Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

തേച്ചിട്ടു പോയ പെണ്ണിന്റെ കഥ പറഞ്ഞ് ലോലന്മാരുടെ താരമായി; മുത്തുമണീ... എന്നു നീട്ടിവിളിച്ചുള്ള രംഗപ്രവേശം തമാശയാക്കിയത് അർജുവിന്റെ റോസ്റ്റിങ്; സൈബർ പീഡകർക്കെതിരെയും ടിക്ക് ടോക്ക് വീഡിയോകൾ; പോക്‌സോ കേസിൽ അറസ്റ്റിലായ അമ്പിളിയെന്ന ടിക്ക് ടോക്ക് പ്രേമികളുടെ ഓമനപുത്രന്റെ കഥ

തേച്ചിട്ടു പോയ പെണ്ണിന്റെ കഥ പറഞ്ഞ് ലോലന്മാരുടെ താരമായി; മുത്തുമണീ... എന്നു നീട്ടിവിളിച്ചുള്ള രംഗപ്രവേശം തമാശയാക്കിയത് അർജുവിന്റെ റോസ്റ്റിങ്; സൈബർ പീഡകർക്കെതിരെയും ടിക്ക് ടോക്ക് വീഡിയോകൾ; പോക്‌സോ കേസിൽ അറസ്റ്റിലായ അമ്പിളിയെന്ന ടിക്ക് ടോക്ക് പ്രേമികളുടെ ഓമനപുത്രന്റെ കഥ

ആർ പീയൂഷ്

തൃശൂർ: തേച്ചിട്ട് പോയ പെണ്ണിന്റെ കഥ പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ കരഞ്ഞ് കാണികളുടെ കയ്യടിനേടിയ താരമായാരുന്നു അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണ(19). പ്രണയിച്ച പെണ്ണിനെ വിളിക്കുന്ന മുത്തുമണി എന്ന പേരു നീട്ടിവിളിച്ചു കൊണ്ടായിരുന്നു രംഗപ്രവേശം. പ്രണയം തകർന്ന കഥയും പ്രണയം തകർന്നവരെ ചേർത്തു പിടിക്കുന്ന വാക്കുകളും പറഞ്ഞ് ആദ്യം എത്തിയത് ടിക്ക് ടോക്കിലാണ്. ടിക്ക് ടോക്കിൽ 1 ലക്ഷത്തിൽ താഴെ ഫോളോവേഴ്സ് മാത്രമുള്ളപ്പോഴാണ് റോസ്റ്റിങ് മാസ്റ്റർ അർജു എന്ന് അർജുൻ 2 മില്യണിലധികം സബ്സ്‌ക്രൈബേഴ്സുള്ള തന്റെ യൂട്യൂബ് ചാനലു വഴി ഇയാളെ റോസ്റ്റ് ചെയ്തത്. ഇതോടെ രണ്ടു ലക്ഷത്തിലധികം ഫോളോവേഴേസ് കൂടുകയും സോഷ്യൽ മീഡിയയിൽ വലിയ താരമാവുകയുമായിരുന്നു.

പലപ്പോഴും തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ വഴി പെൺകുട്ടികൾക്ക് മോശം സന്ദേശങ്ങൾ അയക്കുന്നുവെന്നും അത്തരക്കാർ അങ്ങനെ ചെയ്യരുതെന്നും അവരെ സ്വന്തം സഹോദരങ്ങളായി കാണമെന്നും ആഹ്വാനം ചെയ്യുന്നതും പതിവായിരുന്നു. നിഷ്‌ക്കളങ്കമായ വാക്കുകളാൽ സോഷ്യൽ മീഡിയയെ കയ്യിലെടുത്ത അമ്പിളിക്ക് വടക്കാഞ്ചേരിയിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി അവരുടെ സോഷ്യൽ മീഡിയ മാനേജരായി ജോലി നൽകുകയും ചെയ്തു. എന്നാൽ അധികനാൾ അവിടെ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. പിതാവ് ഉണ്ണിക്കൃഷ്ണൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. പിതാവിന്റെ വരുമാനത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. മുഴുവൻ സമയവും മൊബൈൽ ഫോണിൽ തന്നെയിരുന്ന് സമയം കളയുന്നതല്ലാതെ ജോലിക്ക് പോകില്ലായിരുന്നു. ഇതോടെ പിതാവ് അമ്പിളിയുടെ മൊബൈൽ ഫോൺ തറയിലെറിഞ്ഞ് തകർത്തു.

വീട്ടുകാർക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കി കൊടുക്കുന്നതിനും ഇയാൾ ഒട്ടും തന്നെ പുറകിലല്ലായിരുന്നു. ടിക്ക്ടോക്ക് ചെയ്യാനും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ചെയ്യാനും മിക്കപ്പോഴും മുന്തിയ ഇനം ടൂവീലറുകൾ വാടകയ്ക്കെടുക്കുന്നത് പതിവായിരുന്നു. കൂടാതെ കാറുകളും വാടകയ്ക്കെടുത്ത് ദൂരെ സ്ഥലങ്ങളിൽ ചുറ്റിയടിക്കാനും പോകും. വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്ക് പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് പറ്റിക്കുകയും വാഹന ഉടമകൾ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി പിതാവ് കൂലിപ്പണിയെടുത്തുകൊണ്ടു വരുന്ന പണം വാങ്ങി മടങ്ങുകയുമാണ് പതിവ്. ഇത്തരത്തിൽ ലക്ഷം രൂപ പിതാവ് മകന്റെ കടങ്ങൾ വീട്ടാൻ നൽകിയിട്ടുണ്ട്. ഇത്തരം ഒരുവസരത്തിലാണ് ഇയാൾ ഇപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാൾക്കെതിരെ 17കാരിയുടെ മാതാപിതാക്കൾ പരാതി നൽകുന്നത്. ആറുമാസം മുൻപാണ് പ്ലസ്ടു കഴിഞ്ഞ് നൽക്കുകയായിരുന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാം വഴിയാണ് വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോൺ നമ്പർ കൈമാറുകയുമായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ ല സ്ഥലങ്ങളിലും ഇയാൾ പെൺകുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത്. വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലായിരുന്നു പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്തത്. ഇതിനിടയിൽ മെയ്മാസത്തിൽ പെൺകുട്ടിക്ക് കലശലായ വയറു വേദന വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് അഞ്ചുമാസം ഗർഭിണിയാണെന്നറിയുന്നത്.

ആശുപത്രി അധികൃതർ വിവരം പൊലീസിലും ചൈൽഡ്ലൈനിലും അറിയിച്ചു. ചൈൽഡ്ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി. വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്പെക്ടർ എം.കെ മുരളി സംഭവത്തിൽ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതോടെ വിഘ്നേഷ് ഒളിവിൽ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപത്തുള്ള ബന്ധുവീട്ടിൽ നിന്ന് എസ്‌ഐ ഉദയകുമാർ, സി.പി.ഒമാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

വിഘ്‌നേഷിനെ പൊലീസ് പൊക്കിയത് തന്ത്രപരമായ ഒരു കള്ളക്കഥ മെനഞ്ഞു കൊണ്ടായിരുന്നു. ഇിതിനായി പൊലീസ് പാസ്‌പോർട്ട് കഥയായിരുന്നു തയ്യാറാക്കിയത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റിനു ശ്രമിക്കവേയാണ് അമ്പിളി ഒളിവിൽ പോയത്. തൃശ്ശൂർ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്പിളി പാസ്‌പോർട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പൊലീസ് അറിഞ്ഞത്. ഇതോടെ ഒളിവിടത്തിൽ നിന്നും വിഘ്‌നേഷിനെ പുറത്തു ചാടിക്കാൻ തന്ത്രപരമായ കഥയും തയ്യാറാക്കി. തുടർന്ന് അമ്പിളിയുടെ പേരിലുള്ള പാസ്‌പോർട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.

ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പാസ്‌പോർട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പൊലീസ് സംഘം പിതാവിനെ പിന്തുടർന്നു. തുടർന്നാണ് തിരൂരിലെ ബന്ധുവീട്ടിൽനിന്ന് അമ്പിളിയെ കൈയോടെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്പിളി അറസ്റ്റിലായതോടെ ഇയാളുടെ ആരാധകരെല്ലാം ഞെട്ടലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP