Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം തെളിച്ച വഴിയേ മറ്റുസംസ്ഥാനങ്ങളും; അതിഥി തൊഴിലാളികളെ ബസ് മാർഗ്ഗം അയയ്ക്കണമെന്ന കേന്ദ്രനിർദ്ദേശം അപ്രായോഗികമെന്ന് ആറ് സംസ്ഥാനങ്ങൾ കൂടി; നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് തമിഴ്‌നാടും തെലങ്കാനയും മഹാരാഷ്ട്രയും പഞ്ചാബും ബിഹാറും രാജസ്ഥാനും; രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 1823 പേർക്ക് കോവിഡ്; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു; ‌രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസമെന്ന് കേന്ദ്രസർക്കാർ

കേരളം തെളിച്ച വഴിയേ മറ്റുസംസ്ഥാനങ്ങളും; അതിഥി തൊഴിലാളികളെ ബസ് മാർഗ്ഗം അയയ്ക്കണമെന്ന കേന്ദ്രനിർദ്ദേശം അപ്രായോഗികമെന്ന് ആറ് സംസ്ഥാനങ്ങൾ കൂടി; നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് തമിഴ്‌നാടും തെലങ്കാനയും മഹാരാഷ്ട്രയും പഞ്ചാബും ബിഹാറും രാജസ്ഥാനും; രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 1823 പേർക്ക് കോവിഡ്; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു; ‌രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസമെന്ന് കേന്ദ്രസർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ ബസ് മാർഗം തിരിച്ചു അയക്കണം എന്ന കേന്ദ്ര നിർദ്ദേശം അപ്രായോഗികമാണെന്ന് കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ. പ്രത്യക തീവണ്ടി വേണം എന്നാണ് ഏഴ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. തിരക്കുകൂട്ടാനും സംഘർഷമുണ്ടാക്കാനും അതിഥി തൊഴിലാളികളെ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ ശരിവച്ചായിരുന്നു മറ്റുസംസ്ഥാനങ്ങളുടെയുംം പ്രതികരണം.

തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്രാ, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങൾകൂടി സമാനമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തീരുമാനം വന്നിട്ടുണ്ട്. അവരെ ബസ്സ് മാർഗം തിരിച്ചയക്കണം എന്നാണ് നിർദ്ദേശം. എന്നാൽ, അത് പ്രായോഗികമല്ലെന്നും നോൺസ്റ്റോപ്പ് സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്താൻ റെയിൽവെയോട് നിർദ്ദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേരളത്തിൽ 3.6 ലക്ഷം അതിഥിതൊഴിലാളികളുണ്ട്. അവർ 20,826 ക്യാമ്പുകളിലായാണ് ഇപ്പോൾ കഴിയുന്നത്. അവരിൽ 99 ശതമാനവും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരാണ്. ബംഗാൾ, ഒഡിഷ, ബിഹാർ, യുപി, ആസാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും.

ഇവരെ കൊണ്ടുപോകാൻ സ്‌പെഷ്യൽ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യർത്ഥിച്ചിരുന്നു. ഇത്രയധികം പേരെ ബസ്സ് മാർഗം കൊണ്ടുപോകാൻ പ്രയാസമാണ്. മാത്രമല്ല, യാത്രയ്ക്കിടെ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുമുണ്ട്.ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാൻ. ഓരോ ട്രെയിനിലും മെഡിക്കൽ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും ട്രെയിനിൽ തന്നെ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യാൻ അവസരം ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അവർക്കിടയിൽ ഉണ്ടാകാൻ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘർഷങ്ങളും തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുമായി ബന്ധമുള്ള മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായം തേടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.'
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ബസ്സുകളിൽ ദീർഘദൂരം എത്തിക്കുക പ്രായോഗികമല്ലെന്ന് ഗെഹ്ലോട്ട്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലുധിയാനയിൽ മാത്രം ഏഴ് ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ചൂണ്ടിക്കാട്ടി. പഞ്ചാബിൽ മുഴുവനുമുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ദശലക്ഷങ്ങൾ വരും. കൃത്യമായ കണക്കെടുപ്പ് നടത്തിയിട്ടില്ലെങ്കിലും പഞ്ചാബിലുള്ള കുടിയേറ്റ തൊഴിലാളികളിൽ 70 ശതമാനം പേരും ബിഹാറിൽനിന്ന് ഉള്ളവരാണ്. ഇത്രയധികം തൊഴിലാളികളെ ട്രെയിനിൽ കൊണ്ടുപോകുന്നതാവും സുരക്ഷിതം. ശരിയായ പരിശോധന അടക്കമുള്ളവ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് നടത്താൻ കഴിയുമെന്നും അമരീന്ദർ ചൂണ്ടിക്കാട്ടി.

കേന്ദ്ര നിർദ്ദേശത്തെ എതിർത്ത് തെലങ്കാന സർക്കാരും രംഗത്തെത്തി. 15 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളെ ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റോഡുമാർഗം എത്തിക്കാൻ മൂന്നു മുതൽ അഞ്ച് ദിവസംവരെ വേണ്ടിവരുമെന്ന് തെലങ്കാന മന്ത്രി ടി ശ്രീനിവാസ് യാദവ് പറഞ്ഞു.

അതിഥി തൊഴിലാളികളെ റോഡുമാർഗം വിവിധ സംസ്ഥാനങ്ങളിലെത്തിക്കാൻ മാസങ്ങളെടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ചൂണ്ടിക്കാട്ടി. സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാൻ ലക്ഷക്കണക്കിന് പേരാണ് കാത്തിരിക്കുന്നത്. അവരെയെല്ലാം ബസ്സുകളിൽ നാട്ടിലെത്തിക്കാൻ മാസങ്ങൾതന്നെ വേണ്ടിവരും. അതിനാൽ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കുകയാണ് വേണ്ടത്. സാമൂഹ്യ അകലം ഉറപ്പാക്കാനും തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ട്രെയിനിൽതന്നെ ലഭ്യമാക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയും സമാനമായ നിലപാടാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ഏത് സംസ്ഥാനത്ത് ഉള്ളതിനെക്കാളും അധികം കുടിയേറ്റ തൊഴിലാളികൾ ഉണ്ടാവുക മുംബൈയിലാണെന്ന് മഹാരാഷ്ട്രാ സർക്കാർ പറഞ്ഞു.

ഒറ്റ ദിവസത്തിനിടെ 1823 പേർക്ക് കോവിഡ്

24 മണിക്കൂറിനിടെ രാജ്യത്ത് 1823 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 72 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് നിലവിൽ 34780 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9068 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,151 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസം നൽകുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനമായി ഉയർന്നതായി കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

14 ദിവസം മുൻപ് 13.06 ശതമാനമായിരുന്നു രോഗമുക്തി നേടുന്നവരുടെ തോത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള രാജ്യത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണ്. കോവിഡ് സ്ഥിരീകരിച്ചവരിൽ 3.2 ശതമാനം പേർക്ക് മാത്രമാണ് മരണം സംഭവിച്ചത്. ഇതിൽ തന്നെ 78 ശതമാനം പേരെ മറ്റു ഗുരുതര രോഗങ്ങൾ അലട്ടിയിരുന്നു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസങ്ങളുടെ എണ്ണവും ഉയർന്നു. 11 ദിവസമായാണ് ഉയർന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ 10,000 കടന്നു

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് 583 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 10, 490 ആയി.

ഇന്ന് സംസ്ഥാനത്ത് 27 പേർ മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 450 ആയി ഉയർന്നു. സംസ്ഥാനത്ത് ഇന്നുണ്ടായ മരണത്തിൽ 20 ഉം മുംബൈയിലാണ്. 7,061 പേർക്കാണ് മഹാനഗരത്തിൽ രോഗം പിടിപെട്ടത്. പൂനയിൽ 1,379 പേർക്ക് രോഗം സ്ഥിരീകരിച്ചു. 80 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP