Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഷീറിന്റെ ആത്മാവിനോട് നെറികേട് കാട്ടിയ നേത്യത്വത്തോടൊപ്പം തുടരാൻ അഭിമാനം അനുവദിക്കുന്നില്ല...; മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ജേക്കബ് തോമസിന്റെയും സെൻകുമാറിന്റെയും ചരിത്രം തിരിച്ച് ചോദിക്കാൻ യൂണിയൻ നേനതാക്കൾക്ക് പറ്റിയില്ലേ! വീഴ്ചയിൽ ക്ഷമ ചോദിച്ച് വെള്ളിമംഗലവും; മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്താൻ പോകും മുൻപ് സ്വന്തം ജില്ലാ കമ്മിറ്റി വിളിച്ചുചേർത്തു കാര്യങ്ങൾ അറിയിച്ചോ? ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പത്രപ്രവർത്തക യൂണിയനിൽ പൊട്ടിത്തെറി തുടരുമ്പോൾ

ബഷീറിന്റെ ആത്മാവിനോട് നെറികേട് കാട്ടിയ നേത്യത്വത്തോടൊപ്പം തുടരാൻ അഭിമാനം അനുവദിക്കുന്നില്ല...; മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ജേക്കബ് തോമസിന്റെയും സെൻകുമാറിന്റെയും ചരിത്രം തിരിച്ച് ചോദിക്കാൻ യൂണിയൻ നേനതാക്കൾക്ക് പറ്റിയില്ലേ! വീഴ്ചയിൽ ക്ഷമ ചോദിച്ച് വെള്ളിമംഗലവും; മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്താൻ പോകും മുൻപ് സ്വന്തം ജില്ലാ കമ്മിറ്റി വിളിച്ചുചേർത്തു കാര്യങ്ങൾ അറിയിച്ചോ? ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പത്രപ്രവർത്തക യൂണിയനിൽ പൊട്ടിത്തെറി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത പ്രശ്‌നത്തിൽ പത്രപ്രവർത്തക യൂണിയനിൽ ഉരുൾപൊട്ടൽ. ബഷീറിനെ കാറിടിച്ച് കൊന്നതിനെ തുടർന്ന് ഏഴു മാസമായി സസ്‌പെൻഷനിൽ തുടരുന്ന ശ്രീറാമിനെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായാണ് ഈ കൊറോണ കാലത്ത് സർക്കാർ തിരിച്ചെടുത്തത്. ശ്രീറാമിനെ തിരിച്ചെടുക്കുമ്പോൾ അത് പത്രപ്രവർത്തക യൂണിയൻ നേതാക്കളുമായി ആലോചിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഉരുൾപൊട്ടൽ യൂണിയനിലേക്കും വ്യാപിപ്പിക്കാൻ കാരണം. മുഖ്യമന്ത്രിയുമായി യൂണിയൻ നേതാക്കൾ ചർച്ച നടത്തി എന്ന വിവരം വെളിയിൽ വന്നപ്പോൾ യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ ബിജു ഗോപിനാഥ് പ്രതിഷേധിച്ച് ഇന്നലെ തന്നെ രാജി നൽകി. യൂണിയൻ തലത്തിൽ പ്രതിഷേധം രൂക്ഷമാവുകയാണ് എന്നാണ് ബിജു ഗോപിനാഥിന്റെ രാജി നൽകുന്ന സൂചന. കെ.എം.ബഷീറിന്റെ മരണം പോലെ ഇത്രയും വൈകാരികമായ പ്രശ്‌നത്തിൽ യൂണിയൻ നേതൃത്വം രഹസ്യ ചർച്ച നടത്തിയതാണ് പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗത്തെ പ്രകോപിച്ചത്. ബഷീറിന്റെ മരണം മുന്നിൽ നിൽക്കുന്നതിനാൽ ഇപ്പോൾ പ്രതിഷേധം രൂക്ഷമാവുകയാണ്.

ബഷീറിന്റെ മരണത്തിൽ യൂണിയൻ നേതൃത്വം രഹസ്യ ചർച്ച നടത്തിയതിൽ ബിജു ഗോപിനാഥ് എക്‌സിക്യൂട്ടീവ് രാജിവെച്ചപ്പോൾ മാധ്യമത്തിലെ ജോൺ.പി.തോമസും മാതൃഭൂമിയിലെ ജയപ്രസാദും രഹസ്യ ചർച്ചയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് കൊണ്ട് അംഗങ്ങൾക്ക് വേറെയും കത്ത് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി എന്ന തിരുവനന്തപുരം യൂണിയൻ പ്രസിഡന്റിന്റെ വിശദീകരണക്കുറിപ്പ് വന്ന ശേഷമാണ് വെള്ളിമംഗലത്തിന്റെ കുറിപ്പിന്നെതിരെ ഇവർ പൊട്ടിത്തെറിച്ച് മറ്റൊരു കുറിപ്പ് ഇറക്കിയത്. പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ സർക്കാറുമായി ചർച്ച നടത്തിയെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കെയുഡബ്ലുജെ ജില്ലാനേതൃത്വത്തിന് ഗത്യന്തരമില്ലാതെ പ്രസ്താവന ഇറക്കേണ്ടി വന്നിരിക്കുന്നത്.

ബഷീർ വിഷയത്തിൽ മുഖ്യമന്ത്രി കാട്ടിയ മാന്യത എങ്കിലും കെയുഡബ്ലുജെ ജില്ലാ നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നു എന്നാണ് കത്തിൽ ജോണും ജയപ്രസാദും ചൂണ്ടിക്കാട്ടുന്നത്. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവാദം രൂക്ഷമാവുകയാണ് എന്ന സൂചനയാണ് നിലവിലെ പൊട്ടിത്തെറിക്കൽ നൽകുന്ന സൂചന. അതേസമയം ഐഎഎസ് ലോബി വിരട്ടിയിട്ടാണ് പത്രപ്രവർത്തക യൂണിയനെ വരുതിയിൽ നിറുത്തിയത് എന്ന ആരോപണവും ഒപ്പം മുഴങ്ങുന്നുണ്ട്. കെയുഡബ്ലുജെ കീഴടങ്ങലിന് പ്രധാന കാരണം അഴിമതി നടത്തിയതിന്റെ പേരിൽ നിലനിൽക്കുന്ന പ്രസ് ക്ലബുകളിലെ വിജിലൻസ് അന്വേഷണമാണ്. ഈ കേസ് വെച്ച് എല്ലാത്തിനേയും പൂട്ടുമെന്ന് ഐഎ എസ് ലോബി ഭീഷണി മുഴക്കിയപ്പോൾ കെയുഡബ്ലുജെ നേതൃത്വം നിശബ്ദരായി. ഇതാണ് പത്രപ്രവർത്തക യൂണിയൻ നിശബ്ദരാകാൻ കാരണം എന്നുമുള്ള ആരോപണവും ഒപ്പം മുഴങ്ങുന്നുണ്ട്. ബഷീറിനെ അവന്റെ സംഘടന തന്നെ ചതിച്ചു എന്ന ആരോപണം എന്തായാലും പത്രപ്രവർത്തക യൂണിയനെ പ്രതിസന്ധിയിൽ ആഴ്‌ത്തിയിട്ടുണ്ട്.

യൂണിയനിലെ ഇടത് നേതാക്കൾ മുഖ്യമന്ത്രിയുമായി രഹസ്യ ചർച്ച നടത്തി പ്രശ്‌നം ഒത്തുതീർപ്പാക്കി എന്ന രീതിയിലാണ് വാർത്ത വെളിയിൽ വന്നത്. ബഷീറിന്റെ ചോരക്ക് ഉപ്പു നോക്കിയവരാണ് ആത്മസുഹൃത്തുക്കൾ എന്ന് പറഞ്ഞ് ചമഞ്ഞ് നടന്നവരെന്നു ഒരു വിഭാഗം ആരോപിച്ചതോടെ പ്രശ്‌നം കൂടുതൽ വഷളായി. ''കേസിന്റെ കാര്യത്തിൽ ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കോവിഡിന്റെ സമയത്ത് അയാളെ ഉപയോഗിക്കാൻ ആണ് തീരുമാനം. ശമ്പളം വാങ്ങി അയാൾ വീട്ടിലിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല'' എന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ നേരിട്ട് കണ്ടപ്പോൾ മുഖ്യമന്ത്രി അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കുകയാണ് എന്ന് മനസിലായിട്ടും തിരുവനന്തപുരം ജില്ലാ നേതൃത്വം അത് യൂണിയൻ നേതാക്കളിൽ നിന്നും മറച്ചു വെച്ചതാണ് പ്രശ്‌നം വഷളാക്കിയത്. മുഖ്യമന്ത്രി അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ജേക്കബ് തോമസിന്റെയും , സെൻ കുമാറിന്റെയും ചരിത്രം തിരിച്ച് പറയാൻ യൂണിയൻ നേനതാക്കൾക്ക് പറ്റിയില്ലേ.. എന്നാണ് സഹപ്രവർത്തകർ തന്നെ ചോദ്യം ഉതിർക്കുന്നത്. ഈ ചോദ്യത്തിന് അന്ന് ചർച്ച നടത്തിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനും സെക്രട്ടറി അഭിജിത്തിനും അടക്കമുള്ളവർക്ക് മറുപടിയുണ്ടായില്ല. ഇതാണ് പ്രശ്‌നം ഉരുണ്ടുകൂടാൻ ഇടയാക്കുന്നത്. പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം നേതാക്കളും അംഗങ്ങളും അറിയാതെ ജില്ലാ നേതൃത്വം ഒറ്റയ്ക്ക് ഈ പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. വന്നത് രഹസ്യധാരണയാണ്. ഇത് ഒരു തരം ഒറ്റുകൊടുക്കലാണ് എന്നാണ് യൂണിയൻ ജില്ലാ നേതൃത്വത്തിന്നെതിരെ ആരോപണം വന്നിരിക്കുന്നത്.

ചർച്ച നടത്തിയെന്ന് സമ്മതിച്ച് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം ഇന്നു രാവിലെ വിശദീകരണക്കുറിപ്പ് അംഗങ്ങൾക്ക് അയച്ചിട്ടുണ്ട്. പക്ഷെ ഉയർന്നു വന്ന ആരോപണങ്ങൾ ഖണ്ഡിക്കാൻ ഉതകുന്ന ഒന്നും വെള്ളിമംഗലത്തിന്റെ കത്തിലില്ല എന്നത് പ്രശ്‌നം രൂക്ഷമാക്കിയേക്കും. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത് അനുസരിച്ചാണ് ഞങ്ങൾ പോയത്. പത്രപ്രവർത്തക സമൂഹത്തിനുള്ള വൈകാരികത തനിക്ക് ബോധ്യമുണ്ടെന്നും നിയമപരമായി ഇതിനപ്പുറം ചെയ്യാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടക്കം മുതൽ മാധ്യമ പ്രവർത്തകരും യൂണിയനും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ആദ്യം കേസ് അന്വേഷിച്ച സംഘത്തെ മാറ്റി അന്വേഷണത്തിന് പ്രത്യേക ടീമിനെ വച്ചു, കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും നൽകി. കുറ്റപത്രം നൽകും മുൻപ് അയാളുടെ സസ്‌പെൻഷൻ നീട്ടൽ ഉൾപ്പെടെ നിങ്ങൾ പറഞ്ഞതെല്ലാം അംഗീകരിച്ചു. കേസിന്റെ കാര്യത്തിൽ ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കോവിഡിന്റെ സമയത്ത് അയാളെ ഉപയോഗിക്കാൻ ആണ് തീരുമാനം. ശമ്പളം വാങ്ങി അയാൾ വീട്ടിലിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല- ഇതാണ് മുഖ്യമന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചത്. വെള്ളിമംഗലം വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതായത് തീരുമാനം മുഖ്യമന്ത്രി ഔദ്യോഗികമായി പത്രപ്രവർത്തക യൂണിയനെ അറിയിച്ചു.

ഒരു സംശയത്തിനും അവകാശമില്ലാത്ത വിധത്തിൽ തീരുമാനം യൂണിയനെ അറിയിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണ് വെള്ളിമംഗലത്തിന്റെ വിശദീകരണക്കുറിപ്പ്. ഇതോടെ മുഖ്യമന്ത്രി പറഞ്ഞത് വെള്ളിമംഗലം തന്നെ ശരിവെച്ചു എന്ന അവസ്ഥ വന്നു. ഈ കാര്യം എന്തുകൊണ്ട് ഔദ്യോഗികമായി തങ്ങളെ അറിയിച്ചില്ലാ എന്നാണ് പത്രപ്രവർത്തക യൂണിയൻ നേതാക്കളും അംഗങ്ങളും ഉയർത്തുന്ന ചോദ്യം. ഇതിനു വെള്ളിമംഗലത്തിന്റെ മറുപടി ഇതാണ്. സംസ്ഥാന ഭാരവാഹികളോട് വിവരം പറഞ്ഞ ശേഷം അവരുടെ തീരുമാനത്തിന് കാക്കാതെ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരെ കൂടി ഇത് അറിയിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാത്രമാണ്. അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് മനപ്പൂർവമല്ല. സംസ്ഥാന ഭാരവാഹികളുടെ അഭിപ്രായം വരുംമുൻപ് തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു പിഴവ് സംഭവിച്ചതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പാകപ്പിഴ വിശദീകരണക്കുറിപ്പിലൂടെ ഏറ്റുപറയുകയാണ് പത്രപ്രവർത്തകയൂണിയൻ ജില്ലാ പ്രസിഡന്റ് ചെയ്തിരിക്കുന്നത്. പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം ഇടത് നേതാക്കളും മുഖ്യമന്ത്രിയും തമ്മിൽ ധാരണയിലെത്തുകയായിരുന്നു എന്ന ആരോപണമാണ് യൂണിയൻ ജില്ലാ പ്രസിഡന്റിന്റെ വിശദീകരണക്കുറിപ്പ് അടിവരയിട്ടു പറയുന്നത്. ഇതാണ് നിലവിലെ പ്രശ്‌നം വഷളാക്കാൻ ഇടവരുന്നതും.

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത സർക്കാർ നടപടി പുനപരിശോധിക്കണം എന്നാണ് ബഷീറിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ആരോഗ്യവകുപ്പിൽ തന്നെ ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയോഗിച്ചത് കേസ് അട്ടിമറിക്കാനുള്ള സാധ്യത ഒരുക്കാനാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത നടപടി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിറാജ് മാനേജ്മെന്റ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ തിരിച്ചെടുക്കുന്നത് കേസിനെ ബാധിക്കുമെന്ന് സിറാജ് മാനേജിങ് എഡിറ്റർ എൻ അലി അബ്ദുല്ല, സിറാജ് ഡയറക്ടർ എ സെയ്ഫുദ്ദീൻ ഹാജി എന്നിവർ കത്തിൽ ചൂണ്ടിക്കാട്ടിയത്. പൊലീസിന്റെ സഹായത്തോടെ നടത്തിയ തെളിവ് നശിപ്പിക്കലുൾപ്പടെയുള്ള ഇദ്ദേഹത്തിന്റെ കൃത്യങ്ങൾക്ക് സാക്ഷികളായത് ആരോഗ്യ വകുപ്പിലെ ഡോക്ടർമാരും ജീവനക്കാരുമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ ഇവരാണെന്നിരിക്കെ ഇതേ വകുപ്പിലെ ഉയർന്ന തസ്തികയിൽ കേസിലെ മുഖ്യപ്രതി തിരിച്ചെത്തുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനിടയാക്കും. ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറി പദവിൽ നിയമിക്കപ്പെടുന്ന പ്രതിയുടെ കീഴിലായിരിക്കും സാക്ഷികളായ ഉദ്യോഗസ്ഥരെന്നതിനാൽ ഇവർക്ക് മേൽ കടുത്ത സമ്മർദമുണ്ടാകുമെന്നും മാനേജ്മെന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീറാം പ്രശ്‌നത്തിൽ പത്രപ്രവർത്തക യൂണിയനിൽ നിന്ന് മാത്രമല്ല ബഷീറിന്റെ കുടുംബത്തിൽ നിന്നും ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിൽ നിന്നുമൊക്കെ ഇപ്പോൾ എതിർപ്പ് ശക്തമാവുകയാണ്. ശ്രീറാമിനെ തിരികെ എടുത്ത നടപടി പുനപരിശോധിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രതിഷേധം വ്യാപിക്കുകയാണ് എന്ന സൂചനകൾ തന്നെയാണ് നൽകുന്നത്.

ബിജു ഗോപിനാഥിന്റെ രാജിക്കത്ത്

ഇനി വയ്യ.. നമ്മുടെ കെ എം ബഷീറിന്റെ ആത്മാവിനോട് പൊറുക്കാനാവാത്ത നെറികേട് കാട്ടിയ ജില്ലാ നേത്യത്വത്തോടൊപ്പം തുടരാൻ അഭിമാനം അനുവദിക്കുന്നില്ല...

കെ.യു.ഡബ്ലൂ.ജെ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവംഗത്വം ഞാൻ രാജിവെക്കുകയാണ്.എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന കെ എം ബഷീറിന്റെ ആത്മാവിനോട് വഞ്ചനകാട്ടിയ കെ.യു.ഡബ്ലൂ.ജെ ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ജില്ല പ്രസിഡന്റും സെക്രട്ടറിയും തന്നിഷ്ടത്തോടെ ഈ വിഷയത്തിൽ ഇടപെട്ട് നടത്തിയ വഞ്ചന അംഗീകരിക്കാൻ ജില്ലാ എക്സിക്യൂട്ടീവംഗമായ എനിക്ക് സാധിക്കുന്നില്ല.

നമ്മുടെ സഹപ്രവർത്തകനായിരുന്ന സിറാജിലെ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനെ സംസ്ഥാന സർക്കാർ കഴിഞ്ഞദിവസമാണ് സർവീസിൽ തിരിച്ചെടുത്തത്. തിരിച്ചെടുക്കുംമുമ്പ് സർക്കാർ കെ.യു.ഡബ്ലൂ.ജെ സംസ്ഥാന/ജില്ലാ നേതാക്കളുമായി ബന്ധെപ്പട്ടിരുന്നു. ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുക്കുന്നതിലുള്ള വിയോജിപ്പ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കെ.യു.ഡബ്ലൂ.ജെ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. എന്നാൽ, കെ.യു.ഡബ്ലൂ.ജെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സർക്കാറിന്റെ തീരുമാനത്തോട് യോജിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം, ചർച്ചയ്ക്ക് മുമ്പും ശേഷവും ജില്ലാ കമ്മിറ്റിയിൽ നിന്ന് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മറച്ചുവെക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സമ്മതം അറിയിച്ചിരുന്നതിനാൽ കഴിഞ്ഞദിവസം ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തിട്ടും അതിനെതിരെ പ്രതികരിക്കാൻപോലും ജില്ലാ നേതൃത്വത്തിന് സാധിക്കുന്നുമില്ല.

ഇപ്പോഴും ഏകാധിപത്യം വച്ചു പുലർത്തുന്ന,ഒളിച്ചുകളി നടത്തുന്ന ജില്ലാനേതൃത്വത്തിനൊപ്പം പ്രവർത്തിച്ചാൽ ബഷീറിന്റെ ആത്മാവിനോടും കുടുംബത്തോടും ബഷീറിന്റെ സുഹൃത്തുക്കളോടും നീതി പുലർത്താനാവില്ല എന്ന് എനിക്കുറപ്പുണ്ട്. എന്നെ ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളോടുള്ള പ്രതിബദ്ധത നില നിർത്തിക്കൊണ്ടുതന്നെ നമ്മുടെ സഹപ്രവർത്തകന്റെ ആത്മാവിനോട് കാട്ടിയ നെറികേടിനെതിരേ ഈ തീരുമാനം എനിക്ക് കൈക്കൊള്ളേണ്ടി വരികയാണ്.

പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി..

വെള്ളിമംഗലം അംഗങ്ങൾക്ക് അയച്ച് കുറിപ്പ്:

പ്രിയമുള്ളവരേ, ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കും മുൻപ് മുഖ്യമന്ത്രി KUWJ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി ചർച്ചനടത്തി ധാരണയിൽ എത്തി എന്ന നിലയിൽ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. ഈ തീരുമാനത്തോട് പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന -ജില്ലാ കമ്മിറ്റികൾക്ക് ശക്തമായ എതിർപ്പും പ്രതിഷേധവും ഉണ്ട്. തീരുമാനം വന്നയുടൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധ കുറിപ്പ് ഇറക്കുകയും നടപടി പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രിയോട്അഭ്യർത്ഥിക്കുകയും ചെയ്തു. ചർച്ചക്കല്ല മുഖ്യമന്ത്രി വിളിച്ചത്. മുഖ്യമന്ത്രിക്ക് യൂണിയൻ സംസ്ഥാന ഭാരവാഹികളെ കാണണം എന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറയും എന്നായിരുന്നു മറുപടി. ഇക്കാര്യം സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയേയും വിളിച്ചു പറഞ്ഞു. അവർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അവരുടെ അനുവാദത്തോടെയാണ് പോയത്. സംസ്ഥാന നേതാക്കൾ സ്ഥലത്തില്ലെങ്കിൽ നിങ്ങൾ വരിക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

ഞങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തെത്തി. 'സർക്കാർ എടുത്ത ഒരു തീരുമാനം നിങ്ങളെ അറിയിക്കാനാനാണ് കാണണം എന്ന് പറഞ്ഞത്, ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ ഇനി നിയമപരമായി തുടരാൻ കഴിയില്ലെന്നും അയാളെ സർവീസിൽ തിരിച്ചെടുക്കേണ്ടത് അനിവാര്യതയാണെന്നും സിഎം പറഞ്ഞു. സസ്‌പെൻഷൻ തുടരുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമോപദേശം ആണ് സർക്കാറിന് ലഭിച്ചിരിക്കുന്നത്' എന്നും അറിയിച്ചു. സസ്‌പെൻഷൻ തുടരണം എന്നാണ് പത്ര പ്രവർത്തക യൂണിയൻ നിലപാട്. ഇക്കാര്യത്തിൽ വലിയ ആശങ്കയും മാനസിക പ്രയാസവും മാധ്യമ സമൂഹത്തിനുണ്ട് എന്നു ഞങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു. പത്രപ്രവർത്തക സമൂഹത്തിനുള്ള വൈകാരികത തനിക്ക് ബോധ്യമുണ്ടെന്നും നിയമപരമായി ഇതിനപ്പുറം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കം മുതൽ മാധ്യമ പ്രവർത്തകരും യൂണിയനും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ആദ്യം കേസ് അന്വേഷിച്ച സംഘത്തെ മാറ്റി അന്വേഷണത്തിന് പ്രത്യേക ടീമിനെ വച്ചു, കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും നൽകി. കുറ്റപത്രം നൽകും മുൻപ് അയാളുടെ സസ്‌പെൻഷൻ നീട്ടൽ ഉൾപ്പെടെ നിങ്ങൾ പറഞ്ഞതെല്ലാം അംഗീകരിച്ചു. കേസിന്റെ കാര്യത്തിൽ ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കോവിഡിന്റെ സമയത്ത് അയാളെ ഉപയോഗിക്കാൻ ആണ് തീരുമാനം. ശമ്പളം വാങ്ങി അയാൾ വീട്ടിലിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല- മുഖ്യമന്ത്രി പറഞ്ഞു. ഈ തീരുമാനം മാധ്യമ സമൂഹത്തിൽ ഉണ്ടാക്കുന്ന മാനസിക പ്രയാസവും വൈകാരികതയും എത്രത്തോളം ആഴത്തിലുള്ള ആണെന്ന് ഞങ്ങൾ വീണ്ടും മുഖ്യമന്ത്രിയെ അറിയിച്ചു.

തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാകണം എന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിച്ചാണ് ഞങ്ങൾ പോന്നത്. ബഷീർ കൊല്ലപ്പെട്ട ദിവസം മുതൽ ഇതുവരെ ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം അതിനെ മറികടന്ന് നമുക്ക് അനുകൂല നിലപാടെടുത്തത് മുഖ്യമന്ത്രിയാണ്. ബഷീറുമായി ബന്ധപ്പെട്ട നമ്മൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ച മുഖ്യമന്ത്രി ഈ തീരുമാനവും പുനഃപരിശോധിക്കും എന്നാണ് കരുതിയത്. പുറത്തിറങ്ങിയ ഉടൻ സംസ്ഥാന പ്രസിഡന്റ്‌നോടും ജനറൽ സെക്രട്ടറിയോടും വിവരം പറയുകയും ചെയ്തു. സംസ്ഥാന ഭാരവാഹികളോട് വിവരം പറഞ്ഞ ശേഷം അവരുടെ തീരുമാനത്തിന് കാക്കാതെ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരെ കൂടി ഇത് അറിയിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാത്രമാണ്. അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് മനപ്പൂർവമല്ല. സംസ്ഥാന ഭാരവാഹികളുടെ അഭിപ്രായം വരുംമുൻപ് തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു പിഴവ് സംഭവിച്ചതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. രണ്ടു പതിറ്റാണ്ടായി സജീവ സംഘടനാ പ്രവർത്തനത്തിലുണ്ട്. മാധ്യമ പ്രവർത്തകർക്ക് എന്ത് ആവശ്യം വന്നാലും ഓടിയെത്തി പരിഹരിക്കാൻ ഒപ്പം നിന്നിട്ടുണ്ട്. അത് ഭാരവാഹി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും. ഇനിയും ഒപ്പമുണ്ടാകും. എന്നാൽ വിവരം തലസ്ഥാനത്തെ സഹപ്രവർത്തകരെ അറിയിച്ചില്ല എന്ന ഇപ്പോൾ സംഭവിച്ച വീഴ്ചയിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സുരേഷ് വെള്ളിമംഗലം, പ്രസിഡന്റ്, കെയുഡബ്‌ള്യൂജെ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ജോൺ.പി.തോമസും ജയപ്രസാദും അയച്ച കത്ത്

കെയുഡബ്ലുജെ ജില്ലാ കമിറ്റിയിലേക്ക് കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ നേതൃത്വത്തിൽ ഒരു പാനൽ മൽസരിച്ചിരുന്നത് നിങ്ങൾ ഓർക്കുമല്ലോ. തെരഞ്ഞെടുപ്പിന്‌ശേഷം ജില്ലാ കമിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ടതായ പല വിഷയങ്ങൾ വന്നുവെങ്കിലും ഞങ്ങൾ ബോധപൂർവ്വം മാറി നിൽക്കുകയായിരുന്നു. മൽസരിച്ച് പരാജയെപട്ടവരെന്ന നിലയിൽ ഞങ്ങളുടെ പ്രതികരണം ഒരുപക്ഷെ ചിലർ എങ്കിലും തെറ്റായതരത്തിൽ വ്യാഖ്യാനിക്കുമെന്ന് കരുതിയാണ് അതിന് മുതിരാതിരുന്നത്. എന്നാൽ, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാഹചര്യം കെയുഡബ്ലുജെവിൽ ഉണ്ടാകുന്നത് അപകടകരമാണെന്ന് ഞങ്ങൾ ഇപ്പോൾ കരുതുന്നു. അതല്ലെങ്കിൽ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ വെറും മൂടുതാങ്ങികളായോ ബുദ്ധിശൂന്യരോ ആയി ഒരുപെക്ഷ വിലയിരുത്തപ്പെടും. ഇക്കാര്യത്തിൽ വിയോജിപ്പുള്ളവർ സ്വാഭാവികമായി ഉണ്ടാകുമെന്ന് അറിയാം. എന്നാൽ, തികച്ചും പത്രപ്രവർത്തക യൂനിയനിലെ അംഗങ്ങൾ എന്ന നിലയിലാണ് ഞങ്ങൾ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. അതല്ലാതെ ഏതെങ്കിലും സങ്കുചിത താൽപര്യം ഇല്ലെന്ന് ആദ്യമേ തന്നെ വ്യക്തമാക്കെട്ട.

ഇനി കാര്യത്തിലേക്ക് വരാം... കഴിഞ്ഞ മൂന്നു ദിവസമായി കെ.എം ബഷീർ വിഷയം വീണ്ടും സജീവ ചർച്ചയായിരിക്കുകയാണല്ലോ. ബഷീർ വാഹനാപകടത്തിൽ കൊല്ലെപ്പട്ട സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനെ സംസ്ഥാന സർക്കാർ വീണ്ടും സർവീസിൽ തിരിച്ചെടുത്തിരിക്കുന്നു. ഇതുമായി ബന്ധെപട്ട് മാധ്യമപ്രവർത്തകരുടേത് ഉൾപ്പെടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ശക്തമായ പ്രതിഷേധ ശബ്ദങ്ങളും ഉയർന്നുകഴിഞ്ഞു. യൂനിയൻ നേതാക്കളുമായി ചർച്ചനടത്തിയ ശേഷമാണ് ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുത്തത്. ഇക്കാര്യത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചെടുക്കൽ വിവരം പുറത്തുവന്നദിവസം തന്നെ കെയുഡബ്ലുജെ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയെന്ന് മാത്രമല്ല തീരുമാനം പുനഃപരിശോധിക്കണമെന്ന് സർക്കാറിനോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വളരെ കഷ്ടമെന്ന് പറയെട്ട, ഈ വിഷയത്തിൽ ഇത്രയും സമയമായിട്ടും കെയുഡബ്ലുജെ ജില്ലാനേതൃത്വം അത്തരത്തിലൊരു പ്രതികരണം നടത്താൻപോലും തയാറാകാത്തത് എന്താണ്. അതിനിടയിലാണ് ജില്ലാ കമിറ്റിയിലെ ഒരംഗം ജില്ലാ കമിറ്റിയുടെ കാപട്യത്തിൽ പ്രതിഷേധിച്ച് രാജിവെക്കാനുള്ള മാന്യത കാട്ടിയിട്ടുള്ളത്. ബഷീർ വിഷയത്തിൽ യൂനിയൻ ജില്ലാ നേതൃത്വം വഞ്ചന കാട്ടിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സിറാജിലെ പത്രപ്രവർത്തകർ ഉൾപ്പെടെ വസ്തുതകൾ വെളിപ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും ഇപ്പോൾമാത്രമാണ് കെയുഡബ്ലുജെ നേതൃത്വം പ്രതികരിക്കാൻ തയാറായിരിക്കുന്നത്. പത്രപ്രവർത്തക പ്രതിനിധികൾ സർക്കാറുമായി ചർച്ച നടത്തിയെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കെയുഡബ്ലുജെ ജില്ലാനേതൃത്വത്തിന് ഗത്യന്തരമില്ലാതെ ഇന്ന് പ്രസ്താവന ഇറക്കേണ്ടി വന്നിരിക്കുന്നത്. ബഷീർ വിഷയത്തിൽ മുഖ്യമന്ത്രി കാട്ടിയ മാന്യത എങ്കിലും കെയുഡബ്ലുജെ ജില്ലാ നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നു.

ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചർച്ച നടത്തിയ കാര്യം ഇേന്നവരെ മറച്ചുവെച്ചത് എന്തിനായിരുന്നുവെന്നും ചർച്ചയിൽ പെങ്കടുത്തത് ആരൊക്കെയെന്നും വ്യക്തമാക്കാൻ കെയുഡബ്ലുജെ ജില്ലാ നേതൃത്വം തയാറാകണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്താൻ പോകും മുൻപ് സ്വന്തം ജില്ലാ കമ്മിറ്റി വിളിച്ചുചേർത്തു കാര്യങ്ങൾ അറിയിച്ചോ എന്നും ബഷീറിന്റെ കുടുംബത്തെ ചർച്ചയ്ക്ക് ശേഷമുള്ള സാഹചര്യം അറിയിച്ചോ എന്നുകൂടി നേതൃത്വം വ്യക്തമാക്കണം. അതല്ലെങ്കിൽ ബഷീറിന്റെ ആത്മാവിനെ പോലും നിങ്ങൾ വിറ്റുവെന്ന് പറയേണ്ടി വരും....

ജോൺ പി.തോമസ് & ജയപ്രസാദ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP