Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളുടെ വിവാഹത്തിന് കോടികൾ പൊടിക്കുന്ന രാഷ്ട്രീയക്കാർ രാധയെ കണ്ടു പഠിക്കട്ടെ; മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട ഒരു പെൺകുട്ടിക്കും മംഗല്യഭാഗ്യം നൽകിയ കുറ്റിച്ചൽ പഞ്ചായത്തംഗം ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ചെലവിടുന്നത് പാവങ്ങൾക്ക് വേണ്ടി; മദർതെരേസയെ മാതൃകയാക്കുന്ന ജനപ്രതിനിധിയുടെ അടുത്തലക്ഷ്യം വയോധികരുടെ സംരക്ഷണം

മക്കളുടെ വിവാഹത്തിന് കോടികൾ പൊടിക്കുന്ന രാഷ്ട്രീയക്കാർ രാധയെ കണ്ടു പഠിക്കട്ടെ; മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട ഒരു പെൺകുട്ടിക്കും മംഗല്യഭാഗ്യം നൽകിയ കുറ്റിച്ചൽ പഞ്ചായത്തംഗം ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ചെലവിടുന്നത് പാവങ്ങൾക്ക് വേണ്ടി; മദർതെരേസയെ മാതൃകയാക്കുന്ന ജനപ്രതിനിധിയുടെ അടുത്തലക്ഷ്യം വയോധികരുടെ സംരക്ഷണം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഉള്ള സമ്പാദ്യം മുഴുവൻ മക്കളുടെ വിവാഹത്തിനായി ചെലവാക്കി ആർഭാടവും ദൂർത്തും കാണിക്കുന്നവർക്ക് കണ്ട് പഠിക്കാവുന്നതാണ് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് അംഗം രാധ റ്റി കാണിച്ച് തരുന്ന മാതൃക. ഏഴ് വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ സ്വർണ്ണ പരസ്യവും വിവാഹ പരസ്യവും കണ്ട് നമുക്കൊന്നും ഇതു പോലെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിന് ഭാഗ്യമില്ലെന്ന് പറഞ്ഞ ഗീത എന്ന നിർധനയായ പെൺകുട്ടിക്ക് അന്ന് രാധ നൽകിയ വാക്കാണ് അവർ സഫലമാക്കിയത്.

എന്റെ മകളുടെ വിവാഹം നടക്കുന്ന അതേ ദിവസം തന്നെ അതേ മുഹൂർതത്തിൽ നിന്റെ കല്യാണവും നടത്തും എന്ന വാക്കാണ് രാധ പെൺകുട്ടിക്ക് നൽകിയത്. കുറ്റിച്ചൽ ആർ കെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങ് ഏറെ കൗതകവും അതോടൊപ്പം തന്നെ മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയുമായിരുന്നു. കാരുണ്യ പ്രവർത്തനത്തിൽ രാധ ഏർപ്പെടുന്നത് ആദ്യമായിട്ടല്ല. കുട്ടിക്കാലം മുതൽ തന്നെ സാമൂഹിക സേവനം താൻ വളരെ ഇഷ്ടപ്പെട്ടിരുന്നു ഒരു കാര്യമാണെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മദർ തെരേസയെ കുറിച്ച് കേട്ടതും വായിച്ചതുമൊക്കെയാണ് മനുഷ്യ സേവനത്തിന്റെ പാതയിലേക്ക അവരെ നയിച്ചത്. തന്റെ ഭർത്താവ് ജയനും സമാനമായ ചിന്താഗതിയുള്ള ആളായതാണ് ഇത്തരം സൽകർമ്മങ്ങൾ ചെയ്യാൻ സഹായകമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലേക്കുള്ള രാധയുടെ കടന്നുവരവിനു പിന്നിലെ കാരണവും ആളുകളെ കൂടുതൽ സഹായിക്കാൻ വേണ്ടി മാത്രമായിരുന്നു. കിട്ടുന്ന ശമ്പളവും മറ്റ് പഞ്ചായത്ത് ആനുകൂല്യങ്ങളും എല്ലാം തന്നെ പാവപ്പെട്ടവർക്ക് വേണ്ടി ചെലവാക്കുകയാണ് അവർ.

കുറ്റിച്ചൽ പഞ്ചായത്തിലെ മന്തിക്കളം വാർഡിൽ നിന്നുള്ള അംഗമാണ് രാധ. കുറ്റിച്ചൽ കവലയിലെത്തി ആരോടു ചോദിച്ചാലും മെമ്പറെ കുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളു. മെമ്പർ എന്ന പദവിയിലെത്തുന്നതിന് മുമ്പ് തന്നെ കുറ്റിച്ചലുകാർക്ക് സുപരിചിതയാണ് രാധ. ഉള്ളതൊക്കെ കൈയിൽവച്ച് ഇരുന്നിരുന്നുവെങ്കിൽ അവരുടെ കുടുംബത്തിന് കോടീശ്വരന്മാരായി ഇരിക്കാമായിരുന്നുവെന്നും എന്നാൽ തങ്ങൾക്കുള്ളതിൽ ഒരു ഭാഗം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത് വലിയ കാര്യം തന്നെയാണെന്ന അഭിപ്രായമാണ് നാട്ടുകാർക്കുമുള്ളത്.

കുറ്റിച്ചൽ ജംഗ്ഷനിൽ ഇവർക്ക് ഒരു ഗ്യാസ് ഏജൻസിയും ഒരു ഗൃഹോപകരണ വിൽപ്പന കേന്ദ്രവുമുണ്ട്. വിവാഹം കഴിപ്പിച്ചയച്ച ഗീതയ്ക്ക് ഇവിടെ ജോലിയും നൽകിയിരുന്നു. തങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആരെയും അറിയിക്കാനല്ലെന്നും പിന്നെ നിങ്ങൾ ഇതു വരെ വന്ന് കാര്യങ്ങൾ തിരക്കിയതുകൊണ്ട് മാത്രംപറയാം എന്ന് പറഞ്ഞ് കൊണ്ട് അവർ തങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങി.

മറ്റുള്ളവരെ സഹായിക്കണം എന്ന തീരുമാനം കൈക്കൊണ്ടതിന് പിന്നിൽ

മതർ തെരേസയുടെ ജീവിതമാണ് ഏറ്റവും വലിയ പ്രചോദനമായിട്ടുള്ളത്. മറ്റൊരു രാജ്യത്ത് ജനിച്ച സ്ത്രീയായിരുന്നിട്ടും നമ്മുടെ ഇന്ത്യയിൽ വന്നാണ് അവർ തന്റെ കർമ്മഭൂമി തെരഞ്ഞെടുത്തത്. അപ്പോൾ നമുക്ക് അത്രയും വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ തോതിലെങ്കിലും സാമൂഹ്യ സേവനം നടത്തണമെന്നതായിരുന്നു ആഗ്രഹം.

പിന്നെ ഭർത്താവിന്റെ ഭാഗത്ത് നിന്നും പൂർണ്ണമായ പിന്തുണയും ലഭിച്ചിട്ടുണ്ട. പിന്നെ ഒപ്പമുള്ള സുഹൃത്തുക്കളും വലിയ സഹായമാണ്. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി തങ്ങലെ അറിയിക്കുന്നത് അടുത്ത സുഹൃത്തായ മുഹമ്മദ് ഷൂജ എന്നയാളാണ്.സഹായത്തിനായി പാവപ്പെട്ട നിരവധിപേർ സമീപിക്കാറുണ്ട്. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമാണ് പ്രധാനമായി സഹായം ചെയ്തിട്ടുള്ളത്.

സാമ്പത്തികം കണ്ടെത്തിയത്

ഒരിക്കൽപ്പോലും മറ്റുള്ളവരിൽ നിന്ന് സംഭാവന സ്വീകരിച്ച് സാമൂഹിക പ്രവർത്തനം നടത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നതിലും നല്ലത് സ്വന്തം വരുമാനത്തിൽ നിന്നും കണ്ടെത്തി ചെയ്യുന്നതാണെന്ന് തോന്നിയിരുന്നു. 27 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത ആളാണ് ഭർത്താവ് ജയൻ. സൗദി അറേബ്യയിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്തു.

പിന്നീട് മാനേജറായും ജോലി ചെയ്തു. ഈ സമയം മുതൽ തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്ത് ശതമാനം പാവപ്പെട്ടവർക്കായി മാറ്റിവെയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഇതിൽ നിന്നുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. കയറിക്കിടക്കാൻ ഇടമില്ലാതിരുന്ന ആറ് കുടംബങ്ങൾക്ക് സ്വന്തം പുരയിടത്തിൽ നിന്നും 21 സെന്റ് സ്ഥലമാണ് ഇവർ എഴുതികൊടുത്തത്. ഒരു ലക്ഷം രൂപയോളം സെന്റിന് വിലവരുന്ന സ്ഥലമാണ് 3 സെന്റ് വീതം 6 കുടുബങ്ങൾക്കായി നൽകിയത്.

ഇവിടേക്കുള്ള വഴിയും നൽകുകയായിരുന്നു.അവസാനമായി ജോലി മതിയാക്കി ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ എന്താണ് വേണ്ടത് എന്ന് ഭർത്താവ് ചോദിച്ചപ്പോൾ 5ഗോൾഡ് കോയിൻ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇത് ഉപയോഗിച്ചാണ് വരുമാനം കണ്ടെത്തിയിരുന്നത്. അത്യാവശ്യ ഘട്ടം വന്നപ്പോഴാണ് ഇതിൽ ഓരോന്നായി ഉപയോഗിച്ചത്.

രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യം

കുറ്റിച്ചൽ പഞ്ചായത്തിലെ 14 മെമ്പർമാരിൽ ഏറ്റവും ജനകീയയാണ് രാധ. അപ്രതീക്ഷിതമായാണ് അവർ രാഷ്ട്രീയത്തിലേക്ക് എത്തുന്നതും. സാമൂഹ്യ പ്രവർത്തനത്തിനൊപ്പം കൂടുതൽ സഹായകമാകും ജനപ്രതിനിധി എന്ന സ്ഥാനം എന്നതാണ് കാരണം. തങ്ങൾ 21 സെന്റ് ഭൂമി നൽകിയത് 6 നിർധന കുടുംബങ്ങൾക്കാണ്. ഇതിൽ രണ്ട് പേർ ക്യാൻസർ രോഗികളാണ് ഒരാൾ വികലാംഗനും മറ്റൊരാൾ കാഴ്ച വൈകല്യമുള്ള ആളുമായിരുന്നു. ഇവർക്ക് വീട് വയ്ക്കുന്നതിന് സഹായം അഭ്യർത്ഥിച്ച് നിരവധി രാഷ്ട്രീയക്കാരെയും മുൻ പഞ്ചായത്തംഗങ്ങളേയും എല്ലാം തന്നെ സമീപിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

അങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചത്. 20 വർഷമായി സിപിഐ(എം) കുത്തകയായിരുന്ന വാർഡിൽ രാധയുടെ സ്വീകാര്യത മനസ്സിലാക്കിയ ആർഎസ്‌പി അവർക്ക് സീറ്റ് നൽകി ഒപ്പം നിർത്തുകയായിരുന്നു. 58 വോട്ടുകൾക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പരാജയപ്പെടുത്തിയാണ് അവർ പഞ്ചായത്തംഗമായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാലും പഞ്ചായത്തിലെ ഏത് വാർഡിൽ നിന്നും അവർ വിജയിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ഗീത എന്ന പെൺകുട്ടിയുടെ വിവാഹം നടത്തിയത്

നിർധനരായ കുടുംബത്തിലെ അംഗമാണ് ഗീത എന്ന പെൺകുട്ടി. കുറ്റിച്ചൽ പച്ചക്കാട് എന്ന സ്ഥലത്തെ വാസന്തി, വിജയൻ എന്നിവരുടെ മകളാണ് ഗീത. ഇവിടെ നിന്നും ജോലി തേടി മൂന്നാറിലേക്ക് പോയ കുടുംബം അവിടെ ജോലി കുറഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഗീതയുടെ മൂത്ത സഹോദരി ഒരാളുടെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. മറ്റൊരു മുതിർന്ന സഹോദരി വിവാഹം കഴിയാതെ നിൽക്കുകയാണ്. രണ്ട് ഇളയ സഹോദരന്മാർ ചേർത്തലയിൽ പഠിക്കുകയാണ്. വിജയന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജോലിക്ക് പോകാൻ കഴിയില്ല.

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും വാസന്തിക്ക് ലഭിക്കുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം. വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ സ്വർണ്ണ പരസ്യവും വിവാഹ പരസ്യവും കണ്ട് നമുക്കൊന്നും ഇതു പോലെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിന് ഭാഗ്യമില്ലെന്ന് പറഞ്ഞ ഗീത എന്ന നിർധനയായ പെൺകുട്ടിക്ക് അന്ന് രാധ നൽകിയ വാക്കാണ് ഇന്നലെ അവർ സഫലമാക്കിയത്. വിവാഹത്തിനുള്ള വസ്ത്രവും സ്വർണ്ണവും എല്ലാം തന്നെ അവർ നൽകുകയായിരുന്നു. തന്റെ മകളുടെ വിവാഹം കത്ത് നൽകി ക്ഷണിച്ചവർ പിന്നീട് ഗീതയുടെ വിവാഹ കത്തും അതേ ഓഡിറ്റോറിയത്തിൽ തന്നെയെന്ന് രേഖപ്പെടുത്തിയത് കണ്ട് നാട്ടുകാർ അന്താളിച്ചു. അബദ്ധം പറ്റിയതാകാം എന്നാണ് ആദ്യം ചിലർ കരുതിയത്. പിന്നീടാണ് കാര്യങ്ങളുടെ യാഥാർഥ്യം നാട്ടുകാരും അറിയുന്നത്. സ്ഥലം എംഎൽ എ കെഎസ് ശബരീനാഥൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.

മകളുടെ വിവാഹം നടത്തികൊടുത്ത രാധയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന അഭിപ്രായമാണ് ഗീതയുടെ അമ്മ വാസന്തി മറുനാടൻ മലയാളിയുമായി പങ്കുവെയ്ച്ചത്. സ്വന്തം ബന്ധുക്കൾപ്പോലും ഇന്നത്തെകാലത്ത് ഇത്തരം സഹായങ്ങൾ ചെയ്യില്ലെന്നും അവർ പറഞ്ഞു. രാധ മെമ്പർക്കും അവരുടെ കുടുംബത്തിനും എപ്പോഴും നല്ലത് മാത്രം വരുത്തണമെന്ന പ്രാർത്ഥനയെന്നും അവർ മറുനാടനോട് പറഞ്ഞു.

മെമ്പർ രാധയുടെ ഭാവി പരിപാടികൾ

വയോധികർക്ക് ഒപു കൈത്താങ്ങാകണം എന്നതാണ് മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം. വിശേഷ ദിവസങ്ങളിൽ അനാഥാലയങ്ങളിലും വയോധികസദനങ്ങളിലും പോയി അവിടുത്തെ അന്തേവാസികൾക്ക് പുതിയ വസ്ത്രവും ഭക്ഷണത്തിനുള്ള സഹായം നൽകുന്ന പതിവുണ്ടായിരുന്നു. ഇത് ചെയ്യാതെ വിശേഷ ദിവസങ്ങളിൽ അവർ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല. വയോധിക സദനത്തിൽ എത്തിച്ചേർന്നില്ലെങ്കിലും അതിലും വലിയ ദുരവസ്ഥയിൽ കഴിയുന്നവരുണ്ട്. വയസ്സായതിനാൽ വീട്ടുകാർ ശ്രദ്ധിക്കാതെയും എന്നാൽ വയോധിക സദനങ്ങളിൽ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്നവരുണ്ട്. നാട്ടുകാർ എന്ത് പറയും എന്ന് കരുതി മാത്രം രക്ഷിതാക്കളെ വീട്ടിൽ ഉപേക്ഷിച്ചവർ അങ്ങനെയറിഞ്ഞവരിൽ ചിലർക്ക് നല്ല വൃത്തിയുള്ള മുറികൾ പണിഞ്ഞ് കൊടുക്കണമെന്നതാണ് ഇപ്പോൾ ഇവർക്ക് മുന്നിലുള്ള ലക്ഷ്യം.

പൂർണ്ണ പിന്തുണയാണ് കുടുംബത്തിൽ നിന്നും രാധയ്ക്ക് ലഭിക്കുന്നത്. മകൾ കൃഷ്ണജ ഫാർമസി വിഭാഗം വിദ്യാർത്ഥിനിയാണ്. മകൻ ജയേഷ് +2 വിദ്യാർത്ഥിയും. അമ്മയുടെയും അച്ഛന്റെയും പ്രവർത്തികൾ സന്തോഷം മാത്രമെ നൽകിയിട്ടുള്ളുവെന്നും മകൻ ജയേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP