Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തെ നെടുങ്കുന്നത്തു നിന്നു കോലഞ്ചേരിയിലെ ചെങ്ങറയിൽ എത്തി ചായക്കട നടത്തുന്നതിനിടയിൽ ദൈവ വിളിയെത്തി; 15 കൊല്ലം മുമ്പ് നാടു വിട്ട് സന്യാസിയായി; നാട്ടിൽ മടങ്ങിയെത്തി ഹോട്ടൽ സഹോദരങ്ങളെ ഏൽപ്പിച്ച് ആത്മീയ പ്രഭാഷകനായി ഉലകംചുറ്റി; പന്മന ആശ്രമവുമായി ബന്ധമില്ലെന്ന വാദം തെറ്റ്: അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വീടുമായി ദീർഘ നാളത്തെ ബന്ധം

കോട്ടയത്തെ നെടുങ്കുന്നത്തു നിന്നു കോലഞ്ചേരിയിലെ ചെങ്ങറയിൽ എത്തി ചായക്കട നടത്തുന്നതിനിടയിൽ ദൈവ വിളിയെത്തി; 15 കൊല്ലം മുമ്പ് നാടു വിട്ട് സന്യാസിയായി; നാട്ടിൽ മടങ്ങിയെത്തി ഹോട്ടൽ സഹോദരങ്ങളെ ഏൽപ്പിച്ച് ആത്മീയ പ്രഭാഷകനായി ഉലകംചുറ്റി; പന്മന ആശ്രമവുമായി ബന്ധമില്ലെന്ന വാദം തെറ്റ്: അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വീടുമായി ദീർഘ നാളത്തെ ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആത്മീയ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരാണ് സന്യാസിമാർ എന്നാണ് വെപ്പ്. എന്നാൽ, ഇന്ന് ലോകം മുഴുവൻ വ്യാജ സന്യാസിമാരെ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ടയിൽ ലൈംഗിക അതിക്രമത്തിന് മുതിർന്ന് സ്വന്തം ജനനേന്ദ്രം നഷ്ടമായ ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീഹരി സ്വാമിയിലൂടെ പുറത്തുവന്നത് ആത്മീയ ലോകത്തെ മറ്റൊരു കള്ള നാണയത്തെ കൂടിയാണ്. 54 കാരനായ സന്യാസി അംഗഭംഗം വന്ന ശരീരവുമായി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹിന്ദു ഐക്യവേദിയിലെ അറിയപ്പെടുന്ന സ്വാമി എന്ന നിലയിൽ പ്രവർത്തിച്ചു വന്ന വ്യക്തിയാണ് ശ്രീഹരി സ്വാമി. ഇതിനിടെയാണ് തിരുവനന്തപുരത്തെ കുടുംബവുമായി അടുക്കുന്നതും പെൺകുട്ടിയെ ലൈഗികമായി ഉപദ്രവിച്ചതിന്റെ പേരിൽ ആശുപത്രിയിലായതും.

പൂർവാശ്രമം കോലഞ്ചേരിയിൽ, കളരിയഭ്യാസികൂടിയായ ഹരികുമാർ നാടുവിട്ടത് 15 വർഷംമുമ്പ്

കോട്ടയം നെടുങ്കുന്നത്തുനിന്ന് 35 വർഷംമുമ്പ് കോലഞ്ചേരിയിലെത്തി പട്ടിമറ്റം ചെങ്ങറയിൽ ഹോട്ടൽ നടത്തിയിരുന്ന കുടുംബത്തിലെ അംഗമാണ് പിന്നീട് ഗംഗേശാനന്ദ തീർത്ഥപാദരായിത്തീർന്ന ഹരികുമാർ. മികച്ച കളരിയഭ്യാസികൂടിയായ ഹരികുമാർ 15 വർഷംമുമ്പ് നാടുവിട്ടതാണ്. സംഘപരിവാർ ബന്ധവും ഒരു സുപ്രഭാതത്തിലുണ്ടായ ദൈവവിളിയുമാണ് ദേശാടനത്തിനുകാരണമായി പറഞ്ഞിരുന്നത്.

നാലുവർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുന്നത് സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേരിലാണ്. ദൈവസഹായം എന്ന പേരിൽ കോലഞ്ചേരിയിൽ അച്ഛനൊപ്പം ഹോട്ടലുകൾ നടത്തിയിരുന്ന ഹരികുമാർ ആത്മീയപാതയിലായതോടെ പൈതൃകമായി ലഭിച്ച ഹോട്ടൽ സഹോദരങ്ങൾക്ക് കൈമാറി.

ബുള്ളറ്റ് ബൈക്കുകളോട് വലിയ താത്പര്യമുണ്ടായിരുന്ന സ്വാമി ബുള്ളറ്റിലായിരുന്നു യാത്ര പതിവ്. കൊല്ലം പന്മനയിലെ ആശ്രമത്തിൽനിന്ന് നാട്ടിലേക്ക് വന്നിരുന്നത് ബുള്ളറ്റിലായിരുന്നു. മേൽമുണ്ടുധരിച്ച് ചെരിപ്പില്ലാതെ ബുള്ളറ്റിൽ സഞ്ചരിക്കുന്ന സ്വാമിക്ക് ഇതോടെ ബുള്ളറ്റ് സ്വാമിയെന്ന പേരും വീണു. പുത്തൻകുരിശിലെ ഒരു പണമിടപാടുസ്ഥാപനത്തിന്റെ കേസുകളുൾപ്പെടെ കോലഞ്ചേരി കോടതിയിൽ ഗംഗേശാനന്ദക്കെതിരെ മൂന്ന് കേസുണ്ട്. നാട്ടിൽ ഒട്ടേറെ ആരാധകരുണ്ട്. ഡൽഹിയിലെ വൈഷ്ണവസന്ന്യാസിമാരിൽ ചിലർ സ്വാമിയുടെ അടുത്ത സുഹൃത്തുക്കളുമാണ്.

എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാൾ, അവിടെ 'ദൈവസഹായം' എന്ന പേരിൽ ചായക്കട നടത്തുന്നതിനിടെയാണ് പതിനഞ്ചു കൊല്ലം മുൻപ് പന്മന ആശ്രമത്തിലെത്തുന്നത്. അവിടൈവച്ച് ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിക്കുകയായിരുന്നു. പത്തുകൊല്ലം മുൻപ് കണ്ണമ്മൂലയിൽ നടന്ന ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന സമരത്തിൽ ഇയാൾ മുഖ്യസ്ഥാനത്തുണ്ടായിരുന്നു.

പന്മന ആശ്രമത്തിന്റെ പേര് പറഞ്ഞ് സമൂഹത്തിൽ മാന്യമായ സ്ഥാനം നേടി

തിരുവനന്തപുരം കണ്ണമ്മൂലയിൽ ചട്ടമ്പി സ്വാമിയുടെ സ്ഥലം സംരക്ഷിക്കാൻ ഭക്തർ തീരുമാനിച്ചപ്പോൾ വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുൻനിരയിൽ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയിൽ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തിൽ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി. എന്നാൽ അതൊന്നും സംഭവിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്ധ്യയ്ക്ക് ഈ ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവർ താമസിക്കുകയും ചെയ്യുന്നു.

ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂല-പേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. സന്ധ്യയ്ക്ക് കടുത്ത വൈരാഗ്യമാണ് തന്നോടുള്ളതെന്നും വകവരുത്തുമെന്നെല്ലാം പറഞ്ഞായിരുന്നു സ്വാമി ഇവിടുത്തെ വീടുകളിലെ സാന്നിധ്യമായത്. പലരും സ്വാമിയുടെ ശിഷ്യരുമായി. ഇത്തരത്തിലൊരു വീട്ടിൽ സ്വാമി നിത്യസന്ദർശകനായി മാറി. അമ്മയുമായി അടുപ്പവും കാട്ടി. കുളിയും ജപവുമെല്ലാം തിരുവനന്തപുരത്തെത്തിയാൽ ഈ വീട്ടിലുമായി. അങ്ങനെ പതിയെ ഇവിടം സ്വന്തം താവളമാക്കി മാറ്റി.

പ്രപഞ്ചത്തിലെ സകലചരാചരങ്ങളിലും മാതൃഭാവത്തെ ഉൾകൊള്ളാൻ കഴിയുന്നവർക്കാണ് ചതുർവിധ പുരുഷാർത്ഥങ്ങൾ കൈവരിക്കുവാൻ സാധിക്കുകയുള്ളു എന്നായിരുന്നു ഗംഗേശാനന്ദ തീർത്ഥപാദരുടെ ആഹ്വാനം. ശ്രീനാരായണ ഗുരുദേവൻ അഹിംസയുടെ പ്രയോക്താവാണെന്നും അദ്ദേഹം അനുകമ്പ ദശകത്തിൽ ഒരു പീഡപോലും ഉറുമ്പിനെ ഏൽപ്പിക്കരുതെന്ന് പറയുന്നുണ്ടെങ്കിലും ഗുരുദേവ ചിത്രം വെച്ച് മാംസംഭക്ഷിച്ചുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അങ്ങനെ ചട്ടമ്പി സ്വാമിക്കൊപ്പം നാരായാണ ഗുരുദേവ ദർശനവും ഉയർത്തിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞു വച്ച നിർമലാന്ദ ഗിരിക്കൊപ്പവും ചേർന്നു നടന്നു. നിർമലാനന്ദ ഗിരിയുടെ ശിഷ്യ സമ്പത്തിന്റെ ഗുണവും സ്വാമിക്ക് കിട്ടി. അങ്ങനെ കേരളം മുഴുവൻ നടന്ന് ആത്മീയത പ്രചരിപ്പിച്ചായിരുന്നു പൂർവ്വാശ്രമത്തിലെ ശ്രീഹരിയുടെ സന്യാസ ജീവിതത്തിലെ യാത്ര. കുട്ടികളിൽ ആത്മീയത വളർത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വേണം നേടിയെടുക്കാനെന്നും അദ്ദേഹം നിഷ്‌കർഷിച്ചു.

പൈതൃക ഗ്രാമമായ ആറന്മുളയുടെ പരിസ്ഥിതിക്കും സംസ്‌കൃതിക്കും ആചാരാനുഷ്ഠാനങ്ങൾക്കും നേരെ ഉയർന്നു വന്നിട്ടുള്ള ഭീഷണികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്ത് ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിന് സന്ന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടായ്മയുണ്ടാക്കുന്നതിലും മുന്നിൽ നിന്നു. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലെ സന്യാസ കൂട്ടായ്മയുടെ കൺവീനറും സ്വാമി ഗംഗേശാനന്ദ തീർത്ഥപാദരായിരുന്നു. ലബാർ പ്രദേശത്തെ 120-ൽപ്പരം ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ നോട്ടീസ് നൽകിയ ദേവസ്വം ബോർഡിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഒരുവിഭാഗം സന്ന്യാസിമാർ മുഖ്യന്ത്രിയെ സന്ദർശിച്ച് അറിയിച്ചിരുന്നു. ഈ സംഘത്തിലേയും പ്രധാനി ഗംഗേശാനന്ദ സ്വാമിയായിരുന്നു. പന്മന ആശ്രമത്തിലെ പ്രധാന സ്വാമിയെന്ന പേരു പറഞ്ഞു തന്നെയാണ് സാമൂഹിക ലോകത്ത് സ്വാമി നിറഞ്ഞത്. കണ്ണമൂല സമരത്തിന് ശേഷം പേട്ടയെ പ്രധാന കേന്ദ്രമാക്കി.

കിടപ്പിലായ പെൺകുട്ടിയുടെ അച്ഛനെ ചികിത്സിക്കാൻ അടുത്തുകൂടി, പീഡനം പതിവായപ്പോൾ സഹികെട്ട് ലിംഗഛേദം നടത്തി യുവതി

പെൺകുട്ടിയുടെ വീടുമായി ഇയാൾ കൂടുതൽ അടുത്തത് പെൺകുട്ടിയുടെ അച്ഛന്റെ പേരിലാണ്. അസുഖബാധിതനായി കിടപ്പിലായ പെൺകുട്ടിയുടെ അച്ഛനെ ചികിത്സിക്കാനും ആരോഗ്യത്തിനായുള്ള പൂജകൾക്കുമായി സന്ന്യാസി ഇടയ്ക്കിടെ ഈ വീട്ടിലെത്തി. ഈ സമയം മുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നിയമവിദ്യാർത്ഥിനിയാണ് യുവതി. വീട്ടിൽ പൂജയ്ക്കും മറ്റുമായി എത്തിയിരുന്ന സന്ന്യാസിയുടെ വർഷങ്ങളായുള്ള പീഡനത്തിൽനിന്നു രക്ഷനേടാണ് ഇതു ചെയ്തതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നാണ് സന്ന്യാസി ഡോക്ടർമാരോടും പൊലീസിനോടും പറഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സന്ന്യാസിക്കെതിേര പൊലീസ് പോക്സോ നിയമപ്രകാരവും(പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ) മാനഭംഗം, മർദനം എന്നിവയ്ക്കും കേസെടുത്തു. ചികിത്സയിലുള്ള സന്ന്യാസിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകി ഇദ്ദേഹത്തെ സെല്ലിലേക്കു മാറ്റും.

വർഷങ്ങളായി യുവതിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന സന്ന്യാസി, തന്നെ പ്ലസ് ടു പഠനകാലം മുതൽ പീഡിപ്പിച്ചിരുന്നതായി ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയും യുവതിയുടെ വീട്ടിലെത്തിയ സന്ന്യാസി യുവതിയെ ലൈംഗികമായി ഉപയോഗിക്കുകയും മർദിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ സഹികെട്ട യുവതി മൂർച്ചയേറിയ കത്തിയുപയോഗിച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

കൺട്രോൾ റൂമിൽനിന്ന് പേട്ട സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തി സന്ന്യാസിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ജനനേന്ദ്രിയം തൊണ്ണൂറ് ശതമാനവും മുറിഞ്ഞുതൂങ്ങിയ നിലയിലും തുന്നിച്ചേർക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. എങ്കിലും രക്തസ്രാവം നിയന്ത്രിക്കുന്നതിനും മൂത്രം പോകുന്നതിനുമായി പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധരുടെയും യൂറോളജി വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കത്തി താനാണ് കൊണ്ടുവന്നതെന്ന് സന്ന്യാസി പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

യുവതിയുടെ അച്ഛൻ ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. അസുഖം മാറുന്നതിനുള്ള പൂജയ്ക്കും മറ്റുമായി വീട്ടിലെത്തിയിരുന്ന ഇയാൾ, വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മുതൽ പെൺകുട്ടിയെ ഉപയോഗിച്ചിരുന്ന ഇയാൾ, വെള്ളിയാഴ്ച രാത്രിയും വീട്ടിലെത്തി ലൈംഗികമായി ചൂഷണംചെയ്യുകയും തുടർന്നു മാനഭംഗത്തിനു ശ്രമിക്കുകയും ചെയ്തപ്പോഴാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് പേട്ട സിഐ സുരേഷ്‌കുമാർ പറഞ്ഞു.

2010-ൽ മലബാർ മേഖലയിലെ ഏതാനും ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് നീക്കമാരംഭിച്ചപ്പോൾ അതിനെതിേര നടന്ന സമരത്തിലും ഇയാളുണ്ടായിരുന്നു. ആറന്മുള വിമാനത്താവള സമരത്തിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കേരളത്തിന്റെ വിവിധയിടങ്ങളിൽ ഇയാൾ ആധ്യത്മികപ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

പിന്തുണകളുടെ പ്രാവാഹത്തിന് നടുവിൽ പെൺകുട്ടി

ലൈംഗികപീഡനത്തിന് ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച യുവതി പിന്തുണളുടെ നടുവിലാണ്. സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവർ പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തി. പെൺകുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പെൺകുട്ടിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലത്തു ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്കു പിന്തുണയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തി. യുവതിയുടെ നടപടി ധീരവും അഭിനന്ദനാർഹവുമാണെന്ന് അവർ പറഞ്ഞു.

ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നും ആ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി എടുത്ത തീരുമാനവും അഭിനന്ദനാർഹമാണെന്ന് മന്ത്രി ജി. സുധാകരനും പ്രതികരിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ ശ്രമിക്കും. ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നയാളാണെന്നും ജി. സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സമാനമായ വിഷയം മുൻനിർത്തി മൂന്നു വർഷം മുൻപ് എഴുതിയ കവിതയും ജി. സുധാകരൻ പത്രക്കുറിപ്പിലൂടെ ഓർമിപ്പിച്ചു. 'നീച ലിംഗങ്ങൾ മുറിക്കുന്ന പെണ്ണുങ്ങൾ' എന്ന കവിത പുറത്തിറങ്ങിയപ്പോൾ തനിക്കെതിരെ നിരവധി മാന്യന്മാർ രംഗത്തുവന്നിരുന്നു. ഇത് കവിതയാണോ എന്ന് പരിഹാസമുണ്ടായെന്നും എന്നാൽ, ഇപ്പോൾ കേവലം കവിത മാത്രമല്ല ജീവിതാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീർത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാൾ വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായാണു മൊഴി. അതേസമയം, ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ശ്രീഹരി പൊലീസിനു നൽകിയ മൊഴി.

അതേസമയം ംഭവത്തിൽ കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പൊലീസ് വസ്തുതകൾ അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. സ്വാമി ഗംഗേശാനന്ദയ്ക്ക് ബിജെപിയുമായോ എൻഡിഎയുമായോ ബന്ധമില്ല. ഹിന്ദു ഐക്യവേദിയുമായി ബന്ധമുണ്ടോ എന്ന് പറയേണ്ടത് താനല്ല. വ്യക്തിപരമായി അറിയുമോ എന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ സന്യാസിമാരെയും തനിക്ക് അറിയാമെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP