Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത മഴയിൽ സംസ്ഥാനത്ത് 500 കിലോമീറ്റർ റോഡ് തകർന്നു; 15 പാലങ്ങൾ അപകടത്തിൽ ; ഇടുക്കി ജില്ലയിൽ മാത്രം തകർന്നത് 263 കിലോ മീറ്റർ റോഡ്; 4000 കോടിയുടെ നഷ്ടമുണ്ടെന്ന് വിലയിരുത്തൽ; നിലയ്ക്കാത്ത മഴ സംസ്ഥാനത്തെ പിടിച്ചുലച്ചത് ഇങ്ങനെ

കനത്ത മഴയിൽ സംസ്ഥാനത്ത് 500 കിലോമീറ്റർ റോഡ് തകർന്നു; 15 പാലങ്ങൾ അപകടത്തിൽ ; ഇടുക്കി ജില്ലയിൽ മാത്രം തകർന്നത് 263 കിലോ മീറ്റർ റോഡ്; 4000 കോടിയുടെ നഷ്ടമുണ്ടെന്ന് വിലയിരുത്തൽ; നിലയ്ക്കാത്ത മഴ സംസ്ഥാനത്തെ പിടിച്ചുലച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴ ജന ജീവിതത്തെ പിടിച്ചുലയ്ച്ചിരിക്കുകയാണ്. കേരളത്തിലാതെ 500 കിലോമീറ്റർ വിസ്തൃതിയിൽ റോഡുകൾ തകർന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 263 കിലോമീറ്റർ റോഡും ഇടുക്കി ജില്ലയിലാണ്. 15 പാലങ്ങളാണ് സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ളത്. 3000 കോടി രൂപയാണ് കഴിഞ്ഞ മഴയിൽ സംസ്ഥാനത്ത് നഷ്ടം വിലയിരുത്തിയിരിക്കുന്നത്. ഇത്തവണയുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും 1000 കോടിയുടെ നഷ്ടം വിലയിരുത്തിയിട്ടുണ്ട്. വയനാട്ടിലും ഇടുക്കിയിലും കനത്ത നാശ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ജില്ലകളിൽ നിന്നുമുള്ള പൊതുമരാമത്ത് എൻജിനീയറുമാരുമായി പൊതു മരാമത്ത മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിങ് നടത്തി. മഴ മാറുന്ന സന്ദർഭത്തിൽ റോഡുകളിൽ താൽകാലിക ഗതാഗതത്തിനുള്ള സംവിധാനം ഒരുക്കണമെന്നും മന്ത്രി ജി. സുധാകരൻ നിർദ്ദേശിച്ചിട്ടുണ്ട്. 29 പേരാണ് സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചത്. മാത്രമല്ല നാലുപേരെ കാണാതായിട്ടുമുണ്ട്.

ഓഗസ്റ്റ് 10 വരെയുള്ള കണക്ക് പ്രകാരം 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയുമാണ് മരണപ്പെട്ടത്. മണ്ണിടിച്ചിലിൽ ഇടുക്കിയിൽ 12 പേരും മലപ്പുറത്ത് ആറും, വയനാട്ടിൽ നാലു പേരും, കണ്ണൂരിൽ രണ്ട് പേരും കോഴിക്കോട് ഒരാളും മരിച്ചു. ഇടുക്കിയിൽ രണ്ടു പേരെയും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്കാണ് മഴക്കെടുതിയിൽ പരുക്കേറ്റത്. സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേർ കഴിയുന്നുണ്ട്. ഓഗസ്റ്റ് പത്തിന് വൈകിട്ട് നാലു മണി വെ ലഭ്യമായ വിവരമാണിത്. ആലപ്പുഴയിൽ ആദ്യം പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ ഇപ്പോഴും ജനങ്ങൾ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേർ കഴിയുന്നു. മലപ്പുറത്ത് 13 ക്യാമ്പുകളിൽ 1050 പേർ കഴിയുന്നുണ്ട്. ഇടുക്കിയിൽ പത്ത് ക്യാമ്പുകളിൽ 533 പേരുണ്ട്. കോഴിക്കോട് 848 പേർ പതിനെട്ട് ക്യാമ്പുകളിൽ കഴിയുന്നു. കണ്ണൂരിൽ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരിൽ 13 ക്യാമ്പുകളിൽ 1029 പേർ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേർ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളിൽ 3000 പേരുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്ത് 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചു.

കേരളത്തിന്റെ വടക്ക് ഭാഗത്തും മധ്യഭാഗത്തും 48 മണിക്കൂർ കൂടി അതിശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയച്ചിട്ടുണ്ട്. ഇടുക്കി-ചെറുതോണി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2401.60 അടിയായാണ് കുറഞ്ഞത്. നേരത്തെ നാല് ഷട്ടറുകൾ മിനിമം അളവിൽ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നതിനായി ചരിത്രത്തിലാദ്യമായി അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. രണ്ട് ഷട്ടറുകൾ മിനിമം ലെവലിലും തുടർന്ന് ഇവയടക്കം മൂന്ന് ഷട്ടറുകൾ ഒരോ മീറ്റർ വീതവും ഉയർത്തി ജലം പുറത്തേക്കൊഴുക്കിയിട്ടും ജലനിരപ്പ് താഴാതായതോടെയാണ് അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നത്. അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ സെക്കൻഡിൽ 7,50,000 ലീറ്റർ (750 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുപോകുന്നു.50 സെന്റി മീറ്റർ അളവിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് ആദ്യം ജലം തുറന്നുവിട്ടത്. വെള്ളിയാഴ്ച രാവിലെ മൂന്നുഷട്ടറുകളും 40 സെന്റി മീറ്റർ വീതം അളവിൽ ക്രമീകരിച്ച് തുറന്നുവിട്ടു. എന്നാൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് കുത്തനെ ഉയർത്തിയത്.

ഇപ്പോൾ ഓരോ ഷട്ടറിൽ നിന്ന് ഒരുലക്ഷം ലിറ്റർ വീതമാണ് ഓരോ സെക്കന്റിലും പുറന്തള്ളുന്നത്. ഉച്ചക്ക് രണ്ടുമണിക്ക് ഇടുക്കി ഡാം ജലനിരപ്പ് 2401.72 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. 2400.38 അടിയായിരുന്നു വ്യാഴാഴ്ച പുലർച്ചയിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡ് ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചക്ക് ട്രയൽ റണ്ണായി നാലു മണിക്കൂർ നേരത്തേക്ക് തുറന്ന ഒരു ഷട്ടർ ജലനിരപ്പ് കുറയാത്തതിനാൽ അടച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് തുറന്നത്. 12.30ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോൾ 2399.04 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഇന്ന് രാവിലെ ഏഴുമണിയായപ്പോഴേക്കും 2401.00 അടിയായി വെള്ളം ഉയർന്നതോടെ രണ്ട് ഷട്ടർ കൂടി തുറക്കുകയായിരുന്നു. ഇതോടെ ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇന്നലെ പുറത്തു വിട്ടതിന്റെ മൂന്നിരട്ടി വെള്ളമാണ് ഇന്ന് പുറത്തുവിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്ന് വ്യാഴാഴ്ച തുറന്നു വിട്ടതിന്റെ ഇരട്ടി അളവ് വെള്ളം ഇന്ന് തുറന്നു വിടാനായിരുന്നു കരുതിയിരുന്നത്.

എന്നാൽ സംഭരണ ശേഷിക്ക് അടുത്തെത്തിയതിനാൽ മൂന്നിരട്ടി വെള്ളം തുറന്നു വിടാൻ തീരുമാനിക്കുകയായിരുന്നു. എത്രസമയം ഷട്ടറുകൾ തുറന്നുവെക്കും എന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്ക് മൂലം ചെറുതോണി ബസ്‌സ്റ്റാന്റിന്റെ ഒരു ഭാഗം ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പ്രദേശത്ത് മണ്ണിടിച്ചിലും സാധ്യതയുണ്ട്. നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 26 വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നിരുന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ആണ് ഉയർത്തിയത്. 15 മിനിറ്റ് സമയം കൊണ്ട് ഷട്ടർ 50 സന്റെിമീറ്ററാണ് ഉയർത്തിയത്. അതിനിടെ, ഡാം തുറന്നതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പും ഉയരുന്നുണ്ട്.

സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കി വിടുന്നത്. നാല് മണിക്കൂർ ഷട്ടർ തുറന്നിടാനായിരുന്നു തീരുമാനം. എന്നാൽ, ജലനിരപ്പ് കുറയാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നാല് മണിക്കൂർ കൊണ്ട് 7,200,00 ക്യുബിക് മീറ്റർ (0.72 ദശലക്ഷം ക്യുബിക് മീറ്റർ) ജലം നഷ്ടമാകും. ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറന്നുവിടുന്നത്. 1981 ലായിരുന്നു ആദ്യം. ഇതിന് മുമ്പ് 1992 ഒക്ടോബറിലാണ് തുറന്നത്. അന്ന് ഞായറാഴ്ച രാവിലെ തുറന്ന ഷട്ടർ താഴ്‌ത്തിയത് അഞ്ചാം ദിവസം വൈകുന്നേരം അഞ്ചിനായിരുന്നു. മുമ്പ് രണ്ടു വട്ടവും 2401-2402 നും ഇടയിൽ ജലനിരപ്പ് എത്തിയപ്പോഴായിരുന്നു തുറന്നത്. ഇക്കുറി ആദ്യമായാണ് 2399 അടിയിലെത്തിയപ്പോഴേക്ക് തുറന്നത്. ഇതാദ്യമാണ് മൺസൂൺ മഴയിൽ ഇടുക്കി അണക്കെട്ട് നിറയുന്നതും പരീക്ഷണ തുറക്കലും നടത്തുന്നത്.

യോഗം മാറ്റി വെച്ചതായി അറിയിച്ചു

പൊതുമരാമത്ത് വകുപ്പ് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരദേശ, മലയോര ഹൈവേ അവലോകനയോഗം മാറ്റിവെച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP