Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലയ്‌ക്കേറ്റ ആഘാതമല്ലാതെ മറ്റുമുറിവുകൾ ശ്രീതുവിന്റെ ശരീരത്തിൽ ഇല്ല; സഹോദരൻ അയ്യപ്പനും വലത് കാൽമുട്ടിൽ ചെറിയ പരിക്ക് മാത്രം; കാട്ടുപൂച്ച കുറുകെ ചാടിയപ്പോൾ ഉണ്ടായ സ്‌കൂട്ടർ അപകടത്തിന്റെ ആഘാതം കൂട്ടിയത് ശ്രീതു വശത്തേക്ക് തിരിഞ്ഞിരുന്നത്; സഹോദരൻ വാഹനം ഓടിച്ചിരുന്നത് വളരെ പതുക്കെ; അടൂരിൽ കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയറുടെ മരണത്തിന് കാരണം അമിതവേഗം അല്ലെന്ന് പൊലീസ്

തലയ്‌ക്കേറ്റ ആഘാതമല്ലാതെ മറ്റുമുറിവുകൾ ശ്രീതുവിന്റെ ശരീരത്തിൽ ഇല്ല; സഹോദരൻ അയ്യപ്പനും വലത് കാൽമുട്ടിൽ ചെറിയ പരിക്ക് മാത്രം; കാട്ടുപൂച്ച കുറുകെ ചാടിയപ്പോൾ ഉണ്ടായ സ്‌കൂട്ടർ അപകടത്തിന്റെ ആഘാതം കൂട്ടിയത് ശ്രീതു വശത്തേക്ക് തിരിഞ്ഞിരുന്നത്; സഹോദരൻ വാഹനം ഓടിച്ചിരുന്നത് വളരെ പതുക്കെ; അടൂരിൽ  കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയറുടെ മരണത്തിന് കാരണം അമിതവേഗം അല്ലെന്ന് പൊലീസ്

ആർ പീയൂഷ്

കൊല്ലം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് മരിച്ച കെ.എസ്.ഇ.ബി വനിതാ സബ് എൻജിനീയർ ടി.എസ്. ശ്രീതു (32) ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് പത്തനംതിട്ടയിലെ ഓഫീസിലേക്ക് ടൂവീലറിൽ യാത്ര ചെയ്തു വന്നിരുന്നത്. ദീർഘ ദൂരം വാഹനം ഓടിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് സഹോദരൻ അയ്യപ്പനോ, ഭർത്താവ് സുഭാഷ് കുമാറോ ആയിരുന്നു ചവറയിൽ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടു വന്നിരുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും ലീവുള്ള ദിവസങ്ങളിലായിരുന്നു സുഭാഷ് ചവറയിലെത്തിയിരുന്നത്. തിരികെ പോകുന്നത് വരെ ഭാര്യയെ പത്തനംതിട്ടയിൽ കൊണ്ടാക്കുകയും അവിടെ തന്നെ തങ്ങി വൈകിട്ട് തിരികെ കൊണ്ടു വരികയുമായിരുന്നു. സുഭാഷ് തിരികെ പോകുമ്പോൾ ഈ ദൗത്യം സഹോദരൻ അയ്യപ്പനായിരുന്നു ഏറ്റെടുത്തിരുന്നത്. ശ്രീതു അപകടത്തിലാകുന്നതിന്റെ തലേന്ന് സുഭാഷായിരുന്നു ഓഫീസിലേക്ക് കൊണ്ടു പോയതും തിരികെ കൊണ്ടുവന്നതും.

രാവിലെ എട്ടു മണിയോടെയാണ് ചവറയിൽ നിന്നും ശ്രീതുവും അയ്യപ്പനും യാത്ര തിരിക്കുന്നത്. അടൂർ പിന്നിട്ട് ആനന്ദപ്പള്ളി ജങ്ഷന് സമീപം വച്ച് കാട്ടു പൂച്ച കുറുകെ ചാടുകയായിരുന്നു. വളരെ പതുക്കെയായിരുന്നു അയ്യപ്പൻ സ്‌ക്കൂട്ടർ ഓടിച്ചിരുന്നത്. പൂച്ചയെ ഇടിച്ച് ഇരുവരും റോഡിന്റെ വലതു വശത്തേക്ക് വീഴുകയായിരുന്നു. വശത്തേക്ക് തിരിഞ്ഞിരുന്ന ശ്രീതു പിന്നിലേക്ക് തലയിടിച്ചാണ് വീണത്. ഇടിയുടെ ആഘാതത്തിൽ തന്നെ ബോധം പോയിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ട്പ്പെട്ടിരുന്നു. തലക്കേറ്റ ആഘാതമല്ലാതെ മറ്റു മുറിവുകളൊന്നും തന്നെ ശ്രീതുവിന്റെ ശരീരത്തിലില്ലായിരുന്നു. അതിനാൽ തന്നെ അമിത വേഗത്തിലല്ല സ്‌ക്കൂട്ടർ പോയിരുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. വേഗത്തിൽ പോകുകയായിരുന്നെങ്കിൽ റോഡിൽ വീണ് നിരങ്ങി നീങ്ങി ശരീരത്തിൽ മുറിവുണ്ടാകേണ്ടതാണ്. അയ്യപ്പന് വലതു കാൽമുട്ടിലെ അൽപ്പം തൊലി ഉരഞ്ഞ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധരിച്ചിരുന്ന ഹെൽമെറ്റ് തലയിൽ നിന്നും ഊരിപോയിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നുണ്ട്.

ചവറ ശങ്കരമംഗലം സക്കൂളിലെ പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം കൊട്ടിയം പോളിടെക്നിക്കിലാണ് പഠിച്ചിരുന്നത്. അവിടെ നിന്നും കോഴ്സ് കഴിഞ്ഞയുടൻ കെ.എസ്.ഇ.ബിയുടെ സബ്.എഞ്ചിനീയർ ടെസ്റ്റ് എഴുതുകയായിരുന്നു. പിന്നീട് ചവറ എൻ.എസ്.എൻ.എസ്.എം പ്രൈവറ്റ് ഐ.ടി.ഐയിൽ ട്യൂട്ടറായി ജോലി നോക്കി. കെ.എസ്.ഇ.ബിയിലേക്ക് എഴുതിയ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനായി ഹൈക്കോടതിയിൽ നിയമ പോരാട്ടവും നടത്തി. ഇതിനിടയിൽ വാട്ടർ അഥോറിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലേക്ക് എഴുതിയ പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും നിയമന ഉത്തരവ് ലഭിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഗർഭിണിയായിരുന്നതിനാൽ ജോലിയിൽ പ്രവേശിച്ച് അന്ന് തന്നെ പ്രസവാവധിയിലേക്ക് കടക്കുകയായിരുന്നു. പ്രസവം കഴിഞ്ഞപ്പോഴേക്കും ഹൈക്കോടതി വിധി അനുകൂലമായി വരികയും കെ.എസ്.ഇ.ബി സബ്.എഞ്ചിനീയർ തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിച്ചു. അങ്ങനെ വാട്ടർ അഥേറിറ്റിയിലെ ജോലി രാജിവച്ച് കെ.എസ്.ഇബിയിൽ ചുമതലയേൽക്കുകയായിരുന്നു.

നിയമനം പത്തനംതിട്ടയിലേക്കായിരുന്നു. ആദ്യമൊക്കെ പൂവാറിലെ ഭർതൃവട്ടിൽ നിന്നുമായിരുന്നു പോയിരുന്നത്. ദൂരക്കൂടുതലായതിനാൽ പോയി വരാനുള്ള സൗകര്യത്തിനായി ചവറയിലെ വീട്ടിലേക്ക് താമസം മാറ്റി. അവധിയുള്ളപ്പോൾ ശ്രീതു പൂവാറിലേക്കും ഭർത്താവ് സുഭാഷ് ചവറയിലേക്കും പോയി വരികയായിരുന്നു. ഒന്നര വയസ്സുകാരൻ ശിവേദ് ശ്രീതുവിനൊപ്പം ചവറയിലായിരുന്നു. തൈറോയിഡിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ ദൂരം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ വീടിനടുത്തേക്ക് ട്രാൻസ്ഫർ കിട്ടാനായി അപേക്ഷിച്ചിരുന്നു. ഒരു വർഷത്തിനകം ട്രാൻസ്ഫർ നൽകാമെന്ന് പറഞ്ഞു എങ്കിലും പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു. ഇതോടെ ചവറയിൽ തന്നെ താമസം തുടരാൻ തീരുമാനിക്കുകയും മൂത്ത മകൾ തീർത്ഥയെ കൊല്ലം ഇൻഫന്റ് ജീസസ് സ്‌ക്കൂളിൽ ഈ വർഷം അഡ്‌മിഷനെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് മരണം സ്‌കൂട്ടർ അപകടത്തിന്റെ രൂപത്തിലെത്തിയത്.

ഇന്നലെ രാവിലെ 9.10ന് അടൂർ തട്ട പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംക്ഷനു സമീപത്തായിരുന്നു അപകടം. ആനന്ദപ്പള്ളി ജംക്ഷനു സമീപത്തുള്ള ഇറക്കം ഇറങ്ങിവരുമ്പോഴാണ് കാട്ടു പൂച്ച കുറുകെ ചാടിയത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു. ഈ സമയം തലയിടിച്ച് റോഡിലേക്ക് വീണു ശ്രീതുവിന് ഗുരുതര പരുക്കേറ്റു. അതുവഴി വന്ന കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. വിധു സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിൽ കയറ്റി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് ഏഴരമണിയോടെ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് പൊഴിയൂരിലെ വീട്ടിൽ സംസ്‌ക്കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP