Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോക്ടർ ജോലി ഉപേക്ഷിച്ച് കാക്കി കുപ്പായത്തെ പ്രണയിച്ചു; കർണാടക കേഡറിലെ ഉദ്യോഗസ്ഥ കേരളത്തിൽ എത്തിയത് സെൻട്രൽ കേഡറിൽ ഡെപ്യൂട്ടേഷനിൽ; കർണാടകയിൽ മന്ത്രിയുടെ കാർ തടഞ്ഞതിന് 'ബ്ലഡി ലേഡി' എന്നു ശകാരം കേൾക്കേണ്ടി വന്ന ഉദ്യോഗസ്ഥ; കുറ്റാന്വേഷണ മികവിലൂടെ ശ്രദ്ധിക്കപ്പെട്ട വനിതാ ഐപിഎസുകാരി; കൂടത്തായി ജോളിയെ അഴിക്കുള്ളിൽ അടയ്ക്കാൻ പഴുതടച്ച് തെളിവു ശേഖരണത്തിന് നിയോഗിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥ ദിവ്യ വി ഗോപിനാഥിന്റെ കഥ

ഡോക്ടർ ജോലി ഉപേക്ഷിച്ച് കാക്കി കുപ്പായത്തെ പ്രണയിച്ചു; കർണാടക കേഡറിലെ ഉദ്യോഗസ്ഥ കേരളത്തിൽ എത്തിയത് സെൻട്രൽ കേഡറിൽ ഡെപ്യൂട്ടേഷനിൽ; കർണാടകയിൽ മന്ത്രിയുടെ കാർ തടഞ്ഞതിന് 'ബ്ലഡി ലേഡി' എന്നു ശകാരം കേൾക്കേണ്ടി വന്ന ഉദ്യോഗസ്ഥ; കുറ്റാന്വേഷണ മികവിലൂടെ ശ്രദ്ധിക്കപ്പെട്ട വനിതാ ഐപിഎസുകാരി; കൂടത്തായി ജോളിയെ അഴിക്കുള്ളിൽ അടയ്ക്കാൻ പഴുതടച്ച് തെളിവു ശേഖരണത്തിന് നിയോഗിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥ ദിവ്യ വി ഗോപിനാഥിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിൽ കുറ്റവാളിയായിട്ടുള്ളത് ഒരുവനിതയാണ്. അതുകൊണ്ട് തന്നെ അന്വേഷണങ്ങൾ ഇനിയും പുരോഗമിക്കുമ്പോൾ മിടുക്കിയായ ഒരു വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം വേണമെന്ന നിലയിലാണ് ദിവ്യ വി ഗോപിനാഥ് എന്ന ഐപിഎസുകാരിയെ ഡിജിപി ലോകനാഥ് ബെഹ്‌റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്. അന്വേഷണ സംഘത്തിന് സാങ്കേതിക സഹായങ്ങൾ നൽകാൻ ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചപ്പോഴാണ് ഐടി സെൽ പൊലീസ് സൂപ്രണ്ടന്റ് ഡോ. ദിവ്യ വി ഗോപിനാഥിനെയും ഉൾപ്പെടുത്തിയത്. കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ദിവ്യ. കർണാടക കേഡർ ഉദ്യോഗസ്ഥയായ ഇവർ കേരളത്തിലേക്ക് എത്തിയത് കുറച്ചു കാലം മുമ്പാണ്.

കർണാടക കേഡറിലായിരുന്ന ഈ ഉദ്യോഗസ്ഥ ഇപ്പോൾ സെൻട്രൽ കേഡറിൽ ഡെപ്യൂട്ടേഷനിലാണ് കേരളത്തിലെത്തിയത്. കർണാടകയിൽ വച്ച് മന്ത്രിയുടെ കാർ കടത്തിവിടാതെ തടഞ്ഞും അതിന് മന്ത്രിയുടെ അധിക്ഷേപമേൽക്കേണ്ടി വന്നതിലൂടെ വാർത്തകളിൽ നിറഞ്ഞ ഉദ്യോഗസ്ഥയാണ് ദിവ്യ ഗോപിനാഥ്. ഇക്കഴിഞ്ഞ ജൂലൈ 18ന് തുമകുരു ജില്ലാ ഭരണകൂടത്തെ സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. സിദ്ധഗംഗ മഠത്തിൽ സുരക്ഷയൊരുക്കുന്നതിനാണ് അവധിയിലായിരുന്ന മുൻ തുമകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയുടെ സഹായം അധികൃതർ തേടിയത്. ശിവകുമാര സ്വാമിയുടെ ഭൗതികാവശിഷ്ടങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം അകത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങായിരുന്നു മഠത്തിൽ നടന്നത്. എന്നാൽ ചടങ്ങ് അവസാനഘട്ടത്തിലെത്തിയ മന്ത്രി കെ സി മഹേഷിന്റെ വാഹനം കടത്തിവിടാൻ ദിവ്യ തയ്യാറായില്ല.

ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥയോട് അലറിക്കൊണ്ട് 'ബ്ലഡി ലേഡി, ഞാനാരാണെന്ന് അറിയാമോ? ഞാനൊരു മന്ത്രിയാണ്' എന്ന് പറഞ്ഞു. തുമുകുരു ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് സിങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥയെ രക്ഷിക്കാൻ ഓടിയെത്തുകയും ചെയ്തു. തുമുകുരു പൊലീസ് സൂപ്രണ്ടായിരുന്ന ദിവ്യയെ ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്ഥലംമാറ്റിയിരുന്നു. അതിനെതുടർന്ന് ലീവിലായിരുന്ന അവർ വകുപ്പിൽ നിന്നുള്ള അഭ്യർത്ഥന സ്വീകരിച്ചാണ് സുരക്ഷാ സംവിധാനങ്ങളിൽ സഹായിക്കാനെത്തിയത്. സംഭവം വലിയ വിവാദമാകുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥയോട് മാപ്പ് പറയാൻ മന്ത്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. അതിന് ശേഷമാണ് ദിവ്യ സെൻട്രൽ കേഡറിലെ ഡെപ്യൂട്ടേഷനിലൂടെ കേരളത്തിലെത്തിയത്.

കൂടത്തായി കൂട്ടകൊലപാതകം സർക്കാരിനും പൊലീസിനും ഉണ്ടാക്കിയ മൈലേജ് ചെറുതല്ല. അതിനാൽ തന്നെ ഒരു പഴുതും ഇല്ലാതെ അന്വേഷണം ശക്തമാക്കാനാണ് സർക്കാർ തീരുമാനം. ഏറ്റവും സമർത്ഥരായ ഉദ്യോഗസ്ഥരെ ഇറക്കി ജോളിയെ നിയമത്തിന് മുന്നിൽ കൊണ്ടു വരിക എന്ന ഭാരിച്ച ജോലിയാണ് പൊലീസിനുള്ളത്. അതനുസരിച്ചാണ് ഉന്നത പൊലീസ് സംഘം എല്ലാ തന്ത്രങ്ങളും ഒരുക്കുന്നത്.

ഇതിന്റെ ഭാഗമായി കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്താൻ എസ്‌പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നെത്തും. ഫോറൻസിക് വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള സംഘമാണ് ഇത്. ഇവരുടെ പരിശോധനയ്ക്കും റിപ്പോർട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. കുറ്റാന്വേഷണ ചരിത്രത്തിൽ ഏറെ പേരെടുത്ത ആളാണ് ദിവ്യ എസ് ഗോപിനാഥ്. അവരുടെ അന്വേഷണ അനുഭവങ്ങൾ ഈ കേസിൽ വളരെയധികം ഗുണം ചെയ്യും. അഡ്വ. ആളൂർ ഈ കേസ് ആത്മഹത്യയാണെന്ന് പറഞ്ഞു കഴിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള ഈ കേസ് തെളിവുകളുടെ അഭാവത്തിൽ എളുപ്പത്തിൽ ആത്മഹത്യയാക്കാൻ ആളൂർ വക്കീലിന് കഴിയുകയും ചെയ്യും. അങ്ങനെ വന്നാൽ ജോളി രക്ഷപ്പെടും. ആ നിലയ്ക്ക് ഇതുകൊലപാതകങ്ങളാണെന്ന് തെളിയിക്കേണ്ട ബാധ്യത കൂടി പൊലീസിനുണ്ട്. അങ്ങനെ വലിയ ഉത്തരവാദിത്വമാണ് ദിവ്യ എസ് ഗോപിനാഥിന് വന്നിരിക്കുന്നത്. ദിവ്യ അതെല്ലാം തരണം ചെയ്യുക തന്നെ ചെയ്യും. ഇനി എല്ലാ പ്രതീക്ഷകളും ദിവ്യയിലാണ്.

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ സയനൈഡിന്റെ കാലപ്പഴക്കം അന്വേഷണത്തിന് തടസമാവില്ലെന്ന് അന്വേഷണ സംഘത്തിലെ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകുന്ന ദിവ്യ ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. എല്ലാ കേസുകളിലെയും പോലെ വിഷത്തിന്റെ സാന്നിധ്യം ഇവിടെയും കണ്ടെത്താൻ സാധിക്കും. പക്ഷേ ചില മരണങ്ങളിൽ പോസ്റ്റുമോർട്ടം നടന്നിട്ടില്ല എന്നതുകൊണ്ട് വ്യത്യസ്ത വഴികൾ സ്വീകരിക്കേണ്ടി വരുമെന്ന് മാത്രമാണ് അവർ പറഞ്ഞ്. സാങ്കേതിക വിദഗ്ദ്ധർ അടക്കമുള്ളവർ കേസ് അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെയാണ് റൂറൽ എസ്‌പിയുടെ ഓഫീസിലെത്തിയത്.

കൊലപാതകക്കേസിലെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ദിവ്യയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഇന്നലെ പരിശോധന ആരംഭിച്ചിരുന്നു. 3 പേർ കൊല്ലപ്പെട്ട കൂടത്തായി പൊന്നാമറ്റം വീട്ടിൽ ഇന്നലെ വൈകിട്ട് ആറിന് അവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. വീടിനുള്ളിൽ നടന്ന ശാസ്ത്രീയ പരിശോധനയും തെളിവെടുപ്പും 2 മണിക്കൂറിലേറെ നീണ്ടുനിന്നു. ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്ടർ, റീജനൽ ഫൊറൻസിക് ലബോറട്ടറി ഡയറക്ടർ, റീജനൽ ഫൊറൻസിക് സയൻസ് ലബോറട്ടറി ബയോളജി വിഭാഗം മേധാവി, പൊലീസ് അക്കാദമി ഫൊറൻസിക് മേധാവി എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾ നടത്തുന്നത്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നതാണ് പൊലീസ് നേരുന്ന കനത്ത വെല്ലുവിളി. ഈ വെല്ലുവിളിയാണ് ദിവ്യ വി ഗോപിനാഥ് ഏറ്റടുത്തിരിക്കുന്നത്.

കൂടത്തായി കേസ് തെളിയിക്കുന്നത് പൊലീസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്. ഇതിന് ശേഷമാണ് ദിവ്യ ഗോപിനാഥിനെ അന്വേഷ സംഘത്തിൽ ഉൾപ്പെടുത്തിയത്. വടകര റൂറൽ എസ്‌പി ഓഫീസിൽ ആരംഭിച്ച കേരളത്തിലെ പത്ത് എഎസ്‌പിമാർക്കുള്ള പരിശീലനത്തിൽ ഈ കേസും പ്രതിപാദിക്കും. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. പരിശീലനത്തിന് എത്തിയ എഎസ്‌പിമാർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കി. കോഴിക്കോട് റൂറൽ എസ് പി കെ ജി സൈമന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിലേക്ക് 25 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

ഡോക്ടർ ജോലി ഉപേക്ഷിച്ച് ഐപിഎസിനെ പ്രണയിച്ച വ്യക്തിയാണ് ദിവ്യ ഗോപിനാഥ്. 2010ൽ സിവിൽ സർവീസ് നേടിയെടുത്ത അവർ സർഗദാർ വല്ലാഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നുമാണ് പരിശീലനം പൂർത്തിയാക്കിയത്. കർണാടകത്തിൽ ചിക്കബല്ലാപ്പൂർ ജില്ലയിൽ എസ്‌പിയായി ജോലി നോക്കവെ പ്രമാദമായ കേസുകളും ദിവ്യ തെളിയിച്ചിട്ടുണ്ട്. മലയാളവും ഹിന്ദിയും ഇംഗ്ലീഷും കന്നഡയും അടക്കമുള്ള ഭാഷകളും ഇവർക്ക് വശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP