Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

മീൻ പിടുത്തം കഴിഞ്ഞാൽ നേരെ പാലത്തിനടിയിലെ സിമന്റു തറയിലേക്ക്; ലാപ്ടോപ്പും സൗണ്ട് സിസ്റ്റവുമായി അദ്ധ്യാപകരെത്തുമ്പോഴേക്കും തുണിയൊക്കെ വിരിച്ച് പഠിക്കാൻ റെഡിയാവും; പാഠഭാഗങ്ങൾ കേട്ട് പഠിക്കാൻ ആവേശത്തോടെ കുഞ്ഞു കുട്ടികളും; ഇതര സംസ്ഥാനക്കാരായ എട്ടോളം വിദ്യാർത്ഥികൾക്കായി പാലത്തിനടിയിൽ സ്മാർട്ട് ക്ലാസ്; എറണാകുളം സെന്റ് ജോൺ ബോസ്‌കോസ് സ്‌ക്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയുടെ കഥ

മീൻ പിടുത്തം കഴിഞ്ഞാൽ നേരെ പാലത്തിനടിയിലെ സിമന്റു തറയിലേക്ക്; ലാപ്ടോപ്പും സൗണ്ട് സിസ്റ്റവുമായി അദ്ധ്യാപകരെത്തുമ്പോഴേക്കും തുണിയൊക്കെ വിരിച്ച് പഠിക്കാൻ റെഡിയാവും; പാഠഭാഗങ്ങൾ കേട്ട് പഠിക്കാൻ ആവേശത്തോടെ കുഞ്ഞു കുട്ടികളും; ഇതര സംസ്ഥാനക്കാരായ എട്ടോളം വിദ്യാർത്ഥികൾക്കായി പാലത്തിനടിയിൽ സ്മാർട്ട് ക്ലാസ്; എറണാകുളം സെന്റ് ജോൺ ബോസ്‌കോസ് സ്‌ക്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയുടെ കഥ

ആർ പീയൂഷ്

കൊച്ചി: പഠനം ഓൺലൈനിലേക്ക് തിരിഞ്ഞതോടെ സ്മാർട്ട് ഫോണും ടിവിയുമില്ല എന്ന കാരണത്താൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത വാർത്ത പുറത്ത് വന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല. സ്മാർട്ട് ഫോണും ടിവിയും പോയിട്ട് കേറിക്കിടക്കാൻ ഒരു കൂരപോലുമില്ലാത്ത കുട്ടികൾ പഠനം നടത്തുന്നത് പാലത്തിനടിയിലെ സിമന്റ് തറയിലാണ്. സ്‌ക്കൂൾ അദ്ധ്യാപകർ ഇവിടെ എത്തി ഓൺലൈൻ ക്ലാസെടുത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. എറണാകുളം ഗോ ശ്രീ രണ്ടാമത്തെ പാലത്തിനടിയിൽ കഴിയുന്ന കർണ്ണാടക മൈസൂർ സ്വദേശികളായ കുട്ടികളാണ് ഇത്തരത്തിൽ പഠനം നടത്തുന്നത്. ഇവർ പഠിക്കുന്ന ഹൈക്കോടതിക്ക് സമീപമുള്ള സെന്റ് ജോൺ ബോസ്‌കോസ് സ്‌ക്കൂളിലെ അദ്ധ്യാപകരാണ് കുട്ടികൾക്ക് ലാപ്ടോപ്പുമായി ഇവിടെ എത്തി ക്ലാസ്സുകൾ എടുത്ത് സഹായിക്കുന്നത്.

ഓൺ ലൈൻ ക്ലാസ്സുകൾ തുടങ്ങി രണ്ടാമത്തെ ദിവസം മുതലാണ് അദ്ധ്യാപകർ ഇവിടെയെത്തി ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. കർണ്ണാടകയിൽ നിന്നെത്തിയ പത്തിലധികം കുടുംബഗങ്ങളാണ് ഗോ ശ്രീ പാലത്തിനടിയിൽ അന്തിയുറങ്ങി ഉപജീവനമാർഗ്ഗമായ മീൻപിടിച്ച് കഴിയുന്നത്. കുട്ടവഞ്ചിയിൽ കായലിൽ പോയി വലയിട്ട് മീൻ പിടിക്കും. ഇവരുടെ കുട്ടികളായ നാലുപേരാണ് സെന്റ് ജോൺ ബോസ്‌ക്കോ യു.പി സ്‌ക്കൂളിൽ പഠിക്കുന്നത്. തെരുവുവിളക്കാണ് വെളിച്ചം.ഓൺലൈൻ ക്ളാസും ലാപ് ടോപ്പും കേട്ടിട്ടുപോലുമില്ല. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ ഇവർ എങ്ങനെ പഠിക്കും എന്ന ചിന്തയിലായിരുന്നു സ്‌ക്കൂൾ പ്രഥമാധ്യാപിക എലിസബത്ത് ഫെർണാണ്ടസ്. അവർ ഈ വിവരം സ്‌ക്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ അവർ നിർദ്ദേശിക്കുകയും ചെയ്തു.

ഇതോടെ സ്‌ക്കൂളിലെ മറ്റ് അദ്ധ്യാപകരുമായി ഈ വിവരം ചർച്ച ചെയ്യുകയും എല്ലാവരും അനുകൂലിക്കുകയും ചെയ്തു. അങ്ങനെ പ്രഥമാധ്യാപിക എലിസബത്ത് ഫെർണാണ്ടസ് തന്റെ ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളുമായി അദ്ധ്യാപകർക്കൊപ്പം ഇവിടെയെത്തി. പാലത്തിനടയിലെ സിമന്റ് തറ വൃത്തിയാക്കി അവിടെ അദ്ധ്യാപകർ തന്നെ കൊണ്ടു വന്ന ഷീറ്റ് വിരിച്ചു. അതിന് മേൽ കുട്ടികളെ ഇരുത്തി, കൈകൾ സാനിടൈസർ ഉപയോഗിച്ച് വൃത്തിയാക്കി മാസ്‌ക്ക് ധരിപ്പിച്ചു. പിന്നീട് ലാപ്ടോപ്പിൽ പാഠഭാഗങ്ങൾ എടുത്ത് ക്ലാസ് തുടങ്ങി. വിക്ടേഴ്സ് ചാനലിലെ പാഠഭാഗങ്ങൾ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. മുടങ്ങാതെ എല്ലാ ദിവസവും പ്രഥമാധ്യാപികയും ഒരോ അദ്ധ്യാപികയും ഇവിടെയെത്തിയാണ് ക്ലാസെടുക്കുന്നത്.

ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെയാണ് കുട്ടികളെ അന്വേഷിച്ച് ഇവിടെയെത്തിത്. പല സ്ഥലങ്ങളിലും മാറി മാറിയാണ് ഇവർ താമസിക്കുന്നത്. ഇവർക്ക് പഠിക്കാൻ മറ്റ് മാർഗ്ഗമൊന്നുമില്ലാത്തതിനാൽ മാനേജ്മെന്റിനെ ഇക്കാര്യം അറിയിച്ച് അനുവാദം വാങ്ങുകയായിരുന്നു. എല്ലാ പിൻതുണയും നൽകി മാനേജ്മെന്റും അദ്ധ്യാപകരും ഒപ്പമുള്ളതിനാൽ ക്ലാസ്സ് സുഗമമായി ഈ പരിമിത സൗകര്യത്തിലും കൊണ്ടു പോകാൻ കഴിയുന്നുണ്ടെന്ന് പ്രഥമാധ്യാപിക എലിസബത്ത് ഫെർണാണ്ടസ് പറഞ്ഞു.

മാതാപിതാക്കൾക്ക് കുട്ടികളെ പഠിപ്പിക്കണമെന്ന് യാതൊരാഗ്രഹവുമില്ല. അതിനാൽ ഞങ്ങൾ നിർബന്ധിപ്പിച്ചാണ് പഠനം നടത്തുന്നത്. ഇവർ താമസിക്കുന്ന ഇടം വളരെ ദയനീയമായ ചുറ്റുപാടിലാണ്. ഇവിടെ താൽക്കാലികമായി എന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കുട്ടികൾക്ക് പഠിക്കാൻ വലിയ താൽപര്യമാണ് കാട്ടുന്നതെന്ന് സ്‌ക്കൂളിലെ അദ്ധ്യാപിക നീമ തോമസ് പറയുന്നു. ഞങ്ങളുടെ സ്‌ക്കൂളിൽ പഠിക്കുന്നത് യു.പി വിഭാഗത്തിലെ നാലു കുട്ടികൾ മാത്രമാണ്. പക്ഷേ ഇവിടെയുള്ള മറ്റു ചെറിയ കുട്ടികളും പഠനത്തിനായി ചേരുന്നുണ്ട്. അത് വലിയ സന്തോഷം നൽകുന്നുണ്ട്. സ്‌ക്കൂൾ തുറന്നാലും ഇവരെയെല്ലാ സ്‌ക്കൂളിലേക്ക് കൊണ്ടു പോകണമെന്നും നീമ പറയുന്നു.

നേരെ നന്നായി നിൽക്കാൻ പോലും കഴിയാത്തിടത്ത് രണ്ട മണിക്കൂറോളം നിന്ന് എങ്ങനെ ക്ലാസ് എടുക്കാൻ കഴിയുന്നു എന്ന ചോദ്യത്തിന് നീമാ തോമസ് പറഞ്ഞ മറുപടി ഇങ്ങനെയാണ്; ഒരു അദ്ധ്യാപിക എന്ന് പറയുമ്പോൾ ഏത് സാഹചര്യമായാലും തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് നല്ലൊരു പഠനാന്തരീക്ഷം ഒരുക്കുക എന്നതാണല്ലോ. മാത്രമല്ല പഠിക്കുവാനുള്ള അവകാശം എല്ലാവരെയും പോലെ അവർക്കുമുണ്ട്. അതിന് ഒന്നും തടസമാകരുത് എന്നും ഞങ്ങൾ ആഗ്രഹിക്കുന്നതു കൊണ്ടാണ് ഇവിടെയെത്തി പഠിപ്പിക്കുന്നത്.

കുട്ടികൾ ഇത്തരത്തിൽ പഠനം നടത്തുന്നത് ദേശീയമാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. വർഷങ്ങളായി ഇവിടെ താമസിക്കുന്നതിനാൽ ഇവർക്ക് നന്നായി മലയാളെ സംസാരിക്കുവാൻ കഴിയും. ചിലർക്ക മാത്രമേ മലയാളം അത്ര വശമില്ലായ്മയായിട്ടുള്ളൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായി മഴപെയ്യുന്നതിനാൽ പാലത്തിനടിയിൽ വെള്ളക്കെട്ടാണ്. കൂടാതെ അദ്ധ്യാപകർക്ക് ഇവിടെ നിവർന്ന് നിന്ന് പഠനം നടത്താൻ ബുദ്ധിമുട്ടാണ്. ഇവർ നിൽക്കുന്ന തറഭാഗം ചരിച്ച് കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. എങ്കിലും എല്ലാ കഷ്ടപ്പാടും സഹിച്ച് കുട്ടികൾക്ക് മുടങ്ങാതെ ക്ലാസെടുക്കുകയാണ് ഇവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP