Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

2019 ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും എനിക്ക് കിട്ടി; ഒരുപാട് സന്തോഷം. ഉത്തരവാദിത്തം കൂട്ടുന്ന പുരസ്‌കാരം കൂടിയാണിതെന്ന് പ്രതികരിച്ച് സുരാജ് വെഞ്ഞാറമ്മൂട്; പത്ത് വർഷത്തെ അഭിനയ ജീവിതത്തിൽ തേടിയെത്തിയ അപ്രതീക്ഷിത അംഗീകരമെന്ന് സ്വാസികയും; അവാർഡ് മലയാള സിനിമ മറന്ന ആദ്യ നായിക പി.കെ റോസിക്ക് സമർപ്പിക്കുന്നെന്നും; സിനിമയിൽ ജാതീയ വിവേചനം തുടരുന്നെന്നും പ്രതികരിച്ച് കനി കുസൃതിയും  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത് താരങ്ങളും രംഗത്ത്. 2019 തനിക്ക് ഒരുപാട് നല്ലവേഷങ്ങൾ സമ്മാനിച്ച വർഷമാണെന്ന് സുരാജ് പ്രതികരിക്കുന്നത്. 2019 ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും എനിക്ക് കിട്ടി. ജനം അതു കണ്ടു എന്നതും സന്തോഷമാണ്. ഇപ്പോൾ സർക്കാരും അതിനെ അംഗീകരിക്കുന്നു. ഒരുപാട് സന്തോഷം. ഉത്തരവാദിത്തം കൂട്ടുന്ന പുരസ്‌കാരം കൂടിയാണിത്. വീണ്ടും ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്.

ഇതൊക്കെ ജനങ്ങളിലെത്താൻ ജനജീവിതം സാധാരണ രീതിയിലാവണം. അതുവേഗം ഉണ്ടാകട്ടെ, ജനം തിയറ്ററിലെത്തട്ടെ. ഇപ്പോൾ ഞാനും പൃഥ്വിയും അഭിനയിക്കുന്ന ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവാർഡ് പ്രഖ്യാപിച്ചതോടെ വൻചെലവ് ഇവിടെ വേണ്ടിവരും..' പുരസ്‌കാരപ്രഭയുടെ ചിരി വിടാതെ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. നടി കനി കുസൃതി(ബിരിയാണി). ഫഹദ് ഫാസിൽ മികച്ച സ്വഭാവന നടൻ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വഭാവ നടി സ്വാസിക വിജയ്(വാസന്തി). റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര. മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്). മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അവാർഡ് മലയാള സിനിമ മറന്ന ആദ്യ നായിക പി.കെ റോസിക്ക് സമർപ്പിക്കുന്നു- കനി

മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം നേടിയതിനു പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതിയും രംഗത്തെത്തി. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിക്ക് തന്റെ അവാർഡ് സമർപ്പിക്കുന്നു എന്നാണ് കനി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്.എല്ലാവരും പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവാർഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും കനി പറഞ്ഞു.
'അവസരങ്ങൾ എല്ലാവർക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പർകാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടിൽ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം,'

'ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോൾ ജാതീയപരമായി ആ ഡിസ്‌ക്രിമിനേഷൻ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ആളുകൾക്ക് അവസരം കിട്ടുന്നില്ല എന്ന്,' കനി പറഞ്ഞു.

പത്ത് വർഷത്തെ അഭിന ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം- സ്വാസിക

അതേ സമയം ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാര നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് നടി സ്വാസിക വിജയ്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. പത്ത് വർഷത്തെ അഭിനയജീവിതത്തിനിടയിൽ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത പുരസ്‌കാരത്തെക്കുറിച്ച് ആശംസാ സന്ദേശങ്ങൾക്കിടയിൽ സ്വാസിക മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.'ഒരുപാട് സന്തോഷമുണ്ട് . ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണ്.

ഏതാണ്ട് പത്ത് വർഷത്തോളമായി സിനിമയിലും സീരിയലിലും ഉണ്ട്. ഇതൊട്ടും പ്രതീക്ഷിച്ചതല്ല. ആഗ്രഹമുണ്ടായിരുന്നു. അത് കുറേ നാൾ മുമ്പ് തുടങ്ങിയ ആഗ്രഹമാണ്. അത് സാധിച്ചു. ഒരുപാട് ഒരുപാട് സന്തോഷം അതല്ലാതെ വേറെന്താണ് പറയേണ്ടതെന്ന് അറിയില്ല എനിക്ക്. ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങൾ കിട്ടി എന്നതിലാണ് ഏറെ സന്തോഷം.

ചിത്രത്തിൽ വാസന്തി എന്ന ടൈറ്റിൽ റോളാണ് ഞാൻ ചെയ്തത്. ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ്. വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയാണ് ഈ സിനിമ. പുതുമയുള്ള ആശയമൊന്നുമല്ല എങ്കിലും പെർഫോം ചെയ്യാൻ ധാരാളമുള്ള സിനിമയായിരുന്നു.

ഇപ്പോൾ കിട്ടിയ ഈ അംഗീകാരം വൈകിപ്പോയി എന്നൊന്നും തോന്നുന്നില്ല. ഇതൊരു വലിയ പ്രചോദനമാണ്.' സ്വാസിക പറയുന്നു
ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി.

സ്വാസികയ്ക്ക് പുറമേ സിജു വിത്സൺ, ശബരീഷ് വർമ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്.എം. പത്മകുമാർ ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രമാണ് സ്വാസികയുടെ പുതിയ പ്രോജക്ട്. സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP