Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെട്ടേറ്റ് വിരൽ അറ്റുപോവാനായ നിലയിൽ പരിചമുട്ടുകളിക്കാർ ആശുപത്രിയിൽ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് സംഘനൃത്തക്കാർ, പുലർച്ചവരെ നീളുന്ന മത്സരങ്ങൾക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കുട്ടികൾ; വേദിക്ക് പുറികിൽ മിനി ക്ലിനിക്ക് ഒരുക്കി സംഘാടകർ; അപ്പീലുകൾ വഴി സ്‌കൂൾ കലോത്സവം താളംതെറ്റുമ്പോൾ കുട്ടികളുടെ ദുരിതം ഇങ്ങനെ

വെട്ടേറ്റ് വിരൽ അറ്റുപോവാനായ നിലയിൽ പരിചമുട്ടുകളിക്കാർ ആശുപത്രിയിൽ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് സംഘനൃത്തക്കാർ, പുലർച്ചവരെ നീളുന്ന മത്സരങ്ങൾക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കുട്ടികൾ; വേദിക്ക് പുറികിൽ മിനി ക്ലിനിക്ക് ഒരുക്കി സംഘാടകർ; അപ്പീലുകൾ വഴി സ്‌കൂൾ കലോത്സവം താളംതെറ്റുമ്പോൾ കുട്ടികളുടെ ദുരിതം ഇങ്ങനെ

കെ വി നിരഞ്ജൻ

കണ്ണൂർ: അപ്പീൽ പ്രവാഹം വഴി 5647 കുട്ടികൾക്ക് കൂടി അധികമായി എത്തിയതോടെ സകലതാളവും തെറ്റിയ സംസ്ഥാന സ്‌കൾ കലോത്സവത്തിൽ കുട്ടികളുടെ ദുരിതം താങ്ങാവുന്നതിലും അപ്പുറം. പുലർച്ചവരെ നീളുന്ന മൽസരങ്ങക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്ക് പിന്നിൽ കാണുന്നത്. ചില കുട്ടികളാവട്ടെ രാവേറെ നീണ്ട മത്സരത്തിന്റെ മേക്കപ്പഴിക്കതെതന്നെ പിറ്റേദിവസം രാവിലത്തെ നൃത്തവേദികളിലേക്ക് ഓടേണ്ടിയും വന്നു.

കഴിഞ്ഞ ദിവസം ഹൈസ്‌ക്കുൾ വിഭാഗം പരിചമുട്ടുകളിൽ വിരലറ്റുപോവാനായ നിലയിൽ കുട്ടികൾക്ക് പരിക്കേറ്റതാണ് കലോത്സവത്തിലെ എറ്റവും ദയനീകമായ സംഭവം. രണ്ടാം വേദിയായ കലക്ട്രേറ്റ്‌മൈതാനിയിലെ 'ചന്ദ്രഗിരി'യിലാണ് പരിചമുട്ട് കളി നടന്നത്. പൊടിപാറുന്ന മത്സരം വേദിയെ പിടിച്ചുകുലുക്കി അരങ്ങേറിയപ്പോൾ ഡ്യപ്‌ളിക്കേറ്റ് വാളിനു മൂർച്ചവന്നത് അത് ദേഹത്തുകൊണ്ട ചോര ഒഴുകിയതും കളിക്കാർ അറിഞ്ഞില്ല. ചോര നിലക്കാത്തര് ശ്രദ്ധയിൽപെട്ട പിന്നണിക്കാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസും ആരോഗ്യവകുപ്പും പാഞ്ഞത്തെി. വേദിയിൽ നിന്ന് നേരെ ആംബുലൻസിൽ കയറ്റി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഓരോ ടീമിന്റെ പരിചമുട്ട് നടക്കുമ്പോഴും മത്സരാർഥികൾക്ക് വെട്ടേറ്റിരുന്നു. പരിക്കേറ്റ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാർത്ഥികളായ ശ്രീഹരി, സഞ്ജയ് മോഹൻദാസ്, അജിൽ ഗോപു എന്നിവരെ ആംബുലൻസിലാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീഹരിയുടെ കൈമുട്ടിനും കാലിന്റെ തുടയിലും വെട്ടേറ്റ് മുറിഞ്ഞു. ശസ്ത്രക്രിയ നടത്തി മുറിവ് തുന്നേണ്ടിയും വന്നു. സഞ്ജയ് മോഹൻദാസിന്റെ വിരൽ വെട്ടേറ്റ് അറ്റുവീഴുന്ന നിലയിലായതിനാൽ തുന്നിച്ചേർക്കാൻ പറ്റാത്ത സ്ഥിതിയാണുണ്ടായത്. തുടർന്ന് പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിൽ ചികിത്സ തേടാൻ ജില്ല ആശുപത്രിയിലെ ഡോക്ടർമാർ കുറിച്ച് നൽകുകയായിരുന്നു.

അജിൽ ഗോപുവിന്റെ വിരലിന്റെ എല്ലിന് ചതവാണ് സംഭവിച്ചത്. കൈക്കും കാലിനും വയറിനും ഉൾപ്പെടെ വെട്ടേറ്റ പരിക്കുകളോടെ പത്തനംതിട്ട തിരുവല്ല എം.ജി.എം എച്ച്.എച്ച്.എസിലെ ദിനിൽ, ഋത്വിക് സ്വാതി എന്നിവരെയും മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ ആഷിക്ക്, സൽമാൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ വിലരിനും കൈക്കും പുറത്തും നിസാരമായി മുറിവേറ്റ നിരവധി വിദ്യാർത്ഥികൾക്ക് കലോത്സവ നഗരിയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചികിത്സ നൽകി വിട്ടയച്ചു. അസ്ഥിക്കും മറ്റും കേട് സംഭവിച്ച വിദ്യാർത്ഥികളുടെ എക്‌സറെയെടുപ്പിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.

വെള്ളിയാഴ്ചപുലർച്ചെ നാലുമണിയോടെ വേദി ഒന്ന് നിളയിൽ അവസാനിച്ച സംഘനൃത്തം മത്സരാർഥികൾക്ക് കൊടിയ പീഡനമായി. മത്സരങ്ങൾക്ക് മുൻപും കഴിഞ്ഞും കുട്ടികൾ കൂട്ടത്തോടെ തളർന്നു വീണു. കലോത്സവത്തിലെ നിറമുള്ള ഇനമായ സംഘനൃത്തം കാണുന്നതിന് പ്രധാന വേദിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്തെിയിരുന്നത്. എന്നാൽ കണക്കൂകൂട്ടൽ തെറ്റിച്ച് അപ്പീലുകളുടെ എണ്ണവും കൂടിയതോടെ മത്സരക്രമം സംഘാടകരുടെ കൈവിട്ടുപോയി. ഇതോടെ മേക്കപ്പുമിട്ട് മണിക്കൂറുകൾ കാത്തിരുന്ന മത്സരാർഥികൾ തളർന്നു വീഴുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിച്ച നാല് മത്സരാർഥികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം കുട്ടികളെ ഡോക്ടർമാർ വേദിക്കരികിലുള്ള മെഡിക്കൽ എയ്ഡ്‌പോസ്റ്റിലത്തെിച്ച് ചികിത്സിച്ചു.

സംഘനൃത്തത്തിന് ഉപയോഗിക്കുന്ന വസ്ത്രവിധാനം കലാപരവും വർണഭംഗിയുമുള്ളതാണെങ്കിലും കടുത്ത ചൂടുണ്ടാക്കുന്നതും ഭാരമുള്ളതുമാണ്. മേക്കപപ് കൂടി ഇടുമ്പോൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പോലും കുട്ടികൾക്ക് സാധിക്കാറില്ല. വേഷഭംഗി നഷ്ടകുമെന്നതിനാൽ പല പരിശീലകരും കുട്ടികൾ വെള്ളം കുടിക്കുന്നത് വിലക്കാറുമുണ്ട്. കഥകളി തുടങ്ങിയ ഇനങ്ങളിലും കുട്ടികളുടെ അവസ്ഥ ഇതാണ്.

ഗ്രീൻപ്രോട്ടോക്കോളടക്കമുള്ളകാര്യങ്ങൾ നല്ലാതണെങ്കിലും ചിലകാര്യങ്ങൾ കുട്ടികൾക്ക് ദോഷമായിരക്കയാണ്.പ്‌ളാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കൊണ്ടുപോവാൻ കഴിയാതായതോടെ കുട്ടികളിൽ പലരും ഏറെ ബുദ്ധിമുട്ടി. മുഖ്യവേദിയിലൊഴികെ മേക്കപ്പിന് മതിയാ സൗകര്യമില്ലാത്തതും പ്രശ്‌നമായി. കുടുസുപോലുള്ള മുറികളാണ് പല ഗ്രീന്റൂമുകളും. രാത്രിയിൽ ഗ്രീന്റൂമിൽ വെളിച്ചമില്ലാത്തതിന്റെ പേരിൽ അദ്ധ്യാപരും രക്ഷിതാക്കളും സംഘാടകരുമായി നിരന്തരം വഴക്കിടുന്നതും കാണാമായിരുന്നു. മൊബൈൽ വെളിച്ചത്തിലാണ് പലരും മേക്കപ്പ് ചെയ്തത്.

ഇന്നലെ നടന്ന ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടുകളിയിൽ വേദിക്കരികിൽ 'ആശുപത്രി' തന്നെയൊരുക്കി. ആശുപത്രി അധികൃതർ ഓരോ മത്സരശേഷവും വേദിക്ക് പിന്നിലേക്ക് ഓടി. മുറിവേറ്റവരെയും കൂട്ടി സദസിൽ ഒരുക്കി താൽക്കാലിക ക്‌ളിനിക്കിൽ ചികിത്സ നൽകിയാണ് വിട്ടത്. ഹയർസെക്കണ്ടറി വിഭാഗ മത്സരം പരിചമുട്ട് കളി അരങ്ങേറിയ കലക്ട്രേറ്റ് മൈതാനി പൂരമ്പറമ്പിന് സമാനമായിരുന്നു .ആവേശവും ചടുലതയും ഒരുമിച്ചപ്പോഴാണ് പലർക്കും ചോരപൊടിഞ്ഞത്.മുറിവുകൾ ഏറെയായപ്പോൾ ഒരു മിനി ക്‌ളിനിക് തന്നെ പരിചമുട്ട് കളിയുടെ സദസിൽ ഒരുങ്ങി. അപ്പീലുകളും മറ്റു ഒഴിവാക്കി സമയത്തിന് മൽസരം നടത്തുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ ഇത് പ്രായോഗികമാവുന്നില്ല. ഫലത്തിൽ കടുത്ത പീഡനമാവുകയാണ് കുട്ടികൾക്ക് ഈ കലോത്സവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP