Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് എത്താൻ ഒരു മണിക്കൂർ 12 മിനിറ്റ് എടുത്തത് ദുരന്തത്തിന്റെ ആഴം കൂട്ടി; ഇതുവരെ കൊല്ലപ്പെട്ടത് 59 പേർ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്‌പ്പ് ദുരന്തത്തിന് ഭീകരബന്ധം ഇല്ല; കോടികൾ സമ്പാദിച്ചെങ്കിലും ഒന്നം ചെയ്യാനില്ലാത്തതിനാൽ കൂട്ടക്കുരുതി നടത്തി രസിച്ചെന്ന് സൂചന: ഏഷ്യാക്കാരിയായ കാമുകിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും പൊലീസ്

പൊലീസ് എത്താൻ ഒരു മണിക്കൂർ 12 മിനിറ്റ് എടുത്തത് ദുരന്തത്തിന്റെ ആഴം കൂട്ടി; ഇതുവരെ കൊല്ലപ്പെട്ടത് 59 പേർ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്‌പ്പ് ദുരന്തത്തിന് ഭീകരബന്ധം ഇല്ല; കോടികൾ സമ്പാദിച്ചെങ്കിലും ഒന്നം ചെയ്യാനില്ലാത്തതിനാൽ കൂട്ടക്കുരുതി നടത്തി രസിച്ചെന്ന് സൂചന: ഏഷ്യാക്കാരിയായ കാമുകിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും പൊലീസ്

മറുനാടൻ മലയാളി ഡസ്‌ക്‌

ലാസ് വേഗസ്: വെടിക്കെട്ടാണെന്നാണ് ആദ്യം ആളുകൾ കരുതിയത്. സംഗീതപരിപാടി നടക്കുന്നതിനിടെയായിരുന്നു അത്. ആഘോഷത്തിന്റെ ചിറകരിഞ്ഞ് ഒന്നിനു പിറകെ മറ്റൊന്നായി മനുഷ്യർ വെടിയേറ്റുവീണതോടെ ഭീകരാന്തരീക്ഷമായി. അങ്ങനെ അക്രമിയുടെ വെടിവയ്‌പ്പിൽ വീണത് നൂറോളം പേരാണ്. അതിൽ 59 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ റൂട്ട് 91 ഹാർവെസ്റ്റ് ഫെസ്റ്റിന്റെ ഭാഗമായ സംഗീതനിശ അവസാന മണിക്കൂറുകളിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു ആകാശത്തുനിന്നോണം തുടർച്ചയായി വെടിമുഴക്കമെത്തിയത്. ഇക്കാര്യം പൊലീസും കാര്യമായി ആദ്യമെടുത്തില്ല. വെടിവയ്‌പ്പ് തുടങ്ങി ഒരു മണിക്കൂർ 12 മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അപ്പോഴേയ്ക്കും അമേരിക്കയെ നടുക്കിയ ദുരന്തമായി സംഗീത നിശ മാറി. ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമാണ് യുഎസിലെ ലാസ് വേഗസ്.

അമേരിക്കയിൽ ഒരു തോക്കുധാരി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് തിങ്കളാഴ്ച ലാസ് വെഗസ്സിൽ നടന്നത്. ഓർലാൻഡോ നൈറ്റ്ക്ലബിൽ കഴിഞ്ഞ വർഷമുണ്ടായ വെടിവെപ്പിൽ 49 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇത്തവണ കൊല്ലപ്പെട്ടത് 59 പേരാണെന്നതിനു പുറമെ 400ലേറെ പേർക്ക് പരിക്കുമുണ്ട്. 2007ൽ വിർജീനിയയിൽ ദക്ഷിണ കൊറിയക്കാരനായ വിദ്യാർത്ഥി നടത്തിയ ആക്രമണത്തിൽ 32 പേരും 2012ൽ സാൻഡിഹുക്കിൽ 20കാരനായ അമേരിക്കക്കാരന്റെ ആക്രമണത്തിൽ 26 പേരും കൊല്ലപ്പെട്ടിരുന്നു. 1991ൽ ടെക്‌സസ് റസ്റ്റാറന്റിൽ 22 പേരും 2015ൽ സാൻ ബെർനാർഡിനോയിൽ 14 പേരും 2009ൽ ഫോർട് ഹുഡ് സൈനികതാവളത്തിൽ 13 പേരും സമാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അതിനിടെ ലാസ് വേഗസിലെ സംഗീത നിശയുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കാനുമെത്തി. എന്നാൽ ഐസിസിന് ഇതിൽ പങ്കില്ലെന്നാണ് അമേരിക്കൻ പൊലീസ് പറയുന്നത്.

'അക്രമം നടത്തിയത് ഞങ്ങളുടെ 'പോരാളി'യാണെന്ന് ഐസിസ് അവകാശപ്പെട്ടു. മധ്യ പൗരസ്ത്യ ദേശത്ത് ഞങ്ങൾക്കെതിരെ പോരാട്ടം നടത്തുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണിത്. ആ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ അക്രമം' ഐഎസ്‌ഐഎസ് ബന്ധമുള്ള വാർത്താഏജൻസി അമാഖ് റിപ്പോർട്ട് ചെയ്തു. ലാസ് വേഗസിലെ അക്രമി ഏതാനും മാസം മുൻപ് ഇസ്ലാം മതത്തിലേക്ക് മാറിയതാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജ്യാന്തര ബന്ധമുള്ള ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് യുഎസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. എഫ്ബിഐയും ഐഎസിന്റെ വാദം തള്ളിയിട്ടുണ്ട്. ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ കാസിനോയ്ക്കു പുറത്ത് അക്രമം നടത്തിയ ആളിനെ കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു. നെവാഡ സ്വദേശിയായ സ്റ്റീഫൻ ക്രെയ്ഗ് പാഡക്(64) ആക്രമണം നടത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ മതം മാറിയതിന്റെ തെളിവും പൊലീസിന് കിട്ടിയിട്ടില്ല.

അക്രമി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചൂതാട്ടകേന്ദ്രത്തിൽ മുറിയെടുത്തതായാണു കരുതുന്നത്. 32ാം നിലയിലുള്ള ഇയാളുടെ മുറിയിൽ നിന്ന് എട്ടു തോക്കുകൾ കണ്ടെത്തി. 'ലോങ് റൈഫിളുകൾ' ആണ് അന്വേഷണസംഘം കണ്ടെത്തിയത്. അക്രമിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെന്നു സംശയിക്കുന്ന സ്ത്രീയെ പൊലീസ് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ശതകോടീശ്വരനാണ് അക്രമം നടത്തിയത്. സ്വത്ത് സമ്പാദിച്ച് കൂട്ടിയിട്ടും ഒന്നും ചെയ്യാനില്ലെന്ന തോന്നൽ ഇയാളെ അലട്ടിയിരുന്നു. ഈ മാനസിക പ്രശ്‌നമാകാം വെടിവയ്‌പ്പിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് സംശയം. അക്രമിയുടെ നെവാഡയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഐസിസ് ബന്ധം സ്ഥിരീകരിക്കുന്ന തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. വെടിവയ്പുണ്ടായതിനു പിന്നാലെ റിസോർട്ടിൽനിന്ന് ആളുകൾ ചിതറിയോടുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വെടിവയ്പുണ്ടായതിനു പിന്നാലെ സമീപത്തെ ഹോട്ടലുകളിലും മറ്റുമുണ്ടായിരുന്ന ആളുകളെ അവിടെത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിയിട്ടതായി സംഭവസമയത്ത് ഇവിടെയുണ്ടായിരുന്ന രാജൻ ചീരൻ എന്ന മലയാളി ഫേസ്‌ബുക് ലൈവിലൂടെ വ്യക്തമാക്കി.

കൊലയാളി സ്റ്റീഫൻ ക്രെയ്ഗ് പാഡക് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്നാണ് വെളിപ്പെടുത്തൽ. അറുപത്തിനാലുകാരനായ ഇയാൾക്ക് ചൂതുകളി ഹരമാണ്. 'പ്രഫഷണൽ ചൂതാട്ടക്കാരൻ' എന്നാണ് സുഹൃത്തുക്കൾക്കിടയിൽ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ. പൈലറ്റ് ലൈസൻസുമുണ്ട്. നെവാഡയ്ക്കടുത്ത് മെസ്‌ക്വിറ്റിലേക്ക് 2015ലാണ് ഇയാൾ താമസം മാറിയത്. ഇതുവരെ സ്റ്റീഫൻ ക്രെയ്ഗിന്റെ പേരിലുള്ളതാകട്ടെ ഒരു ചെറിയ ട്രാഫിക് നിയമലംഘന കുറ്റം മാത്രം. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്നും എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരൻ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റീഫന്റെ പിതാവ് പാട്രിക് ബെഞ്ചമിൻ പാഡക് 1960-70കളിൽ പൊലീസിനെ ഏറെ കബളിപ്പിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നു. ഒരിക്കൽ ജയിൽ ചാടിയതിനെത്തുടർന്ന് എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ഏതാനും വർഷം മുൻപാണ് പാട്രിക് മരിച്ചത്.

ഒരാഴ്ച മുൻപ് ഫ്‌ലോറിഡയിൽ ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ സ്റ്റീഫൻ അവിടെയുള്ള അമ്മയെ ഫോണിൽ വിളിച്ചിരുന്നു. തനിക്കും മെസേജ് അയച്ചിരുന്നതായി സഹോദരൻ പറയുന്നു. അതായിരുന്നു ഇരുവരും തമ്മിലുള്ള അവസാന ആശയവിനിമയം. ഉൽക്ക വന്നുവീഴും പോലെയാണ് സ്റ്റീഫന്റെ അക്രമണത്തെക്കുറിച്ചുള്ള വാർത്ത കേട്ടതെന്നും എറിക് പറയുന്നു. എന്തും വാങ്ങാനുള്ള പണം തന്റെ സഹോദരന്റെ കയ്യിലുണ്ടായിരുന്നെന്നാണ് എറിക് പറയുന്നത്. എന്നാൽ ഇതെവിടെ നിന്നാണെന്നറിയില്ല. ചൂതുകളിയിൽ നിന്നു ലഭിച്ചതാണെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഫ്‌ലോറിഡയിൽ നിന്ന് മെസ്‌ക്വിറ്റിലേക്കു വന്നതു തന്നെ അത് ചൂതുകളിക്കാരുടെ കേന്ദ്രമായതിനാലായിരുന്നു. വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവർക്കും പ്രിയപ്പെട്ട ഇടമായിരുന്നു മെസ്‌ക്വിറ്റ്. മാത്രവുമല്ല, ലാസ് വേഗസ്സിലേക്ക് ഒരു മണിക്കൂറു കൊണ്ട് വണ്ടിയോടിച്ച് എത്താനും സാധിക്കും. ആഡംബര കപ്പലുകളിലെ ചൂതാട്ടകേന്ദ്രങ്ങളിലും നിത്യസന്ദർശകനായിരുന്നു സ്റ്റീഫൻ. വിവാഹിതനാണെങ്കിലും കുട്ടികളുണ്ടായിരുന്നില്ല.

ഇയാൾ ചൂതാട്ടകേന്ദ്രത്തിൽ മുറിയെടുക്കുമ്പോൾ ഏഷ്യൻ വംശജ മേരിലോ ഡാൻലിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ചൂതാട്ടകേന്ദ്രത്തിലെ ജീവനക്കാരിയാണെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. മെസ്‌ക്വിറ്റിലെ വീട്ടിൽ ഇവർ സ്റ്റീഫനൊപ്പം താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ വെടിവയ്പു സമയത്ത് ഫിലിപ്പീൻസിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. സ്റ്റീഫനെപ്പറ്റി ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്നാണ് മെസ്‌ക്വിറ്റ് പൊലീസ് പറയുന്നത്. അവിടെ ഒരൊറ്റ കേസു പോലുമില്ല. അയൽവാസികൾക്കും സ്റ്റീഫനെപ്പറ്റി നല്ല അഭിപ്രായം. അതിനാൽത്തന്നെ വെടിവയ്പിലേക്ക് നയിച്ചതിനു പിന്നിലെ പ്രകോപനം എന്താണെന്നും പൊലീസിന് തിരിച്ചറിയാനാകുന്നുമില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ 'പോരാളി'യാണ് സ്റ്റീഫൻ എന്നാണ് ഭീകരസംഘടനയുമായി ബന്ധമുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇതു സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ പറയുന്നു.

'നിർത്താതെയുള്ള വെടിവയ്പായിരുന്നു അത്' ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. അപ്പോൾ ഇരുപതിനായിരത്തിലേറേപ്പേർ മൈതാനത്തുണ്ടായിരുന്നു. മുകളിൽനിന്ന് പാഞ്ഞെത്തിയ വെടിയുണ്ടകളിൽനിന്നു മറതേടി നൂറുകണക്കിനാളുകൾ നാലുപാടും ചിതറിയോടി. 'എവിടെനിന്നാണ് അതു വരുന്നതെന്ന് അറിയില്ലായിരുന്നു; എവിടേക്ക് ഓടണമെന്നും' രക്ഷപ്പെട്ടവരിലൊരാൾ പറഞ്ഞു. നഗരത്തിലെ റൂട്ട് 91 ഹാർവെസ്റ്റ് ഫെസ്റ്റിന്റെ ഭാഗമായ സംഗീതനിശ അവസാന മണിക്കൂറുകളിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു ആകാശത്തുനിന്നോണം തുടർച്ചയായി വെടിമുഴക്കമെത്തിയത്. ആവേശം തലക്കുപിടിച്ച ആരോ പടക്കമെറിഞ്ഞതാകാമെന്നാണ് ആൾക്കൂട്ടം ആദ്യം കരുതിയത്.

അതിനിടെ വെടിയേറ്റ് ചോരയിൽ കുളിച്ച് ചുറ്റും പിടഞ്ഞുവീഴുന്നവരുടെ എണ്ണം കൂടിയതോടെ സംഗീതം പെയ്ത സദസ്സ് ആർത്തനാദത്തിലേക്ക് വഴിമാറി. ജാസൺ ആൽഡിയന്റെ പാട്ടുകൾ പൊടുന്നനെ നിലച്ചു. വഴിതേടി ഓടുന്നവർക്കാകട്ടെ, മരണത്തിൽനിന്ന് എവിടെ ഒളിക്കുമെന്നതു മാത്രമായി ചിന്ത. പരിപാടി നടന്ന വേദിയിൽനിന്ന് 400 വാര അകലെയുള്ള ഹോട്ടൽ കെട്ടിടത്തിന്റെ 32ാം നിലയിൽനിന്നായിരുന്നു സ്റ്റീഫൻ പാഡോക് എന്ന 64കാരൻ 10 തോക്കുകളുമായി തുടരെ നിറയൊഴിച്ചത്. ആക്രമിയെ കണ്ടെത്തി പൊലീസ് ഹോട്ടൽ വളഞ്ഞ് മുകളിലെത്തുമ്പോഴേക്ക് എല്ലാം അവസാനിച്ചിരുന്നു. 22000 ആളുകൾ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് വെടിവയ്‌പ്പുണ്ടായത്. ആക്രമണത്തിൽ 400-ൽ അധികം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

അടിയന്തര സാഹചര്യത്തിൽ 911 എന്ന നമ്പറിൽ വിളിച്ചാൽ ഉടൻ പൊലീസ് എത്തേണ്ടതാണ്. എന്നാൽ ഇവിടെ അതുണ്ടായില്ല. ഒരു മണിക്കൂറും 12 മിനിറ്റും എടുത്തു. അതുകൊണ്ട് തന്നെ അക്രമിക്ക് കൂടുതൽ നാശം വിതയ്ക്കാനായി. ആദ്യ വിളിയിൽ തന്നെ പൊലീസ് എത്തിയിരുന്നുവെങ്കിൽ സംഘർഷം ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP