Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയിട്ടും തന്റെ വിജയത്തിൽ സന്തോഷിക്കാൻ അച്ഛൻ രാജന് കഴിയുന്നില്ല; അപകടത്തിൽ പരുക്കേറ്റ് കോമയിൽ കിടക്കുന്ന അച്ഛന്റെ മുന്നിൽ പ്രാർത്ഥനയും പ്രതീക്ഷയുമായി ആര്യാരാജ്; മകളുടെ ശബ്ദം കേട്ടാൽ രാജന്റെ ഓർമ്മകൾ ഉണർത്താൻ കഴിയുമെന്ന ഡോക്ടർമാരുടെ വാക്കുകളിൽ പ്രതീക്ഷ നൽകി രാവും പകലും അച്ഛനൊപ്പമിരുന്ന് പഠനം; തനിക്ക് വിജയമധുരം പകരാൻ അച്ഛൻ ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രത്യാശയിൽ മകൾ

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയിട്ടും തന്റെ വിജയത്തിൽ സന്തോഷിക്കാൻ അച്ഛൻ രാജന് കഴിയുന്നില്ല; അപകടത്തിൽ പരുക്കേറ്റ് കോമയിൽ കിടക്കുന്ന അച്ഛന്റെ മുന്നിൽ പ്രാർത്ഥനയും പ്രതീക്ഷയുമായി ആര്യാരാജ്; മകളുടെ ശബ്ദം കേട്ടാൽ രാജന്റെ ഓർമ്മകൾ ഉണർത്താൻ കഴിയുമെന്ന ഡോക്ടർമാരുടെ വാക്കുകളിൽ പ്രതീക്ഷ നൽകി രാവും പകലും അച്ഛനൊപ്പമിരുന്ന് പഠനം; തനിക്ക് വിജയമധുരം പകരാൻ അച്ഛൻ ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രത്യാശയിൽ മകൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: താൻ പത്താം ക്ലാസ് നല്ല മാർക്കോടെ പാസാകണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് എന്റെ അച്ഛൻ. എന്നാൽ താൻ വിജയിച്ച വിവരം അച്ഛന്റെ ചെവിയിൽ പറഞ്ഞിട്ടും അത് മനസിലാക്കാൻ ആ പാവത്തിന് കഴിയുന്നില്ല എന്ന വിഷമമാണ് ആര്യരാജ് പി.ആർ എന്ന മിടുമിടുക്കിക്ക്. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയെ ഈ മിടുക്കിയെ നാടൊട്ടാകെ അഭിനന്ദിക്കുമ്പോഴും സ്വന്തം അച്ഛന്റെ നാവിൽ നിന്നും ഒരു വാക്ക് കേൾക്കാൻ സാധിക്കുന്നില്ലല്ലോ എന്നാണ് ഈ പാവത്തിന്റെ വേദന. അപകടത്തിൽ ഓർമ്മകൾ നശിച്ച് കോമയിലായ അച്ഛനെ ഒന്നുണർത്താനുള്ള ശ്രമത്തിലായിരുന്നു റിസൾട്ട് വിവരം അറിഞ്ഞപ്പോൾ ആര്യ.

'അച്ഛാ.. ഞാൻ വിജയിച്ചു... എനിക്ക് എല്ലാ വിഷയത്തിനും എ പ്ലസാണ്..' പിടിമുറുക്കുന്ന വേദനയിലും അച്ഛന്റെ ചെവിയിൽ തന്റെ വിജയം അറിയിച്ചിട്ടും അതൊന്നും അച്ഛൻ അറിഞ്ഞില്ലല്ലോ എന്ന വേദനയിലായിരുന്നു ഇന്നലെയും ഈ പെൺകുട്ടി. തന്റെ വിജയങ്ങളെല്ലാം ആഘോഷിക്കാൻ ഉത്സാഹം കാണിച്ചിരുന്ന അച്ഛൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിജയം അറിയാതെ പോയതിൽ മനമുരുകുകയാണ് അവൾ. എങ്കിലും അവൾ അച്ഛനടുത്തിരുന്ന് തന്റെ വിജയ വാർത്ത പറഞ്ഞുകൊണ്ടിരുന്നു.

കഴിഞ്ഞ വർഷത്തെ ക്രിസ്മസ് രാവിലാണ് ആര്യയുടെ കുടുംബത്തെ കണ്ണീരിലാഴ്‌ത്തിയ ആ അപകടം ഉണ്ടാവുന്നത്. ലോകമെങ്ങും തിരിപ്പിറവിയുടെ സന്തോഷം ആഘോഷിക്കുന്ന ദിനം ആര്യയുടെയും കുടുംബത്തിന്റെയും ദുരന്തദിനമായി. സുഹൃത്തിന്റെ മകളുടെ മനസമ്മതത്തിന് ഏറ്റുമാനൂരിൽ പോയതായിരുന്നു രാജൻ. എന്നാൽ ഇവിടെ വെച്ചുണ്ടായ ഒരപകടം ആ കുടുംബത്തിന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ഒരു ഓട്ടോ രാജനെ ഇടിച്ചു തെറിപ്പിച്ചു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജൻ ഒന്നര മാസത്തോളം കോട്ടയം മാതാ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞു. അപകടത്തിൽ സാരമായി പരുക്കേറ്റ രാജൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. രക്തസ്രാവം കൂടുകയും നീര് വെക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കേണ്ട അവസ്ഥയിലായി. ഓർമ്മ തിരിച്ചു കിട്ടിയാൽ മാത്രമെ അത് തിരികെ വെയ്ക്കാനാവൂ. അച്ഛന്റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവായി.

മലാപ്പറമ്പ് വനിതാ പോളിടെക്നിക്കിന് അടുത്ത് വാടകയ്ക്ക് കഴിയുന്ന അമ്മ സബിതയ്ക്കും ആര്യയും ഏക ആശ്രയമായിരുന്നു ഗ്യാസ് പൈപ്പ് ലൈൻ ജീവനക്കാരനായ രാജൻ. തയ്യൽ തൊഴിലാളിയായിരുന്നു ആര്യയുടെ അമ്മ. ആരോഗ്യപ്രശ്നങ്ങൾ കാരണം അമ്മയ്ക്ക് ഇപ്പോൾ ജോലി ചെയ്യാൻ കഴിയുന്നില്ല. ഫറോക്ക് ചെറുവണ്ണൂരിലാണ് രാജന്റെ തറവാട്. അഞ്ചു വർഷമായി ഇവർ മലാപ്പറമ്പിലാണ് വാടകയ്ക്ക് താമസിക്കുന്നത്. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് രാജന്റെ ചികിത്സയും ഇവരുടെ ജീവിതവും മുന്നോട്ട് പോകുന്നത്. രാജന്റെ ഏക മകളായ ആര്യ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.

അച്ഛൻ ഗുരുതരാവസ്ഥയിലായതോടെ അവൾ പിന്നെ ഒന്നര മാസത്തോളം സ്‌കൂളിൽ പോയില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവൾ അച്ഛനടുത്തിരുന്ന് പാഠഭാഗങ്ങൾ ഉച്ചത്തിൽ വായിച്ചുകൊണ്ടിരുന്നു. തുടർച്ചയായി മകളുടെ ശബ്ദം കേട്ടാൽ രാജന്റെ മുറിഞ്ഞുപോയ ഓർമ്മകളെ ഉണർത്താൻ സാധിച്ചേക്കാമെന്ന് ഡോക്ടർമാർ സൂചന നൽകിയതോടെ അവളും പ്രതീക്ഷയിലായി. അമ്മയും ഇക്കാര്യം ഉറച്ചു വിശ്വസിച്ചു.

അങ്ങനെ അച്ഛന് കൂടി വേണ്ടിയായിരുന്നു അവളുടെ എസ്എസ്എൽസി പഠനം. രാത്രി തുടങ്ങുന്ന പഠനം പുലർച്ച വരെ നീണ്ടു. ഇതിനിടയിൽ തന്നെ അവൾ അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കി. സുഹൃത്തുക്കളും അദ്ധ്യാപകരുമെല്ലാം പിന്തുണ നൽകിയതോടെ അവൾ പ്രതിസന്ധികളോട് പോരാടി മുന്നോട്ട് പോയി. അച്ഛനെ പരിചരിച്ചിരിക്കുന്നതിനിടയിൽ പരീക്ഷാ ഫലം അറിയാൻ ആര്യ താത്പര്യം കാട്ടിയില്ല. അച്ഛനടുത്തിരിക്കുമ്പോഴാണ് എ പ്ലസ് ലഭിച്ച വാർത്ത അറിയുന്നത്. ഉടൻ തന്നെ അവൾ അച്ഛന്റെ ചെവിയിൽ തന്റെ വിജയ വാർത്ത അറിയിച്ചു. എന്നാൽ അച്ഛൻ ഒന്നും കേട്ടില്ല.

പ്രതീക്ഷയോടെ അവൾ അച്ഛനോട് അത് പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അവൾ ഉച്ചത്തിൽ അത് വിളിച്ചു പറഞ്ഞപ്പോൾ മറ്റെല്ലാവരും കേട്ടെങ്കിലും അച്ഛൻ മാത്രം കേട്ടില്ല. അവൾ നിരാശയല്ല.. അധികം താമസിയാതെ അച്ഛൻ താൻ പറയുന്നത് കേൾക്കുമെന്ന് അവൾക്ക് ഉറച്ച വിശ്വാസമുണ്ട്. അബോധാവസ്ഥയിൽ നിന്ന് അച്ഛൻ ഉണർന്നെണീക്കുന്നത് തന്റെ വിജയത്തെക്കുറിച്ച് കേട്ടുകൊണ്ടാവും. വിജയം ആഘോഷമാക്കിക്കൊണ്ട് അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും അവൾ പറയുന്നു.

കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് ആര്യ. കവിതയെയും സംഗീതത്തിനെയും നൃത്തത്തിനെയുമെല്ലാം ഏറെ സ്നേഹിക്കുന്ന ഈ പെൺകുട്ടി ഒരു നല്ല തൊഴിൽ നേടണമെന്ന ആഗ്രഹത്തിലാണ്. എൻട്രൻസ് കോച്ചിംഗിന് ചേർന്നിരിക്കുന്ന ആര്യ പഠനം തുടരുമെന്നും അച്ഛനെ ഉണർത്താനുള്ള ശബ്ദമാവാൻ തനിക്ക് പഠിച്ചേ മതിയാവുകയുള്ളുവെന്നും വ്യക്തമാക്കുന്നു. ആര്യയെയും കുടുംബത്തെയും സഹായിക്കാൻ അമ്മ സബിതയുടെ പേരിൽ ചെറുവണ്ണൂർ ഫെഡറൽ ബാങ്കിൽ 11100100313043 നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ്: FDLR0001110. ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് ദുരിതക്കടൽ നീന്തിക്കയറാൻ പാടുപെടുന്ന ഈ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP