Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വിരൽ അടയാളം ശേഖരിക്കാൻ കൈയ്ക്ക് പരിക്ക്! ജാമ്യാപേക്ഷയിൽ ഒപ്പിട്ടതും ഇതേ വേദനയുള്ളയാൾ; കസ്റ്റഡിയിൽ കഴിയുമ്പോൾ കിംസ് ആശുപത്രിയിൽ ഓടി എത്തി അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടത് വെറുതെയായില്ല; രക്തത്തിലെ മദ്യത്തിന്റെ അളവില്ലാതാക്കാൻ കിംസിൽ എത്തിയ ഉടൻ ഡോക്ടറായ ഐഎഎസുകാരൻ കുത്തി വച്ചത് അഞ്ച് ട്രിപ്പുകൾ; ഒൻപത് മണിക്കൂർ കഴിഞ്ഞുള്ള രക്തമെടുപ്പും ഐഎഎസ് അസോസിയേഷൻ ഇടപെടലിന്റെ ഭാഗം: ശ്രീറാം വെങ്കിട്ടരാമൻ സർവ്വസ്വതന്ത്രനായത് ഇങ്ങനെ

വിരൽ അടയാളം ശേഖരിക്കാൻ കൈയ്ക്ക് പരിക്ക്! ജാമ്യാപേക്ഷയിൽ ഒപ്പിട്ടതും ഇതേ വേദനയുള്ളയാൾ; കസ്റ്റഡിയിൽ കഴിയുമ്പോൾ കിംസ് ആശുപത്രിയിൽ ഓടി എത്തി അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടത് വെറുതെയായില്ല; രക്തത്തിലെ മദ്യത്തിന്റെ അളവില്ലാതാക്കാൻ കിംസിൽ എത്തിയ ഉടൻ ഡോക്ടറായ ഐഎഎസുകാരൻ കുത്തി വച്ചത് അഞ്ച് ട്രിപ്പുകൾ; ഒൻപത് മണിക്കൂർ കഴിഞ്ഞുള്ള രക്തമെടുപ്പും ഐഎഎസ് അസോസിയേഷൻ ഇടപെടലിന്റെ ഭാഗം: ശ്രീറാം വെങ്കിട്ടരാമൻ സർവ്വസ്വതന്ത്രനായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമൻ കിടന്നത് കസ്റ്റഡിയിലെ പ്രതിയായാണ്. ആദ്യ ദിവസം കിംസ് ആശുപത്രിയിൽ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നൽകിയത്് സുഖ ചികിൽസയായിരുന്നു. കിംസ് സൗത്ത് ബ്ലോക്കിൽ ഒൻപതാമത്തെ നിലയിൽ 923 റൂമിലാണ് ശ്രീറാം വെങ്കിട്ടരാമൻ സുഖവാസത്തിൽ കഴിഞ്ഞത്. ഈ നിലയിലേക്ക് ഈച്ച പോലും കടക്കാത്ത സുരക്ഷയും ഒരുക്കി. ഇവിടേക്കാണ് പൊലീസ് കസ്റ്റഡിയിലെ പ്രതിയെ കാണാൻ ഐഎഎസ് അസോസിയേഷൻ നേതാവ് എത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയാണ് ഇവിടെ എത്തിയത്. കേസിൽ സംഘടനയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതിന് ശേഷമാണ് നാടകം കളിയുമായി പൊലീസ് ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഒടുവിൽ എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു. യുവ ഐഎഎസുകാരൻ എത്തിയത് മെഡിക്കൽ കോളേജിലും. രാജ്യം മുഴുവൻ കാശ്മീർ വിഭജനം ചർച്ചയാക്കുമ്പോൾ പതിയെ അവിടെ നിന്ന് ശ്രീറാമിനെ എസി സൗകര്യമുള്ള ഐസിയുവിലേക്കും മാറ്റി. അങ്ങനെ ശ്രീറാമിനെ ഐഎഎസ് ലോബി എല്ലാ അർത്ഥത്തിലും രക്ഷിച്ചെടുത്തു.

കവടിയാറിലെ ഐഎഎസ് ഇൻസ്റ്റിയൂട്ടിലാണ് ശ്രീറാം മദ്യപാന പാർട്ടി നടത്തിയത്. അവിടെ നിന്നാണ് വഫ ഫിറോസ് കാറിൽ കയറ്റിയതെന്നാണ് ആരോപണം. എന്നാൽ വഫയുടെ രഹസ്യമൊഴിയിൽ പറയുന്നത് കവടിയാറിലെ വിവേകാനന്ദ പാർക്കിൽ നിന്ന് കയറ്റിയെന്നാണ്. ഐഎഎസ് അസോസിയേഷന്റെ ക്ലബ്ബിലേക്ക് ആരോപണം എത്താതിരിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നാണ് ആക്ഷേപം. മ്യൂസിയത്ത് വണ്ടി ഇടിച്ച് മാധ്യമ പ്രവർത്തകനെ കൊന്നത് ഐഎഎസുകാരനെന്ന് എസ് ഐ തിരിച്ചറിഞ്ഞപ്പോൾ തന്നെ അതീവ ഗൗരവത്തോടെയുള്ള സന്ദേശം വയർലസുകളിലൂടെ പാഞ്ഞു. ഇതോടെയാണ് സിവിൽ സർവ്വീസുകാർ കരുതലുകളുമായി ഓടിയെത്തുന്നത്. ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധന ഒഴിവാക്കി കിംസിലേക്ക് അതിവേഗം ശ്രീറാം പാഞ്ഞതും രക്തത്തിലെ മദ്യത്തിന്റെ അളവ് മാറ്റാനായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ ശ്രീറാം എടുത്ത മുൻകരുതലുകളാണ് ഇപ്പോൾ ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

മദ്യപിച്ച് വണ്ടി ഓടിച്ച് ബഷീറിനെ കൊന്നുവെന്ന കുറ്റം നിലനിൽക്കാതിരിക്കാനാണ് ഇത്. ഇതിന് വേണ്ടി കിംസിൽ എത്തിയ ശ്രീറാം ആവശ്യപ്പെട്ടത് അഞ്ച് കുപ്പി ഗ്ലൂക്കോസ് ശരീരത്തിൽ അടയ്ക്കാനാണ്. ഇതിലൂടെ രക്തശുദ്ധി അതിവേഗം വരുന്നുവെന്ന് ഉറപ്പാക്കി. ഡ്രിപ്പിനൊപ്പം മരുന്നും കഴിച്ചുവെന്നാണ് സൂചന. ഇതിന് മുമ്പ് രക്തസാമ്പികൾ എടുക്കുന്നില്ലെന്ന് ശ്രീറാം ഉറപ്പാക്കിയതാണ് അതി നിർണ്ണായകമായത്. മെഡിക്കൽ റിപ്പോർട്ടില്ലാതെ ആർക്കും ആരും മദ്യപിച്ചുവെന്ന് തെളിയിക്കാനാകില്ല. നിലത്ത് കാലുറയ്ക്കാതെ ശ്രീറാമിനെ സ്‌പോട്ടിൽ കണ്ടവരുണ്ട്. മദ്യത്തിന്റെ മണം മൂക്കിലെത്തിയെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടറും കുറിപ്പടിയിൽ കുറിച്ചു. എന്നാൽ ഇതൊന്നും മദ്യപാനം തെളിയിക്കാൻ പോന്ന തെളിവുകളല്ല. അതിന് ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. ഇത് പൊലീസ് ചെയ്തില്ലെന്ന് മാത്രമല്ല മദ്യാംശം ഇല്ലാതാക്കാൻ പ്രതിയെ സഹായിക്കുകയും ചെയ്തു. ഇതോടെയാണ് കോടതിക്ക് ശ്രീറാമിനെ ജാമ്യത്തിൽ വിടേണ്ട അവസ്ഥയുണ്ടാക്കിയത്.

ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് നടത്തി ഇടപെടലിനെ കുറിച്ച് മുഖ്യമന്ത്രിയും അറിഞ്ഞു കഴിഞ്ഞു. കസ്റ്റഡിലുള്ള പ്രതിയെ ഐഎഎസുകാരി സന്ദർശിച്ചത് അത്ഭുതപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാരിന് ഐഎഎസുകാരെ തൽകാലം പിണക്കാനാകില്ല. ഈ സാഹചര്യമാണ് എല്ലാവരും മുതലെടുക്കുന്നതെന്നും മുഖ്യമന്ത്രിക്ക് അറിയാം. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശേഷമായിരുന്നു ഈ ഇടപെടലുകൾ. ട്രിപ്പ് കൊടുത്തതും സ്‌പെഷ്യൽ ബ്രാഞ്ചിലൂടെ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ട്. എന്നാൽ ഐഎഎസുകാരുടെ ഇടപെടലിൽ നടപടിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി തിരിച്ചറിയുന്നു. ഐഎഎസ് ക്ലബ്ബിലെ വെള്ളമടി പുറത്തു വരാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും പൊലീസിലൂടെ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. ഏതായാലും ശ്രീറാമിന് ജ്യാമം കിട്ടാൻ കാരണം ഈ നീക്കങ്ങളാണ് എന്നതാണ് വസ്തുത. കിംസ് ആശുപത്രിയിൽ പോയി ശ്രീറാമിനെ കാണേണ്ട ആവശ്യം ഐഎഎസ് അസോസിയേഷൻ പ്രസിഡന്റിന് ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.

എന്നാൽ മറ്റ് മുതിർന്ന ഐഎഎസുകാരുടെ നിർബന്ധം കണക്കിലെടുത്താണ് പ്രസിഡന്റ് ആശാ തോമസ് ഐ എഎസ് അവിടെ ഓടിയെത്തിയത്. പേടിക്കേണ്ടതില്ലെന്ന സന്ദേശം അങ്ങനെ ശ്രീറാമിലെത്തുകയും ചെയ്തു. മറ്റ് മുതിർന്ന സിവിൽ സർവ്വീസുകാരുമായി ശ്രീറാം ഫോണിൽ സംസാരിക്കുകയും ചെയ്തു. അങ്ങനെ എല്ലാവരും ശ്രീറാമിന് പിന്നിൽ അണിനിരന്നു. മൂന്നാറിലെ ഓപ്പറേഷൻ സമയത്ത് പോലും കിട്ടാത്ത പിന്തുണ കേസിൽ കുടുങ്ങിയപ്പോൾ തന്നെ തേടിയെത്തിയെന്നത് ശ്രീറാമിനേയും ഞെട്ടിച്ചു. ജയിലിലേക്ക് അയക്കേണ്ട ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയതും ഐഎഎസ് ലോബിയുടെ ഇടപെടലിലൂടെയായിരുന്നു. കിംസ് ആശുപത്രിയിലെ സുഖവാസം വിവാദമായ സാഹചര്യത്തിലാണ് പൊലീസ് ഈ വിഷയത്തിൽ ഇടപെടൽ നടത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് റിമാൻഡിൽ സുഖവാസം എന്ന് വാർത്തകൾ പുറത്തുവന്നതോടെ ശ്രീരാമിന്റെ മെഡിക്കൽ വിവരം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന ആവശ്യം ശക്തമായിരുന്നു.

ആശുപത്രിയിൽ നിന്നും ആംബുലൻസിലേക്ക് മാറ്റിയപ്പോൾ ക്യാമറകളെ വെട്ടിക്കാൻ ശ്രമിച്ചത് മുഖം മറച്ച് സ്ട്രെച്ചറിൽ കിടന്നായിരുന്നു. ആശുപത്രിയിലെ ശീതീകരിച്ച മുന്തിയ മുറിയിൽ ടിവികാണാനും ഫോൺ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ആദ്യ ദിവസങ്ങളിൽ പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും ശ്രീറാമിനെ പരിചരിച്ചത്. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പിൽ ഓൺലൈനിലാണെന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. അപകടം നടത്തി നിരപരാധിയുടെ ജീവനെടുത്ത യുവ ഐഎഎസുകാരെ രക്ഷിക്കാൻ ഒത്തുകളിച്ച പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിലും കൈ അയച്ച് സഹായിക്കുകയാണ് എന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്റെ വിഷയത്തിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയർന്നിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിച്ചതടക്കമുള്ള കാര്യങ്ങൾ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കിംസ് ആശുപത്രിയിലെത്തി ഡിസ്ചാർജ് നടപടികൾ നടത്തിയത്.

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതും ഈ സഹാചര്യത്തിലാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറാണ് മരിച്ചത്. മദ്യപിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജാമ്യ ഹർജി പരിഗണിക്കവെ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലും തെളിവ് എന്താണെന്ന് കോടതി ആരാഞ്ഞു. മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്. കേസ് ഡയറിയും കോടതിയിൽ ഹാജരാക്കി. ശക്തമായ സാക്ഷിമൊഴികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും അത് വിശ്വസനീയമായ വാദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്ത പരിശോധന കൃത്യസമയത്ത് നടത്തുന്നതിൽ പൊലീസ് വരുത്തിയ വീഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമന് സഹായകമായത്. സിസിടിവി ദൃശ്യങ്ങൾ ഇല്ല എന്നതും ഐ.എ.എസ് ഉദ്യോഗസ്ഥന് അനുകൂലമായി. രക്ത പരിശോധന ഒൻപത് മണിക്കൂറോളം വൈകിച്ചതിൽ നേരത്തെതന്നെ പൊലീസിനെതിരെ വിമർശം ഉയർന്നിരുന്നു. ഇക്കാരണത്താൽ എസ്‌ഐയെ സസ്പെൻഡ് ചെയ്തിരുന്നു.

കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടരുന്നുവെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാനിടയായ സാഹചര്യം. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും നരഹത്യാ കേസ് നിലനിൽക്കില്ല എന്നും ശ്രീറാം കോടതിയിൽ അവകാശപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന ഫലം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ശ്രീറാം മദ്യപിച്ചു എന്ന് എങ്ങനെ കണ്ടെത്തിയന്നും ചോദിച്ചു. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ശ്രീറാമിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതാണ് ഫലം എതിരാകാൻ കാരണമായതെന്നാണ് പ്രധാന ആക്ഷേപം. കയ്യിൽ പരിക്കുണ്ട് എന്ന കാരണം പറഞ്ഞ് ശ്രീറാമിന്റെ വിരലടയാളം എടുക്കാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതെല്ലാം ഐഎഎസ് അസോസിയേഷന്റെ ഇടപെടലിന്റെ ഭാഗമാണ്. വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് വിരലടയാളം നിർണായക തെളിവാണെന്നിരിക്കെയാണ് പൊലീസ് കേസ് അട്ടിമറിക്കാനായി ഈ നീക്കം നടത്തുന്നത്. കാറിന്റെ സ്റ്റിയറിങിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധർ വിരലടയാളം ശേഖരിച്ചു കഴിഞ്ഞു. രക്ത പരിശോധന കഴിഞ്ഞാൽ ശ്രീറാമിനെതിരായി ഉണ്ടാവേണ്ട നിർണായക തെളിവാണ് ഈ ഫോറൻസിക് ഫലമെന്നിരിക്കെയാണ് പൊലീസിന്റെ ഈ നീക്കം.

അതേസമയം ജാമ്യാപേക്ഷ ഉൾപ്പെടെയുള്ള കോടതി രേഖകളിൽ ശ്രീറാം തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. അതിനാൽ കൈക്ക് പരിക്കുള്ളതിനാൽ വിരലടയാളം ശേഖരിക്കാൻ കഴിഞ്ഞില്ല എന്ന പൊലീസ് വാദം തെറ്റാണെന്ന് വ്യക്തമാണ്. അതിനാൽ കള്ളക്കളി വ്യക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP