Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറവന്മലയും കുറത്തിമലയും കുതിച്ചുപായുന്ന പെരിയാറും കാട്ടിക്കൊടുത്ത കൊമ്പൻ കൊലുമ്പൻ; കഥ കേട്ട് ഡാം സ്വപ്‌നം കണ്ട ഡബ്‌ള്യു ജെ ജോണും കേരളത്തിന് വെള്ളവും വെളിച്ചവും തരാൻ ആദ്യ മാസ്റ്റർ പ്‌ളാൻ ഒരുക്കിയ എൻജിനീയർ ജോസഫ് ജോണും; ഇവരുടെ സ്വപ്‌നങ്ങൾ സഫലമായതോടെ കേരളം രക്ഷപ്പെട്ടത് ഓരോ വർഷവും വരുമായിരുന്ന കൊടും പ്രളയങ്ങളിൽ നിന്നുതന്നെ; കേരളം കേൾക്കേണ്ട ഇടുക്കി അണക്കെട്ടിന്റെ കഥ

കുറവന്മലയും കുറത്തിമലയും കുതിച്ചുപായുന്ന പെരിയാറും കാട്ടിക്കൊടുത്ത കൊമ്പൻ കൊലുമ്പൻ; കഥ കേട്ട് ഡാം സ്വപ്‌നം കണ്ട ഡബ്‌ള്യു ജെ ജോണും കേരളത്തിന് വെള്ളവും വെളിച്ചവും തരാൻ ആദ്യ മാസ്റ്റർ പ്‌ളാൻ ഒരുക്കിയ എൻജിനീയർ ജോസഫ് ജോണും; ഇവരുടെ സ്വപ്‌നങ്ങൾ സഫലമായതോടെ കേരളം രക്ഷപ്പെട്ടത് ഓരോ വർഷവും വരുമായിരുന്ന കൊടും പ്രളയങ്ങളിൽ നിന്നുതന്നെ; കേരളം കേൾക്കേണ്ട ഇടുക്കി അണക്കെട്ടിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: അതികഠിനമായ വെള്ളപ്പൊക്കങ്ങളിൽ നിന്ന് കൊച്ചി നഗരത്തേയും എറണാകുളം, തൃശൂർ ജില്ലകളുടെ പടിഞ്ഞാറൻ ദേശങ്ങളേയും സംരക്ഷിക്കുന്നതും കേരളത്തിന്റെ ആവശ്യം നിറവേറ്റുന്നതുമായ മുഖ്യ ജലവൈദ്യുതി പദ്ധതിക്ക് വെള്ളം നൽകുന്നതുമായൊരു വമ്പൻ അണക്കെട്ട്. 66 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വമ്പൻ ജലസംഭരണി. ഉപ്പുതറ മുതൽ കുളമാവ് വരെ നീളുന്ന മേഖല. ഇതാണ് രണ്ട് മലകൾക്കിടയിൽ മനുഷ്യന്റെ സാങ്കേതികത്തികവിൽ ഒരുങ്ങിയ ഇടുക്കി പദ്ധതി.

മൂന്ന് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതി ശരിക്കും കേരളത്തിന്റെ ചരിത്രത്തിലെ ഊർജ വിപ്‌ളവം തന്നെയായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 925 മീറ്റർ തലപ്പൊക്കമുള്ള കുറത്തി മലയ്ക്കും 839 മീറ്റർ ഉയരമുള്ള കുറവൻ മലയ്ക്കും ഇടയിൽ കമാനം പോലെ ഒരു ഡാം. ഉയരത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്തുണ്ട് ഇടുക്കി പദ്ധതിയുടെ ഭാഗമായ ആർച്ച് ഡാം. അഞ്ച് ഷട്ടറുകൾ ഉള്ള ചെറുതോണി അണക്കെട്ടും, മറ്റൊരു വശത്ത് നദിയെ തടഞ്ഞുനിർത്തുന്ന കുളമാവ് ഡാമും ചേർന്നാൽ ഇടുക്കി പദ്ധതിയായി. ഇതോടൊപ്പം മൂലമറ്റം പവർഹൗസും കൂടെ ചേർന്നാൽ ഇടുക്കി പദ്ധതിയായി.

ഈ പദ്ധതിയാണ് കേരളത്തിന്റെ യഥാർത്ഥ പവർ ഹൗസ്. ഇത്തരത്തിൽ ഒരു അണക്കെട്ടിനുള്ള സാധ്യത തെളിഞ്ഞുവന്നതിന് പിന്നിലെ കഥ വീണ്ടുമൊരിക്കൽ, കാൽനൂറ്റാണ്ടിനിപ്പുറം വെള്ളം നിറഞ്ഞുതുളുമ്പാറായി ഇടുക്കി ഡാം വാർത്തകളിൽ നിറയുമ്പോൾ വീണ്ടും ചർച്ചയാവുന്നു. കുറവൻ മലയേയും കുറത്തിമലയേയും പറ്റി പറഞ്ഞ ആദിവാസി മൂപ്പൻ കൊമ്പൻ കൊലുമ്പന്റെ കഥയാണത്. കേരള ചരിത്രത്തിൽ വയനാട്ടിലേക്കെത്താൻ താമരശ്ശേരി വഴി ഒരു ചുരം കണ്ടെത്താനും വെട്ടിക്കൊടുക്കാനും ഇംഗ്‌ളീഷുകാർക്ക് വഴികാട്ടിയായി നിന്ന വയനാടൻ ഗോത്രവർഗമായ പണിയ സമുദായത്തിലെ അംഗമായിരുന്ന കരിന്തണ്ടന്റെ കഥപോലെ.

കുറവന്മലയും കുറത്തിമലയും കാട്ടിക്കൊടുത്ത കൊമ്പൻ കൊലുമ്പൻ

ആദിവാസി മൂപ്പനായ കൊമ്പൻ കൊലുമ്പൻ തന്റെ തൊഴിലുടമയായ ഡബ്ല്യു. ജെ. ജോണിനോട് കുറത്തിമലയേയും കുറവൻ മലയേയും അതിനുനടുവിലൂടെ ഒഴുകുന്ന പെരിയാറിനേയും കുറിച്ച് പറഞ്ഞ കഥയിൽ നിന്നാണ് ഇടുക്കി ഡാമിന്റെ ചരിത്രം തുടങ്ങുന്നത്. 1922 കാലത്താണ് ഇത് സംഭവിക്കുന്നത്. നിറഞ്ഞൊഴുകുന്ന പെരിയാറും വെള്ളച്ചാട്ടങ്ങളും കുറവൻ മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ വളഞ്ഞുപുളഞ്ഞുള്ള ജലപ്രവാഹങ്ങളുമെല്ലാം വർണിച്ച് കൊലുമ്പൻ കഥപറഞ്ഞപ്പോൾ ജോണിനും ആ സ്ഥലം കാണാൻ മോഹമായി. 1922കാലത്താണ് ഈ സംഭവം. ഇതിനും മുമ്പ് 1919 കാലത്ത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയർ ഇവിടെ അണക്കെട്ട് കെട്ടുന്ന സാധ്യതയെപ്പറ്റി തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല.

ഇതിന് പിന്നാലെയാണ് കൊലുമ്പന്റെ കഥയിൽ ആകൃഷ്ടനായി ജോൺ ഇക്കാര്യം ശ്രദ്ധിക്കുന്നത്. മലങ്കര എസേ്റ്ററ്റിന്റെ മേൽനോട്ടക്കാരിൽ ഒരാളായിരുന്നു ജോൺ. കൊടുംകാട്ടിൽ വേട്ടയ്ക്കിറങ്ങുന്നത് പ്രധാന ഹോബി. അങ്ങനെ പോകുമ്പോൾ എപ്പോഴും വഴികാട്ടി കാട്ടിലെ വഴികൾ കൈവള്ളയിലുള്ള കൊമ്പൻ കൊലുമ്പനായിരുന്നു. അത്തരമൊരു വേട്ടയ്ക്കിടയിലാണ് കൊലുമ്പൻ തലമുറകൾ തനിക്ക് പകർന്നുകിട്ടിയ കഥ പറയുന്നത്.

പിന്നീട് 1932ൽ ഇദ്ദേഹം എൻജിനീയറും സഹോദരനുമായ പിജെ തോമസിന്റെ സഹായത്തോടെ ഇവിടെ അണകെട്ടി ജലസേചനവും വൈദ്യുതോത്പാദനവും നടത്താമെന്ന സാധ്യത തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചു. ഇതിന്റെ മേൽ പഠനങ്ങൾ നടന്നു. പക്ഷേ, അധികം മുന്നോട്ടു നീങ്ങിയില്ല. തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനീയറായ ജോസഫ് ജോൺ. ഡബ്‌ളു ജെ ജോണിന്റെ ഉറ്റ സുഹൃത്തായിരുന്നു. ഇടയ്ക്ക് വേട്ടയ്ക്ക് കൂട്ടായി ഇരുവരും പോകാറുമുണ്ട്. ഇവിടെ വച്ചാണ് വീണ്ടും ഇരുവരും ഇക്കാര്യം ചർച്ചചെയ്യുന്നത്. ഇതോടെ ഈ സ്ഥലം കാണാൻ ഇരുവരും തീരുമാനിച്ചു. പിന്നെ താമസിച്ചില്ല, രണ്ടുപേരും കൊലുമ്പനെ മുന്നെ നടത്തി. കുറവന്മലയേയും കുറത്തിമലയേയും അവയ്ക്കിടയിലൂടെ കുലംകുത്തിയൊഴുകുന്ന പെരിയാറിനേയും ലക്ഷ്യമാക്കി ഘോരവനത്തിലൂടെ യാത്ര. രണ്ടാംലോക മഹായുദ്ധം തുടങ്ങും മുമ്പായിരുന്നു ഈ യാത്രയെന്ന് ഇതുസംബന്ധിച്ച ചില രേഖകളിൽ പറയുന്നുമുണ്ട്.

സ്ഥലം കണ്ടതോടെ ഇതിന്റെ അനന്ത സാധ്യതകൾ ആ ഇലക്ട്രിക്കൽ എൻജിനീയറുടെ മനസ്സിൽ നിറഞ്ഞു. തിരുവിതാംകൂർ അക്കാലത്ത് വൈദ്യുതി പദ്ധതികളെപറ്റി കേട്ടുവരുന്നതേയുള്ളൂവെങ്കിലും ജോസഫ് ജോണിന്റെ ദീർഘ വീഷണം അതിന് മുന്നേ ചിറകുവിരിച്ചു. വൈദ്ദ്യുതിയെപ്പറ്റി ഗൗരവചിന്തകൾ ഒട്ടുമില്ലാതിരുന്ന അക്കാലത്ത് ഇത്തരം പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരും കുറവായിരുന്നു. എങ്കിലും എഞ്ചിനീയറായ ജോണിന്റെ സ്വകാര്യ പഠനങ്ങളും റിപ്പോർട്ടും അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെ മതിച്ചിരുന്ന തിരുവിതാംകൂർ ഗവൺമെന്റ് പരിഗണിച്ചതോടെ കാര്യങ്ങൾ മുന്നോട്ടു നീങ്ങി. 1947ൽ ജോസഫ് ജോൺ പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കി നൽകി.

അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ഈ പദ്ധതിക്ക് അന്നത്തെ അസംസ്‌കൃത സാധനങ്ങളുടെ വിലയും കൂലിച്ചെലവും കണക്കാക്കി മൊത്തം ചെലവായി കണ്ടെത്തിയത് 26 കോടി രൂപയാണ്. 5 ലക്ഷം കിലോവാട്ട് വൈദ്ദ്യുതിവരെ പ്രതിമാസം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയുടെ ചെലവ് പക്ഷേ തിരുവിതാംകൂർ ഗവൺമെന്റിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു എന്ന് മാത്രമല്ല ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇത്രയും വൈദ്ദ്യുതി എങ്ങനെ ചെലവഴിക്കുമെന്ന സംശയം ചില ഉദ്യോഗസ്ഥർ ഉയർത്തിയതോടെ ജോസഫ് ജോണിന്റെ റിപ്പോർട്ട് വിശ്രമത്തിലായി. പിന്നീട് ശരിക്കും ഇല്ലാതാവുന്ന സ്ഥിതിയിലൂമായി. പിന്നീട് തിരുവിതാംകൂർ ഗവൺമെന്റാകട്ടെ താരതമ്യേന ചെലവുകുറഞ്ഞ പള്ളിവാസൽ പദ്ധതിയിലേക്ക് തിരിഞ്ഞു 1932ൽ അതിന്റെ പണിയാരംഭിച്ചു.

ഇടുക്കി പദ്ധതിക്ക് ജീവൻ വയ്ക്കുന്നത് 1961ൽ

പിന്നീട് 1961ലാണ് പക്ഷേ, ആധുനിക രീതിയിലുള്ള പ്‌ളാൻ തയ്യാറാവുന്നത്. ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പറയുന്ന ഇന്നത്തെ ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശം അക്കാലത്ത് പീരുമേട് താലൂക്കിലായിരുന്നു. ഇവിടെ ഒരു അണകെട്ടിയാൽ 200ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഒരു ജലാശയം രൂപപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം തന്റെ റിപ്പോർട്ടിൽപറഞ്ഞിരുന്നു. മറ്റൊരു കാതലായ നിർദ്ദേശം ചെറുതോണിയാറ്റിൽ ഒരു അണകൂടി വേണമെന്നതായിരുന്നു. രണ്ടണയും കൂടി ചേരുമ്പോഴുണ്ടാകുന്നത് 350ചതുരശ്ര മൈൽ വിസ്തൃതമായ ജലാശയം. കാടോ ജനവാസകേന്ദ്രങ്ങളോ ഇതുകാരണം മുങ്ങില്ലെന്നും അങ്ങനെ സംഭവിക്കുക അവിടെയുള്ള കുറേ പുൽമേടുകൾക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

രണ്ടണകളുംകൂടിയുള്ള ജലശയത്തിലെ വെള്ളം നാടുകാണിമലതുരന്ന് കൊടത്തൂർപുഴയിലെത്തിക്കണം. ഇതിനായി 8000 അടി നീളമുള്ള തുരങ്കം വേണം. ടർബെൻ പ്രവർത്തിപ്പിക്കുന്നതിന് അറക്കുളം ക്ഷേത്രത്തിനുസമീപം പവർഹൗസും ഒരുക്കാം. അവിടെ സ്ഥാപിക്കുന്ന ടർബനിലേക്ക് ഈ തുരങ്കത്തിൽനിന്ന് 2300 അടി ഉയരത്തിൽ നിന്ന് ജലപാതം എത്തിക്കാം. അതായത് സെക്കണ്ടിൽ 1300 ക്യുബിക് അടി ജലം ഇങ്ങനെ ശക്തമായ വേഗത്തിൽ പതിപ്പിക്കാം. ജലാശയഭാഗത്ത് പ്രതിവർഷം 150 മുതൽ 200 സെ.മീ.വരെ മഴ ലഭിക്കുന്നുണ്ട്.
അതുകൊണ്ട് ജലക്ഷാമം എന്നൊന്ന് ഒരിക്കലും ഉണ്ടാകില്ല. ഇത്തരത്തിൽ ഒരുപക്ഷേ ലോകത്തിലെ ഏറ്റവുംവലിയ ശുദ്ധജല തടാകങ്ങളിലൊന്നായി ഇത് മാറിയേക്കാം. ചുറ്റുമുള്ള കാടും മേടും ഇതിനെ ഭാവിയിൽ ഒരു വന്യനഗരമാക്കും. വിനോദ സഞ്ചാരത്തിന് പറ്റിയ ഒരിടമായി മാറുന്ന ഇവിടം മികച്ചൊരു വന്യജീവി സങ്കേതവുമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജോസഫ് ജോൺ സ്വപ്‌നം കണ്ട കാർഷിക സമൃദ്ധി

വൈദ്യുതി ഉല്പാദനത്തിനുശേഷം പുറത്തുവിടുന്ന ജലം വൻ കാർഷിക സമൃദ്ധിക്ക് വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. . ഉത്തരതിരുവിതാംകൂറിൽപെട്ട കുന്നത്തുനാട്, തൊടുപുഴ, മൂവാറ്റുപുഴ, വൈക്കം പ്രദേശങ്ങളിലെ നദികളിൽ കടുത്ത വേനലിലും ആറടിവരെ ഉയരത്തിൽ വെള്ളമുണ്ടാകുമെന്ന് വരെ ദീർഘദൃഷ്ടിയോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുപ്പൂകൃഷി ഇതുവഴി വ്യാപകമായി സാധിതമാകും. അത് അങ്ങനെ മറ്റൊരു നെല്ലറയായി മാറും ഉത്തര തിരുവിതാംകൂർ. അറബിക്കടലിലേക്ക് ഒഴുകി പാഴാകുന്ന ജലത്തെ ഇനിയെങ്കിലും വിദഗ്ധമായി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു എന്ന് ജോസഫ് ജോൺ തന്റെ റിപ്പോർട്ടിൽ പറഞ്ഞു. മാത്രമല്ല മദിരാശി സംസ്ഥാനത്തിനുവരെ പ്രയോജനപ്പെടും ഈ അണക്കെട്ടെന്നും ജലംവിറ്റ് തിരിവിതാംകൂറിന് വൻതോതിൽ പണം സമ്പാദിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

വർഷങ്ങൾ പിന്നിട്ടപ്പോൾ ഇടുക്കി പദ്ധതിയുടെ പ്രസക്തി മനസ്സിലാക്കി. പക്ഷേ, അപ്പോഴും അപ്പോഴും ജോസഫ് ജോണിന്റെ റിപ്പോർട്ട് ഏറെക്കുറെ ആത്മാവ് നഷ്ടപ്പെട്ടരീതിയിൽ തിരുവനന്തപുരത്തെവിടേയോ ഉറങ്ങിക്കിടന്നു. പിന്നീട് കനേഡിയൻ സഹായത്തോടെ പൂർത്തിയാക്കിയ ഇടുക്കി പദ്ധതിയാണ് ഇന്ന് കേരളമെങ്ങും വെളിച്ചം വീശുന്നത്. ജോസഫ് ജോണിന്റെ പദ്ധതി റിപ്പോർട്ട് പരിഗണിക്കപ്പെട്ടില്ലെങ്കിലും അതിന്റെ സാധ്യത മനസ്സിലാക്കി പിന്നീട് 1961ലാണ് പദ്ധതിക്കായി ആധുനികരീതിയിലുള്ള പ്ലാൻ തയ്യാറാക്കി. ഇതിന് 1963 ജനുവരിയിൽ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. വൈദ്യുതബോർഡ് സാമ്പത്തികച്ചുമതല ഏറ്റെടുത്തു. 1967-ൽ 78 ലക്ഷം ഡോളറിന്റെ സഹായധനവും 115 ലക്ഷം ഡോളറിന്റെ ദീർഘകാല വായ്പയും നൽകാമെന്ന കരാറിൽ കാനഡ ഇന്ത്യയുമായി ഒപ്പുവെച്ചു. 1968 ഫെബ്രുവരി 17-ന് നിർമ്മാണം ആരംഭിച്ചു. നീണ്ടനാളുകളുടെ പ്രയത്നത്തിന് ശേഷം 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകൾ പിന്നീട് ഘട്ടംഘട്ടമായി പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് പദ്ധതി കേരളത്തിന്റെ മികച്ച പവർഹൗസായി മാറിയത്.

ഇപ്പോൾ മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും ഇടുക്കി പദ്ധതിയിലെ അണക്കെട്ടുകൾ നിറഞ്ഞു തുളുമ്പുന്ന സ്ഥിതി വരുന്നത് വളരെ അപൂർവം. എങ്കിലും കൊടും വേനലിൽ പോലും ഇപ്പോഴും വൈദ്യുതി പൂർണതോതിൽ തന്നെ ഉത്പാദിപ്പിക്കാൻ മിക്ക വർഷങ്ങളിലും വെള്ളം കാത്തുസൂക്ഷിക്കുന്നു ഈ കുറവന്മലയുടേയും കുറത്തിമലയുടേയും കീഴിലെ അണകൾ. ഇപ്പോൾ കാൽ നൂറ്റാണ്ടിന് ഇപ്പുറം നിറഞ്ഞു കവിയുന്നു എന്ന നിലയിൽ താഴെയുള്ള പെരിയാറിൻ തീരത്തും ചെറുതോണിപ്പുഴയോരത്തും എല്ലാം ആശങ്കയുണ്ടെന്ന നിലയിൽ വാർത്തകൾ വരുമ്പോഴും ആരും ഓർക്കാതെ പോകുകയാണ് കൊമ്പൻ കൊലുമ്പനെന്നും കരുവെള്ളായൻ കൊലുമ്പനെന്നുമെല്ലാം അറിയപ്പെടുന്ന ആദിവാസി മൂപ്പനെ. അതോടൊപ്പം അദ്ദേഹത്തിൽ നിന്ന് കഥകേട്ട് അണക്കെട്ട് എന്ന ആശയം ആദ്യം മനസ്സിൽ മുളപ്പിച്ചെടുത്ത കൊലുമ്പന്റെ എസ്റ്റേറ്റ് സൂപ്പർവൈസർ ഡബ്‌ള്യു ജെ തോണിനെ.. ജോണിന്റെ സഹോദരൻ പിജെ തോമസിനെ... ഏറ്റവുമൊടുവിൽ ജീവിതകാലം മുഴുവൻ സമഗ്രമായി പ്‌ളാനുമൊരുക്കി ഈ പദ്ധതിക്കായി കാത്തിരുന്നിട്ടും അതിന് സ്വപ്‌നസാഫല്യം നേടാനാവാതെ പോയ ഒരു യഥാർത്ഥ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ എന്ന് പറയാവുന്ന തിരുവിതാംകൂറിന്റെ ഇലക്ട്രിക് എൻജിനീയറായ ജോസഫ് ജോണിനെ.

എല്ലാം കൊണ്ടും കേരളത്തെ രക്ഷിക്കുന്ന അണക്കെട്ട്

അതികഠിനമായ വെള്ളപ്പൊക്കങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും കൊച്ചിയെ, എറണാകുളം തൃശ്ശൂർ ജില്ലകളുടെ പടിഞ്ഞാറൻ പ്രദേശങ്ങളെ, ആലുവാ മേഖലയെ, പെരിയാറിന്റെ തുടക്കംമുതൽ താഴെവരെ ഇരുകരകളിലുമായി ജീവിച്ചുവരുന്ന പതിനായിരങ്ങളെ എല്ലാം വർഷങ്ങളായി വെള്ളപ്പൊക്കങ്ങളിൽ നിന്ന് കാക്കുന്നത് ഇടുക്കി അണക്കെട്ടാണ്. അണക്കെട്ടിൽ എത്രയോ കൂടുതൽ വെള്ളം താങ്ങി നിർത്തിയിട്ടും ഈ മഴയിലുണ്ടായ ദുരിതം വലുതായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ അണ തുറക്കുന്ന സാഹചര്യം വന്നത്. അപ്പോൾ ഇടുക്കി അണക്കെട്ട് ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നുവെന്ന അറിയാൻ പഴമക്കാർ പറയുന്ന ആ വെള്ളപ്പൊക്ക കഥ മാത്രം കേട്ടാൽ മതി. 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്നു പഴമക്കാർ പറയുന്ന 1924-ജൂലായിലെ വെള്ളപ്പൊക്കം കനത്ത നാശമാണുണ്ടാക്കിയത്.

അതിന് ശേഷം ഒരു നൂറ്റാണ്ടോളമാകുന്നു കാലം. ഇപ്പോൾ പെരിയാറിൻ തീരത്തും കൊച്ചിയിലുമെല്ലാമായി ജനസാന്ദ്രമായി. കെട്ടിടങ്ങളും സ്ഥാപനങ്ങളും നിരന്നു. പെയ്യുന്ന മഴ ഒറ്റയടിക്ക് താഴേക്ക് കുതിച്ചെത്തിയാൽ വേമ്പനാട് കായൽനിലത്തിൽ വെറും രണ്ടു ടി.എം.സിയിൽ കുറച്ചു വെള്ളമേ കൊള്ളൂ. അപ്പോൾ കുട്ടനാട്ടിൽ ഉൾപ്പെടെ എന്തായിരിക്കും പ്രളയമെന്നാണ് ഓർക്കേണ്ടത്. വെള്ളപ്പൊക്ക നിയന്ത്രണത്തിൽ ഇടുക്കി അണക്കെട്ട് വഹിക്കുന്ന പങ്ക് അപ്പോഴേ വ്യക്തമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP