Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീരദേശ നിയമം നഗ്നമായി ലംഘിച്ചെന്ന് സുപ്രീംകോടതി ഉൾപ്പെടെ വിധിച്ചിട്ടും മുത്തൂറ്റിന്റെ കാപികോ റിസോർട്ട് പൊളിക്കാതിരിക്കാൻ കരുനീക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി; റിസോർട്ട് പൊളിക്കാനുള്ള തീരദേശ പരിപാലന അഥോറിറ്റിയുടെ നീർദേശം ഒരുവർഷമായി പൂഴ്‌ത്തിവച്ച് പാണാവള്ളിയിലെ റിസോർട്ടിന് സംരക്ഷണം; ഒരേ കോടതിവിധിയിൽ തൊട്ടടുത്ത വാമിക റിസോർട്ട് പൊളിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മുത്തൂറ്റിന്റെ കെട്ടിടം പൊളിക്കാതിരിക്കാൻ കള്ളക്കളി

തീരദേശ നിയമം നഗ്നമായി ലംഘിച്ചെന്ന് സുപ്രീംകോടതി ഉൾപ്പെടെ വിധിച്ചിട്ടും മുത്തൂറ്റിന്റെ കാപികോ റിസോർട്ട് പൊളിക്കാതിരിക്കാൻ കരുനീക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി; റിസോർട്ട് പൊളിക്കാനുള്ള തീരദേശ പരിപാലന അഥോറിറ്റിയുടെ നീർദേശം ഒരുവർഷമായി പൂഴ്‌ത്തിവച്ച് പാണാവള്ളിയിലെ റിസോർട്ടിന് സംരക്ഷണം; ഒരേ കോടതിവിധിയിൽ തൊട്ടടുത്ത വാമിക റിസോർട്ട് പൊളിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മുത്തൂറ്റിന്റെ കെട്ടിടം പൊളിക്കാതിരിക്കാൻ കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വേമ്പനാട് കായൽത്തീരത്ത് പാണാവള്ളിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച് മുത്തൂറ്റ് നിർമ്മിച്ച കാപികോ റിസോർട്ട് പൊളിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി നൽകിയ സ്‌റ്റേ നീക്കാൻ ശ്രമിക്കാതെ സർക്കാരും റിസോർട്ട് ഉടമകളുമായി ഒത്തുകളി. റിസോർട്ട് അനധികൃതമായാണ് നിർമ്മിച്ചതെന്നും ഇത് സർക്കാർ ഏറ്റെടുക്കാനോ പൊളിക്കാനോ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തീരദേശ പരിപാലന അഥോറിറ്റി റിപ്പോർട്ട് നൽകിയെങ്കിലും ഒരു വർഷമായിട്ടും ഇത് കേന്ദ്രസർക്കാരിന് നൽകിയില്ല. ഇതോടെ വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞമാസം കേന്ദ്രസർക്കാർ തീരദേശ പരിപാലന അഥോറിറ്റിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ നിന്ന് പൊളിക്കുന്ന നടപടി സ്റ്റേ ചെയ്യിച്ചുകൊണ്ട് അനുകൂല വിധി കാപികോ റിസോർട്ട് ഉടമകൾ നേടിയെങ്കിലും അത് നീക്കാൻ ശ്രമിക്കാതെ സംസ്ഥാന, കേന്ദ്രസർക്കാരുകൾ ഒത്തുകളിക്കുകയാണിപ്പോൾ.

റിസോർട്ടിന്റെ കാര്യത്തിൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരദേശ പരിപാലന സമിതിയോട് വീണ്ടും റിപ്പോർട്ട് തേടിയതോടെയാണ് ഈ കള്ളക്കളി പുറത്തുവരുന്നത്. അതായത് നേരത്തെ കൊടുത്ത റിപ്പോർട്ട് കിട്ടിയില്ലെന്ന മട്ടിൽ വീണ്ടും റി്‌പ്പോർട്ട് തേടിയതോടെ ഇനിയും സുപ്രീംകോടതിയിൽ റിസോർട്ട് ഉടമകൾക്ക് അനുകൂലമായി ലഭിച്ച സ്‌റ്റേ നീക്കുന്നത് വൈകിപ്പിക്കാനാണ് ശ്രമമെന്ന് തീർച്ചയാകുന്നു.

ഒരു മീറ്റർ പോലും തീരത്തുനിന്ന് അകലം പാലിക്കാതെയാണ് മുത്തൂറ്റിന്റെ റിസോർട്ട് ഉയർന്നത്. 2013ൽ നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും കായൽനിലം പൂർണമായും നികന്നു. സ്വകാര്യഭൂമിക്കൊപ്പം സർക്കാർ പുറമ്പോക്കും കൈയേറി ഒരു ദ്വീപുതന്നെ കാപികോ റിസോർട്ടുകാർ അപ്പാടെ വിഴുങ്ങി. നെടിയത്തുരുത്തിലെ കാപികോ റിസോർട്ടിനൊപ്പം തൊട്ടടുത്ത വെറ്റില തുരുത്തിലെ വാമിക റിസോർട്ടും പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിടുന്നത് 2013ലാണ്. ഇതിന് പിന്നാലെ സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചതോടെ വാമിക റിസോർട്ട് പൊളിച്ചുനീക്കി. എന്നാൽ മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ള കാപികോ റിസോർട്ട് ഇപ്പോഴും അവിടെ തുടരുന്നു.

റിസോർട്ട് പൊളിക്കാതിരിക്കാൻ എല്ലാ അടവും പയറ്റുന്നതിനിടെ നടപടികൾ ഇഴഞ്ഞുനീങ്ങി. ഇതിന് പിന്നാലെയാണ് 2014 ആഗസ്റ്റിൽ കാപികോ റിസോർട്ട് പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതി താൽക്കാലിക സ്‌റ്റേ അനുവദിക്കുന്നത്. കോടതിയിൽ കേസ് റിസോർട്ട് ഉടമകൾക്ക് അനുകൂലമാക്കാൻ സംസ്ഥാനവും കേന്ദ്രവും ഒത്തുകളിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ സ്റ്റേ നീക്കുന്നതിന് സംസ്ഥാനം യാതൊരു നടപടിയും കൈക്കൊണ്ടില്ല.

കാപികോ റിസോർട്ട് വിഷയത്തിൽ ശക്തമായി ഇടപെടുന്നു എന്ന് കാണിച്ചുകൊണ്ട് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത് 2016ലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ തീരദേശ പരിപാലന നിയമം പാലിക്കാൻ തയ്യാറാവുന്നില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊളിച്ചുനീക്കാൻ അനുമതി തേടിയാണ് അന്നും സുപ്രീംകോടതിയിലെത്തിയത്. എന്നാൽ പിന്നീട് ഒന്നും നടന്നില്ല. സ്‌റ്റേ അതേപടി തുടരുമ്പോഴും സംസ്ഥാന തീരദേശ പരിപാലന സമിതിയുടെ റിപ്പോർട്ട് പൂഴ്‌ത്തിവച്ച് റിസോർട്ട് ഉടമകൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുന്നതായാണ് ആക്ഷേപം.

പലതവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് കാപികോ റിസോർട്ട് സംരക്ഷിക്കാൻ നീക്കം നടത്തി. ഇതിനിടെ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയോട് കേന്ദ്രം റിപ്പോർട്ടുകളും മുറയ്ക്ക് തേടി. പത്മ മൊഹന്തി മെമ്പർ സെക്രട്ടറി ആയിരിക്കെ കെട്ടിടം അനധികൃതമാണെന്ന് കാണിച്ച് 2018 ജനുവരിയിൽ വിശദ റിപ്പോർട്ട് തയ്യാറാക്കി. പക്ഷേ, ഒന്നും നടന്നില്ല, ഈ റിപ്പോർട്ട് മുങ്ങിപ്പോയി. കഴിഞ്ഞകൊല്ലം ആഗസ്റ്റിൽ വീണ്ടും ഇതേ നിർദ്ദേശം തീരദേശ അഥോറിറ്റി സംസ്ഥാന സർക്കാരിന് കൈമാറി.

അനധികൃത കെട്ടിടങ്ങൾ നിയമാനുസൃതമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചാണ് കാപികോ അടുത്ത നീക്കം കേന്ദ്രത്തിൽ നടത്തിയത്. ഇതോടെ കേന്ദ്രം വീണ്ടും ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം തേടി. എന്നാൽ മുൻനിലപാടുതന്നെ ആവർത്തിച്ച് വീണ്ടും അഥോറിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അത് ഇതുവരെ സുപ്രീംകോടതിയുടെ മുന്നിൽ എത്തിയില്ല. ഇത്തരത്തിലാണ് മുത്തൂറ്റിന്റെ റിസോർട്ട് സംരക്ഷിക്കാൻ ഒത്തുകളി നടക്കുന്നത്.

റിസോർട്ട് അനധികൃതമാണെന്ന് വ്യക്തമാക്കി തീരദേശ പരിപാലന അഥോറിറ്റി എല്ലാ തെളിവുകളും സഹിതം തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിയിൽ എത്താതെ നോക്കിയാണ് റിസോർട്ടുടമകളെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുന്നതെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. റിപ്പോർട്ട് ഒരു വർഷമായിട്ടും മറച്ചുവച്ചിരിക്കുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സർക്കാരുമാണ് ഇതിന് നടപടി സ്വീകരിക്കേണ്ട്. എങ്കിലേ റിസോർട്ട് പൊളിക്കുന്നതിന് എതിരെ സുപ്രീംകോടതിയിൽ നിന്ന് റിസോർട്ട് ഉടമകൾ സമ്പാദിച്ച സ്റ്റേ നീക്കിക്കിട്ടൂ. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കാതെ റിപ്പോർട്ട് പൂഴ്‌ത്തിവച്ചാണ് അധികൃതർ റിസോർട്ട് ഉടമകളായ മുത്തൂറ്റിനെ സഹായിക്കുന്നത്.

എല്ലാ നിയമവും ലംഘിച്ച പാണാവള്ളിയിലെ റിസോർട്ടുകൾ

തണ്ണീർ മുക്കം ബണ്ടിന് വടക്കുവശത്തായി വരുന്ന പാണാവള്ളി പഞ്ചായത്തിലെ കായൽ തുരുത്തുകളായ നെടിയത്തുരുത്തിലും വെറ്റിലത്തുരുത്തിലുമായാണ് തീരദേശ നിയമം ലംഘിച്ച് വാമിക ഐലൻഡ് റിസോർട്ടും കാപികോ റിസോർട്ടും ഉയർന്നത്. ചെമ്മീൻകൃഷിയും പൊക്കാളികൃഷിയും നടന്നിരുന്ന പ്രദേശത്തെ പൂർണമായും തകർക്കുന്നതായിരുന്നു. ഇത്. മണ്ണും പൂഴിയും നിറച്ച് നികത്തിയതോടെ ഈ മേഖലയുടെ പാരിസ്ഥിതിക ജൈവിക പ്രത്യേകതകളെല്ലാം തകർന്നു. സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിന്റെ അനുമതി തേടിയാണ് അന്ന് ഈ നിർമ്മാണങ്ങളും കായൽ നിലം നികത്തലുമെല്ലാം നടന്നത്. അനുമതി നൽകാൻ അന്ന് പഞ്ചായത്തിന് അനുമതി ഇല്ലാതിരുന്നിട്ടുകൂടി കായൽ നികത്താൻ അനുമതി നൽകുകയായിരുന്നു.

ഇത്തരത്തിൽ ഏറ്റവും പരിസ്ഥിതി ലോലമെന്ന് വിലയിരുത്തപ്പെട്ട സ്ഥലത്ത് റിസോർട്ട് കെട്ടിപ്പൊക്കിയതിന് എതിരെ ജനം രംഗത്തുവന്നു. അനുമതി നൽകിയകാലത്ത് പാണാവള്ള പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഎമ്മാണ്. അന്ന് അത്തരത്തിൽ അനുമതി നൽകാൻ പഞ്ചായത്തിന് അധികാരമില്ലായിരുന്നു. എന്നിട്ടും പഞ്ചായത്ത് സെക്രട്ടറി വി പി ജോസും പ്രസിഡന്റ് പിഎം പ്രമോദും പദ്ധതിക്ക് അനുമജി നൽകി. ഇതിന് പിന്നാലെയാണ് വൻതോതിൽ കായൽ നികത്തൽ നടന്നത്. ഇങ്ങനെ ഊന്നുവല തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതാവുകയും വലിയ പ്രാദേശിക പ്രതിഷേധം റിസോർട്ടുകൾക്ക് എതിരെ ഉയരുകയും ചെയ്തു.

എന്നാൽ ആദ്യം വി എസ് സർക്കാരും പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരും അനങ്ങിയില്ല. എങ്കിലും വിഷയം കോടതിയിലെത്തിയതോടെ ഏഴു ഹർജികൾ പരിഗണിച്ച്, തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനം ഉണ്ടായെന്ന് കണ്ടെത്തി 2013 ജൂൺ 25ന് കേസിൽ ഹൈക്കോടതി വിധിയ പറഞ്ഞു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിർമ്മിച്ചതും തണ്ണീർത്തടം നികത്തിയതും കായൽ കയ്യേവും പരിഗണിച്ച് റിസോർട്ട് മൂന്നു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ജസ്റ്റിസ് കെഎം ജോസഫും ജസ്റ്റിസ് കെ ഹരിലാലും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിപറഞ്ഞു.

2.04 ഏക്കർ കായൽ നികത്തിയതായി ജില്ലാ കലക്ടർ കണ്ടത്തെിയിരുന്നു. രതീഷ് എന്നയാളുടെ നേതൃത്വത്തിൽ ഊന്നിവലത്തൊഴിലാളിയായ 12 പേരും തൈക്കാട്ടുശ്ശേരി മത്സ്യത്തൊഴിലാളി കോൺഗ്രസും ജനസമ്പർക്കസമിതിയും സമർപ്പിച്ച ഹരജികളിലായിരുന്നു കോടതിയുടെ ഉത്തരവ്.

ഇതിനെതിരെ ആ വർഷം സെപ്റ്റംബറിൽ റിസോർട്ട് ഉടമകൾ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. റിസോർട്ട് പൊളിച്ചാൽ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സമാനമായ മറ്റു ഹർജികളും ഇതോടൊപ്പം എത്തി. ഇതോടെ റിസോർട്ട് പൊളിക്കുംമുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

റിസോർട്ട് പൊളിച്ചുമാറ്റാം എന്ന് പഠനം നടത്തിയ സമിതിയും അഭിപ്രായപ്പെട്ടതോടെ റിസോർട്ട് പൊളിക്കാമെന്ന സ്ഥിതിയായി. എന്നാൽ റിസോർട്ട് മാഫിയ വീണ്ടും മുഖ്യമന്ത്രിക്ക് കത്തുനൽകി റിസോർട്ട് പൊളിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. ഇവിടെയാണ് രാഷ്ട്രീയ ഇടപെടലുകൾ റിസോർട്ട് ഉടമകളായ മുത്തൂറ്റിന് വേണ്ടി ശക്തമായി തുടങ്ങുന്നത്. അത് കേന്ദ്രത്തിലും സംസ്ഥാനത്തും ശക്തമായി സ്വാധീനം ചെലുത്തി മുന്നോട്ടുകൊണ്ടുപോകുകയാണ് റിസോർട്ട് ഉടമകളെന്നാണ് ആക്ഷേപം. ഇതിന്റെ ഭാഗമായാണ് റിസോർട്ട് പൊളിക്കുന്നതിന് സുപ്രീംകോടതി നൽകിയ ഇടക്കാല സ്‌റ്റേ നീക്കുന്നതിന് നടപടി സ്വീകരിക്കാതെ സർക്കാർ സ്വീകരിക്കുന്ന ഒളിച്ചുകളി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP