Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിയുടെ എടിഎം കാർഡു ഉപയോഗിച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയത് കോൺഗ്രസ് സംഘടനാ അനുഭാവി; പിണറായിയ്‌ക്കെതിര പോസ്റ്റിട്ട പൊലിസുകാരനെതിരെ വകുപ്പ് തല അന്വേഷണം; സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ശ്രീകാന്ത് നമ്പൂതിരി സർവ്വീസിൽ തിരിച്ചെത്തിയേക്കില്ല

പ്രതിയുടെ എടിഎം കാർഡു ഉപയോഗിച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയത് കോൺഗ്രസ് സംഘടനാ അനുഭാവി; പിണറായിയ്‌ക്കെതിര പോസ്റ്റിട്ട പൊലിസുകാരനെതിരെ വകുപ്പ് തല അന്വേഷണം; സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ശ്രീകാന്ത് നമ്പൂതിരി സർവ്വീസിൽ തിരിച്ചെത്തിയേക്കില്ല

അനീഷ് കുമാർ

കണ്ണൂർ: കവർച്ചാ കേസിൽ പൊലീസ് പിടിയിലായ പ്രതിയുടെ കൈയിലുണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവിൽ പൊലിസ് ഓഫിസർ പണം തട്ടിയെടുത്ത കേസിൽ വകുപ്പ് തല അന്വേഷണം തുടങ്ങി. സർവീസിൽ നിന്നും സസ്‌പെൻഷനിൽ കഴിയുന്ന പൊലീസുകാരനെതിരെയാണ് വകുപ്പ് തല അന്വേഷണം തുടങ്ങിയത്.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മനോജ് കുമാർ പി.വിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ കേസ് ഹൈക്കോടതിയിൽ ഇരു വിഭാഗവും ചേർന്ന് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ പൊലീസുകാരനെതിരേ വകുപ്പുതല കേസന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈ.എസ്‌പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ മറ്റു പൊലിസ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു തുടങ്ങി.

അന്ന് കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർ വി.ജയകുമാറിൽ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിട്ടുണ്ട്. കേസന്വേഷണത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്നു അടുത്ത ദിവസം മൊഴിയെടുക്കും. സസ്‌പെൻഷനിൽ കഴിയുന്ന പൊലീസുകാരനോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും.

മോഷണ കേസിൽ പൊലീസ് പിടിയിലായ പുളിമ്പറമ്പിലെ ഗോകുലി(26)ന്റെ കൈയിലുണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം കാർഡിലെ പിൻ നമ്പർ ഉപയോഗിച്ചാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചെറുതാഴം അതിയടം ശ്രീസ്ഥ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇ.എൻ ശ്രീകാന്ത് നമ്പൂതിരി അരലക്ഷത്തിലധികം രൂപ പിൻവലിച്ചത്.

പണം തട്ടം തട്ടിയ കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. അതുകൊണ്ട് തന്നെ ഈ പൊലീസുകാരന് ഇനി സർവ്വീസിൽ തിരിച്ചു കയറാനും കഴിയും എന്ന വിലയിരുത്തലുമെത്തി. പരാതിക്കാരൻ പിൻവാങ്ങിയതിനെ തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. ഏപ്രിൽ ഒന്നിന് ഏഴാം മൈലിൽ സ്വന്തം വാഹനം കേടായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ചൊകൽ ഒളവിലം സ്വദേശി കെ.കെ മനോജ് കുമാറിന്റെ നിർത്തിയിട്ട കാറിൽ നിന്നും എ.ടി. എം കാർഡ് പുളിപ്പറമ്പിലെ ഗോകുൽ കവർച്ച ചെയ്യുകയായിരുന്നു. ഈ കാർഡിൽ എഴുപതിനായിരം രൂപയുണ്ടായിരുന്നു. ഇതുപിൻവലിക്കുകയും ചെയ്തു.

മനോജ്കുമാറിന്റെ പരാതിയിൽ അന്വേഷണമാരംഭിച്ച തളിപ്പറമ്പ് പൊലിസ് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഏപ്രിൽ മൂന്നിന് ഗോകുലിനെ പിടികൂടുകയായിരുന്നു. ഈ കേസിനെതുടർന്ന് ആലക്കോട് സി. ഐ ശ്രീകാന്തിനെ കേസെടുത്തു അന്വേഷണമാരംഭിച്ചുവെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെയിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചു. ഇതു നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരനെ സ്വാധീനിച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചത്. എന്നാൽ കേസ് ഒത്തുതീർപ്പായെങ്കിലും ശ്രീകാന്തിന്റെ സസ്‌പെൻഷൻ തൽകാലം തുടരും. തിരിച്ചെടുക്കാൻ ഒരു സാധ്യതയുമില്ല.

പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കും വിധമാണ് ശ്രീകാന്ത് പ്രവർത്തിച്ചതെന്ന അതൃപ്തി സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അപഹരിച്ച പണം ഗോകുൽ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇവരുടെ മൊബൈൽ ഫോണിൽ ശ്രീകാന്ത് പണം പിൻവലിച്ചപ്പോൾ മെസെജ് വന്നതിനെ തുടർന്നാണ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ തന്നെ ഇവർ പരാതിയുമായെത്തിയത്.

സംഭവം വിവാദമായതിനെ തുടർന്ന് ശ്രീകാന്ത് ഒളിവിൽ പോവുകയായിരുന്നു. സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന മണൽ ലോറി ആരുമറിയാതെ ആക്രികച്ചവടർക്കാക്ക് വിറ്റ സംഭവത്തിനു ശേഷം തളിപ്പറമ്പ് പൊലിസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാർഡുപയോഗിച്ച് പൊലിസുകാരൻ പണംതട്ടിയ സംഭവം. ഇതേ തുടർന്ന് വിവിധ പാർട്ടികൾ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനു മുൻപിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു.

കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പൊലീസുകാരനെതിരേ അച്ചടക്ക നടപടിയെടുത്തിരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ അനുഭാവിയാണ് ശ്രീകാന്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP