Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ തോറ്റിട്ടില്ല സർ..ഒരുതരത്തിലും; ഞങ്ങളിൽ പലരും സ്റ്റാർട്ട്അപ്പുകളെ കുറിച്ച് ആലോചിച്ചിരുന്നത് ഇവിടെ ഇരുന്നാണ്; ആദ്യത്ത കപ്പൂച്ചിനോ രുചിച്ചതും ഇവിടെ നിന്നാണ്; ചിലരുടെ ആദ്യ ഡേറ്റിങ്ങും കഫേ കോഫി ഡേയിലായിരുന്നു; ജീവിതത്തിലും ജോലിയിലും താൻ തോറ്റുവെന്ന് പറഞ്ഞ് വി.ജി സിദ്ധാർഥ വിടവാങ്ങിയപ്പോൾ ഡോക്ടർമാരുടെ സ്റ്റാർട്ട് അപ്പായ ഡെയ്‌ലി റൗണ്ട്‌സ് ആൻഡ് മാരോ ടീം പറയുന്നു..ഇല്ല; കഫേ കോഫി ഡേ സ്ഥാപകന്റെ ജീവചരിത്രം ഇനി ബിസിനസ് പാഠം

നിങ്ങൾ തോറ്റിട്ടില്ല സർ..ഒരുതരത്തിലും; ഞങ്ങളിൽ പലരും സ്റ്റാർട്ട്അപ്പുകളെ കുറിച്ച് ആലോചിച്ചിരുന്നത് ഇവിടെ ഇരുന്നാണ്; ആദ്യത്ത കപ്പൂച്ചിനോ രുചിച്ചതും ഇവിടെ നിന്നാണ്; ചിലരുടെ ആദ്യ ഡേറ്റിങ്ങും കഫേ കോഫി ഡേയിലായിരുന്നു; ജീവിതത്തിലും ജോലിയിലും താൻ തോറ്റുവെന്ന് പറഞ്ഞ് വി.ജി സിദ്ധാർഥ വിടവാങ്ങിയപ്പോൾ ഡോക്ടർമാരുടെ സ്റ്റാർട്ട് അപ്പായ ഡെയ്‌ലി റൗണ്ട്‌സ് ആൻഡ് മാരോ ടീം പറയുന്നു..ഇല്ല;  കഫേ കോഫി ഡേ സ്ഥാപകന്റെ ജീവചരിത്രം ഇനി ബിസിനസ് പാഠം

മറുനാടൻ ഡെസ്‌ക്‌

 മംഗളൂരു: 1752 ശാഖകളിൽ പടർന്നു പന്തലിച്ച പ്രസ്ഥാനത്തിന്റെ ഉടമ. കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർത്ഥയുടെ മരണത്തോടെ കോർപ്പറേറ്റ് ലോകത്തെ വലിയൊരു യുഗത്തിനാണ് അവസാനമാകുന്നത്. ബെംഗലുരുവിലെ തിരക്കേറിയ ബ്രിഗേഡ് റോഡിൽ 1996ൽ ആരംഭിക്കുമ്പോൾ അദ്ദേഹം കരുതിയിരുന്നില്ല താൻ തിരികൊളുത്തുന്നത് വലിയൊരു മാറ്റത്തിനാണെന്ന്. ഇന്ത്യയ്ക്ക് പുറമേ മലേഷ്യയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും അടക്കം ബ്രാഞ്ചുകൾ ആരംഭിച്ചു. കോഫി എന്നത് ഒരു അനുഭവമാക്കി മാറ്റിയ സിദ്ധാർത്ഥ 30,000 ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായി. സോഷ്യൽ മീഡിയ നിറയെ ഓർമക്കുറിപ്പുകളാണ്.

നിങ്ങൾ തോറ്റിട്ടില്ല സർ..ഒരുതരത്തിലും; ഞങ്ങളിൽ പലരും സ്റ്റാർട്ട്അപ്പുകളെ കുറിച്ച് ആലോചിച്ചിരുന്നത് ഇവിടെ ഇരുന്നാണ്; ആദ്യത്ത കപ്പൂച്ചിനോ രുചിച്ചതും ഇവിടെ നിന്നാണ്; ചിലരുടെ ആദ്യ ഡേറ്റിങ്ങും കഫേ കോഫി ഡേയിലായിരുന്നു; ജീവിതത്തിലും ജോലിയിലും താൻ തോറ്റുവെന്ന് പറഞ്ഞ് വി.ജി സിദ്ധാർഥ വിടവാങ്ങിയപ്പോൾ ഡോക്ടർമാരുടെ സ്റ്റാർട്ട് അപ്പായ ഡെയ്‌ലി റൗണ്ട്‌സ് ആൻഡ് മാരോ ടീം പറയുന്നു.ആയിരങ്ങൾക്കാണ് നിങ്ങൾ ജോലിയും ജീവിതവും നൽകിയത്. നിങ്ങളൊരു ബ്രാൻഡാണ് നിർമ്മിച്ചത്, രാജ്യം അഭിമാനിക്കുന്നു. ആഗ്രഹങ്ങൾ പിന്തുടരുന്നതിൽ തലമുറകൾക്ക് എക്കാലവും പ്രചോദനമാണ് നിങ്ങൾ.ഫേസ്‌ബുക് പേജിന്റെ ലോഗോ കറുപ്പ് നിറത്തിലാക്കിയാണു കഫെ കോഫി ഡേയിലെ ജീവനക്കാർ ആദരാഞ്ജലി അർപ്പിച്ചത്. ഫേസ്‌ബുക്ക് കവർ പേജിൽ അവർ ഇങ്ങനെയെഴുതി 'നിങ്ങൾ കാരണമാണ് ഇന്ത്യ ഓരോ കപ്പിലും ആനന്ദം കണ്ടെത്തിയത്. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും'.

ഇന്ത്യയുടെ കോഫി കിങ്ങിന്റെ മരണം ഇപ്പോൾ രാജ്യത്തെ ബിസിനസ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭർത്താവായ സിദ്ധാർഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനു സമീപത്താണ് കാണാതായത്. ജീവനൊടുക്കാനായി പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം ശരിവയ്ക്കും വിധമാണ് മൃതദേഹം കണ്ടെത്തിയത്. ഒരാൾ പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന മീൻപിടിത്തക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു.

ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മംഗലാപുരം തീരത്ത് ഒഴിഗെ ബസാറിൽ നിന്നാണ് സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർഥയെ കാണാതായതിനു പിന്നാലെ മുദീഗരെയിലെ കോഫീ ഡേ ഗ്ലോബൽ ലിമിറ്റഡ് കമ്പനി ഇന്നലെ അടച്ചിരുന്നു. കാപ്പിക്കുരു വ്യവസായത്തിലെ എ.ബി.സി. ട്രേഡിങ് കമ്പനിയുടെ അനുബന്ധ യൂണിറ്റാണ് കോഫീ ഡേ ഗ്ലോബൽ ലിമിറ്റഡ്. ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി എസ്റ്റേറ്റിന്റെ ഉടമ കൂടിയായിരുന്നു സിദ്ധാർഥ. സംഭവമറിഞ്ഞ്, എസ്.എം. കൃഷ്ണയുടെ വസതിയിലേക്കു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ തുടങ്ങി ഒട്ടേറെ പ്രമുഖരെത്തി.

കൃഷ്ണയുടെ മൂത്തമകൾ മാളവികയാണു സിദ്ധാർഥയുടെ ഭാര്യ. രണ്ട് ആൺമക്കളുണ്ട്. ഇന്ത്യയിലെ 'കാപ്പി രാജാവ്' എന്നറിയപ്പെടുന്ന സിദ്ധാർഥയ്ക്ക് 7000 കോടി രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി, അദ്ദേഹം ജീവനക്കാർക്കെഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കർണാടകയിലെ ചിക്കമംഗളൂരുവിൽ കാപ്പി എസ്റ്റേറ്റ് രംഗത്ത് നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലാണ് സിദ്ധാർത്ഥയുടെ ജനനം. 15,000 ഏക്കർ കാപ്പി എസ്‌റ്രേറ്റ് കുടുംബത്തിനുണ്ട്.

മംഗളൂരു സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ പി.ജി. നേടിയ ശേഷം, 1983ൽ അദ്ദേഹം ജെ.എം. ഫിനാൻഷ്യൽ കമ്പനിയിൽ മാനേജ്‌മെന്റ് ട്രെയിനായി ചേർന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1984ൽ അദ്ദേഹം ശിവൻ സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തെ വാങ്ങി. 2000ൽ കമ്പനിക്ക് വേ2 വെൽത്ത് എന്ന പേര് നൽകി. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ആൻഡ് ബ്രോക്കിങ് കമ്പനിയായി അതിനെ വളർത്തി.1992.കോഫീ ഡേ ഗ്ളോബൽ കമ്പനിക്ക് 1992ൽ സിദ്ധാർത്ഥ തുടക്കമിട്ടു. കാപ്പി സംഭരണം, സംസ്‌കരണം, റീട്ടെയിൽ വില്പന എന്നിവയായിരുന്നു പ്രവർത്തനം.

1996ൽ കഫേ കോഫീ ഡേ ആദ്യശാഖ തുറന്നു. നിലവിൽ, ശാഖകൾ 1,752. ഓഹരി ലോകത്തേക്ക്2015 ഒക്ടോബറിൽ കഫേ കോഫീ ഡേ എന്റർപ്രൈസസ് പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 1,150 കോടി രൂപയാണ് സമാഹരിച്ചത്. മൂന്നുവർഷത്തിനിടെയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. ഓഹരി വില നിർണയിച്ചത് 328 രൂപയായിരുന്നു.2006.കോഫീ ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ട് ബിസിനസിനും തുടക്കമിട്ടു. 'ദി സേറായ്' ബ്രാൻഡിൽ ബംഗളൂരുവിൽ റിസോർട്ട് തുറന്നു.

കാപ്പിയായിരുന്നു പ്രവർത്തന മണ്ഡലമെങ്കിലും ഐ.ടിയോട് മങ്ങാത്ത ആഭിമുഖ്യം സിദ്ധാർത്ഥയ്ക്കുണ്ടായിരുന്നു. 1999ൽ പ്രമുഖ ഐ.ടി വിദഗ്ദ്ധനായ ആശോക് സൂട്ടയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം അദ്ദേഹം മൈൻഡ് ട്രീ ഐ.ടി കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ്, പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. റെയ്ഡും ഹവാലയും മൈൻഡ് ട്രീയിൽ ഉണ്ടായിരുന്ന 20.43 ശതമാനം ഓഹരികൾ അടുത്തിടെ സിദ്ധാർത്ഥ എൽ ആൻഡ് ടിക്ക് 3,300 കോടി രൂപയ്ക്ക് വിറ്റു. ഈ വില്പന പക്ഷേ, അദ്ദേഹത്തിന്റെ അടുപ്പക്കാർ പോലും അറിഞ്ഞിരുന്നില്ല.

ഇടപാട് പ്രകാരം, മിനിമം ഓൾട്ടർനേറ്റ് നികുതിയായി (മാറ്റ്) 300 കോടി നികുതി അടയ്‌ക്കേണ്ടതായിരുന്നു. അദ്ദേഹം 46 കോടി രൂപ മാത്രമാണ് അടച്ചത്. ക്രമക്കേട് ആരോപിച്ച് കഫേ കോഫീ ഡേയുടെ 20 കേന്ദ്രങ്ങൾ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കിൽപ്പെടാത്ത പണങ്ങൾ കണ്ടെത്തി. കർണാടക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.

ഓഹരി വീഴ്ച സിദ്ധാർത്ഥയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കഫേ കോഫീ ഡേയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞ് 154.05 കോടി രൂപയിലെത്തി. 2019ൽ ഇതുവരെ 30 ശതമാനവും 2018ൽ 26 ശതമാനവും നഷ്ടം ഓഹരി വിലയിലുണ്ടായി. ഉപസ്ഥാപനമായ സിക്കൽ ലോജിസ്റ്റിക്‌സിന്റെ ഓഹരികളും ഇന്നലെ 20 ശതമാനം ഇടിഞ്ഞു; മൂല്യം 72.8 രൂപയായി. 800 കോടി ഇന്നലെ മാത്രം കഫേ കോഫീ ഡേയുടെ ഓഹരി മൂല്യത്തിൽ 800 കോടി രൂപ കുറഞ്ഞു.

2,250 കോടികഫേ കോഫീ ഡേ 2017-18ൽ 1,777 കോടി രൂപയും 2018-19ൽ 1,814 കോടി രൂപയും വിറ്റുവരവ് നേടിയിരുന്നു. നടപ്പുവർഷം ഇത് 2,250 കോടി രൂപയാകുമെന്ന് സിദ്ധാർത്ഥ പറഞ്ഞിരുന്നു.10,000 കോടിബിസിനസ് വിപുലീകരിക്കാനായി കഫേ കോഫീ ഡേയുടെ നിശ്ചിത ഓഹരികൾ നൽകി കൊക്ക-കോള, ഐ.ടി.സി എന്നിവയുമായി സഹകരിക്കാൻ സിദ്ധാർത്ഥ ശ്രമിച്ചിരുന്നു. കമ്പനിക്ക് 10,000 കോടി രൂപ മൂല്യം നിശ്ചയിച്ചായിരുന്നു ചർച്ചകൾ. പക്ഷേ,, ചർച്ചകൾ പൂർത്തിയാകും മുമ്പേ അദ്ദേഹം മറഞ്ഞു.

നിർണ്ണായകമായ കത്ത്

സിദ്ധാർത്ഥയെ കാണാതായതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബോർഡ് ഓഫ് ഡയറക്ടർമാരെയും കോഫീഡേ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്ത് സിദ്ധാർഥയെഴുതിയ കത്ത് പുറത്തായത്. സാമ്പത്തിക പ്രതിസന്ധിക്കുപുറമേ ഓഹരിയുടമകളിൽനിന്നുള്ള ശക്തമായ സമ്മർദവും അതിജീവിക്കാനുള്ള ത്രാണി ഇനി തനിക്കില്ലെന്നു കത്തിൽ സിദ്ധാർഥ വ്യക്തമാക്കുന്നു. ദീർഘനാളായി അതിജീവനത്തിന്റെ പോരാട്ടത്തിലായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസമാണ് പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്.

ഓഹരി ഇടപാടുകൾ സംബന്ധിച്ച് ഒരു ഇക്വിറ്റി പങ്കാളിയിൽനിന്നുള്ള സമ്മർദം താങ്ങാവുന്നതിലും അപ്പുറമാണ്. സുഹൃത്തിൽനിന്നു വൻതുക കടംപറ്റി ആറുമാസം മുമ്പ് ഇടപാടുകൾ ഭാഗികമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെ മറ്റു വായ്പാദാതാക്കളും പണത്തിനായി നാലുകോണിൽനിന്നും വരിഞ്ഞു മുറുക്കിയതോടെ മുന്നോട്ടുപോക്ക് ദുഷ്‌കരമാക്കിയിരിക്കുന്നു- പ്രതിസന്ധിയുടെ തീവ്രതയ്ക്കു കത്തിലെ വരികൾ സാക്ഷ്യം. പങ്കാളികൾക്കു പുറമേ മുൻ ആദായനികുതി ഡയറക്ടറേറ്റ് ജനറലിനെയും (ഡി.ജി) പ്രതിക്കൂട്ടിലാക്കുന്നതാണു കത്ത്.

സമൂഹത്തിനു മുന്നിൽ താറടിച്ചും അപമാനിച്ചും മാനസികമായി തകർക്കുന്നതായിരുന്നു ആദായനികുതി ഉന്നതന്റെ പെരുമാറ്റം. പുതുക്കിയ റിട്ടേണുകൾ സമർപ്പിച്ചിട്ടും രണ്ടുവട്ടം കോഫീഡേ ഓഹരികൾ പിടിച്ചെടുക്കുന്നതിൽവരെയെത്തി കാര്യങ്ങൾ. നീതിക്കു നിരക്കാത്ത പ്രവൃത്തികളിലൂടെ പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കു തള്ളിവിടുന്നതിൽ ഡി.ജിക്കു നിർണായക പങ്കുണ്ട്- കത്ത് പറയുന്നു. ആസ്തികളുടെ വിശദാംശങ്ങളും ഏകദേശ മൂല്യവും അടങ്ങുന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ബാധ്യതകൾ തീർക്കാൻ അവ സഹായിക്കും. പുതിയ മാനേജ്‌മെന്റിനു കീഴിൽ കമ്പനിയുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ എല്ലാ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP