Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാക്കാരെയും പ്രശസ്തരെയും മുന്നിൽ നിർത്തി ജനസേവ ശിശുഭവന്റെ പേരിൽ പിരിവു കൊഴുപ്പിച്ചു; അന്തേവാസികളായ അനാഥക്കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയും തട്ടിപ്പ്; രേഖകളില്ലാതെ പാർപ്പിച്ചത് നൂറിലേറെ കുട്ടികളെ; സർക്കാർ ഏറ്റെടുത്തതോടെ പുറത്തുവന്നത് ബാലപീഡനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ; പബ്ലിസിറ്റി സ്റ്റണ്ടിനായി തെരുവു നായ്ക്കളെ കൊന്നും പുലിവാല് പിടിച്ചു; പോക്‌സോ കേസിൽ അറസ്റ്റിലായ ജോസ് മാവേലിയുടെ കഥ

സിനിമാക്കാരെയും പ്രശസ്തരെയും മുന്നിൽ നിർത്തി ജനസേവ ശിശുഭവന്റെ പേരിൽ പിരിവു കൊഴുപ്പിച്ചു; അന്തേവാസികളായ അനാഥക്കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയും തട്ടിപ്പ്; രേഖകളില്ലാതെ പാർപ്പിച്ചത് നൂറിലേറെ കുട്ടികളെ; സർക്കാർ ഏറ്റെടുത്തതോടെ പുറത്തുവന്നത് ബാലപീഡനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ; പബ്ലിസിറ്റി സ്റ്റണ്ടിനായി തെരുവു നായ്ക്കളെ കൊന്നും പുലിവാല് പിടിച്ചു; പോക്‌സോ കേസിൽ അറസ്റ്റിലായ ജോസ് മാവേലിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജനസേവ ശിശുഭവനിലെ അഞ്ചു കുട്ടികളെ പീഡിപ്പിച്ച സംഭവ മറച്ചുവെച്ച കേസിൽ ജോസ് മാവേലി ഇന്നാണ് അറസ്റ്റിലായത്. പോക്‌സോ കേസിൽ അറസ്റ്റിലായ മാവേലിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. അനാഥക്കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വീഴ്‌ച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഇവിടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

കവിയൂർ പൊന്നമ്മയെ പോലുള്ള സിനിമാക്കാരെയും വി ആർ കൃഷ്ണയ്യറെ പോലുള്ള പ്രമുഖരെയും മുന്നിൽ നിർത്തി വൻ കട്ടൗട്ട് നിരത്തിയുള്ള പരസ്യങ്ങൾ വഴി പിരുവു കൊഴിപ്പിച്ചു കൊണ്ടാണ് ജോസ് മാവേലി ആലുവയിലെ ജനസേവാ ശിശുഭവന്റെ പ്രവർത്തനം കൊഴുപ്പിച്ചത്. എന്നാൽ, ഇവിടെ അന്തേവാസികളായിരുന്ന കുട്ടികൾക്ക് മതിയായ സൗകര്യം ഒരുക്കി നൽകുന്നതിനോ ഈ പണം ഉപയോഗപ്പെടുത്തിയില്ല. മറിച്ച്, ജോസ് മാവേലിയുടെ വ്യക്തിതാൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഇതൊക്കെ ഉപയോഗിക്കപ്പെടുത്തിയതെന്നാണ് ആരോപമം.

ആലുവയിലെ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തത് കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്. രേഖകളില്ലാതെ 104 കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നു. മതിയായ സൗകര്യമില്ലാതെ കുട്ടികളെ പാർപ്പിക്കാൻ പാടില്ലെന്നും ഇവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ഉത്തരവിനെയും മുഖവിലക്കെടുക്കാൻ അധികൃതർ തയ്യാരായില്ല. ഇതോടെയാണ് കർശന നിലപാടിലേക്ക് അധികൃതർ നീങ്ങിയതും മാവേലിയിൽ നിന്നും സ്ഥാപനം പിടിച്ചെടുക്കുന്നതും.

പലതവണ ജനസേവാ ശിശുഭവനെ കുറിച്ച് പരാതി ഉയർന്നിരുന്നെങ്കിലും അതൊന്നും ആരും പരിശോധിച്ചിരുന്നില്ല. ജോസ് മാവേലിക്ക് ഉന്നതങ്ങളിലുള്ള ഇടപെടലുകളായിരുന്നു ഇതിന് കാരണം. എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ ഈ പിട അയഞ്ഞു. സാമൂഹ്യ ക്ഷേമ വകുപ്പ് കാര്യമായി തന്നെ ഇവിടുത്തെ വിഷയങ്ങളിൽ ഇടപെട്ടു. ഇതോടയാണ് ശിശുഭവനിലെ നിയമലംഘനങ്ങൾ പിടിവീണതും. ശിശുസംരക്ഷണ-പരിപാലന നിയമത്തിന്റെ പ്രധാനപ്പെട്ട പല വകുപ്പുകളും സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിയമവിധേയമല്ലാതെ താമസിപ്പിച്ചിരിക്കുന്ന 104 മറുനാടൻ കുട്ടികളെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.

ഇതിനെതിരേ പരാതി നൽകിയപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. ജനസേവയുടെ പരാതി തള്ളിയ കോടതി, കുട്ടികളെ നിയമപരമായി ബന്ധപ്പെട്ടവർക്ക് കൈമാറണമെന്നാണ് ഉത്തരവിട്ടത്. കുട്ടികളുടെ വിശദ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനു മുന്നിൽ വിശദ റിപ്പോർട്ടാണ് ശിശുക്ഷേമ സമിതി സമർപ്പിച്ചത്.

സമിതിയുടെ പരിശോധനയിൽ 104 കുട്ടികളെ കണ്ടെത്തിയെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിൽ 42 കുട്ടികളെ മാത്രമേ കണ്ടുള്ളൂ. ബാക്കിയുള്ളവരെപ്പറ്റി തൃപ്തികരമായ ഉത്തരം ബന്ധപ്പെട്ടവർ നൽകിയില്ല. ഇതിനിടെ കാണാതായവരിൽപ്പെട്ട നാലു കുട്ടികളെ തൃശ്ശൂരിൽ ഭിക്ഷക്കാരായി കണ്ടെത്തി. ഇവരെങ്ങനെ തെരുവിലെത്തിയെന്ന ചോദ്യത്തിനും ജനസേവയ്ക്ക് ഉത്തരമില്ലായിരുന്നു.

ധനസമാഹരണത്തിനുള്ള ബ്രോഷറുകളിലും പരസ്യങ്ങളിലും കുട്ടികളുടെ ചിത്രങ്ങളുപയോഗിച്ചു, കോടതിയുത്തരവിനെതിരേ പോലും കുട്ടികളെക്കൊണ്ട് പരസ്യപ്രതിഷേധം നടത്തി, ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുട്ടികളുെട വിവരങ്ങൾ തരാൻ കൂട്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ. തമിഴ്‌നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി പാർപ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയ ശിശുക്ഷേമ സമിതി, സ്ഥാപനം ഏറ്റെടുക്കണമെന്ന് സർക്കാരിന് നൽകിയ ശുപാർശയിലാണ് ഉത്തരവ്.

കുട്ടികളെ അണിനിരത്തി മാവേലി പ്രതിരോധിച്ചത് പലതവണ

പലപ്പോഴും നിയമലംഘനങ്ങൾ പിടിക്കപ്പെടുമ്പോൾ അധികൃതർ നടപടി എടുക്കാൻ തയ്യാറായി രംഗത്തുവരുമായിരുന്നു. എന്നാൽ, അപ്പോഴൊക്കെ മാവേലി പ്രതിരോധം തീർത്തത് അന്തേവാസികളായ കുട്ടികളെ ഉപോഗിച്ചായിരുന്നു. ഏറ്റെടുക്കാനെത്തിയ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കാൻ അനുവദിക്കാത്ത വിധത്തിലാണ് പ്രവർത്തിച്ചത്. ഉറക്കെ കരഞ്ഞും കൂട്ടമായി പുറത്തേക്കോടിയും കുട്ടികൾ പ്രതിഷേധിച്ചു. ഈ തന്ത്രം ഏൽക്കാതെ വന്നതോടെയാണ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്.

ആലുവ ശിശുഭവനിൽ 65 പെൺകുട്ടികളും മെയ്ക്കാട് ബോയ്സ് ഹോമിൽ 75 ആൺകുട്ടികളുമുണ്ട്. രണ്ടിടത്തുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ഇതിനു 30 കോടി രൂപ വില മതിക്കും. 1999ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്. 2007ൽ ബോയ്സ് ഹോം ആരംഭിച്ചു. ജോസ് മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്. സൊസൈറ്റിയിൽ 600 അംഗങ്ങളുണ്ട്. എന്നാൽ, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായി പ്രവർത്തിച്ചിരുന്നത് മാവേലി തന്നെയായിരുന്നു.

അന്തേവാസികളായ കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചെന്നും ഭിക്ഷാടനം നടത്തിയെന്നും വരെയുള്ള ആരോപണങ്ങൾ ജോസ് മാവേലിക്കെതിരെ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച പരാതികളും ഉയർന്നെങ്കിലും അതൊന്നും എങ്ങുമെത്താതെ പോകുകയായിരുന്നു.

പബ്ലിസിറ്റിക്കായി തെരുവുപട്ടിയെ കൊന്നും പുലിവാല് പിടിച്ചു

പബ്ലിസിറ്റിക്കായി തെരുവിൽ ഇറങ്ങാൻ മടിയില്ലാത്ത വ്യക്തിയായിരുന്നു ജോസ് മാവേലി. സാമൂഹ്യ പ്രവർത്തകൻ എന്ന ലേബർ അടിച്ചെടുക്കുക എന്ന നേട്ടമായിരുന്നു ഇതിന് പിന്നിൽ. തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വി ഗാർഡ് ഉടമ രംഗത്തിറങ്ങിയപ്പോൾ അവസരം മുതലാക്കി പട്ടിയെ കൊന്നും പബ്ലിസിറ്റി സ്റ്റണ്ട് കളിച്ചു മാവേലി. ഈ വിഷത്തിൽ അറസ്റ്റും മറ്റു നടപടിയും ഉണ്ടായപ്പോൾ ശരിക്കും പുലിവാല് പിടിക്കുകയും ചെയത്ു. ജോസ് മാവേലിയിൽ നിന്ന് മാപ്പ് അപേക്ഷ എഴുതിവാങ്ങിയ നടപടിയുമുണ്ടായി.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ മുമ്പാകെയാണ് ജോസ് മാവേലി മാപ്പ് അപേക്ഷ എഴുതി നൽകിയാണ് അന്ന് അദ്ദേഹം ഇതിൽ നിന്നും തടിയൂരിയത്. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ മാപ്പ് അപേക്ഷയാണ് നൽകിയിരിക്കുന്നത്. 'തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയ്ക്ക് പ്രേരണ നൽകിയതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു' എന്നാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിന് അവയെ ഉന്മൂലനം ചെയ്യുകയല്ല യഥാർത്ഥ പ്രതിവിധിയെന്ന് മനസ്സിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പരിപാടിയിൽ നിന്ന് പിന്മാറുകയാണെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

മാവേലി കുടുങ്ങിയത് കുട്ടികൾ പീഡനങ്ങൾ വെളിപ്പെടുത്തിയപ്പോൾ

ജനസേവനശിശു ഭവനിൽ കുട്ടികൾക്ക് നേരെ നടക്കുന്നത് ക്രൂരവും ലൈംഗികവുമായ പീഡനമെന്ന് കുട്ടികളുടെ വെളിപ്പെടുത്തൽ വന്നതോടെയാണ് മാവേലി കുടുങ്ങഇത്. ജനസേവ കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെ നടത്തുന്നത് ക്രൂര പീഡനമാണെന്നാണ് മലപ്പുറം ചൈൽഡ് ലൈനിലും പൊലീസിലും പൊന്നാനി മജിസ്ട്രേറ്റ കോടതിയിലും കുട്ടികൾ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ജനസേവ ശിഷശുഭവനിൽ നിന്നും ചാടിപോയ കുട്ടികളിൽ മൂന്ന് പേരെ പൊന്നാനി ചൈൽഡ് ലൈനും പൊലീസും ചേർന്ന് കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഈകാര്യങ്ങൾ വ്യക്തമാക്കുന്നത്. ശിശുഭവൻ നടത്തിപ്പുകാരൻ ജോസ് മാവേലിക്കും ജീവനക്കാർക്കുമെതിരകെ ഗുരുതര ആരോപണമാണ് മൊഴിയിലുള്ളത്.

കുട്ടികളെ കൊണ്ട് ലൈംഗിക വീഡിയോ കാണിക്കുകയും ഇത് അനുകരിക്കാൻ വിസമ്മതിച്ചാൽ ക്രൂരമർദ്ദനവുമാണ് ജീവനക്കാർ നടത്തുന്നത്. പരാതിപ്പെട്ടാൽ കുട്ടികളെ ബെൽറ്റിന് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് സമർപിച്ച മൊഴിയിൽ പറയുന്നു. കുട്ടികൾക്ക് നേരെ നടക്കുന്ന മാനസികവും ശാരീരികവുമായി പീഡനം പുറംലോകമറഞ്ഞാൽ കൊന്നുകളുമെന്ന് പൊലും ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അമ്മയ്ക്ക് അസുഖം ബാധിച്ചാൽ പോലും കുട്ടികളെ വീട്ടിലേക്ക് അയക്കാൻ സ്ഥാപന മേധാവികൾ പലപ്പോഴും സമ്മതിക്കാറില്ലെന്ന് കുട്ടികൾ മൊഴിയിൽ പറയുന്നു. പരാതി പറയുന്ന കുട്ടികൾക്ക് നേരെ കേബിളിന് കനത്ത പ്രഹരമണ് നൽകുന്നത്. കുട്ടികളെ നിർബന്ധപൂർവം ഭീക്ഷാടനത്തിനായി പറഞ്ഞയക്കുന്നതും പണപ്പിരിവ് നടത്തുന്നതും സ്ഥാപന മേധാവി ജോസ് മാവേലിയുടെ നിർബന്ധത്തിലാണെന്നും മൊഴിയിലും അനുബന്ധമായ റിപ്പോർട്ടിലും പരാമർശിക്കുന്നു.

ആലുവ ആസ്ഥാനമാക്കി അനാഥാലയത്തിന്റെ മറവിൽ നടത്തിവന്ന ജോസ് മാവേലിയുടെ അനധികൃത പണരപ്പിരിവും കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും വാർത്തയായതിനു പിന്നാലെയാണ് അനാധരുടെ സംരക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ തനി നിറം പുറംലോകം അറിയുന്നത്. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജനസേവയിൽ നടത്തിയ പരിശോധനയിലാണ് ജെ.ജെ ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 104 കുട്ടികളെ അനധികൃതമായി ഇവിടെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതിൽ 50 കുട്ടികളെ കാണാതാകുകയും ചെയ്തിരുന്നു. ഇതോടെ സാമൂഹിക നീതി വകുപ്പ് സ്ഥാപാനം ഏറ്റെടുക്കുകയാായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ജോസ് മാവേലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ ഇയാൾ കേസ് പിൻവലിച്ചു തടിതപ്പാനും ശ്രമിച്ചു. എന്നാൽ അധികം വൈകാതെ തന്നെ അദ്ദേഹത്തിന് പിടിവീഴുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP