Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാരീസ് അബൂബക്കറിന്റെ വലം കൈയായി ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; 16 കാരിയെ ഗർഭിണിയാക്കി പിതാവിൽ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമിച്ചു; ഇരയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശിക്ഷാ ഇളവ് നേടാനും ശ്രമം; ഒടുവിൽ സ്ഥാപന മേധാവിയെന്ന നിലയിൽ തടഞ്ഞു വെച്ചു പീഡിപ്പിച്ചെന്ന കുറ്റം ഹൈക്കോടതി ഒഴിവാക്കുമ്പോൾ റോബിനച്ചന്‌ 10 വർഷം ലാഭം!

ഫാരീസ് അബൂബക്കറിന്റെ വലം കൈയായി ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; 16 കാരിയെ ഗർഭിണിയാക്കി പിതാവിൽ കെട്ടിവെച്ച് രക്ഷപെടാൻ ശ്രമിച്ചു; ഇരയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശിക്ഷാ ഇളവ് നേടാനും ശ്രമം; ഒടുവിൽ സ്ഥാപന മേധാവിയെന്ന നിലയിൽ തടഞ്ഞു വെച്ചു പീഡിപ്പിച്ചെന്ന കുറ്റം ഹൈക്കോടതി ഒഴിവാക്കുമ്പോൾ റോബിനച്ചന്‌ 10 വർഷം ലാഭം!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതിയും മുൻ വൈദികനുമായ റോബിൻ വടക്കുംചേരിക്ക് വിചാരണ കോടതി വിധിച്ച തടവുശിക്ഷയിൽ ഇളവ് ലഭിക്കുമ്പോൾ അതും അപൂർവ്വ സംഭവമായി മാറുകയാണ്. കത്തോലിക്കാ സഭയിൽ ഇപ്പോഴും റോബിൻ പടിയുണ്ടെന്ന് എന്ന തെളിയിക്കുന്നതാണ് തുടർച്ചയായി റോബിന് അച്ചൻ നടത്തിയ നിയമ പോരാട്ടങ്ങൾ. പോക്‌സോ കേസിൽ കുടുങ്ങി രക്ഷയില്ലാത്ത അവസ്ഥയിലും പല വഴികളും പയറ്റിയിരുന്നു ഇയാൾ. ഇതിൽ ഒടുവിലാണ് 20 വർഷത്തെ തടവുശിക്ഷ പത്ത് വർഷമായി ഹൈക്കോടതി കുറച്ചത്.

വിചാരണ കോടതി വിധിക്കെതിരെ റോബിൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സ്ഥാപന മേലധികാരിയെന്ന നിലയിൽ റോബിൻ വടക്കുംചേരി തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്ന കുറ്റത്തിലാണ് ഹൈക്കോടതി ഇളവു നൽകിയിരിക്കുന്നത്. എന്നാൽ, റോബിനെതിരായ പോക്‌സോ വകുപ്പും ബലാത്സംഗ കുറ്റവും നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2016 മേയിൽ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയായിരിക്കെ പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് റോബിൻ വടക്കുംചേരിക്കെതിരായ കേസ്. എന്നാൽ, പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നാണ് റോബിൻ വടക്കുംചേരി കോടതിയിൽ വാദിച്ചത്.

കേസിൽ മൂന്ന് വകുപ്പുകളിലായി 60 വർഷത്തെ കഠിനതടവാണ് റോബിൻ വടക്കുംചേരിക്ക് തലശേരി പോക്സോ കോടതി വിധിച്ചത്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. 20 വർഷത്തെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇരയേയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് റോബിൻ ഹൈക്കോടതിയിൽ വാദിച്ചുവെങ്കിലും വിചാരണകോടതിയുടെ ശിക്ഷ ശരിവെക്കുകയാണ് ചെയ്തത്.

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ വടക്കുംചേരി നൽകിയ ഹരജി നേരത്തെ കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കഠിനതടവിനും പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് അന്ന് തള്ളിയത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒത്തുതീർപ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.

കത്തോലിക്ക വൈദികനെ വിവാഹം ചെയ്ത് തന്റെ കുഞ്ഞിന്റെ പിതൃത്വത്തിന് നിയമസാധുത നൽകണമെന്ന ഇരയുടെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു. വിചാരണക്കിടെ പെണ്കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ പറഞ്ഞത്. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്‌സോ കേസിൽ നിർണായകമാകുകയായിരുന്നു.

വിവാദ നായകനായ കുപ്രസിദ്ധ വൈദികൻ

16 കാരിയെ പീഡിപ്പിച്ചു ഗർഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോൾ അതു പെൺകുട്ടിയുടെ പിതാവിന്റെ പുറത്ത് ചാർത്തിയ വൈദികൻ ആളു ചില്ലറക്കാരനല്ല. ഈ അച്ചനാണ് നിയമത്തിന്റെ മുന്നിൽ കുടുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ബിസിനസ്സുകാരൻ ഫാരിസ് അബൂബക്കറിന്റെ വലം കൈയായി ദീപികയുടെ എംഡിയായി പ്രവർത്തിച്ചയാൾ ആണ് ഫാ: റോബിൻ വടക്കുംചേരി എന്ന ഈ ബാലപീഡകൻ. കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ ദീപികയുടെ തലപ്പത്തിരുന്നിരുന്ന സമയത്താണ് ഫാരീസ് അബൂബക്കറിനെ ദീപികയിലേക്ക് കൊണ്ടു വരുന്നത്. വിഎസിനെതിരെ നിരന്തരമായി എഴുതാൻ വേണ്ടി പിണറായി വിജയൻ കൊണ്ടു വന്നതാണ് എന്നായിരുന്നു ആരോപണം. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് സജീവം ആയിരുന്ന ആ കാലത്ത് ദീപികയുടെ എഡിറ്റോറിയലുകൾ എകെജി സെന്ററിൽ നിന്നായിരുന്നു വന്നിരുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.

അന്ന് ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരീസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി മാറി. ദീപികയെ ആർക്കും വേണ്ടാത്ത ഒരു പത്രമാക്കി മാറ്റിയത് ഈ കാലത്തായാരിന്നു. അതിന്റെ പിന്നിൽ കോടികളുടെ ഇടപാടുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പിന്നീട് മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായ മാർ ക്ലീമ്മീസ് നേരിട്ടു കോടികൾ സംഘടിപ്പിച്ചു നൽകിയാണ് ദീപിക തിരിച്ചു പിടിച്ചത്. ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിർത്തിയിലെ ബഹുനില മന്ദിരം അന്നു ഫാരീസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. അതിനു ചുക്കാൻ പിടിച്ചതും ഈ വൈദികൻ തന്നെ ആയിരുന്നു. ഈ വൈദികനാണ് പിന്നീട് സഭയ്ക്ക് തീരാകളങ്കം തീർത്ത് പീഡനക്കേസിൽ അറസ്റ്റിലാകുന്നതും ജയിലിൽ പോകുന്നതും. അപ്പോഴും ചില ന്യായീകരണങ്ങളുമായി കേസിൽ നിന്ന് തടിയൂരാൻ ഫാദർ ശ്രമിച്ചു. എന്നാൽ കുട്ടിയുടെ അച്ഛനെ ഡിഎൻഎ പരിശോധനയിലൂടെ ചൂണ്ടിക്കാട്ടിയപ്പോൾ അത് വെറുതെയായി. ഇനിയുള്ള പതിനെട്ട് കൊല്ലം ജയിലിനുള്ളിലാകും റോബനച്ചന്റെ വാസം.

ദീപികയിൽ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. അന്നു ദീപികയിൽ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയിൽ വരും മുൻപ് കുറച്ചു കാലം ഇയാൾ ജീവൻ ടിവിയിലും ജോലി ചെയ്തിരുന്നു. കത്തോലിക്ക സഭ കർഷകരുമായി തുടങ്ങിയ ഇൻഫാം എന്ന സംഘടനയുടെ ഡയറക്ടറായും ഇയാൾ ഇരുന്നിട്ടുണ്ട്. ഫാ. മാത്യു വടക്കേമുറിയിൽ എന്ന സത്യവാനായ ഒരു വൈദികൻ ആരംഭിച്ച ഇൻഫാമിനെ പൂട്ടിക്കെട്ടിതയും ഇയാളുടെ കയ്യിൽ ചുമതല ലഭിച്ചപ്പോഴാണ്. ദീപികയുടെ ചുമതല ഒഴിഞ്ഞ ശേഷം ഫാ: റോബിൻ നിരവധി നേഴ്‌സിങ് വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ കുട്ടികളിൽ ആരെയെങ്കിലും ഇയാൾ അതിന്റെ പേരിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. എന്നാൽ കൊട്ടിയൂരിലെ പീഡനം ചർച്ചയായിട്ടും ആരും പരാതിപ്പെടാൻ ധൈര്യം കാണിക്കാത്തതു കൊണ്ട് ഈ കേസിൽ നടപടിയൊന്നും എടുക്കാൻ പൊലീസിനായില്ല.

പ്രസവിച്ച് 16 കാരിയുമായെ പീഡിപ്പിച്ചത് കുടുംബത്തിലെ പരാധീനതകൾ മുതൽകൂട്ടാക്കിയായിരുന്നു.. പള്ളിമേടയിൽ അടക്കം നിരവധി സ്ഥലങ്ങളിലായി അയച്ചു ഇയാൾ ഈ പെൺകകുട്ടിയെ പീഡിപ്പിച്ചു. ഗർഭിണിയായപ്പോഴേക്കും പിതാവിന്റെ പേര് പറയാൻ നിർബന്ധിച്ചത് ഇയാൾ ആണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തിൽ ആക്കി വിദേശത്തേക്ക് കടക്കാൻ ആയിരുന്നു. ശ്രമം. അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. കാനഡയിലേക്ക് മിഷൻ പ്രവർത്തനത്തിനായി അയക്കാനുള്ള നടപടികൾ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും. ഇതിന് ശേഷം രക്ഷപ്പെടാൻ പല തന്ത്രങ്ങൾ നോക്കി. ഡിഎൻഎ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തം കൊടുക്കാനും ശ്രമിച്ചു. ഇതും പൊളിഞ്ഞപ്പോൾ കുട്ടിയുടെ അച്ഛൻ റോബനായി. ഇതോടെ ഇരയെ പ്രായപൂർത്തിയായ പെൺകുട്ടിയാക്കി മാറ്റി വിവാഹം കഴിച്ചും തലയൂരാൻ ശ്രമിച്ചു. അതും പൊളിഞ്ഞു.

2005 മുതൽ 2008 വരെയുള്ള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാർ മാത്യു അറയ്ക്കൽ-ഫാരീസ് അബുബക്കർ ടീമിന്റെ കൈകളിൽ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിൻ വടക്കുംചേരിയെ നിയമിക്കുന്നത്. പീഡനത്തിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തിൽ നടപടി എടുക്കാൻ അന്വേഷണം തുടങ്ങി. കൂടാതെ സഭാപരമായ കർമ്മങ്ങൾ ചെയ്യാനുള്ള മുഴുവൻ അവകാശങ്ങളും ഇദ്ദേഹത്തിൽ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.

2008ൽ രാഷ്ട്രദീപികയുടെ എംഡി സ്ഥാനത്ത് നിന്നുമിറങ്ങുമ്പോൾ ഫാ. റോബിൻ വടക്കുംചേരി പുറത്തിറക്കിയ പത്രക്കുറിപ്പും വിചിത്രമായിരുന്നു. അത് ഇപ്രകാരം-മൂന്നു വർഷം മുമ്പാണു കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാഷ്ട്രദീപിക കമ്പനിയുടെ നേതൃത്വം അഭിവന്ദ്യ അറയ്ക്കൽ പിതാവിന്റെ നേതൃത്വത്തിൽ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തത്. ദീപികയുടെ നില ഭദ്രമാക്കി കത്തോലിക്കാസഭാ നേതൃത്വത്തെ എൽപ്പിക്കുകയെന്ന ദൗത്യത്തിനുവേണ്ടിയാണ് കേരള കത്തോലിക്കാ സഭാനേതൃത്വവും എന്റെ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവും ദീപികയുടെ ചെയർമാനായിരുന്ന മാർ മാത്യു അറയ്ക്കൽ പിതാവും എന്നെ നിയോഗിച്ചിരുന്നത്. പിന്നീട് ചെയർമാനായ ശ്രീ എം.എ. ഫാരിസ് എന്നെ ഏൽപ്പിച്ചതും ഇതേ ദൗത്യമായിരുന്നു. സഭാനേതൃത്വവും ദീപിക മാനേജ്മെന്റും ഇക്കാര്യത്തിൽ ഒരേ താത്പര്യത്തിലായിരുന്നെങ്കിലും മറിച്ചുള്ള ചില പ്രചാരണങ്ങളും അതുനിമിത്തം ചില അസ്വസ്ഥതകളും ഉടലെടുത്തിരുന്നു. അതെല്ലാം മറികടന്നു ദീപികയെ കത്തോലിക്കാസഭ ഇപ്പോൾ പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്.-എന്നായിരുന്നു പ്രസ്താവന.

വൈദികന്റെ പീഡനത്തെത്തുടർന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികൻ അറസ്റ്റിലായെങ്കിലും രക്ഷിക്കാൻ ഉന്നതർ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടർച്ചയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. എന്നാൽ മറുനാടന്റെ നിരന്തര വാർത്തകൾ അച്ചനെ കുടുക്കി. പേരാവൂർ സിഐ.യായിരുന്ന സുനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. അതിനിടെ ജയിലിൽ കഴിയുന്ന ഫാ. റോബിൻ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാർപിച്ചിരുന്നത്. ഇതിനിടെ റോബിന് ടിപി വധക്കേസ് പ്രതികളിൽ നിന്ന് മർദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാർ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് മർദ്ദനമേറ്റതിന് ശേഷമാണ് വൈദികൻ എഴുത്തിലേക്ക് തിരിഞ്ഞത് എന്നതിനാൽ ജയിലിലെ സിപിഎമ്മുകാരായ തടവുകാരുടെ കള്ളിവെളിച്ചത്താക്കാനും ജയിൽ അധികൃതരുമായുള്ള ഒത്തുകളി പുറത്തുകൊണ്ടുവരാനുമാണ് റോബിന്റെ എഴുത്തെന്ന രീതിയിലാണ് ഈ വിഷയം ചർച്ചയാകുന്നത്. കഴിഞ്ഞദിവസം, ഭക്ഷണത്തിന് ശേഷം സെല്ലിന്റെ മൂലയിരുന്ന കുത്തിക്കുറിക്കുന്നത് കണ്ട റോബിനോട് എന്താണെന്ന് എഴുതുന്നതെന്ന് ചോദിച്ചപ്പോൾ കഥയെന്ന് മറുപടി നൽകി. ജയിൽ ജീവിതം കഥകളാക്കി എഴുതുകയാണെന്നാണ് സൂചിപ്പിച്ചത്. പ്രസിദ്ധീകരിക്കാനാണോ എന്ന ചോദ്യത്തിന് ആരെങ്കിലും പ്രസിദ്ധീകരിക്കാൻ ചോദിച്ചാൽ കൊടുക്കും. ഇല്ലെങ്കിൽ വലിച്ചു കീറി കളയും എന്നും മറുപടി പറഞ്ഞതായാണ് വിവരം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായത്. കേസിൽ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികൾ മർദ്ദിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP