Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുന്നാറിൽ 'പുലിമുരുകൻ'... മ്യൂസിയത്ത് 'ഡാഡി ഗിരിജ'! നാലുകാലിൽ ഓടിക്കുമെന്ന രാജേന്ദ്രന്റെ ഭീഷണിയെ ചിരിച്ചു തള്ളി 'കുരിശു കൃഷി' പൊളിച്ചെറിഞ്ഞ ജനകീയൻ; തട്ടുകടയിലെ കട്ടനും കുടിച്ച് അശരണരുടെ കണ്ണീരൊപ്പി സബ് കളക്ടർ തിരിച്ചു പിടിച്ചത് മൂന്നാറിലെ വമ്പന്മാരുടെ കൈയറ്റങ്ങൾ; സർക്കാരിന്റെ കണ്ണിലെ കരടായി മലയിറങ്ങിയെത്തിയത് വേദനയോടെ; ലണ്ടനിലെ പഠനത്തിന് ശേഷം എംബിബിഎസുകാരൻ പറന്നിറങ്ങിയത് ബഷീറിന്റെ ജീവനെടുത്ത അപകടത്തിലും; ശ്രീറാം വെങ്കിട്ടരാമന് തിളക്കമാർന്ന കരിയറിൽ ഒടുവിൽ കറുത്ത ഏട്

മുന്നാറിൽ 'പുലിമുരുകൻ'... മ്യൂസിയത്ത് 'ഡാഡി ഗിരിജ'! നാലുകാലിൽ ഓടിക്കുമെന്ന രാജേന്ദ്രന്റെ ഭീഷണിയെ ചിരിച്ചു തള്ളി 'കുരിശു കൃഷി' പൊളിച്ചെറിഞ്ഞ ജനകീയൻ; തട്ടുകടയിലെ കട്ടനും കുടിച്ച് അശരണരുടെ കണ്ണീരൊപ്പി സബ് കളക്ടർ തിരിച്ചു പിടിച്ചത് മൂന്നാറിലെ വമ്പന്മാരുടെ കൈയറ്റങ്ങൾ; സർക്കാരിന്റെ കണ്ണിലെ കരടായി മലയിറങ്ങിയെത്തിയത് വേദനയോടെ; ലണ്ടനിലെ പഠനത്തിന് ശേഷം എംബിബിഎസുകാരൻ പറന്നിറങ്ങിയത് ബഷീറിന്റെ ജീവനെടുത്ത അപകടത്തിലും; ശ്രീറാം വെങ്കിട്ടരാമന് തിളക്കമാർന്ന കരിയറിൽ ഒടുവിൽ കറുത്ത ഏട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളി യുവാക്കളുടെ ഹീറോ ബിംബങ്ങളിൽ ഒന്നാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരൻ. മൂന്നാറിൽ ആരെയും കൂസാതെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായി നടപടി സ്വീകരിച്ച അന്ന് മുതൽ ശ്രീരാം താരമാണ്. സോഷ്യൽ മീഡിയയിൽ ശ്രീരാം ഫാൻസ് ക്ലബ്ബുകൾ പോലുമുണ്ട്. കുരിശു സ്ഥാപിച്ച് കയ്യേറുന്നവരെ തൊട്ടത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും പൊള്ളി. അതോടെ  ശ്രീരാമിനെ ദേവകുളം സബ്കളക്ടർ സ്ഥാനത്തു നിന്നും മാറ്റി മൂലക്കിരുത്തുകയായിരുന്നു.

മൂന്നാറിലെ പുലിമുരുകൻ എന്നുവരെ വിളിപ്പേര് നേടിയ ശ്രീരാം വെങ്കിട്ടരാമൻ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയിൽ പോലും ഇടം നേടി. അങ്ങനെ കേരളത്തിലെ യുവാക്കൾ ആരാധനാ പുരുഷനായി കണ്ട വിഗ്രഹമാണ് ഇന്ന് ഉടഞ്ഞു വീഴുന്നത്. സർവ്വീസിൽ ഒരിക്കലും തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥൻ റോഡിലെ ആക്‌സിഡന്റിൽ വില്ലനാകുകയാണ്. എത്ര നല്ലതു ചെയ്താലും ഒരു തെറ്റിന് പോലും വലിയ ശിക്ഷ നൽകേണ്ടി വരുമെന്ന പഴമൊഴിയാണ് ഇവിടെ ചർച്ചയാകുന്നതും.

സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു മലപ്പുറം സ്വദേശിയായ കെ എം ബഷീർ. പുലർച്ചെ ഒരുമണിയോടെയായിരുന്നു അമിത വേഗതയിൽ എത്തിയ ശ്രീറാമിന്റെ കാർ ബൈക്കിലിടിച്ച് മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീർ മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വൈദ്യ പരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയുമിരുന്നു. താനല്ല, കൂടെയുണ്ടായിരുന്ന പെൺസുഹൃത്താണ് കാറോടിച്ചതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞത്. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

വഫ ഫിറോസ് എന്ന ഒരു സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറായിരുന്നു ശ്രീറാം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്നതും വഫയായിരുന്നു. ഇതിന് ശേഷം ശ്രീറാമാണ് കാറോട്ടിച്ചതെന്ന് യുവതിയും പൊലീസിന് മൊഴി നൽകി. ഇതോടെ കുടുങ്ങിയത് ശ്രീറാമായിരുന്നു. കേരളം പ്രതീക്ഷയോടെ കണ്ട ഐഎഎസുകാരൻ മദ്യപിച്ച് നാലുകാലിൽ നിൽക്കുന്നത കണ്ട മലയാളികൾ ആകെ ഞെട്ടുകയാണ്. എന്താണ് ഈ സത്യസന്ധനായ ഉദ്യോഗസ്ഥന് സംഭവിച്ചതെന്ന് ആർക്കും പിടിയുമില്ല.

മൂന്നാറിൽ ശ്രീറാം വെള്ളം കുടുപ്പിച്ച ശത്രുക്കളെല്ലാം അതിവേഗം ഒത്തു ചേരുകയാണ്. അതുകൊണ്ട് തന്നെ മദ്യപിച്ച് വാഹനമോടിച്ച് ഒരു പാവപ്പെട്ട ജീവനെടുത്തെന്ന കുറ്റത്തിന് ശ്രീറാമിന് ജയിൽ വാസം ഉറപ്പാണെന്നും സൂചനകളെത്തുന്നു. അങ്ങനെ സോഷ്യൽ മീഡിയ ആവേശത്തോടെ ചർച്ച ചെയ്ത ശ്രീറാമിന് നേരേയും ആരോപങ്ങളുടെ കുന്തമുന നീളും. തന്ത്രങ്ങളിലുടെ അപകടത്തിന്റെ ഉത്തരവാദിത്തം യുവതിയുടെ തലയിൽ ഇട്ടു കൊടുക്കാനും ശ്രമിച്ചു. നിയമത്തിന് വേണ്ടി പോരാടിയെന്ന് ആവേശത്തോടെ വീമ്പിളക്കിയ ഉദ്യോഗസ്ഥനാണ് ഇവിടെ അബന്ധമുണ്ടായത്. അതുകൊണ്ട് തന്നെ നിയമ ലംഘകരായ ശ്രീറാമിന്റെ ശത്രുക്കളും ആവേശത്തോടെ ചർച്ചകളിൽ നിറയുകയാണ്.

മ്യൂസിയത്തിന് മുമ്പിലെ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാമിനെ പൊലീസ് അവിടെയെത്തി ചോദ്യം ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് ഇയാൾ സമ്മതിച്ചുവെന്നാണ് സൂചന. അപകടസംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് തുടക്കത്തിൽ ആരോപണം ഉയർന്നിരുന്നു. അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് ദൃക്‌സാക്ഷികൾ അടക്കം പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.. അതുപോലെ തന്നെ കാറോടിച്ചിരുന്നയാൾ മദ്യ ലഹരിയിലാണെന്ന് വ്യക്തമായിട്ടും രക്ത പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ലെന്നും വിമർശനം ഉയർന്നു. ഇത്തരത്തിൽ പലഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടായ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് ശ്രീറാമിനെ പ്രതിചേർത്ത് കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് മൂന്നാറിലെ നായകൻ മ്യൂസിയത്തിലെ വില്ലനാകുന്നത്.

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെ പൊലീസിന്റെ സാന്നിധ്യത്തിൽ സിപിഎം തടഞ്ഞത് അന്ന് വാർത്തയായിരുന്നു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടർക്ക് സുരക്ഷയൊരുക്കാൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. ദേവികുളം ടൗണിന് സമീപത്തെ കച്ചേരി സെറ്റിൽമെന്റിലെ പത്തുസെന്റ് സ്ഥലം ഒഴിപ്പിക്കാനാണ് സബ്കളക്ടർ അഞ്ചംഗസംഘത്തെ നിയോഗിക്കുന്നത്. ഇവരെ സിപിഎം അംഗവും ദേവികുളം ഗ്രാമപഞ്ചായത്ത് അംഗവുമായ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ തടയുകയും മർദിക്കുകയും ചെയ്തു. സംഘർഷം അറിഞ്ഞ് സ്ഥലത്തെത്തിയ സബ്കളക്ടറോടും സംഘം തട്ടിക്കയറി.

റവന്യു ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടും പൊലീസുകാർ അനുസരിക്കാതെ നോക്കി നിൽക്കുകയായിരുന്നുവെന്ന് സബ്കളക്ടർ പറഞ്ഞു. .ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ഉദ്യോഗസ്ഥർക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിന്നീട് എടുത്തതെല്ലാം ഉറച്ച നിലപാടുകൾ.

മൂന്നാറിലെ 'പുലിമുരുകൻ'

മൂന്നാറിലെ ഇടപെടലാണ് ശ്രീറാം വെങ്കിട്ടരാമനെ താരമാക്കിയത്. ശ്രീറാമിലെ സ്ഥാനത്തു നിന്ന് മാറ്റിയതും തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് ഒതുക്കിയതും മലയാളികൾ ഏറെ ചർച്ചയാക്കി. 'താൻ ഒരു കടുത്ത പരിസ്ഥിതിവാദിയോ വികസന വിരോധിയോ അല്ല. എന്നാൽ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മൂന്നാർ സംരക്ഷിക്കപ്പെടണം. ഇതിനായി കൈയേറ്റത്തോട് സന്ധിയില്ലാ സമരം നടത്തും. നിയമം കർക്കശമായി നടപ്പാക്കും. ഇപ്പോൾ സ്ഥിതി ഗുരുതരമാണ്. പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കിൽ ഇത് മറികടക്കാനാകും. മൂന്നാറിന് പ്രത്യേക പരിഗണന നൽകണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന തരത്തിൽ നമ്മുടെ സമീപനം മാറണം. വിവാദങ്ങൾ ഉണ്ടാകുമ്പോൾ മാത്രം മൂന്നാറിനെ ഓർത്താൽ പോര'-നിയമ സംവിധാനത്തിൽ വിശ്വാസമുള്ള ഒരു യുവ ഐഎഎസുകാരന്റെ ഈ വാക്കുകളെ പ്രതീക്ഷയോടെയാണ് മലയാളി കണ്ടത്.

എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയപ്പോൾ ആരും അത്ഭൂതമൊന്നും പ്രതീക്ഷിച്ചല്ല. പുസ്തക പുഴുവായ പാവം പയ്യനാകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. നാലു കാലിലാകും ഈ ഉദ്യോഗസ്ഥന്റെ മടക്കമെന്ന് സിപിഎം എംഎൽഎ ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും കുലുക്കമില്ല. മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിലും താൻ നിയമം നടപ്പാക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു. അങ്ങനെ മൂന്നാറിലെ സൂപ്പർ ഹീറോയായി ഈ കൊച്ചിക്കാരൻ. പനമ്പള്ളിനഗർ കൃഷ്ണാലയത്തിൽ ഡോ. വി.ആർ. വെങ്കിട്ടരാമന്റെയും രാജം രാമമൂർത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്. ഡോക്ടർ കുപ്പായം അഴിച്ചു വച്ച് ഐഎഎസ് നേടിയത് ജനസേവനത്തിനാണ്. അതു തന്നെയാണ് ഈ മുപ്പതുകാരൻ മൂന്നാറിൽ ചെയ്തതും

2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. എല്ലാം നിയമപ്രകാരമായിരുന്നു. തനിക്ക് മുമ്പിലുള്ള ഫയലുകൾ പഠിച്ചെടുത്ത തീരുമാനം. ഇതിനിടെയിലാണ് രാഷ്ട്രീയ നേതാക്കളുടെ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതും ഒഴിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങളും തുടങ്ങി.

ഇതോടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. പ്രതിഷേധവും സമരവും ശക്തമായി. സബ് കളക്ടറെ കൊണ്ട് മാപ്പു പറയപ്പിക്കുമെന്ന കൊലവിളിയും എത്തി. എല്ലാ കക്ഷികളും ഇവിടെ കളക്ടർക്ക് എതിരാണ്. എന്നിട്ടും ഈ റാങ്കുകാരൻ തളർന്നില്ല. ആവേശം ചോരാതെ താൻ വെറുമൊരു പൂച്ചക്കുട്ടിയല്ലെന്ന് തെളിയിച്ചു. കിട്ടാവുന്ന പിന്തുണയെല്ലാം സമാഹരിച്ചു. ഇതോടെ രാഷ്ട്രീയക്കാരുടെ നീക്കമെല്ലാം പൊളിഞ്ഞു. ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിനെ എതിർത്ത റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ചങ്കൂറ്റം കാട്ടി. ഇതോടെ സബ് കളക്ടർക്ക് ധൈര്യം ഇരട്ടിച്ചു. സ്ഥാനം തെറിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കർഷകസംഘം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇരുപതു ദിവസം സമരം വരെ നടത്തി. വീടുനിർമ്മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങൾക്കും സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ നിലവിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നതായിരുന്നു് ശ്രീറാം വെങ്കിട്ടരാമന്റെ നിലപാട്. മുഖ്യന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലും ഇതെല്ലാം തുറന്നു പറഞ്ഞു. നിയമം നടപ്പാക്കുന്നതിൽ മടികാണിക്കില്ലെന്നും കണ്ണടയ്ക്കില്ലെന്നും വ്യക്തമാക്കി. പക്ഷേ തന്ത്രപരമായി സിപിഎം പിടിമുറുക്കി. ശ്രീറാം വെങ്കിട്ടരാമൻ മൂന്നാറിന് പുറത്താവുകയും ചെയ്തു. അങ്ങനെ പുലിമുരുകൻ ഇമേജുമായി മൂന്നാറിൽ നിന്ന് ശ്രീറാം പടിയിറങ്ങി. ഇപ്പോൾ പുലിമുരുകൻ സിനിമയിലെ വില്ലൻ ഡാഡി ഗിരിജയോടാണ് ശ്രീറാമിനെ സോഷ്യൽ മീഡിയ കണക്ട് ചെയ്യുന്നത്.

ചായ കുടിച്ച് ജനങ്ങളെ കൈയിലടുത്ത ഓഫീസർ

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെക്കുറിച്ച് കൂടൂതൽ അറിയാൻ നേരിൽ കണ്ടു സംസാരിക്കാൻ വേണ്ടിയായിരുന്നു ദേവികുളത്ത് മറുനാടൻ വാർത്താ സംഘം എത്തിയത്. സബ് കളക്ടറുമായി ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ പൈനാവിൽ ഒരു യോഗം കഴിഞ്ഞ് തിരിച്ചുവരികയാണെന്നു മറുപടി. വരുന്നതുവരെ കാത്തുനിൽക്കാൻ തീരുമാനിച്ചു. അരമണിക്കൂർ കഴിഞ്ഞു കാണണം. സബ് കളക്ടർ മടങ്ങിയെത്തിയിരിക്കുമെന്ന ധാരണയിൽ വീണ്ടും ദേവികുളത്തേക്ക്. മൂന്നാർ-പൂപ്പാറ പാതയിൽ ദേവികുളത്തേക്കു തിരിയുന്ന വഴിയിൽ ദാ കിടക്കുന്ന സബ് കളക്ടറുടെ ഔദ്യോഗിക വാഹനമായ കെഎൽ 6 എഫ് 1000 റെനോ ഡസ്റ്റർ.

ഡ്രൈവറോട് ചോദിച്ചപ്പോൾ റോഡിന്റെ മറുവശത്തേക്ക് വിരൽ ചൂണ്ടി മറുപടി ഇങ്ങനെ... ദാ അവിടെ ചായ കുടിക്കുന്നു. റോഡ് മുറിച്ച് കടക്കുന്നതിന് മുമ്പ് തന്നെ സബ് കളക്ടറെ കണ്ടു. റോഡരികിലെ ചായക്കടയ്ക്ക് മുന്നിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ ഒരു സാധാരണ മനുഷ്യനായി ഇരുന്ന് ചായ കുടിക്കുന്നു. ചായക്കടയിലെ തമിഴ് തൊഴിലാളികളോട് കുശലാന്വേഷണം നടത്തുന്നു. ഇടയ്ക്ക് ഇടയ്ക്ക് മൊബൈൽ ഫോണിലേക്ക് കോളുകൾ വരുന്നു. ചായക്കടക്കാരനോട് സംസാരിക്കുന്നതിനിടയിൽ മൊബൈലിലും സംസാരം. സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീറാമിന് ദേവികുളത്തും കുറേയേറെ സുഹൃത്തുക്കളുണ്ടായിരുന്നു. തോട്ടം തൊഴിലാളികൾ മുതലുള്ളവർ. എല്ലാവരോടും ചിരിച്ചും കൈകൊടുത്തും സംസാരം. ഇതായിരുന്നു മൂന്നാറിനെ കൈയിലെടുത്ത ശ്രീറാം വെങ്കിട്ടരാമൻ.

ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ചിത്രങ്ങളെടുത്തോട്ടെ എന്ന ചോദ്യത്തോട് 'എന്നെ കുഴപ്പത്തിലാക്കല്ലേ' എന്ന് ചിരിച്ചുകൊണ്ട് മറുപടി. ചായകുടിച്ചതിന് ശേഷം തൊട്ടടുത്ത ലോട്ടറി സ്റ്റാളിന്റെ മുന്നിൽ നിരത്തിവച്ചിരിക്കുന്നു ലോട്ടറിക്ക് മുന്നിലൂടെ ഒന്നു കണ്ണോടിച്ചു. ഇടയ്ക്ക് ലോട്ടറികളിൽ ഒന്ന് എടുത്ത് നോക്കി. പിന്നീട് ചായയുടെ കാശ് പോക്കറ്റിലെ പേഴ്‌സിൽ നിന്ന് എടുത്ത് നൽകി. അപ്പോഴും ഫോണുകൾ നിർത്താതെ വന്നുകൊണ്ടിരിക്കുന്നു. ഞങ്ങളോട് പിന്നീട് കാണാം എന്ന് പറഞ്ഞ് റോഡ് മുറിച്ച് കടന്ന് ഔദ്യോഗിക വാഹനത്തിന് അടുത്തേക്ക്. ഡ്രൈവർ ഒരു കവർ പാലും വാങ്ങി കാറിനടുത്തേക്കും. അതായിരുന്നു മൂന്നാറിൽ ശ്രീറാം വെങ്കിട്ടരാമൻ.

സബ് കളക്ടർ പോയതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് തമിഴ് സംസാരിക്കുന്ന അവിടുത്തുകാരോട് ഞങ്ങൾ തിരക്കി.'അവങ്ക റൊമ്പ പാവമാണ പെരിയ മനുഷ്യൻ' ചായക്കടയിലെ ചേച്ചി പറയുന്നു. കൂടുതലൊന്നും ചോദിക്കാൻ ഞങ്ങൾ നിന്നില്ല. ആ സ്ത്രീയുടെ സംസാരത്തിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി, ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറിയ വമ്പന്മാരെ വിറപ്പിച്ച കളക്ടർ ഈ നാട്ടുകാർക്ക് എത്രത്തോളം പ്രിയപ്പെട്ടവാനാണ് എന്ന്.

പാപ്പാത്തിചോലയിലെ കുരിശ് പൊളിക്കൽ

ശ്രീറാമിന്റെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിലെ കുരിശ് സ്ഥാപിച്ചുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ വൻകിടക്കാർക്കുള്ള ഓർമ്മപ്പെടുത്തലായിരുന്നു. അതീവ രഹസ്യമായി പുലർച്ച ഓപ്പറേഷൻ നടത്താൻ ശ്രീറാമിനായി. കയ്യേറ്റമാഫിയയയുടെ നിയമ നടപടിയെന്ന ഭീഷണിയും ഫലം കണ്ടില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സമ്മർദ്ദവും ഭീഷണിയും മറികടന്ന് തന്നെയാണ് ശ്രീറാം 2000 ഏക്കർ തിരിച്ചു പിടിച്ചത്. കുരിശ് പൊളിച്ചൂ നീക്കണമെന്ന സബ് കളക്ടറുടെ നിർദ്ദേശത്തെ തടയാനുള്ള കരുത്ത് കളക്ടർക്കും ഉണ്ടായില്ല.ഇതോടെ പാപ്പത്തിചോലയിലെ ആത്മീയ ടൂറിസത്തിന് അന്ത്യവുമായി.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ െകെയേറ്റ മാഫിയയ്‌ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇടനൽകിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. 2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും െകെയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല െകെയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ഇതോടെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന് പുതു ഭാവം വരുന്നത്. സിപിഎം എതിർപ്പ് മനസ്സിലാക്കിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ പിന്നോട്ട് പോയില്ല. ഇത് തന്നെയാണ് ആത്മീയ ടൂറിസത്തിന്റെ മറവിൽ 2000 ഏക്കർ കൈയേറാനുള്ള ശ്രമവും പൊളിക്കുന്നത്.

റിസോർട്ട് മാഫിക്ക് സമാനമായ ഇടപെടൽ തന്നെയാണ് പപ്പാത്തിചോലയിൽ സ്പിരിറ്റ് ഇൻ ജീസസും നടത്തിയത്. മതവിശ്വാസത്തിന്റെ മറവിൽ പ്രാർത്ഥനാലയവും ഉണ്ടാക്കി. കുരിശിനെ കണ്ട് വണങ്ങാനെന്ന തരത്തിൽ വിശ്വാസികളും എത്തി. ഇതോടെ 2000 ഏക്കർ ഭൂമിയെ തൊടാൻ ഇനിയാരും വരില്ലെന്ന് കയ്യേറ്റക്കാർ കരുതി. ഡെപ്യൂട്ടി തഹസിൽദാറുടെ റിപ്പോർട്ട് എല്ലാം മാറ്റി മറിച്ചു. സബ് കളക്ടറുടെ മാനസിക പിന്തുണയിൽ റവന്യൂ ഉദ്യോഗസ്ഥർ ഒരുമിച്ചപ്പോൾ പൊലീസിനും പിന്തുണയ്ക്കേണ്ടി വന്നു. സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞു. ഇങ്ങനെ വഴിതടസപ്പെടുത്തിയ വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ മാറ്റി. അതിന് ശേഷമാണ് കുരിശ് പൊളിച്ച് മാറ്റിയത്്. കുരിശ് പൊളിക്കാൻ ഇറങ്ങി പുറപ്പെട്ടതു മുതൽ സബ് കളക്ടർ മോശക്കാരനായി. എന്തുവന്നാലും നിയമം പാലിക്കുമെന്ന് സബ് കളക്ടർ നിലപാട് എടുത്തതോടെ പരിസ്ഥിതി വാദികളും മൂന്നാറിലെ നാട്ടുകാരും ശ്രീറാമിന് പിന്തുണയുമായെത്തി. കേരളത്തിന്റെ പൊതു സമൂഹവും കൈയടിച്ചു. ഇതോടെ ആത്മീയ ടൂറിസത്തിന്റെ വക്താക്കൾക്ക് പണി കിട്ടി.

അന്യജില്ലകളിൽ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോർട്ടുകളിൽ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂർ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോർട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താൽ റിസോർട്ടുകൾക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികൾ എത്തുന്നതോടെ സർക്കാർ ഭൂമിയിൽ തന്നെ പള്ളി നിർമ്മിക്കാനും ഗൂഢപദ്ധതിയുണ്ടായിരുന്നു. കുരിശ് പൊളിച്ച് മാറ്റാനുള്ള നോട്ടീസും പതിച്ചു. എന്നാൽ കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നായിരുന്നു സ്പിരിറ്റ് ഇൻ ജീസസിന്റെ അവകാശ വാദം. ഡെപ്യൂട്ടി തഹസിൽദാർക്ക് വക്കീൽ നോട്ടീസും അയച്ചു. ഇതോടെ എന്തുവന്നാലും ഉടൻ കുരിശ് മാറ്റുമെന്ന നിലപാടിൽ സബ് കളക്ടറെത്തി.

1988 ൽ സൂര്യനെല്ലിയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞായിരുന്നു സബ് കളക്ടറുടെ ഇടപെടൽ. ആയിരമേക്കർ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിർമ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തിൽ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തിൽ തറ കോൺക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തിൽ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാർ ചെയ്തത്. കുരിശ് സ്ഥാപിച്ചാൽ അത് ദൈവികമാകും. വർഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകൾ തടഞ്ഞു. ഇതോടെയാണ് പ്രശ്നം പ്രശ്നത്തിന് പുതിയ മാനം വരുന്നത്. അന്ന് കൈയേറ്റമൊഴിപ്പിക്കാൻ കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം ഇതു നടന്നില്ല. എന്നാൽ ശ്രീറാമിന്റെ നിശ്ചയദാർഢ്യം എല്ലാ തകർത്തു. ഇതോടെ ദേവികുളത്തെ പുലിമുരുകൻ സോഷ്യൽ മീഡിയയിൽ ഫാൻ ക്ലബ്ബുകളുമായി.

മൂലയ്ക്കിരുത്തിയപ്പോൾ പഠനത്തിന് പറന്നു

2016 ജൂലായ് 22ന് ദേവികുളം സബ് കളക്ടറായി ചാർജെടുത്ത ശ്രീറാം വെങ്കിട്ടരാമൻ 11 മാസത്തിനുള്ളിൽ പലതും ചെയ്തു. റിസോർട്ട് മാഫിയയുടെ കണ്ണിലെ കരടായി. നാട്ടുകാരുടെ പ്രിയങ്കരനും. കുരിശു കൃഷിയും മറ്റും പൊളിച്ച ശ്രീറാം ദേവികുളം ഓഫീസിലെ അവസാനദിവസം ഒപ്പിട്ടത് രണ്ടായിരത്തിലധികം ആദിവാസിക്കുഞ്ഞുങ്ങളുടെ ജനനസർട്ടിഫിക്കറ്റുകളായിരുന്നു. പാതിരാകഴിഞ്ഞും പണിതീരാതെവന്നപ്പോൾ ബാക്കി വ്യാഴാഴ്ച രാവിലെ ഒപ്പിട്ടുതീർത്തു. ദേവികുളം താലൂക്കിലെ ഇടമലക്കുടി, മറയൂർ എന്നിവിടങ്ങളിലെ ആദിവാസിക്കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റ് ലഭിക്കാത്തത് വലിയ പ്രശ്‌നമായിരുന്നു. ജനനസർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനുവേണ്ടി നടത്തിയ ഊർജിത യജ്ഞത്തിന്റെ ഫലമായി 'ട്രൈബൽ പ്രൊമോട്ടർമാർ' നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം ജനനസർട്ടിഫിക്കറ്റുകൾ നൽകിയത്.

ദേവികുളത്ത് ശ്രീറാം കാട്ടിയത് അൽഭുതങ്ങളായിരുന്നു. പതിനൊന്ന് മാസത്തിനിടെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈയേറിയ മുന്നൂറോളം ഏക്കർ ഭൂമിയാണ് പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടിയത്. ഇതിൽ വിവാദ വെള്ളൂക്കുന്നേൽ കുടുംബം കൈയേറിയ പാപ്പാത്തിച്ചോലയിലെ 200 ഏക്കർ ഒഴിപ്പിച്ചെടുത്തതും അവിടെയുണ്ടായിരുന്ന കുരിശ് പൊളിച്ചതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പള്ളിവാസൽ വില്ലേജിലെ ലക്ഷ്മിയിൽ 18 ഏക്കറും ചിന്നക്കനാലിലെ ആദിവാസി പുനരധിവാസത്തിനായി മാറ്റിവെച്ച 13 ഏക്കറും സ്വകാര്യ വ്യക്തികളിൽനിന്ന് തിരികെപ്പിടിച്ചു. പൂപ്പാറ വില്ലേജിൽനിന്ന് ഹാജിര അലിയുടെ 70 സെന്റ് സ്ഥലത്തിന്റെ പട്ടയാവകാശം നിയമവിരുദ്ധമെന്നുകണ്ട് റദ്ദ് ചെയ്തു. കോൺഗ്രസ് നേതാവായ വി.വി.ജോർജിന്റെ കെ.ഡി.എച്ച്. വില്ലേജിലെ ലൗ ഡെയിൽ ഹോംസ്റ്റേയും 22 സെന്റും റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തി. ഒഴിപ്പിക്കൽ നടപടി തുടങ്ങിയെങ്കിലും പൂർത്തിയാക്കുന്നതിനുമുമ്പ് സബ്കളക്ടർ രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്ന് സ്ഥലംമാറ്റപ്പെടുകയായിരുന്നു. അങ്ങനെ എ്ംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡയറക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എത്തി.

ഈ ഒതുക്കലിന്റെ വേദന മാറ്റാനാണ് യുകെയിൽ ഉപരിപഠനത്തിന് പോയത്. പൂർത്തിയാക്കി തിരിച്ചു വന്നപ്പോഴും ശ്രീറാമിന് ചുമതല നൽകിയില്ല. കഴിഞ്ഞ ദിവസമാണ് റവന്യൂമന്ത്രിയുടെ പ്രത്യേക താൽപ്പര്യത്തിൽ സർവ്വേ ഡയറക്ടറായത്. ഇതിനിടെയാണ് ശ്രീറാമിനെ വില്ലനാക്കി അപകടമെത്തുന്നത്. മ്യൂസിയത്തിലെ ശ്രീറാമിന്റെ രക്തപരിശോധന ഫലം കൂടി പുറത്തുവന്നാലെ കേസിന്റെ ഗതി എങ്ങനെയാകുമെന്നാണ് കണ്ടറിയാൻ കഴിയൂ.

മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കണ്ടെത്തിയാൽ ജാമ്യമില്ലാത്ത വകുപ്പാണ്. പുതിയ ട്രാഫിക് നിയമം അനുസരിച്ച് കടുത്ത ശിക്ഷ തന്നെയാണ് പ്രതികൾക്ക് ലഭിക്കുക. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായാൽ സെക്ഷൻ 304 പ്രകാരം കേസെടുക്കേണ്ടിവരും. എന്നാൽ മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ 304(എ) പ്രകാരമായിരിക്കും കേസ്. ഈ വകുപ്പ് ചേർത്താൽ സ്റ്റേഷൻ ജാമ്യമോ കോടതിയിൽ നിന്നുള്ള ജാമ്യമോ ലഭിക്കാൻ സാധ്യത ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP