Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണമാക്കിയെന്ന മുറവിളിയുമായി സമസ്ത അടക്കമുള്ള സംഘടനകൾ; ചൊടിപ്പിച്ചത് ഇസ്ലാം സ്വീകരിക്കാൻ തഹസിൽദാർക്ക് അപേക്ഷ നൽകണമെന്നും ശരീഅത്ത് ബാധകമാക്കാൻ സമ്മതപത്രം നൽകണമെന്നുമുള്ള വ്യവസ്ഥകൾ; ഉടനടി മുസ്ലിം വ്യക്തിനിയമത്തിൽ ചട്ടങ്ങളിലെ വിവാദനിർദ്ദേശങ്ങളിൽ ഭേദഗതി; പ്രശ്‌നം കൈവിട്ടുപോകും മുമ്പ് വിവാദത്തിൽനിന്ന് തടിയൂരി സർക്കാർ

ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണമാക്കിയെന്ന മുറവിളിയുമായി സമസ്ത അടക്കമുള്ള സംഘടനകൾ; ചൊടിപ്പിച്ചത് ഇസ്ലാം സ്വീകരിക്കാൻ തഹസിൽദാർക്ക് അപേക്ഷ നൽകണമെന്നും ശരീഅത്ത് ബാധകമാക്കാൻ സമ്മതപത്രം നൽകണമെന്നുമുള്ള വ്യവസ്ഥകൾ; ഉടനടി മുസ്ലിം വ്യക്തിനിയമത്തിൽ ചട്ടങ്ങളിലെ വിവാദനിർദ്ദേശങ്ങളിൽ ഭേദഗതി; പ്രശ്‌നം കൈവിട്ടുപോകും മുമ്പ് വിവാദത്തിൽനിന്ന് തടിയൂരി സർക്കാർ

ആവണി ഗോപാൽ

തിരുവനന്തപുരം: മുമ്പ് അനായാസമായിരുന്ന ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണ്ണമാക്കിയെന്ന ആരോപണവുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയടക്കമുള്ള സംഘടനകൾ എത്തിയതോടെ മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചട്ടങ്ങളിലെ വിവാദ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ തടിയൂരി. പുതിയ വിശദീകരണ വിജ്ഞാപനത്തിൽ മുസ്ലീങ്ങൾക്ക് ശരീഅത്ത് നിയമങ്ങൾ ബാധകമാകുന്നതിന് പ്രത്യേകമായ സമ്മതപത്രം ആവശ്യമില്ലെന്ന് വ്യക്താമക്കുന്നുണ്ട്.

വ്യവഹാരങ്ങളിലും ഇടപാടുകളിലും ശരീഅത്ത് നിയമങ്ങൾ ബാധകമാകുന്നതിന് മുസ്ലീങ്ങൾക്കും പ്രത്യേകമായ സമ്മതപത്രം നൽകണമെന്നതുൾപ്പെടെയുള്ള വിവാദ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വിജ്ഞാപനം. നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മുസ്ലിമെന്ന നിലയിൽ വ്യക്തിനിയമം ബാധകമായവർക്കും സത്യവാങ്മൂലം നൽകേണ്ടിയിരുന്നു. മുസ്ലിമാണെന്ന് തെളിയിക്കാൻ മഹല്ല് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റും റവന്യൂ വകുപ്പിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം തഹസിൽദാർമാർക്കാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. സത്യവാങ്മൂലവും വ്യവസ്ഥകളും നിർബന്ധമാക്കുന്ന വിജ്ഞാപനത്തിനെതിരെ മുസ്ലിം സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ഭേദഗതി വരുത്താൻ സർക്കാർ നടപടി സ്വീകരിച്ചത്.

1937ലെ മുസ്ലിം പേഴ്‌സനൽ ലോ അപ്ലിക്കേഷൻ ആക്ട് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം, രക്ഷാകർതൃത്വം, വഖഫ്, വസിയ്യത്ത്, ട്രസ്റ്റ്, ട്രസ്റ്റ് വസ്തു വകകൾ, കാരുണ്യ പ്രവർത്തനം, സ്ഥാപനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ശരീഅത്ത് നിയമമാണ് ബാധകമാകേണ്ടതെന്ന് ആക്ടിൽ രണ്ടാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതിനാൽ വിജ്ഞാപനത്തിലെ രണ്ടാം വകുപ്പിൽ പ്രതിപാദിച്ച വിഷയങ്ങളിൽ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ബാധകമാകുന്നതിന് പ്രത്യേകമായ മറ്റൊരു സമ്മതപത്രം ആവശ്യമില്ലെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ചട്ടങ്ങളിലെ അവ്യക്തത ഒഴിവാക്കാനാണ് വിശദീകരണ വിജ്ഞാപനമിറക്കിയിരിക്കുന്നത്.

നേരത്തെ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് 1937ലെ മുസ്ലിം വ്യക്തിനിയമ ആക്ടിന് ചട്ടങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറായത്. തുടർന്ന് കഴിഞ്ഞ ഡിസംബർ 22ന് പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ് മുസ്ലിം വ്യക്തിനിയമത്തിന് (ശരീഅത്ത്) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഇതനുസരിച്ച് ശരീഅത്ത് ബാധമാകുന്നതിന് ഓരോ വിശ്വാസിയും മുസ്ലിമാണെന്നുള്ള സത്യവാങ്മൂലം രേഖകൾ സഹിതം സമർപ്പിക്കുകയും ഒപ്പം മുസ്ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാൻ താത്പര്യപ്പെടുന്നതായ സമ്മതപത്രവും വേണമെന്ന് നിർദ്ദേശിച്ചിരുന്നു. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചട്ടങ്ങളിലെ വിവാദ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്യണമെന്ന് നേരത്തെ സമസ്ത നേതാക്കൾ മന്ത്രി കെ.ടി. ജലീലിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.

മുമ്പ് അനായാസമായിരുന്നു ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണ്ണമാക്കിയെന്ന ആരോപണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്തെത്തലയത് വലിയ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇസ്ലാം സ്വീകരിക്കണമെങ്കിൽ ഇനി തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം, ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രവും നൽകാം തുടങ്ങിയ വ്യവസ്ഥകളാണ് സംഘടനയെ ചൊടിപ്പിച്ചത്. നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെടുമെന്ന് സമസ്ത പറയുന്നു. ഇതിനെ ഭാഗികമായി അനുകൂലിച്ചു എന്നതിന്റെപേരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ നേർക്കും സമസ്ത നേതാക്കൾ ഉറഞ്ഞു തുള്ളുകയാണ്. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ളവർ പികെ ഫിറോസിനെ വിമർശിച്ച് പോസ്റ്റ് ഇട്ടിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത് മുതൽ പി.കെ.ഫിറോസും ഇ.കെ.വിഭാഗം സുന്നികളം തമ്മിൽ പ്രശ്‌നങ്ങളുണ്ട്. അമിതമായ മതേതര സ്വഭാവം പ്രകടിപ്പിക്കാൻ വേണ്ടി ഫിറോസ് ശ്രമങ്ങൾ നടത്തുന്നുവെന്നതാന്നാണ് സമസ്ത ഇ.കെ.വിഭാഗം നേതാക്കൾ പറയുന്നത്. സംസ്ഥാന സർക്കാർ പുതുതായി കൊണ്ട് വന്ന ശരീഅത്ത് റൂളിന്റെ പശ്ചാത്തലത്തിൽ പി.കെ.ഫിറോസ് നടത്തിയ വാർത്താ സമ്മേളനമാണ് സമസ്തയെ ചൊടിപ്പിച്ചത്. ശരീഅത്ത് റൂളിനെ ചൊല്ലി സമസ്തയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും സമസ്തയുടെ വാദങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാറിന് ഭേദഗതി സമർപ്പിച്ചതെന്നുമാണ് ഫിറോസ് പത്രസമ്മേളനത്തിൽ വിശദീകരിച്ചത്. എന്നാൽ ഇക്കാര്യങ്ങൾ ശരിയല്ലെന്നാണ് സമസ്തയുടെ അഭിപ്രായം.

ഈ വിഷയത്തിൽ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പോസ്ററ് ഇങ്ങനെയായിരുന്നു.

കേരള ഗവൺമെന്റ് പുറത്തിറക്കിയ ശരീഅത്ത് റൂൾ അത്യന്തം അപകടകരമാണ്. ഈ പറയുന്ന ആക്ട് അനുസരിച്ച് താഴെ പറയുന്ന പ്രശ്‌നങ്ങൾ നിലനിൽക്കുന്നു.

1- കേരളത്തിലെ മുഴുവൻ മുസ്സീംകളും ശരീഅത്ത് നിയമം തങ്ങൾക്ക് ബാധകമാകണമെങ്കിൽ പ്രത്യേക രേഖ സർക്കാരിന് സമർപ്പിക്കണം.(കെ.എൻ.എ ഖാദർ എംഎൽഎയുടെ ഹരജിയെ തുടർന്ന് ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർ മാത്രം വിസമ്മതപത്രം നൽകിയാൽ മതി എന്ന് ഭേദഗതി വരുത്തിയിട്ടുണ്ട്.)ഈ ഭേദഗതിയും സുരക്ഷിതമല്ല. ഇസ്സാമിക ശരീഅത്ത് പാലിക്കുന്നതിൽ നിന്ന് യഥേഷ്ടം മുസ്ലിംകൾക്ക് പുറത്ത് പോകാൻ അവസരം നൽകുന്നു. ഒരു വിസമ്മതപത്രം മാത്രം മതി.
താൻ ഉദ്ദേശിക്കുന്നവർക്ക് അനന്തരാവകാശം തടയാൻ തനിക്ക് ഇസ്ലാമിക ശരീഅത്ത് ബാധകമല്ലെന്ന് എഴുതി കൊടുത്താൽ മതി. ശരീഅത്തിൽ നിന്ന് പുറത്ത് പോയ ആൾ ഇസ്സാമിലേക്ക് പിന്നീട് എങ്ങിനെ തിരിച്ച് വരും എന്നതുൾപ്പെടെ നിരവധി സങ്കീർണ്ണമായ പ്രശ്‌നങ്ങളുണ്ട്.

2 ഒരാൾക്ക് ഇസ്ലാം സ്വീകരിക്കണമെങ്കിൽ അയാൾ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. അഥോറിറ്റിക്ക് തൃപ്തികരമാണെങ്കിൽ മാത്രം ഇസ്ലാം സ്വീകരിക്കാൻ അനുമതി നൽകും. ഇല്ലെങ്കിൽ അപേക്ഷ തള്ളും. അഡീഷനൽ ഡിസ്ട്രിക്ട് മജിസ്േ്രടറ്റിന്റെ മുന്നിൽ അപ്പീൽ നൽകാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശമുണ്ട്.ഇസ്ലാം മതാശ്ലേഷണാവകാശം എ ഡി എമ്മിന്റെ തീരുമാനത്തിന് വിധേയമാണ്.

3 - തഹസിൽദാർക്ക് നൽകിയ അപേക്ഷയിൽ മിനിമം നാൽപത്തി അഞ്ച് ദിവസത്തിനകം തീരുമാനമെടുത്താൽ മതി. ഇതിന് രണ്ട് ദോഷമുണ്ട്.
1) 'സർക്കാർ കാര്യം മുറപോലെ' എന്നറിയാമല്ലോ. ഇത്തരം അപേക്ഷകൾ തീരുമാനമാകാതെ മേശപ്പുറത്ത് കിടക്കും.
2) ഈ വിവരം ചോർന്ന് പോകുന്നതോടെ കുടുംബത്തിലെ എതിർപ്പുകാർ രംഗത്ത് വരികയും തഹസിൽദാർക്ക് പരാതി നൽകുകയും ചെയ്യും. വിദ്യഭ്യാസവും തന്റേടവും ഉണ്ടായിട്ടും ഹാദിയ അനുഭവിച്ചത് അറിയാമല്ലൊ.

4 ക്രിസ്തുമതം ഹിന്ദുമതം തുടങ്ങി ഒരു മത വിഭാഗത്തിനുമില്ലാത്ത പ്രത്യേക നിയമം മുസ്ലിംകൾക്ക് മാത്രം അടിച്ചേൽപിക്കുന്നു.
ഒരു നിമിഷം കൊണ്ട് സാധ്യമാകുന്ന ലളിതമായ പ്രക്രിയയാണ് ഇസ്ലാമികാശ്ലേഷണം. ഈ നിയമം മൂലം വിഷയം സങ്കീർണ്ണമാക്കുക മാത്രമല്ല ആഗ്രഹിക്കുന്ന 90% ആളുകൾക്കും ഇസ്ലാമിലേക്ക് വരാൻ സാധിക്കാതെ വരും.

5 നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെട്ടേക്കും.ഈ റൂൾ സമഗ്രമായി പരിഷ്‌കരിക്കണമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സമസ്ത നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഖേദകരമെന്ന് പറയട്ടെ പി.കെ ഫിറോസ് ഈ റൂൾ സ്വാഗതം ചെയ്തിരിക്കയാണ്. ഇസ്ലാമിനനുകൂലമായി ഈ നിയമം പരിഷ്‌കരിക്കുന്നതിന് യൂത്ത് ലീഗ് നേതൃസ്ഥാനം അലങ്കരിക്കുന്ന ഫിറോസിന്റെ നിലപാട് വിഘാതമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ നിയമം ശരി വെച്ച ഫിറോസ് അതിൽ നിന്ന് പിൻവാങ്ങേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മാതൃസംഘടന നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ തന്റെ പ്രസ്താവന അദ്ദേഹം പിൻവലിച്ചേ തീരൂ.ഇതിന് മുമ്പ് വിവാഹ പ്രായ വിഷയത്തിലും മുത്വലാഖ് വിഷയത്തിലും വിദ്യാർത്ഥി യുവജന നേതാക്കൾ സ്വീകരിച്ച നിലപാട് പിന്നീട് ശരീഅത്ത് ഭേദഗതിക്കാർക്ക് സഹായകമായ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലോ.-ഇങ്ങനെയാണ് അമ്പലക്കടവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP