Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ആരോപിക്കുന്ന കുറ്റങ്ങളൊന്നും താൻ ചെയ്തിട്ടില്ല; നരഹത്യാകുറ്റം നിലനിൽക്കില്ല, എല്ലാം മാധ്യമസൃഷ്ടിയാണ്! താൻ മദ്യപിച്ചിട്ടില്ല; അപകടത്തിൽ തനിക്കും ഗുരുതര പരിക്കുണ്ട്, ഇടതുകൈയ്ക്ക് പൊട്ടലുണ്ട്; ഉത്തരവാദിത്തമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്; രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി; നാളെ പരിഗണിക്കുന്ന ജാമ്യ ഹർജിയിലെ ശ്രീരാം വെങ്കിട്ടരാമന്റെ വാദങ്ങൾ ഇങ്ങനെ

പൊലീസ് ആരോപിക്കുന്ന കുറ്റങ്ങളൊന്നും താൻ ചെയ്തിട്ടില്ല; നരഹത്യാകുറ്റം നിലനിൽക്കില്ല, എല്ലാം മാധ്യമസൃഷ്ടിയാണ്! താൻ മദ്യപിച്ചിട്ടില്ല; അപകടത്തിൽ തനിക്കും ഗുരുതര പരിക്കുണ്ട്, ഇടതുകൈയ്ക്ക് പൊട്ടലുണ്ട്; ഉത്തരവാദിത്തമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്; രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി; നാളെ പരിഗണിക്കുന്ന ജാമ്യ ഹർജിയിലെ ശ്രീരാം വെങ്കിട്ടരാമന്റെ വാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് കൊലപ്പെടുത്തി കേസിൽ ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പൊലീസ് തന്നെ ഊർജ്ജിതമായി നടക്കുകയാണ്. കേസിലെ പ്രാഥമിക തെളിവുകൾ എല്ലാം തന്നെ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. ശ്രീരാം മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. റിമാൻഡിൽ കഴിയുന്ന ശ്രീരാം ഇതോടെ കേസിൽ ജാമ്യം ലഭിക്കാനുള്ള വഴികൾ തേടുകയാണ് ചെയ്യുന്നത്.

ജാമ്യഹർജിയിൽ രാഷ്ട്രീയകാര്യം അടക്കം സൂചിപ്പിക്കുന്നുണ്ട് ശ്രീരാം വെങ്കിട്ടരാമൻ. നാളെയാണ് ശ്രീരാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ള ജാമ്യാപേക്ഷയിൽ മാധ്യമങ്ങൾ പറയുന്നതുപോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ട്. മദ്യപിച്ചിട്ടില്ല. അപകടത്തിൽ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്.

ഉത്തരവാദിത്തമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി. സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാനായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്ട്രേട്ട് എസ് ആർ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ മജിസ്ട്രേട്ട് സ്വീകരിച്ചില്ല. തിങ്കളാഴ്ച കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി എസ് ഭാസുരേന്ദ്രൻ നായർ, ആർ പ്രവീൺകുമാർ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരായത്. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ സെല്ലിലാണ് ശ്രീറാം. മെഡിക്കൽ കോളജിൽ തടവുകാരെ പാർപ്പിക്കുന്നതാണ് ഈ

സെൽ. അപകടത്തെ തുടർന്ന് സ്വന്തം താത്പര്യപ്രകാരം സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റായ ശ്രീറാമിനെ വൈകുന്നേരം അഞ്ചോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ജുഡീഷൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശ്രീറാമിനെ ജില്ലാ ജയിലിലേക്കു മാറ്റാൻ മജിസ്‌ട്രേറ്റ് എസ്.ആർ അമൽ നിർദ്ദേശം നൽകുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് നിർദേശിച്ചത്.

വൈകുന്നേരം ആറരയോടെ ജില്ലാ ജയിലിലെത്തിച്ച ശ്രീറാമിനെ ജയിലിലെ ഡോക്ടർ പരിശോധിക്കുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്ക് മാറ്റുകയുമായിരുന്നു. അപകടം നടന്നതു മുതൽ ശ്രീറാമിനെ രക്ഷിക്കാൻ നടത്തിയ ഒത്തുകളി നാടകങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വിവാദമായി മാറിയതോടെയാണ് പൊലീസ് സത്വര നടപടികളിലേക്കു കടക്കാൻ നിർബന്ധിതരായത്. ഡോക്ടർ കൂടിയായ ശ്രീറാമിന് സ്വകാര്യ ആശുപത്രിയിൽ ശീതീകരിച്ച മുറിയും ടിവിയും ഇന്റർനെറ്റും ഫോണും അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ അവസരം നൽകിയിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ റിപ്പോർട്ട് നെഗറ്റീവാണെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണു സൂചന. പത്തു മണിക്കൂറിനു ശേഷം ശേഖരിച്ച രക്തസാമ്പിൾ കെമിക്കൽ എക്‌സാമിനേഷൻ ലാബിലാണ് പരിശോധനയ്ക്ക് അയച്ചത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നു തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് രക്ത സാമ്പിൾ പരിശോധനയ്‌ക്കെടുത്തത്.

അപകടം നടന്ന സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നുമാണ് സാക്ഷികൾ മൊഴി നൽകിയിരുന്നു. ശ്രീറാമിടൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസും ഇക്കാര്യം മൊഴി നൽകിയിരുന്നു. എന്നാൽ അപകടശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിന്റെ രക്തം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നില്ല. അതേസമയം, മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി ഡോക്ടർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം രക്തം പരിശോധനക്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഉച്ചയോടെയായിരുന്നു രക്തം പരിശോധനയ്‌ക്കെടുത്തതും ലാബിലേക്ക് അയച്ചതും. അപകടം നടന്ന് പത്തുമണിക്കൂറോളമായ ശേഷമായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP