Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീറാമിനെ ജയിലിലാക്കാതെ കാത്തത് കിംസ് ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്; സ്‌പൈനൽ കോഡിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടും എഫ് ഐ ആറിൽ പേരില്ലാത്തതും ഗുണകരം; മണിക്കൂറുകൾ വൈകി എടുത്ത രക്തസാമ്പിളിൽ മദ്യത്തിന്റെ അളവില്ലാതായതോടെ ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ല; ആദ്യ ദിവസം ആശുപത്രിയുടെ സുരക്ഷയിൽ ഒളിച്ചിരുന്ന ശ്രീറാം മാധ്യമ-രാഷ്ട്രീയ വേട്ടയുടെ കാര്യം പറഞ്ഞ് രംഗത്ത് ഇറങ്ങുന്നത് എല്ലാം ശരിയാക്കി; മെഡിക്കൽ പരിശോധനാ ഫലം കൂടി വന്നതോടെ ഇന്ന് ജാമ്യം ലഭിച്ചേക്കും

ശ്രീറാമിനെ ജയിലിലാക്കാതെ കാത്തത് കിംസ് ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്; സ്‌പൈനൽ കോഡിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടും എഫ് ഐ ആറിൽ പേരില്ലാത്തതും ഗുണകരം; മണിക്കൂറുകൾ വൈകി എടുത്ത രക്തസാമ്പിളിൽ മദ്യത്തിന്റെ അളവില്ലാതായതോടെ ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ല; ആദ്യ ദിവസം ആശുപത്രിയുടെ സുരക്ഷയിൽ ഒളിച്ചിരുന്ന ശ്രീറാം മാധ്യമ-രാഷ്ട്രീയ വേട്ടയുടെ കാര്യം പറഞ്ഞ് രംഗത്ത് ഇറങ്ങുന്നത് എല്ലാം ശരിയാക്കി; മെഡിക്കൽ പരിശോധനാ ഫലം കൂടി വന്നതോടെ ഇന്ന് ജാമ്യം ലഭിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഹെഡായിരുന്ന കെ എം ബഷീറിനെ അർദ്ധരാത്രി മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ച് കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഉടൻ വീട്ടിലേക്ക് പോകാൻ കഴിഞ്ഞേക്കും. പിണറായിയുടെ പൊലീസും ഐഎഎസ് ലോബിയും ഒത്തുകളിച്ച് ശ്രീറാം മദ്യപിച്ചിട്ട് പോലുമില്ലെന്ന് ആക്കിയെടുത്തു. ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധന വൈകിപ്പിച്ചതും കിംസ് ആശുപത്രിയിൽ ഓടിയെത്തി ചികിൽസിച്ചതും വെറുതെയായില്ല. ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യം മാത്രമല്ല ജയിൽ വാസം ഒഴിവാക്കാനും കിംസ് ആശുപത്രിയിലെ ചികിൽസയോടെ കഴിഞ്ഞു. അപകടം നടന്ന് പത്ത് മണിക്കൂർ കഴിഞ്ഞാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് എടുത്തത്. മദ്യമില്ലാത്ത രക്തമാണ് കിട്ടിയത്. അതുകൊണ്ട് തന്നെ ഇനി ബഷീറിന്റേത് അറിയാതെയുള്ള നരഹത്യയായി മാറും. അങ്ങനെ ശ്രീറാമിന് വീട്ടിലും പോകാം.

അത്യധികം നാടകീയ രംഗങ്ങളാണ് ബഷീറിന്റെ മരണത്തിന് ശേഷം നടന്നത്. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച പൊലീസ് രക്തസാമ്പിൾ പരിശോധിച്ചില്ല. മുൻ ദേവികളും സബ് കളക്ടർ സമ്മതിച്ചില്ലെന്ന വിചിത്രവാദമാണ് ഉയർത്തിയത്. ജനറൽ ആശുപത്രിയിൽ നിന്ന് ശ്രീറാം പോയത് കിംസിലേക്കും. അവിടെ പൊലീസ് എത്തി ബഹളമുണ്ടാക്കി രക്തസാമ്പിൾ എടുത്തപ്പോഴേക്കും മണിക്കൂറുകൾ ഏറെയായി. അപ്പോൾ തന്നെ ഇനി രക്തത്തിൽ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇതിനിടെ കിംസിലെ ആഡംബര ചികിൽസയും വിവാദമായി. ഇതോടെ നാടകീയമായി ജയിൽ സെല്ലിലേക്ക് പോയി. തടവറയിൽ കിടക്കേണ്ടി വന്നില്ല. ഇതിന് കാരണം മുൻ സബ് കളക്ടറുടെ കഴുത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കിംസിലെ മെഡിക്കൽ റിപ്പോർട്ടായിരുന്നു. അങ്ങനെ മെഡിക്കൽ കോളേജിൽ എത്തിയ സർവ്വേ ഡയറക്ടർ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. സർക്കാരിന്റേയും മാധ്യമങ്ങളുടേയും വേട്ടയാടൽ തിയറിയുമായി ജാമ്യാപേക്ഷയും നൽകി. മദ്യത്തിൽ ആൽക്കഹോൾ ഇല്ലാത്തതിനാൽ ജാമ്യവും കിട്ടു. അങ്ങനെ വന്നാൽ ഇന്ന് തന്നെ ശ്രീറാം വീട്ടിൽ മടങ്ങിയെത്തും.

അപകടമുണ്ടാക്കിയ കാർ ആരാണ് ഓടിച്ചിരുന്നതെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടില്ല. ശ്രീറാമാണ് ഓടിച്ചിരുന്നതെന്നു ദൃക്സാക്ഷികളടക്കം മൊഴിനൽകിയിരുന്നു. പൊലീസ് പറഞ്ഞതാകട്ടെ വഫയാണെന്നും. എന്നാൽ ഈ രണ്ടു പേരുകളും എഫ്.ഐ.ആറിലില്ല. അങ്ങനെ ഏത് മജിസ്‌ട്രേട്ടും ആർക്കും ജാമ്യം നൽകും വിധമാണ് എഫ് ഐ ആർ. ആദ്യഘട്ടത്തിൽ ശ്രീറാമിനെതിരേ മൊഴിനൽകിയ വഫ പിന്നീട് മജിസ്ട്രേറ്റിന് മുന്നിലും രഹസ്യമൊഴി നൽകിയിരുന്നു. കോടതിയിൽ തെളിവുകളും സാക്ഷിമൊഴിയും പരിഗണിക്കപ്പെടുമ്പോൾ പ്രധാന സാക്ഷിയായ വഫ കൂട്ടുപ്രതിയായാൽ മൊഴി ദുർബലമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചിട്ടും നിരുത്സാഹപ്പെടുത്തിയില്ലെന്നുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വഫയെ പ്രതിചേർത്തത്. ഇതും വഫയെ സാക്ഷിക്കൂട്ടിൽ കയറ്റി ശ്രീറാമിനെ പ്രതിരോധത്തിലാക്കാൻ അനുവദിക്കാതിരിക്കാനാണ്. അപകടവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തുന്ന 304 എ വകുപ്പാണു ചുമത്തിയിട്ടുള്ളത്. എന്നാൽ, ഇത് ആദ്യം രേഖപ്പെടുത്തിയ എഫ്.ഐ.ആറാണെന്നും കോടതിയിൽ ഹാജരാക്കിയ അനുബന്ധ റിപ്പോർട്ടിൽ 304 ആക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനുസമീപമായിരുന്നു അപകടം. രാവിലെ സ്റ്റേഷനിലെത്തിയ സെയ്ഫുദീൻ ഹാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 7.17-നാണ് എഫ.ഐ.ആർ. രേഖപ്പെടുത്തിയത്. അപകടം നടന്നശേഷം വഫയെ അപകടസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകാൻ പൊലീസ് അനുവദിച്ചിരുന്നു. പിന്നീട് മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് അവരെ വിളിച്ചുവരുത്തി രക്തപരിശോധന നടത്തിയത്. രക്തപരിശോധന ആദ്യം നടത്താതിരുന്നതിലുള്ള വീഴ്ച മറയ്ക്കാനാണ് വാഹനം ഓടിച്ചത് ആരെന്നറിയില്ലെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനുമായി ഉദ്യോഗസ്ഥനീക്കം സജീവമായിരുന്നു. അപകടസമയത്തു വാഹനം ഓടിച്ചിരുന്നത് ആരെന്നറിയില്ലെന്നു രേഖപ്പെടുത്തിയ പ്രഥമവിവര റിപ്പോർട്ടുമുതൽ (എഫ്.ഐ.ആർ.) സഹയാത്രിക വഫ ഫിറോസിനെ കൂട്ടുപ്രതിയാക്കിയതുവരെ ഇതിനാണ്. ഐഎഎസ് ലോബിയുടെ സമ്മർദ്ദമാണ് ഇതിനെല്ലാം കാരണം.

ശ്രീറാം വെങ്കിട്ടരാമനെ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്യും എന്നാണ് സൂചന. ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. തിങ്കളാഴ്ച മുഖ്യമന്ത്രി പരിശോധിക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ 48 മണിക്കൂർ റിമാൻഡിലായാൽ പ്രത്യേകിച്ച് ഉത്തരവില്ലെങ്കിൽത്തന്നെ സസ്‌പെൻഷനിലാവുമെന്നാണ് ചട്ടം. പിന്നീട് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ് വേണം. ശ്രീറാമിനെ റിമാൻഡുചെയ്തത് ശനിയാഴ്ച രാത്രിയോടെയാണ്. സിവിൽസർവീസ് പെരുമാറ്റച്ചട്ടമനുസരിച്ച് ഉദ്യോഗസ്ഥൻ മദ്യപിച്ച് പൊതുസ്ഥലത്ത് എത്തുന്നതുപോലും അച്ചടക്കനടപടിക്ക് കാരണമാകും. ഇത് മനസ്സിലാക്കിയാണ് മെഡിക്കൽ റിപ്പോർട്ടിൽ പോലും മദ്യത്തിന്റെ അളവ് ഇല്ലാതാക്കിയത്. ഇതോടെ ഫലത്തിൽ വെറുമൊരു അപകടത്തിന് ശ്രീറാമനെ സസ്‌പെന്റ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ വരും. കുറ്റവാളികൾ എത്ര ഉന്നതരായാലും രക്ഷപ്പെടുമെന്നത് മുഖ്യമന്ത്രിയുടെ പാഴ് വാക്കായി മാറുകയും ചെയ്യും.

നാടകമേ ഉലകം... മെഡിക്കൽ കോളേജിലേക്കുള്ള വഴി

റിമാൻഡിലായിരുന്ന ശ്രീറാമിനെ ജയിലിലേക്കയയ്ക്കാൻ മജിസ്േട്രറ്റ് നിർേദശിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട നാടകങ്ങൾക്കൊടുവിൽ എത്തിച്ചത് മെഡിക്കൽ കോളേജിലാണ്. രാത്രി ഒന്പതോടെയാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിലെ സെല്ലിലേക്ക് മാറ്റിയത്. ഇതോടെ ശ്രീറാം പൂജപ്പുര ജയിലിൽ കഴിയുന്നത് തത്കാലത്തേക്ക് ഒഴിവായി. അപകടം നടന്ന ഒന്പതു മണിക്കൂറിനുശേഷം മാത്രമെടുത്ത രക്തപരിശോധനയും ശ്രീറാമിന് അനുകൂലമാണ്. ഏറെ സമ്മർദത്തിനൊടുവിൽ ശേഖരിച്ച രക്തസാമ്പിൾ കെമിക്കൽ എക്‌സാമിനേഷൻ ലാബിലാണ് പരിശോധിച്ചത്. റിപ്പോർട്ട് തിങ്കളാഴ്ച കൈമാറുമെന്നാണ് വിവരം.

സംഭവത്തിൽ ശനിയാഴ്ച വൈകീട്ട് റിമാൻഡ് ചെയ്തിരുന്നെങ്കിലും സ്വകാര്യ ആശുപത്രിയിലെ എ.സി. ഡീലക്‌സ് മുറിയിലായിരുന്നു ശ്രീറാം. ആഡംബരവാസം വിവാദമായതോടെയാണ് പൊലീസ് അദ്ദേഹത്തെ മജിസ്േട്രറ്റിനു മുന്നിൽ ഹാജരാക്കിയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന റിപ്പോർട്ടിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തുടരേണ്ടെന്നായിരുന്നു മജിസ്േട്രറ്റ് എസ്.ആർ. അമൽ നിർദ്ദേശിച്ചത്. തുടർചികിത്സ ആവശ്യമാണെങ്കിൽ ജയിലധികൃതർക്ക് തീരുമാനമെടുക്കാമെന്നും നിർദ്ദേശിച്ചു. ഇതനുസരിച്ചാണ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയത്. എന്നാൽ, ജയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 14 ദിവസം റിമാൻഡിലുള്ള ശ്രീറാം കോടതിയിൽ തിങ്കളാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ ആഡംബരമുറിയിലാണ് കഴിയുന്നതെന്നും മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വാർത്ത വിവാദമായിരുന്നു. ഉച്ചവരെ സാമൂഹികമാധ്യമങ്ങളിലും ശ്രീറാമിന്റെ നമ്പർ സജീവമായിരുന്നു. ഇയാൾ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചതായും വിവരമുണ്ട്. ഈ വിവരങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഫോൺ സ്വിച്ച് ഓഫാക്കി. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള ഐ.എ.എസുകാർ ശ്രീറാമിനെ സന്ദർശിച്ചെന്നും ആരോപണം. ശ്രീറാമിന്റെ സുഹൃത്തുക്കളടക്കമുള്ളവരും ആശുപത്രിയിലുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ. രാജുവും സിറാജ് മാനേജ്മെന്റും പത്രപ്രവർത്തക യൂണിയനുമെല്ലാം പ്രതിഷേധവുമായി രംഗത്തത്തി. ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് പത്രപ്രവർത്തകയൂണിയൻ പ്രഖ്യാപിച്ചു. ഇതോടെ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ഭാവത്തിൽ ശ്രീറാമിനെ പുറത്തിറക്കിയത് സ്ട്രച്ചറിൽ. ദേഹം മറച്ച നിലയിലായിരുന്നു പുറത്തെത്തിച്ചത്. മുഖത്ത് മാസ്‌കും. അങ്ങനെ സർവ്വത്ര നാടകം. കൈതമുക്കിലെ മജിസ്േട്രറ്റിന്റെ വീട്ടിൽ ഹാജരാക്കി. ആംബുലൻസിലുണ്ടായിരുന്ന ശ്രീറാമിനെ അവിടെയെത്തിയാണ് മജിസ്േട്രറ്റ് കണ്ടത്. ആരോഗ്യ റിപ്പോർട്ട് പരിശോധിച്ച് ശ്രീറാമിനെ ജയിലിലേക്കയക്കാൻ നിർദ്ദേശിച്ചു. ആവശ്യമുണ്ടെങ്കിൽ തുടർ ചികിത്സ നൽകാനും നിർദ്ദേശം.

പൂജപ്പുര സബ്ജയിലിലെത്തിച്ചു. ആംബുലൻസിൽെവച്ചുതന്നെ ജയിൽ ഡോക്ടർ പരിശോധിച്ചു. നെട്ടെല്ലിലെ സ്‌പൈനൽ കോഡിൽ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും ഇടയ്ക്ക് ഛർദിയുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പരിശോധന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഡോക്ടർമാർ ജയിൽ അധികൃതരുമായി ചർച്ച നടത്തിയശേഷം തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. രാത്രി 9.00ഓടെ മെഡിക്കൽ കോളേജിലെ സെല്ലിൽ പ്രവേശിപ്പിച്ചു

താരം പിണറായി പൊലീസ് തന്നെ

പൊലീസ് എപ്പോഴും ശ്രീറാമിനൊപ്പമായിരുന്നു. കാർ ഓടിച്ചിരുന്നയാളുടെ പേര്, സ്റ്റേഷനിൽ വിവരം അറിഞ്ഞ സമയം, അപകടം നടന്ന സ്ഥലവും സ്റ്റേഷനും തമ്മിലുള്ള ദൂരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എഫ്‌ഐആറിൽ തെറ്റായി രേഖപ്പെടുത്തി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട സ്ഥലത്ത് എഴുതിയിരിക്കുന്നത് 'അജ്ഞാതൻ' എന്നാണ്.

സിവിൽ സർവീസ് ലോബിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണു വലിയ അട്ടിമറിക്കു പൊലീസ് ഒത്താശ ചെയ്തതെന്ന ഗുരുതര ആക്ഷേപം ഉയർന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി 12.55 നായിരുന്നു അപകടം. കഷ്ടിച്ച് അര കിലോമീറ്റർ അകലെയുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസുകാർ ഉടൻ സ്ഥലത്ത് എത്തി. കാറിൽ നിന്നിറങ്ങിയ ശ്രീറാമിനോടും ഒപ്പം ഉണ്ടായിരുന്ന വഫ ഫിറോസിനോടും പൊലീസ് സംസാരിച്ചു. താൻ ഡോക്ടർ ആണെന്നാണു ശ്രീറാം ആദ്യം പറഞ്ഞത്. പിന്നീടു വിലാസം ചോദിച്ചപ്പോൾ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു പൊലീസിനു മനസ്സിലായി. ശ്രീറാം നിർദ്ദേശിച്ചപ്രകാരം വഫയെ ടാക്‌സി വിളിച്ചു പൊലീസ് വീട്ടിലേക്കയച്ചു. താനാണു വാഹനം ഓടിച്ചിരുന്നതെന്നും ശ്രീറാം പൊലീസിനോടു സമ്മതിച്ചു. പരുക്കേറ്റ ശ്രീറാമിനെ പൊലീസാണു ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണു ശ്രീറാമിനെ റഫർ ചെയ്തത്. എന്നാൽ ഉന്നതരുടെ നിർദ്ദേശപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കു പോയി. പൊലീസും ഇതിനു വഴങ്ങി. എന്നാൽ, സംഭവം നടന്ന് 6 മണിക്കൂറിനു ശേഷം രാവിലെ 7.17 നാണ് വിവരം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞതെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ടിൽ എസ് ഐ ഓടിയെത്തിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷന് മുമ്പിലാണ് സംഭവം. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് രേഖ ഉണ്ടാക്കിയത് ശ്രീറാമിനെ സുരക്ഷിതനാക്കാനാണ്.

അട്ടിമറിശ്രമങ്ങൾ ഇങ്ങനെ

  • ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിൽ പോകാൻ അനുവദിച്ചു.
  • റിമാൻഡിൽ ആശുപത്രിയിൽ കഴിയവേ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം അനുവദിച്ചു.
  • റിമാൻഡ് ചട്ടം ലംഘിച്ച് ഫോൺ ഉപയോഗം അനുവദിച്ചു.
  • രക്തപരിശോധന മണിക്കൂറുകൾ വൈകിച്ചു.
  • ചെറിയ പരുക്കുകൾ മാത്രമെന്നു പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും ഡിസ്ചാർജ് ചെയ്തതു ഗുരുതര രോഗിയെന്ന മട്ടിൽ.
  • ശനിയാഴ്ച പുലർച്ചെ ഒന്നേകാലോടെ പൊലീസിനൊപ്പം ജനറൽ ആശുപത്രിയിൽ ചെന്നപ്പോൾ ശ്രീറാം രക്തപരിശോധനയ്ക്കു വിസമ്മതിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴും രക്തം നൽകിയില്ല. രാവിലെ പത്തിനുശേഷം പൊലീസ് ജനറൽ ആശുപത്രി ജീവനക്കാരോടൊപ്പം അവിടെ ചെന്നു രക്തം ശേഖരിക്കുകയായിരുന്നു.

ഗൂഢാലോചന തിയറിയുമായി ശ്രീറാം

കേസിലെ പ്രാഥമിക തെളിവുകൾ എല്ലാം തന്നെ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. ശ്രീറാം മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. റിമാൻഡിൽ കഴിയുന്ന ശ്രീറാം ഇതോടെ കേസിൽ ജാമ്യം ലഭിക്കാനുള്ള വഴികൾ തേടുകയാണ് ചെയ്യുന്നത്. ജാമ്യഹർജിയിൽ രാഷ്ട്രീയകാര്യം അടക്കം സൂചിപ്പിക്കുന്നുണ്ട് ശ്രീറാം വെങ്കിട്ടരാമൻ. ഇന്നാണ്് ശ്രീരാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ള ജാമ്യാപേക്ഷയിൽ മാധ്യമങ്ങൾ പറയുന്നതുപോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ട്. മദ്യപിച്ചിട്ടില്ല. അപകടത്തിൽ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്.

ഉത്തരവാദിത്തമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി. സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാനായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്‌ട്രേട്ട് എസ് ആർ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ മജിസ്‌ട്രേട്ട് സ്വീകരിച്ചില്ല. തിങ്കളാഴ്ച കോടതിയിൽ നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി എസ് ഭാസുരേന്ദ്രൻ നായർ, ആർ പ്രവീൺകുമാർ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരായത്.

അപകടം നടന്ന സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നുമാണ് സാക്ഷികൾ മൊഴി നൽകിയിരുന്നു. ശ്രീറാമിടൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസും ഇക്കാര്യം മൊഴി നൽകിയിരുന്നു. എന്നാൽ അപകടശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിന്റെ രക്തം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നില്ല. അതേസമയം, മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി ഡോക്ടർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം രക്തം പരിശോധനക്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഉച്ചയോടെയായിരുന്നു രക്തം പരിശോധനയ്ക്കെടുത്തതും ലാബിലേക്ക് അയച്ചതും. അപകടം നടന്ന് പത്തുമണിക്കൂറോളമായ ശേഷമായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP