Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക ദുരന്തനിവരാണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ നൽകണം; കേന്ദ്രം തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി; ഹർജികൾ വ്യാഴാഴ്ച പരിഗണിക്കും

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക ദുരന്തനിവരാണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ നൽകണം; കേന്ദ്രം തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി; ഹർജികൾ വ്യാഴാഴ്ച പരിഗണിക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇതുവരെ മരിച്ചവർക്ക് മാത്രമല്ല, ഭാവിയിലെ മരണങ്ങൾക്കും നഷ്ടപരിഹാരം നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരും നഷ്ടപരിഹാരത്തിന് അർഹരാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അഥോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്. നാലുലക്ഷം രൂപ വീതം നൽകാനാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കേന്ദ്രം 50000 രൂപ വീതം സഹായധനം അനുവദിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സഹായധനം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി വ്യാഴാഴ്ച സുപ്രീകോടതി പരിഗണിക്കാനിരിക്കേയാണ് കേന്ദ്രം മാർഗനിർദ്ദേശം സമർപ്പിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്ന് രേഖപെടുത്തിയ മരണങ്ങൾക്ക് മാത്രമേ സഹായം ലഭിക്കൂ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് മരണങ്ങൾക്കും ഈ മാർഗരേഖ പ്രകാരം നഷ്ടപരിഹാരം നൽകും

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാർഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി തയ്യാറാക്കിയത്.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് സഹായ തുക വിതരണം ചെയ്യേണ്ടത്. അത് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ കൈമാറും. സംസ്ഥാന അഥോറിറ്റി തയാറാക്കുന്ന ഫോമിൽ സമർപ്പിക്കുന്ന അപേക്ഷ പരിശോധിക്കുന്നത് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയായിരിക്കും. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീരുമാനം എടുക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് അന്ത്യശാസനം നൽകിയിരുന്നു.

സാമ്പത്തിക സഹായം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അകൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. മരണ സർട്ടിഫിക്കറ്റിൽ കോവിഡ് എന്ന് രേഘപെടുത്താത്തതിൽ തർക്കമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കണമെന്നും മാർഗ്ഗ രേഖയിൽ നിർദേശിച്ചിട്ടുണ്ട്. അഡീഷണൽ ജില്ലാ കളക്ടർ, ചീഫ് മെഡിക്കൽ ഓഫീസർ തുടങ്ങിയവർ അടങ്ങുന്നതാണ് സമിതി. സമിതിയുടെ കണ്ടെത്തൽ പരാതിക്കാരന് അനുകൂലമല്ലെങ്കിൽ കൃത്യമായ കാരണം പരാതിക്കാരനെ ബോധിപ്പിക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

രാജ്യത്ത്, നാലര ലക്ഷത്തോളം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ചില സംസ്ഥാനങ്ങൾ നേരത്തെ തന്നെ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ബിഹാർ 4 ലക്ഷം, മധ്യപ്രദേശ് 1 ലക്ഷം, ഡൽഹി അൻപതിനായിരം എന്നിങ്ങനെയാണ് ധനസഹായം പ്രഖ്യാപിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP