Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മലപ്പുറത്തെ സർക്കാർ സ്‌കൂൾ അദ്ധ്യാപകന്റെ മകൾ; ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു; ജാമിയയിൽ എത്തിയത് എം.എ ഹിസ്റ്ററി വിദ്യാർത്ഥിനിയായി; ഐഎഎസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് ഒപ്പം താങ്ങായി കുടുംബവും; മുസ്ലിംങ്ങളുടെ അന്തസ് കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായതിനാൽ ഒന്നിനെയും മകൾക്ക് ഭയമില്ലെന്ന് പിതാവ്; ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ കൊണ്ടോട്ടിക്കാരി ആയിഷ റെന്നയുടെ കഥ

മലപ്പുറത്തെ സർക്കാർ സ്‌കൂൾ അദ്ധ്യാപകന്റെ മകൾ; ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു; ജാമിയയിൽ എത്തിയത് എം.എ ഹിസ്റ്ററി വിദ്യാർത്ഥിനിയായി; ഐഎഎസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് ഒപ്പം താങ്ങായി കുടുംബവും; മുസ്ലിംങ്ങളുടെ അന്തസ് കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായതിനാൽ ഒന്നിനെയും മകൾക്ക് ഭയമില്ലെന്ന് പിതാവ്; ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ കൊണ്ടോട്ടിക്കാരി ആയിഷ റെന്നയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയുടെ താരമാണ് ഡൽഹി ജാമിയ ഇസ്ലാമിയ കോളേജിലെ വിദ്യാർത്ഥിനി ആയിഷ റെന്ന എന്ന പെൺകൂട്ടി. ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തുന്ന ഈ പെൺകുട്ടികളുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഈ പെൺകുട്ടി മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയാണ് എന്ന പ്രത്യേകതയാണുള്ളത്. പിന്നീട് ഇവിടം ലാത്തിച്ചാർജ്ജും കല്ലേറും കണ്ണീർവാതകവും തുടങ്ങി ഒരു തെരുവു യുദ്ധത്തിന്റെ ഇടമായി മാറിയിടത്താണ് പെൺകുട്ടി പൊലീസിനെതിരെ പ്രതിരോധം തീർതത്.

ഒപ്പമുണ്ടായിരുന്ന മലയാളികളായ സുഹൃത്തുക്കൾ ഷഹീൻ അബ്ദുള്ളയ്ക്കും ലദീദയ്ക്കും പൊലീസ് മർദ്ദനമേറ്റപ്പോഴായിരുന്നു റെന്ന പൊലീസിന് നേരെ വിരൽ ചൂണ്ടിയത്. മലപ്പുറത്തിന്റെ പോരാട്ടവീര്യവുമായാണ് ആയിഷ റെന്ന ഡൽഹിയിൽ എത്തിയത്. ലാത്തിയുമായി എത്തിയ പൊലീസുകാർക്കെതിരെ ഒരു കൂസലും ഇല്ലാതെയാണ് റെന്ന പ്രതിഷേധം രേഖപ്പെടുത്തിയത്. ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥിനിയാണ് റെന്ന. കൊണ്ടോട്ടി കാളോത്ത് സ്വദേശിയും ഒഴുകൂർ ജി.എം.യു.പി സ്‌കൂൾ അദ്ധ്യാപകനുമായ എൻ.എം. അബ്ദുറഷീദിന്റെയും വാഴക്കാട് ചെറുവട്ടൂർ സ്‌കൂളിലെ അദ്ധ്യാപിക ഖമറുന്നിസയുടെയും മകളാണ്.

ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയുടെ സമരാവേശം ഊതി കത്തിക്കുന്നതിൽ റെന്നയും കണ്ണൂരിൽ നിന്നുള്ള ബി.എ അറബിക് ഒന്നാം വർഷ വിദ്യാർത്ഥിനി ലദീദയും യു.പിക്കാരി ചന്ദ യാദവുമാണ് നേതൃപരമായ പങ്കുവഹിച്ചത്. സമരം തുടങ്ങുന്ന വേളയിൽ ഉണ്ടായാരുന്നത് നാല് പെൺകുട്ടികൾ മാത്രമാണ്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയാണ് അവർ ആദ്യം ചെയ്തത്.

'ആദ്യം അവർ ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാർ അപ്പോൾ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങൾ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആൾക്കാർ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോൾ ഞങ്ങൾക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്റെ ഉള്ളില് പെട്ടുപോയി,' ആയിഷത്ത് റെന്ന അക്രമത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

സമരത്തിന് നേതൃപരമായ പങ്കുവഹിച്ചത് റെന്നയാണ്. അതുകൊണ്ട് പൊലീസ് നോട്ടമിട്ടതെന്ന് പിതാവ് റഷീദ് പറയുന്നു. മകളെ ഓർത്ത് അഭിമാനം കൊള്ളുകയാണ് ഈ പിതാവ്. മുസ്ലിംകളുടെ അന്തസ് കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായതിനാൽ ഒന്നിനെയും മകൾക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്നാണ് അവൾ ചോദിക്കുന്നത്. ഞായറാഴ്ച പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ നാട്ടിലേക്ക് മടക്കി അയക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. സമരത്തിന്റെ പാതിവഴിയിൽ സുഹൃത്തുക്കളെ ഇട്ടേച്ച് പോരാനാവില്ലെന്നായിരുന്നു ഉറച്ച നിലപാട്. രാത്രി ഹോളിഫെയ്ത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ഓഖ്‌ലയിലെ അൽശിഫ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാട്‌സ്ആപിലും സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഇട്ട് ആഘോഷിക്കാനല്ല സമരം ചെയ്തതെന്നാണ് മകൾ പറഞ്ഞത്. സഹപാഠികൾക്കൊപ്പം സമരപാതയിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് റെന്നയുടെ തീരുമാനം. ജമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധക്കാരെയെല്ലാം ലാത്തികൊണ്ട് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് മലയാളി വിദ്യാർത്ഥികളായ ലദീദ, ആയിഷയും. പരിക്കേറ്റിട്ടുണ്ടെന്നും ഒരാൾക്ക് ആസ്മയുള്ളതിനാൽ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞിട്ടും പൊലീസ് ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഐ.എ.എസ് സ്വപ്നം കണ്ടു കൊണ്ടു കൂടിയാണ് ആഷിയ ഡൽഹിയിൽ എത്തിയത്. ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് കുടുംബം മുഴുവനും കൂടെയുണ്ട്. കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സന്റെ് ജെമ്മാസിലെ പ്ലസ്ടു പഠനത്തിന് ശേഷം ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്താണ് ഡൽഹിയിലെത്തിയത്. ഏക സഹോദരൻ മുഹമ്മദ് ശഹിൻ ഡൽഹിയിൽ സ്വന്തമായി കച്ചവടം നടത്തുന്നു. ഭർത്താവ് സി.എ. അഫ്‌സൽ റഹ്മാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്. ഭർത്താവും റെന്നയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ജാമിയ മില്ലിയ ഇസ്ലാമിയ സമരത്തിന്റെ ഐക്കണായി മാറിയിട്ടുണ്ട് ആഷിയ. യൂണിവേഴ്‌സിറ്റിയും വിദ്യാർത്ഥികൾക്ക് അനുകൂലമായാണ് പ്രതികരിക്കുന്നതും. യൂണിവേഴ്സിറ്റിക്കുള്ളിൽ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചുമെന്ന് സർവ്വകലാശാലാ അധികൃതർ. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് എന്ന വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാൽ, ക്യാമ്പസിനുള്ളിൽ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്നാണ് സർവ്വകലാശാലയുടെ നിയമം. അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ക്യാമ്പസിൽ പ്രവേശിച്ചത്. അവർ വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നുവെന്നാണ് ജാമിയ മില്ലിയ പ്രോക്ടർ വസീം അഹമ്മദ് ഖാൻ പറയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തവെയായിരുന്നു പൊലീസ് യൂണിവേഴ്സിറ്റിക്കുള്ളിൽ പ്രവേശിച്ചത്. തുടർന്ന് പൊലീസ് ക്യാമ്പസിന്റെ പ്രധാന കവാടം അടയ്ക്കുക്കുകയായിരുന്നു. പുറത്തുനിന്നുള്ളവർ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നത് തടയാനാണിതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സർവ്വകലാശാലയ്ക്കുള്ളിൽ പ്രവേശിച്ച പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ക്യാമ്പസിനുള്ളിൽനിന്നും നൂറിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തി. കനത്ത പ്രതിഷേധത്തെ തുടർന്ന് ഇവരെ വിട്ടയക്കുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP