലേക്കു പറന്ന വിമാനം ഒരു കൂട്ടം ഭീകരർ റാഞ്ചിയിരുന്നു. തുടർന്ന് വിമാനം കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം ഇന്ത്യക്കാർ അടക്കമുള്ള യാത്രക്കാരെ മോചിപ്പിക്കാനുള്ള വിലപേശലുകളും നടന്നു. ഈ വിലപേശലുകൾക്ക് ഒടുവിൽ യാത്രക്കാരെ ഇന്ത്യ രക്ഷിച്ചെടുത്തതുകൊടുംഭീകരരായ മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് സർഗർ എന്നിവരെ മോചിപ്പിച്ചു കൊണ്ടായിരുന്നു.

Stories you may Like

അന്നത്തെ യാത്രക്കാരുടെ മോചനത്തിന് മധ്യസ്ഥനായി നിന്നവരിൽ ഒരാളായിരുന്നു ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. എന്നാൽ, അന്ന് ഇന്ത്യ വെറുതെവിട്ട മസൂദ് അസ്ഹറാണ് രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടും ഭീകരനായി മാറിയത്. പത്താൻകോട്ടിലെ ഭീകരാക്രമണത്തിന് പിന്നിലും ഇപ്പോൾ പുൽവാമയിൽ 39 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരനും മറ്റൊരാളല്ല. ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പാലൂട്ടി വളർത്തിയത് മസൂദായിരുന്നു. ആഗോള ഭീകരനാക്കി കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്നതാണെങ്കിലും പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം കാരണം ഈ നീക്കവും വൃഥാവിലായി.

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് കൂടുതൽ ശക്തി നേടുന്നതിന്റെ സൂചനയാണു പുൽവാമയിലെ ആക്രമണമെന്നു വിവിധ ഇന്റലിജൻസ് ഏജൻസികൾ കരുതുന്നുണ്ട്. ജയ്ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ സൈന്യത്തിനു കഴിഞ്ഞിരുന്നു. കശ്മീർ താഴ്‌വരയിൽ സ്നൈപ്പർ ആക്രമണങ്ങളിലൂടെ ഭീതി വിതച്ച നേതാവ് മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ ജയ്ഷെ ഒതുങ്ങിയിരുന്നു. ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിന്റെ മരുമകനാണു മുഹമ്മദ് ഉസ്മാൻ. 2017 ൽ ജയ്ഷെ തലവൻ (ഓപ്പറേഷൻസ്) ഖാലിദിനെ ബാരമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.

2000 മാർച്ചിലാണു മൗലാന മസൂദ് അസർ ജയ്ഷെ മുഹമ്മദിനു രൂപം നൽകുന്നത്. കശ്മീരിനെ സ്വതന്ത്രയാക്കുകയാണു സംഘടനയുടെ ലക്ഷ്യം. കാണ്ടഹാർ സംഭവത്തിന് ശേഷമായിരുന്നു കാശ്മീരിനെ ലക്ഷ്യമിട്ട് മസൂദ് അസ്ഹർ ഈ പ്രസ്താവം തുടങ്ങിയത്. 2001 ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദായിരുന്നു. രാജ്യാന്തര സമ്മർദത്തെത്തുടർന്നു 2002 ൽ പാക്കിസ്ഥാൻ ജയ്ഷെയെ നിരോധിച്ചു. പക്ഷേ പേരിൽ ചെറിയ വ്യത്യാസം വരുത്തി അവർ പ്രവർത്തനം തുടർന്നു. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ജയ്ഷെയുടെ കൈയിലാണെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗൺസിലിൽ ചൈന എതിർത്തതിനാൽ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താൻകോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്‌പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനൽകേണ്ട അവസ്ഥയായിരുന്നു.

1999 ലെ അടൽ ബിഹാരി വാജ്പേയ് സർക്കാർ യാത്രക്കാരുടെ ജീവനു പകരം മസൂദ് അസറിനെ മോചിപ്പിച്ചു. ജയിലിൽനിന്നു മോചിതനായ ശേഷമാണ് അസർ ജയ്ഷെയ്ക്കു രൂപം നൽകിയത്. സ്ഫോടക വസ്തുക്കൾ നിറച്ച കാറുകൾ ജനക്കൂട്ടത്തിലേക്കും സൈനിക വ്യൂഹത്തിലേക്കും ഇടിച്ചു കയറ്റുന്ന ഭീകരാക്രമണ രീതി പശ്ചിമേഷ്യൻ മേഖലയിലാണ് ആദ്യം പരീക്ഷിച്ചത്. പാരീസിലെ നൈസിലും (2016) ന്യുയോർക്കിലെ ടൈംസ് സ്‌ക്വയറിലും (2017) ബാഴ്സലോണയിലും (2017) ഇത്തരത്തിൽ ആക്രമണങ്ങളുണ്ടായി. യൂറോപ്പിൽ വിദൂര നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള ശ്രമത്തിലാണു വിവിധ ഭീകര സംഘടനകളെന്നു വിവിധ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ ഇന്ത്യയിൽ നിന്നു ഭീകര സംഘടനകൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയായിരുന്നു മസൂദ് അസ്ഹറിന്. 1994ൽ വ്യാജ പോർച്ചുഗീസ് പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ കാശ്മീരിൽ വച്ചാണ് മൗലാന മസൂദ് അസർ അറസ്റ്റിലാകുന്നത്. 1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർലൈൻസിന്റെ ഐ.സി 814 വിമാനം പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു.

തുടർന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയയും ഹർക്കത്തുൽ മുജാഹിദ്ദീനും യോജിപ്പിച്ചു ഹർക്കത്തുൽ അൻസറിനു രൂപം നൽകിയത് അസ്ഹറാണ്. അസ്ഹർ പിന്നീട് ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദ് ആയിരുന്നു. പാക്കിസ്ഥാൻ അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാൽ, ലഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം മോചിതനായി.

2008ൽ മുംബൈ ഭീകരാക്രമണത്തിന് ജയ്ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലിൽനിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. കറാച്ചി സർവകലാശാലയിൽ നിന്ന് ഇസ്ലാമിക പഠനത്തിൽ ബിരുദം നേടിയ അസ്ഹറിനു ഹിന്ദി, ഉറുദു, അറബി, പഞ്ചാബി, ഇംഗ്ലിഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. പുറത്ത് ഒരിക്കലും പ്രകോപിതനാകാത്ത ശാന്തപ്രകൃതമാണ് ഇയാളുടേത്. എങ്ങനെ ചോദ്യംചെയ്താലും വിവരം നൽകാത്ത ഉറച്ച മനസ്സ്. ഉജ്വല വാഗ്മി. അസാമാന്യ നേതൃഗുണം. മതപരമായി ഭീകരവാദികളെ ജിഹാദിനു പ്രേരിപ്പിക്കാൻ അസാമാന്യ കഴിവുള്ളയാൾ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട്.

യുഎസ് ഭീകര സംഘടനാ പട്ടികയിൽ 2001ൽ തന്നെ അസ്ഹറിന്റെ ജയ്ഷെ ഉൾപ്പെട്ടിരുന്നു. അൽ ഖായിദയ്ക്കും താലിബാനും സഹായം നൽകുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി. 2002 ജനുവരിയിൽ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അതു നിരസിക്കുകയായിരുന്നു. 2003ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ ചാവേർ ആക്രമണമുണ്ടായപ്പോൾ അസ്ഹർ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി.

2008ൽ മുംബയ് ഭീകരാക്രമണത്തിന് ജയ്ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ല. പിന്നീട് വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. പിന്നീട് പത്താൻകോട്ട് ഭീകരാക്രമണത്തിലും ഇന്ത്യ അസറിനെയാണ് ചൂണ്ടിക്കാട്ടിയത്. ഇപ്പൾ അതേ അസ്ഹർ തന്നെ ഇന്ത്യൻ സൈനികരുടെ ജീവനെടുത്തു.

അതസമയം പുൽവാമയിൽ ഭീകരാക്രമണം നടക്കുന്ന വേളയിലും പാക്കിസ്ഥാനെതിരെ ലോക രാജ്യങ്ങൾ അപലപിക്കുമ്പോൾ ഒരക്ഷരം പറയാൻ ചൈന തയ്യാറായിട്ടില്ല. ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും ജെയ്‌ഷെ മുഹമ്മദിനെപ്പറ്റിയോ പാക്കിസ്ഥാനെതിരെയോ ചൈന ഒരക്ഷരം പറയാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാനെ അടുത്ത സഖ്യ രാജ്യമായി അംഗീകരിക്കുന്നതിനൊപ്പം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്ക് ചൈന കൊടുക്കുന്ന പിന്തുണയും ചെറുതല്ല. ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ കാലങ്ങളായി എതിർക്കുന്നത് ചൈനയാണ്. പല പ്രാവശ്യം ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്ര സഭയിൽ ചൈന തടഞ്ഞിരുന്നു. അമേരിക്കയുടെ നീക്കത്തെയും ചൈന വീറ്റോ ചെയ്തിരുന്നു.

ഇന്ത്യയിൽ ആഭ്യന്തര ഭീഷണി ഉയർത്തുന്ന കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ ഇസ്ലാമിസ്റ്റ് ഭീകരരുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നത് പരസ്യമായ രഹസ്യമാണ് . വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്ക് ഐഎസ്ഐയുടെ സഹായം ലഭിക്കുന്ന വിവരം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യക്കെതിരെയുള്ള പാക് ഭീകര സംഘടനയുടെ നീക്കങ്ങൾക്ക് ചൈനയുടെ പരോക്ഷ പിന്തുണയുണെന്ന ആരോപണങ്ങളും ശക്തമാണ്.

ലോക വ്യാപകമായി ജിഹാദി സംഘടനകളിൽനിന്ന് കോടികളുടെ പിരിവാണ് ഇപ്പോൾ ജെയ്‌ഷെ മുഹമ്മദിന് വേണ്ടി നൽകുന്നത്. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയം ക്യാമ്പുകളിൽപോയി കൃത്യമായി പരിശീലനവും ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംഘടനകളും ആയതോടെ ജെയ്‌ഷേ വളർന്നു. മസൂദിന്റെ നേതൃതവും ആസൂത്രണ പാടവവും സംഘടനയെ കൊടും ഭീകരരാക്കി. അപ്പോഴേക്കും ഹർക്കത്തുൽ മുജാഹിദ്ദീനെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചിരുന്നു. ഇതോടെ പഴയ ജിഹാദികൾ മുഴവൻ ഈ സംഘടനയിൽ കയറിപ്പറ്റി.

തീർത്തും മതാധിഷ്ഠിതാമയ സംഘടനയാണ് ഇതെന്നാണ്, ജയ്‌ഷെയുടെ ക്യാമ്പുകൾ സന്ദർശിച്ച റോബർട്ട് ഫിസ്‌ക്കിനെപ്പോലുള്ള മാധ്യമ പ്രവർതതകർ പറയുന്നത്. ഖുർആൻ തന്നെയാണ് ഇവരുടെ അടിസ്ഥാന പുസ്തകം. ഖുർആനിൽ പറഞ്ഞിരിക്കുന്ന ജിഹാദിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കാശ്മീരിനുവേണ്ടി പോരാട്ടം നടത്തുന്നതെന്നാണ് ഓരോ ജയ്‌ഷേക്കരനും പറയുക. കുട്ടികളെയാണ് സംഘടനയുടെ ചാവേർ വിഭാഗത്തിലേക്ക് കാര്യമായി റിക്രൂട്ട് ചെയ്യുന്നത്.

കാശ്മീരിലും വലിയ വേരുകളുള്ള സംഘടന ഇതിനകം നിരവധി കാശ്മീരികളെ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. കുട്ടികളെ ആദ്യം തന്നെ മതപഠന ക്ലാസുകളിൽ എത്തിച്ച് സ്വർഗ്ഗത്തെക്കുറിച്ചുള്ള ബോധം ഉണ്ടാക്കിയെടുക്കയാണ് ഇവർ ചെയ്യുന്നത്. ഇസലാമിനുവേണ്ടി മരിച്ചാൽ മദ്യപ്പുഴകളും ഹൂറിമാരുമുള്ള സ്വർഗം കിട്ടുമെന്ന പ്രചാരണം അടിച്ചേൽപ്പിച്ചാണ് കുട്ടികളെപ്പോലും ഇവർ മനുഷ്യ ബോംബുകളാക്കുന്നതെന്ന് ഇക്കാര്യം അന്വേഷിച്ച ഗാർഡിയൻ പത്രവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചാരന്മാരെന്ന് സംശയിക്കുന്നവരെ ഐഎസ് മോഡലിൽ നിരത്തിനിർത്തി വെട്ടിക്കൊല്ലുന്നും പരസ്യമായി തൂക്കിലേറ്റുന്നതും ഇവരുടെ രീതിയാണ്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്ക ഭീകരവാദത്തിനെതിരെ നിലപാട് എടുത്തതാണ് ജയ്‌ഷേക്ക് വന്ന ഏറ്റവും വലിയ തിരിച്ചടി. ഇതോടെ സംഘടനയെ നിരോധിക്കാൻ പാക്കിസ്ഥാനും തയ്യാറായി. ഇപ്പോളും ഐഎസ്‌ഐയും പാക്കിസ്ഥാനും പരോക്ഷമായി ഇവടെ സഹായിക്കുന്നുണ്ട്. അതിനിടെ ജെയഷെയിലും പല തവണ പിളർപ്പുണ്ടായി. തങ്ങളാണ് യഥാർഥ ജിഹാദികൾ എന്ന് പറഞ്ഞ് ഇവർ എതിരാളികളെ പൊട്ടിത്തെറിപ്പിച്ച് കൊന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP