Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരമാവധി ശ്രമങ്ങളുടെ എണ്ണം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തീരുമാനം ദൈവ നിയോഗമായി; അഞ്ചു തവണ സിവിൽ സർവീസിന് ശ്രമിച്ചിട്ടും കപ്പിനും ചുണ്ടിനുമിടയിൽ അവസരം നഷ്ടപ്പെട്ട കെ.ഇളംബഹവത് ഇപ്പോൾ റാണിപേട്ട് സബ് കലക്ടർ; പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി 19 വർഷത്തിന് ശേഷം സിവിൽ സർവീസ് തിളക്കത്തിൽ നിൽക്കുന്ന തമിഴ്‌നാട് സ്വദേശി കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണം; ജനങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഇളംബഹവത്

പരമാവധി ശ്രമങ്ങളുടെ എണ്ണം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തീരുമാനം ദൈവ നിയോഗമായി; അഞ്ചു തവണ സിവിൽ സർവീസിന് ശ്രമിച്ചിട്ടും കപ്പിനും ചുണ്ടിനുമിടയിൽ അവസരം നഷ്ടപ്പെട്ട കെ.ഇളംബഹവത് ഇപ്പോൾ റാണിപേട്ട് സബ് കലക്ടർ; പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി 19 വർഷത്തിന് ശേഷം സിവിൽ സർവീസ് തിളക്കത്തിൽ നിൽക്കുന്ന തമിഴ്‌നാട് സ്വദേശി കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണം; ജനങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഇളംബഹവത്

മറുനാടൻ ഡെസ്‌ക്‌

റാണിപേട്ട്: നിങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടു കൂടി ഇറങ്ങിയാൽ ആഗ്രഹം സഫലീകരിച്ച് തരാൻ ഈ ലോകം മുഴുവനും കൂടെ നിൽക്കും. പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റിൽ പറയുന്ന വാക്കുകൾ നമുക്ക് ഊർജ്ജം പകർന്ന് തരുന്ന ഒന്നാണെങ്കിൽ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് സന്ദേശമായി മാറുകയാണ് തമിഴ്‌നാട്ടിലെ ചോളങ്കൻകുടിക്കാട് സ്വദേശി കെ. ഇളംബഹവത്ത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നോട്ടോടി സിവിൽ സർവീസ് എന്ന സ്വപ്‌നം പൂവണിയിച്ച് ഈ പ്രതിഭയുടെ ജീവിത കഥയ്ക്ക് കണ്ണീരിന്റെ ഉപ്പുരസവും കഠിനാധ്വാനത്തിന്റെ മധുരവുമുണ്ട്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ 1997ൽ ഇളംബഹവതിന്റെ അച്ഛൻ മരിച്ചു.

വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു പിതാവ്. ആകെയുള്ള ആശ്രയം ഇല്ലാതായപ്പോൾ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടി. അമ്മയെ കൃഷിയിൽ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച ഇളംബഹവത് പിന്നീട് തനിക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന കാര്യം സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. വളരെ തുച്ഛമായ വരുമാനമായിരുന്നു കൃഷിപ്പണിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ ജോലി മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലും എന്ത് ചെയ്യണമെന്ന് ഇളംബഹവതിന് ധാരണയുണ്ടായിരുന്നില്ല. അതിനിടെ സർക്കാരിന്റെ പല ടെസ്റ്റുകളും മറ്റും ഇളംബഹവത്ത് എഴുതി.

ജൂനിയർ അസിസ്റ്റന്റ് പോലുള്ള ചെറിയ ജോലികളിലേക്ക് അദ്ദേഹം അപേക്ഷിച്ചെങ്കിലും ഉന്നത സ്വാധീനം വെച്ച് അധികൃതർ അത് വേണ്ടപ്പെട്ടവർക്ക് നൽകുന്ന കാഴ്‌ച്ചയാണ് അദ്ദേഹത്തിന് കാണാൻ സാധിച്ചത്. ഉച്ചവരെ കൃഷിയിടത്തിൽ ജോലി ചെയ്തും ശേഷമുള്ള സമയം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയും ഇളംബഹവത്ത് ജോലി അന്വേഷിച്ച് നടന്നു. ഒന്നും രണ്ടും ദിവസമല്ല നീണ്ട ഒൻപത് വർഷം. എന്നാൽ ഇതിനൊക്കെ ഇടയിലും കാര്യമായി ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഒട്ടേറെ ദുരനുഭവങ്ങളും ഇളംബഹവതിന് അനുഭവിക്കേണ്ടി വന്നു. എന്നാൽ ഇതൊക്കെ ജീവിതത്തിൽ ഒരു വാശിയായി എടുത്ത് സിവിൽ സർവീസ് എന്ന മോഹം അദ്ദേഹത്തിന്റെ മനസിലുദിച്ചു.

മദ്രാസ് സർവകലാശാലയിൽ നിന്നും വിദൂര വിദ്യാഭ്യാസത്തിൽ ഹിസ്റ്ററിയിൽ ബിരുദം നേടി. സ്വന്തം നിലയിൽ സിവിൽ സർവീസിന് ഇളംബഹവത് പരിശീലനം ആരംഭിക്കുകയും ചെയ്തു. റിട്ടയേർഡ് ഹെഡ്‌മാസ്റ്ററായ പണീർ സെൽവം അടക്കമുള്ളവർ ഇളംബഹവത്തിന്റെ സഹായത്തിനായി എത്തി. വീടിന് സമീപമുള്ള പബ്ലിക്ക് ലൈബ്രറിയിൽ നിന്ന് പുസ്തക വായനയിൽ മുഴുകിയാണ് ഇളംബഹവത് സിവിൽ സർവീസിനായുള്ള പഠനം ആരംഭിച്ചത്. കൂടെ ഒമ്പത് പേരുണ്ടായിരുന്നു. പിന്നീട് പരീക്ഷയിലൂടെ തമിഴ്‌നാട് സർക്കാരിന്റെ സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് അദ്ദേഹം യോഗ്യത നേടിയെടുത്തു.

സിവിൽ സർവീസ് പരീക്ഷയ്ക്ക് ആദ്യത്തെ മൂന്ന് തവണയും പരാജയമായിരുന്നു ഫലം. എന്നാൽ ഇതിനിടയ്ക്ക് തമിഴ്‌നാട് പി.എസ്.സിയുടെ പല പരീക്ഷകളിലും മികച്ച വിജയം നേടാനായി. പഞ്ചായത്തിൽ അസിസ്റ്റൻഡ് ഡയറക്ടർ, പൊലീസ് വകുപ്പിൽ ഡി.എസ്‌പി ഉൾപ്പെടെയുള്ള ഗ്രൂപ്പ് ക തസ്തികകളിൽ നിയമനം നേടാനായി. അപ്പോഴും സിവിൽ സർവീസ് എന്ന മോഹം ഉപേക്ഷിക്കാൻ ഇളംബഹവത് തയ്യാറായിരുന്നില്ല.

പിന്നീട് അഞ്ചു തവണ സിവിൽ സർവീസ് മെയിൻ പരീക്ഷയെഴുതിയ ഇളംബഹവതിന് മൂന്ന് തവണ ഇന്റർവ്യൂ റൗണ്ടിൽ കടക്കാനായി. എന്നാൽ അപ്പോഴും പരാജയമായിരുന്നു ഫലം. ഇതോടെ പരമാധി ശ്രമങ്ങളുടെ എണ്ണവും കഴിഞ്ഞു. എന്നാൽ 2014-ൽ സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രതികൂലമായി ബാധിച്ചവർക്ക് രണ്ട് അവസരങ്ങൾകൂടി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ 2015-ൽ വീണ്ടും പരീക്ഷയെഴുതിയ ഇളംബഹവത് 117-ാം റാങ്ക് സ്വന്തമാക്കി സ്റ്റേറ്റ് കേഡറിൽ ഐ.എ.എസ് ഓഫീസറായി.

2016-ലാണ് ഇളംബഹവത് റാണിപേട്ട് സബ്കളക്ടറായി നിയമിതനാവുന്നത്. ജനങ്ങളുടെ ശബ്ദം കേൾക്കാനും സങ്കടങ്ങൾ പരിഹരിക്കാനുമാണ് താൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറയുന്നു. കഠിനാധ്വാനത്തിന് പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്നും സ്വപ്നങ്ങൾ പിന്തുടരാനുള്ളതാണെന്നും ഇളംബഹവത് ഓർമിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP