Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ശ്രീറാമിനെ അങ്ങനെ വെറുതെ വിടില്ല, ഇപ്പോൾ നാടാണ് ജനതയാണ് വലുത് തത്ക്കാലം വിട്ടേക്ക് അവനെ വിട്ടേക്ക്;' ശ്രീറാമിനെ അനുകൂലിച്ച് വാട്‌സാപ്പ് ഗ്രൂപ്പിൽ മാതൃഭൂമി ചാനലിലെ ഷമ്മി പ്രഭാകർ പോസ്റ്റിട്ടപ്പോൾ ഇവനാര് എന്ന ചോദ്യവുമായി മുതിർന്ന മാധ്യമപ്രവർത്തകർ; സ്വയം ലെഫ്റ്റ് അടിച്ച് ഷമ്മിയുടെ പിന്മാറൽ; സർക്കാർ തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബഷീറിന്റെ കുടുംബവും; ശ്രീറാം വൈങ്കിട്ടരാമന്റെ നിയമനത്തോടെ ഇനി എന്ത് എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ

'ശ്രീറാമിനെ അങ്ങനെ വെറുതെ വിടില്ല, ഇപ്പോൾ നാടാണ് ജനതയാണ് വലുത് തത്ക്കാലം വിട്ടേക്ക് അവനെ വിട്ടേക്ക്;' ശ്രീറാമിനെ അനുകൂലിച്ച് വാട്‌സാപ്പ് ഗ്രൂപ്പിൽ മാതൃഭൂമി ചാനലിലെ ഷമ്മി പ്രഭാകർ പോസ്റ്റിട്ടപ്പോൾ ഇവനാര് എന്ന ചോദ്യവുമായി മുതിർന്ന മാധ്യമപ്രവർത്തകർ;  സ്വയം ലെഫ്റ്റ് അടിച്ച് ഷമ്മിയുടെ പിന്മാറൽ; സർക്കാർ തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബഷീറിന്റെ കുടുംബവും; ശ്രീറാം വൈങ്കിട്ടരാമന്റെ നിയമനത്തോടെ ഇനി എന്ത് എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരികെ കയറ്റിയ പ്രശ്‌നത്തിൽ രോഷം പുകയുന്നു. മാധ്യമ പ്രവർത്തകർക്കിടയിൽ കടുത്ത രോഷമാണ് പ്രശ്‌നത്തിൽ നിന്നും ഉയരുന്നത്. തിരികെ എടുത്തപ്പോൾ പത്രപ്രവർത്തക യൂണിയനുമായി ആലോചിച്ചിരുന്നുവെന്ന് സർക്കാർ പറഞ്ഞതോടെ പ്രശ്‌നം വിവാദത്തിന്റെ വേറെ തലത്തിലേക്ക് കടക്കുകയും ചെയ്തു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിട്ടാണ് കൊറോണ മറയാക്കി സർക്കാർ ശ്രീറാമിന് നിയമനം നൽകിയത്. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരികെ കയറ്റുന്നതിന് മുൻപ് സർക്കാർ പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തിയോ എന്ന പ്രശ്‌നമാണ് ഇപ്പോൾ പുകയുന്നത്. ചർച്ച നടത്തിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ പത്രപ്രവർത്തക യൂണിയൻ അത് നിഷേധിക്കുകയാണ്.

എന്നാൽ ചർച്ച നടത്തി എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയുമാണ്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ രോഷം മാധ്യമ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രതിഫലിക്കുന്നുമുണ്ട്. കൊറോണയുടെ മറവിൽ സർക്കാർ ചെയ്ത വലിയ ചതിയായാണ് മാധ്യമ പ്രവർത്തകർ കണ്ടത്. അതുകൊണ്ട് തന്നെ രോഷം പതഞ്ഞുയരുകയും ചെയ്തു. ശ്രീറാമിനെ സർവീസിലേക്ക് തിരികെ എടുത്തതിൽ ദുഃഖമുണ്ടെന്നു പറഞ്ഞു ബഷീറിന്റെ കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കുടുംബം വ്യക്തമാക്കുന്നത്. ഇതോടെ ബഷീറിന്റെ കുടുംബവും മാധ്യമ പ്രവർത്തകരും ഒരു വശത്തും സർക്കാർ മറുവശത്തുമായി അണിനിരക്കുകയാണ്. മറവിരോഗമുണ്ടന്ന് സ്വയം സമ്മതിച്ച ശ്രീരാം വെങ്കിട്ടരാമനെ എങ്ങനെയാണ് ആരോഗ്യ വകുപ്പിൽ പ്രധാനപ്പെട്ട ചുമതലയിൽ നിയമിക്കുന്നത് എന്നാണ് മാധ്യമ പ്രവർത്തകർ ചോദ്യം ഉയർത്തുന്നത്. കേസ് അട്ടിമറിക്കാനാണ് ആരോഗ്യ വകുപ്പിൽ തന്നെ നിയമിച്ചത് എന്ന ആരോപണവും ഒപ്പം ഉയരുന്നുണ്ട്.

ശ്രീറാമിനെ തിരിച്ചെടുക്കും മുൻപ് പത്രപ്രവർത്തക യൂണിയനുമായി ആലോചിച്ചെന്നു പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്. ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി തിരികെ സർവീസിൽ പ്രവേശിക്കുമ്പോൾ അതിനു സമ്മതം മൂളാൻ പത്രപ്രവർത്തക യൂണിയന് ആര് അനുവാദം നൽകിയെന്ന വിധത്തിൽ ചർച്ചകൾ കൊഴുത്തു. ഏറെ താമസിയാതെ യുദ്ധം മാധ്യമ പ്രവർത്തകരുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും രോഷം വ്യാപിച്ചു. ഇതോടെ ശ്രീറാമിനെ തിരികെ എടുക്കുന്ന കാര്യത്തിൽ തങ്ങളുമായി ചർച്ച നടത്തിയെന്ന സർക്കാർ അവകാശവാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാക്കൾ തന്നെ പ്രസ്താവന നൽകി. ശ്രീറാമിനെ തിരികെ എടുക്കുന്ന കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് വളരെ വൈകാരികമായി ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തി പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി വ്യക്തമാക്കുകയും ചെയ്തു.

'പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തിന്റെ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയിൽ വിചാരണ തുടങ്ങിയകേസിൽ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥൻ പുറത്തുതന്നെ നിൽക്കട്ടെ-റെജി ആവശ്യപ്പെട്ടു.ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ േഫാണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിർദ്ദേശം.

പ്രസിഡന്റും ജനറൽ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസിൽ സർക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്‌പെൻഷൻ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സർക്കാർ നിലപാട്. കോടതിയോ ട്രിബ്യൂണലോ ഇടപെട്ട് സസ്‌പെൻഷൻ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവർ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോൾത്തന്നെ അറിയിച്ചു. എന്നാൽ യൂണിയനുമായി ചർച്ച നടത്തിയിട്ടില്ല. പച്ചക്കള്ളമാണ് സർക്കാർ പ്രചരിപ്പിക്കുന്നത്-റെജി വ്യക്തമാക്കുന്നു. എന്നാൽ യൂണിയന്റെ അറിവോടെയാണ് തിരികെ എടുത്തത് എന്ന കാര്യത്തിൽ സർക്കാർ ഉറച്ചു നിന്നു. ഇതോടെയാണ് മാധ്യമ പ്രവർത്തകരുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട് യുദ്ധപ്രഖ്യാപനം തന്നെ വന്നത്.

വളരെ കടുത്ത രോഷമാണ് മാധ്യമ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പുകയുന്നത്. വായ മൂടിക്കെട്ടി മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു എത്തണമെന്നും ചുരുങ്ങിയത് ഒരു കറുത്ത ബാഡ്ജ് എങ്കിലും ധരിക്കണമെന്ന് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും അവശ്യമുയർന്നു. പക്ഷെ പരിമിതികൾ ഉള്ളതിനാൽ തങ്ങളുടെ രോഷപ്രകടനം പരസ്പരം പ്രകടിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകർ ചെയ്തത്. ഈ വിവാദത്തിന്നിടയിലാണ് ശ്രീറാമിനെ അനുകൂലിച്ച് മാതൃഭൂമി ചാനലിലെ മാധ്യമ പ്രവർത്തകൻ ഷമ്മി പ്രഭാകറിന്റെ പോസ്റ്റ് മാധ്യമ ഗ്രൂപ്പിൽ വരുന്നത്.

ശ്രീറാമിനെ അങ്ങനെ വെറുതെ വിടില്ല. ഇപ്പോൾ നാടാണ് ജനതയാണ് വലുത് തത്ക്കാലം വിട്ടേക്ക് അവനെ വിട്ടേക്ക് എന്ന് പോസ്റ്റ് നടത്തിയത് മാതൃഭൂമിയിലെ ഷമ്മി പ്രഭാകർ. ഇതോടെ ഇത് പറയാൻ ഇവനാര് എന്ന ചോദ്യവുമായി മറ്റു മാധ്യമ പ്രവർത്തകർ മുന്നോട്ട് വരുകയും ചെയ്തു. ശ്രീരാം പ്രശ്‌നത്തിൽ പിണറായി സർക്കാരിനെതിരെ വന്ന രോഷത്തിലും കൂടുതലാണ് ഷമ്മിക്ക് നേരെ മാധ്യമ ഗ്രൂപ്പിൽ നിന്നും ഉയർന്നത്. വിമർശനം കടുത്തതോടെ സ്വയം ലെഫ്റ്റ് അടിച്ച് ഗ്രൂപ്പിൽ നിന്നും ഷമ്മി പിന്മാറുകയും ചെയ്തു. ഇത് വിവാദത്തിനു വേറെ തലം കൊണ്ട് വരുകയും ചെയ്തു. ശ്രീറാം പ്രശ്‌നത്തിൽ മാധ്യമ പ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്ന ഫീലാണ് ഷമ്മിയുടെ പോസ്റ്റ് സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ശക്തമായ എതിർപ്പ് ഈ പോസ്റ്റിനു നേരെ വരുകയും ചെയ്തു. പോര് മുറുകുന്നത് കണ്ടപ്പോഴാണ് ലെഫ്റ്റ് അടിച്ച് ഷമ്മി തലയൂരിയത്. ശ്രീറാമിന് മറവി രോഗമുണ്ടെന്നാണ് ബഷീറിനെ കാറിടിച്ച് കൊന്നപ്പോൾ ഡോക്ടർമാർ സർട്ടിഫൈ ചെയ്ത് നൽകിയത്. അതുപോലുള്ള ഐഎഎസ് ഓഫീസറെ കൊറോണ കാലത്ത് പ്രത്യേക പ്രധാന്യമുള്ള ജോയിന്റ് സെക്രട്ടറി പോസ്റ്റിൽ എങ്ങിനെ നിയമിക്കും എന്നും മാധ്യമ പ്രവർത്തകർക്കിടയിൽ ചോദ്യമുയർന്നു.

മാധ്യമ പ്രവർത്തകരുടെ രോഷം മനസിലാക്കി പ്രതിപക്ഷവും കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. മാധ്യമ പ്രതിഷേധത്തിനൊപ്പം പ്രതിപക്ഷം കൂടി കൈകോർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോവിഡിന്റെ മറവിൽ ശ്രീറാംവെങ്കിട്ട രാമനെ കോവിഡിന്റെ മറവിൽ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. പച്ച ജീവനോടിരുന്ന ഒരു യുവപത്രപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല.

കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും ആയ അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കൊറോണക്കാലം നീതിനിഷേധത്തിനും അധാർമ്മിക പ്രവർത്തനം നടത്താനുമുള്ള ഒരു മറയാക്കാൻ കേരള സർക്കാർ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. പ്രഗൽഭരായ നിരവധി ഡോക്ടർമാർ സിവിൽ സർവീസിൽ പ്രവർത്തിക്കുമ്പോൾ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സർക്കാർ സർവീസിലുള്ള ഡോക്ടർമാരായ ഐഎഎസ് ഓഫീസർമാരുടെ ലിസ്റ്റ് സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ചാണ് വി.ടി.ബൽറാം എംഎൽഎ രംഗത്ത് വന്നത്. ഡോ. ആശാ തോമസ് ഡോ. വി. വേണു ഡോ. എ. ജയതിലക് ഡോ. കെ. ഇളങ്കോവൻ ഡോ. ഉഷ ടൈറ്റസ് ഡോ. ശർമ്മിള മേരി ജോസഫ് ഡോ. രത്തൻ കേൽക്കർ ഡോ. എം ബീന ഡോ. വാസുകി ഡോ. കാർത്തികേയൻ, ഡോ. രേണു രാജ് ഡോ. ദിവ്യ എസ് അയ്യർ ഡോ. ചിത്ര എസ് ഡോ. നഡോ. നവ്‌ജ്യോത് ഖോസ ഇവരൊക്കെ സർവീസിൽ ഇരിക്കുമ്പോൾ മറവിരോഗമുള്ള, ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്‌പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിന്റെ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ എന്നാണ് ബൽറാം ചോദ്യം എയ്തത്. കൊറോണ മറയാക്കി ശ്രീറാമിനെ സർക്കാർ തിരികെ എടുത്തപ്പോൾ, മാധ്യമ സമൂഹത്തെ ഏറെ ഏറെ ഉലച്ച വൈകാരികമായ ഈ പ്രശ്‌നത്തിൽ മാധ്യമ പ്രവർത്തകർക്ക് പിന്തിരിഞ്ഞു പോകാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ ആണെങ്കിൽ എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും. ശ്രീറാം പ്രശ്‌നത്തിൽ ഇനി എന്ത് എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP