Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെയും വിറപ്പിച്ച മുൻ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ തിരുവനന്തപുരം വഞ്ചിയൂരുകാരൻ; സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ജി.സുരേഷ്‌കുമാറിന്റെ സഹോദരൻ; റഫേൽ ഇടപാടിൽ എല്ലാ രഹസ്യങ്ങളുടെയും കാവൽക്കാരൻ; പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ കത്ത് നൽകിയത് പ്രതിരോധ സേനകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്: റാഫേൽ ഇടപാടിലെ വിയോജിപ്പു കുറിച്ച കത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോഹൻകുമാറിന്റെ കഥ ഇങ്ങനെ

മോദിയെയും വിറപ്പിച്ച മുൻ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ തിരുവനന്തപുരം വഞ്ചിയൂരുകാരൻ; സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ജി.സുരേഷ്‌കുമാറിന്റെ സഹോദരൻ; റഫേൽ ഇടപാടിൽ എല്ലാ രഹസ്യങ്ങളുടെയും കാവൽക്കാരൻ; പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ കത്ത് നൽകിയത് പ്രതിരോധ സേനകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്: റാഫേൽ ഇടപാടിലെ വിയോജിപ്പു കുറിച്ച കത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോഹൻകുമാറിന്റെ കഥ ഇങ്ങനെ

പി വിനയചന്ദ്രൻ

ന്യൂഡൽഹി: റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഭയക്കുന്നത് ഒരു മലയാളിയെയാണ്, തിരുവനന്തപുരം വഞ്ചിയൂരുകാരൻ ജി.മോഹൻകുമാർ. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒരു വിശേഷണം കൂടിയുണ്ടെങ്കിൽ മലയാളികൾ ഇദ്ദേഹത്തെ വേഗം തിരിച്ചറിയും. രേവതി കലാമന്ദിറിന്റെ ബാനറിൽ മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കുകയും പ്രിയനടി മേനകയെ ജീവിതസഖിയാക്കുകയും ചെയ്ത സിനിമാ നിർമ്മാതാവ് ജി.സുരേഷ്‌കുമാറിന്റെ സഹോദരനാണ് മോഹൻകുമാർ. രാജ്യത്തിന് ഇന്നും അജ്ഞാതമായ റഫേൽ ഇടപാടിലെ എ റ്റു ഇസഡ് കാര്യങ്ങൾ കാണാപ്പാഠം അറിയുന്നയാളാണ് മോഹൻകുമാർ.

തികഞ്ഞ ബിജെപിക്കാരനാണെങ്കിലും സ്വന്തം രക്ഷയ്ക്കായി മോഹൻകുമാർ ഫയലിൽ എഴുതിയ ചില കുറിപ്പുകളാണ് ദി ഹിന്ദു പുറത്തവിട്ടിരിക്കുന്നത്. ഇത്രയും പുറത്തുവന്നപ്പോൾ തന്നെ മോദി തികഞ്ഞ പ്രതിരോധത്തിലായിട്ടുണ്ട്. റഫേൽ യുദ്ധവിമാനക്കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇടപെട്ടതിൽ വിയോജിപ്പ് അറിയിച്ച് പ്രതിരോധ സെക്രട്ടറിയായിരുന്ന മോഹൻകുമാർ നൽകിയ കത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ മോഹൻകുമാറും കേരളവുമായുള്ള ബന്ധം മറുനാടൻ പുറത്തുവിടുന്നു. 2015 മേയിലാണ് നരേന്ദ്ര മോദി, മോഹൻകുമാറിനെ പ്രതിരോധ സെക്രട്ടറിയായി നിയമിക്കുന്നത്. അതോടെ കര-നാവിക-വ്യോമ സേനകൾ, അതിർത്തിരക്ഷാസേനകൾ, തീരസംരക്ഷണസേന തുടങ്ങിയ സായുധസേനകളുടെയെല്ലാം നിയന്ത്രണം ഈ തിരുവനന്തപുരത്തുകാരന്റെ കൈകളിലായി. 247ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ മേധാവിയായി മലയാളിയെത്തിയത് കേരളത്തിനും അഭിമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനും ഒഡിഷ കേഡറിലെ 1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജി.മോഹൻകുമാർ ഒഡിഷയിലും ഡൽഹിയിലുമായാണ് ജീവിതം കഴിച്ചുകൂട്ടിയത്. ഏറെക്കാലം എസ്.യു.ടിയിൽ ഡോക്ടറായിരുന്ന ഗീതയാണ് ഭാര്യ. ഗൈനക്കോളജിസ്റ്റായ ആരതിനിഖിൽ, കമ്പ്യൂട്ടർ എൻജിനീയറായ അർച്ചനാകുമാർ എന്നിവരാണ് മക്കൾ.

വഞ്ചിയൂർ ഉപ്പളം റോഡ് വൃന്ദാവനത്തിൽ റിട്ട.പ്രൊഫസർ ഡോ.എം.ജി.നായരുടേയും ശാരദയുടേയും മകനായി 1955ൽ ജനിച്ച മോഹൻകുമാർ മോഡൽസ്‌കൂളിലാണ് പത്തുവരെ പഠിച്ചത്. ആർട്‌സ്‌കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയശേഷം മുൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യനൊപ്പം 1978ൽ ഐ.പി.എസ് ലഭിച്ചെങ്കിലും അടുത്തവർഷം ഐ.എ.എസ് ലഭിച്ചു. 1980ൽ ഒഡിഷയിലെ സാംബൽപൂൽ ലാൻഡ് റവന്യൂമാനേജ്‌മെന്റ് ഓഫീസറായാണ് തുടക്കം. തുടർന്ന് റവന്യൂ, ഗ്രാമവികസനം, കൃഷി, വനം, പരിസ്ഥിതി, ഊർജ്ജം, സാമൂഹ്യക്ഷേമം, പൊതുഭരണം, പേഴ്‌സണൽ, ധനം, ഗതാഗതം, വ്യവസായം വകുപ്പുകളിൽ ഒഡിഷയിൽ പ്രവർത്തിച്ചു.

1995ൽ വാണിജ്യമന്ത്രാലയത്തിനു കീഴിൽ സമുദ്രോത്പ്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ എംപി.ഇ.ഡി.എ ഡയറക്ടറായി കൊച്ചിയിലെത്തി. ഐക്യരാഷ്ട്രസഭയുടെ വ്യവസായവികസന ഓർഗനൈസേഷനിൽ പ്രവർത്തിച്ചു. 2001 മുതൽ മൂന്നുവർഷം വാണിജ്യനികുതി സെക്രട്ടറിയായി. 2004മുതൽ 2009വരെ സമുദ്രോത്പ്പന്ന കയറ്റുമതി പ്രോത്സാഹനത്തിനായി കൊച്ചിയിൽ പ്രവർത്തിച്ചു. കേന്ദ്രത്തിൽ ഫിഷറീസ്, ജലവിഭവം, നദീവികസനം, ഗംഗാശുചീകരണം തുടങ്ങിയ പദവികളിലിരുന്ന ശേഷമാണ് ഉരുക്ക്മന്ത്രാലയത്തിൽ സെക്രട്ടറിയായത്. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹത്തെ പ്രതിരോധ ഉത്പാദന വിഭാഗത്തിൽ സെക്രട്ടറിയാക്കി. 2015 മെയ്‌ 22ന് വിരമിക്കാനിരുന്ന മോഹൻകുമാറിന് പ്രധാനമന്ത്രി ഇടപെട്ട് രണ്ടുവർഷത്തെ സേവനം നീട്ടിനൽകുകയായിരുന്നു. മോദിയുടെ പ്രത്യേക താത്പര്യപ്രകാരം കാബിനറ്റ് അപ്രൂവൽ കമ്മിറ്റി മോഹൻകുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.

നരേന്ദ്ര മോദിയുടെ വലംകൈയായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന മോഹൻകുമാർ മോദിയുടെ സ്വപ്നപദ്ധതിയായ 'മേക്ക് ഇൻ ഇന്ത്യ'യുടെ ചുമതലക്കാരനായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകളുടെ ചുമതലയുള്ള ഇന്ത്യാ-യു.എസ് ഡിഫൻസ് ട്രേഡ് ആൻഡ് ടെക്‌നോളജി ഇനിഷ്യേറ്റീവിന്റെ ഉപാദ്ധ്യക്ഷനായിരുന്നു. 1993ൽ ബ്രിട്ടണിലെ ഹൾ സർവകലാശാലയിൽ നിന്ന് എം.ബി.എ നേടിയ മോഹൻകുമാർ കൊൽക്കത്ത ഐ.ഐ.എം, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൽ ട്രേഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ഇതിനിടെയാണ് റാഫേൽ ഇടപാടിൽ മോഹകുമാറിന് മോദിക്കെതിരെ കുറിപ്പെഴുതേണ്ടി വന്നത്. പ്രതിരോധ സേനകളുടെ സമ്മർദ്ദത്തെതുടർന്നായിരുന്നു ഇതെന്നാണ് സൂചന.

റഫേലിൽ കുറിപ്പ് നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് ഓർക്കുന്നില്ലെന്ന് ജി.മോഹൻ കുമാർ പറഞ്ഞു. ചിലപ്പോൾ ഏതെങ്കിലും ചെറിയ കാര്യത്തിലാകാം കുറിപ്പെഴുതിയത്. മാധ്യമങ്ങൾ ഉദ്ധരിച്ചത് താൻ രേഖപ്പെടുത്തിയതിന്റെ ഒരു ഭാഗം മാത്രമാണ്. കൂടുതൽ പ്രതികരിക്കാനില്ലെന്നും ജി.മോഹൻ കുമാർ വ്യക്തമാക്കി. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതോടെ മോഹൻകുമാർ കൂടുതൽ ചർച്ചാവിഷയമാവുമെന്ന് ഉറപ്പായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP