Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടിമപ്പണിയും ജന്മിമാരുടെ പീഡനം സഹിക്ക വയ്യാതായതോടെ ക്രിസ്തുമതത്തിൽ ചേർന്നു; മാർത്തോമ്മാ പാസ്റ്ററായിട്ടും പറയൻ യോഹന്നാൻ എന്ന പേര് ബാക്കി; പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതത് എതിർത്തതോടെ സഭയുടെ കണ്ണിലെ കരടായി; കണ്ടിടത്തുവെച്ച് ക്രൈസ്തവ സഭ ആക്രമിച്ചിട്ടും പതറാതെ പൊരുതി; ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദലിതരുടെ അവസ്ഥക്ക് മാറ്റമില്ലാതായപ്പോൾ സ്വന്തമായി 'മത'മുണ്ടാക്കിയ കുമാരഗുരുദേവന്റെ കഥ

അടിമപ്പണിയും ജന്മിമാരുടെ പീഡനം സഹിക്ക വയ്യാതായതോടെ ക്രിസ്തുമതത്തിൽ ചേർന്നു; മാർത്തോമ്മാ പാസ്റ്ററായിട്ടും പറയൻ യോഹന്നാൻ എന്ന പേര് ബാക്കി; പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതത് എതിർത്തതോടെ സഭയുടെ കണ്ണിലെ കരടായി; കണ്ടിടത്തുവെച്ച് ക്രൈസ്തവ സഭ ആക്രമിച്ചിട്ടും പതറാതെ പൊരുതി; ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദലിതരുടെ അവസ്ഥക്ക് മാറ്റമില്ലാതായപ്പോൾ സ്വന്തമായി 'മത'മുണ്ടാക്കിയ കുമാരഗുരുദേവന്റെ കഥ

എം മാധവദാസ്

തിരുവനന്തപുരം: 'ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ

അനാഥരെന്നപോൽ സഞ്ചരിച്ചു
ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ
ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ'!''

-പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ

കേരളത്തിലെ നവോത്ഥാന നായകരിൽ പ്രഥമസ്ഥാനീയനായ പൊയ്കയിൽ യോഹന്നാനെന്നും അപ്പച്ചനെന്നും അറിയപ്പെട്ടിരുന്ന കുമാരഗുരുദേവന്റെ ഈ കവിതയിൽ ഉണ്ട് ഒരു സമുദായം നേരിട്ട അവഗണനയുടെ നേർക്കാഴ്ച. ജാതീയമായ അവഗണനകൾ തീരുമെന്ന് കരുതി ക്രിസ്റ്റിയാനിറ്റിയിലേക്ക് മതം മാറിയ പൊയ്കയിൽ അപ്പച്ചൻ കണ്ടത് അവിടെയും സമാനമായ അവസ്ഥയാണ്. തുടർന്ന് കുമാരഗുരുദേവൻ സ്വന്തമായി ഒരു 'മതം' തന്നെ ഉണ്ടാക്കി. അതാണ് പ്രത്യക്ഷ രക്ഷാസഭ ( പി.ആർ.ഡി.എസ്). ഇതൊരു സഭയല്ല മതം തന്നെയാണ് ആരുമില്ലാത്തരുടെ മതം എന്നാണ് അദ്ദേഹം പറയുന്നത്. ഈ സഭയുടെ 142ാം വാർഷികം കടന്നുപോകുമ്പോൾ കേരളീയ നവോത്ഥാനത്തിന്റെ അത്രയൊന്നും പ്രചരിച്ചിട്ടില്ലാത്ത ഒരു ഏടുകൂടിയാണ് ഓർമ്മയിൽ വരുന്നത്. അയ്യൻകാളിക്കും ചട്ടമ്പിസ്വാമിക്കും ശ്രീനാരായണഗുരുവിനുമൊക്കെ ഒപ്പം നിൽക്കാവുന്ന രീതിയിലുള്ള ഒരു സമൂഹിക പരിഷ്‌ക്കർത്താവ് തന്നെയായിരുന്നു അദ്ദേഹം.

അയ്യൻകാളിയെപ്പോലൊരു സാമൂഹിക പരിഷ്‌ക്കർത്താവ്

തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയ സമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമായിരുന്നു അത്. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി.

കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്നയാളുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്‌കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു. താനടക്കമുള്ള സമുദായങ്ങൾ അനുഭവിക്കേണ്ടിവന്ന ക്രൂരമായ വിവേചനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽമാത്രം ഒതുങ്ങുകയായിരുന്നില്ല കുമാരഗുരുദേവൻ.

സ്ത്രീകൾ തലച്ചുമടേന്തി നടത്തിയിരുന്ന പുല്ലുകച്ചവടം അവസാനിപ്പിക്കുക, ചന്തയിൽ പ്രവേശിക്കുന്നതിൽ ദളിതർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങൾക്കും ആരാധനാലയങ്ങൾ സ്ഥാപിക്കുക, തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുക, വനഭൂമി വെട്ടിത്തെളിച്ച് കൃഷിചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും യോഹന്നാൻ നേതൃത്വംനൽകി. ഒന്നാംലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് ദളിതരെ പങ്കെടുപ്പിച്ച് സമാധാനജാഥ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുതലപ്ര എന്ന സ്ഥലത്ത് അദ്ദേഹം നടത്തിയ പ്രസംഗം സാമ്രാജ്യത്വാധിനിവേശത്തിനെതിരായ നിലപാട് വ്യക്തമാക്കുന്നു. ''കടൽകടന്നുവന്നവന്റെ വള്ളവും ചരക്കും വന്നപോലെ തിരിച്ചുപോകും'' എന്നാണ് യോഹന്നാൻ പ്രസംഗിച്ചത്. പ്രസംഗത്തെത്തുടർന്ന് പൊലീസ് അറസ്റ്റ്ചെയ്യാനെത്തുകയുണ്ടായി.

1891ൽ കുടുംബം മുഴുവൻ ക്രൈസ്തവസമുദായത്തിലേക്ക് മതപരിവർത്തനം ചെയ്തതോടെ തേവർക്കാട്ട് പള്ളിക്കൂടത്തിൽനിന്ന് കഷ്ടിച്ച് എഴുതാനും വായിക്കാനും യോഹന്നാൻ പഠിച്ചു. മാർത്തോമ്മാ സഭയിലെ മറ്റു പതിനാറ് ഉപദേശിമാരോടൊപ്പം വേർപാടുസഭയിൽ ചേർന്നു ഇദ്ദേഹം പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്നറിയപ്പെട്ടു. പാട്ടെഴുതാനും പാടാനും പ്രത്യേകകഴിവുണ്ടായിരുന്നു യോഹന്നാന്. സുവിശേഷങ്ങളിൽ പാണ്ഡിത്യവും വാദപ്രതിവാദസാമർഥ്യവും പ്രകടിപ്പിച്ച അദ്ദേഹം മികച്ച പ്രഭാഷകനായി വളരെ വേഗം പ്രശസ്തനായി. എന്നാൽ മതപരിവർത്തനം ചെയ്തിട്ടും കേരളത്തിലെ ക്രൈസ്തവസഭകളിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്ന സ്ഥിതിയായിരുന്നു. പറയൻ യോഹന്നാൻ എന്നും പുലയൻ യോഹന്നാൻ എന്നും അദ്ദേഹത്തെ പള്ളികളിൽ പരിഹസിച്ചിരുന്നു. കൂടാതെ ഇത്തരം പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതതും അദ്ദേഹം എതിർത്തു. ഇതിനെ തുടർന്ന് യോഹന്നാനെ സഭയിൽ നിന്നും പുറത്താക്കി. ജന്മിതവ്യവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാനായി ക്രൈസ്തവമതം സ്വീകരിച്ച അധസ്ഥിതർക്കെതിരേ സഭയുടെ ഉള്ളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരേ യോഹന്നാൻ ശക്തമായി പോരാടി. അക്കാലത്ത് പുല്ലാടടുത്ത് പുലരിക്കാട്ടെ ക്രിസ്തീയസെമിത്തേരിയിൽ കീഴ്ജാതിക്കാരന്റെ ശവം സംസ്‌കരിച്ചതിൽ സവർണ്ണ ക്രൈസ്തവർ പ്രതിഷേധമുണ്ടാക്കി. ഒരു ദളിത് ക്രൈസ്തവ യുവതിയും സവർണ്ണ ക്രൈസ്തവയുവാവും തമ്മിലുള്ള വിവാഹം യോഹന്നാൻ നടത്തിക്കൊടുത്തതിലും എതിർപ്പുണ്ടായി. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒരു പുത്തനുണർവ് നൽകുന്നതായിരുന്നു യോഹന്നാന്റെ ആശങ്ങൾ.

അടി ലഹളയുടെ ഓർമ്മയിൽ

പിന്നീട് അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ ഈ സഭയിലും വിവേചനം മാത്രമായിരുന്നു ബാക്കി. ഇതോടെയാണ് ഇതെല്ലാം വിട്്ട 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചത്.. കേരളത്തിലെ അയിത്തജാതിക്കാരുടെ വിമോചനപ്രസ്ഥാനമായി പ്രത്യക്ഷരക്ഷാദൈവസഭ അറിയപ്പെട്ടു. അധഃകൃതരുടെ മതപരിവർത്തനത്തിനുശേഷമുള്ള ഒരു പ്രൊട്ടസ്റ്റന്റ് മതവിഭാഗമായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭ. മാരാമണിൽനിന്നും പതിനായിരങ്ങൾ അടങ്ങുന്ന ഒരു ജാഥ യോഹന്നാൻ സഭയുടെ കേന്ദ്രമായ ഇരവിപേരൂരിലേക്കു നടത്തിയിരുന്നു. ഈ ഘോഷയാത്ര പിന്നീട് ചരിത്രത്തിൽ സ്ഥാനം പിടിക്കുകയുണ്ടായി. സഭയുടെ വളർച്ച സവർണ്ണരായ ക്രിസ്ത്യാനികളിൽ അസൂയയും ദേഷ്യവും വളർത്തി.

തന്റെ സമരപോരാട്ടങ്ങൾ ബന്ധുവായ കൊച്ചുകാലായിൻ പത്രോസ്സിന്റെ സഹായത്തോടെ മുമ്പോട്ടു കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങൾ ക്രിസ്ത്യാനികളാൽ ആക്രമിക്കപ്പെട്ടു. പിന്നീട് യോഹന്നാന്റെ പ്രസംഗം നടക്കുന്ന എല്ലായിടങ്ങളിലും അക്രമം ഒരു പതിവായി മാറി. യോഹന്നാന്റേയും അനുയായികളുടേയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി. അവരെ അറസ്റ്റു ചെയ്തുവെങ്കിലും, നിരപരാധിത്വം മനസ്സിലായ കോടതി വെറുതെവിടുകയാണുണ്ടായത്തുടർന്ന് തിരുവല്ലക്കടുത്തുള്ള വെട്ടിയാട്ട് എന്ന സ്ഥലത്ത് പ്രത്യക്ഷ രക്ഷാദൈവസഭയുടെ ഒരു യോഗത്തെ ക്രിസ്ത്യാനികൾ കൂട്ടമായി ആക്രമിച്ചു. അക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് വെട്ടിയാട്ട് അടിലഹള എന്നറിയപ്പെട്ടു.

1921,1931 എന്നീ കൊല്ലങ്ങളിൽ അധഃസ്ഥിതരുടെ പ്രതിനിധിയായി യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഭാഷണം, നിവേദനം, സദസ്സ്, എന്നിവയിലൂടെ അവകാശങ്ങൾ നേടിയെടുക്കാനായിരുന്നു അദ്ദേഹം പരിശ്രമിച്ചത്. ഭൂരഹിതർക്ക് ഭൂമി നൽകുക, താണജാതിയിൽപ്പെട്ടവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുക, സർക്കാർ സർവ്വീസിൽ സംവരണം നൽകുക തുടങ്ങിയ വിപ്ലവകരമായ ആവശ്യങ്ങൾ യോഹന്നാൻ ശ്രീമൂലം പ്രജാസഭയുടെ മുന്നിൽ വെച്ചു. സർക്കാരിന്റെ അനുമതിയോടെ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറിൽ ആരംഭിച്ച. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. അപ്പച്ചന്റെ കാഴ്‌ച്ചപാടുകൾ യോഗങ്ങളിൽ പാടി ഉറപ്പിച്ച പാട്ടുകളിലാണ്. 2006-ൽ വി.വി. സ്വാമി, ഇ.വി. അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.

ദലിതരുടെ കഷ്്ടതകൾ കുമാരഗുരുദേവൻ എഴുതിയത് വായിച്ചാൽ ആരുടെയും കണ്ണു നിറഞ്ഞപോകും. ഇങ്ങനെ ആടുമാടുകളെപ്പോലെ പകലന്തിയോളം പണിയെടുക്കുകയും ജന്മിമാരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങുന്ന സമയത്ത് നമ്മുടെ പുർവ്വികർക്ക് ആത്മഹത്യചെയ്യാമായിരുന്നില്ലേ എന്നാണ് കുമാരഗുരുദേവൻ ചോദിക്കുന്നത്. അതുപോലെ തന്നെ ദലിതന്റെ ജീവിതം മെച്ചപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമവും അദ്ദേഹം നടത്തി. എങ്ങനെ് ശൗചം ചെയ്യണമെന്നും എങ്ങനെ കുളിക്കണം എന്നുവരെപ്പോലും ദലിതനെ പഠിപ്പിക്കേണ്ടി വന്ന ദയനീയ കഥയും കുമാര ഗുരുദേവൻ എഴുതിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP