Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇല്ല....ശ്രീകല ടീച്ചറർ ഇനി ഇല്ല; ശമ്പളം ചോദിച്ച് സർക്കാർ ഓഫിസുകൾ തോറും കയറി ഇറങ്ങാൻ ഈ അദ്ധ്യാപിക ഇനി ഇല്ല; നാലു വർഷം ചെയ്ത ജോലിയുടെ ശമ്പളം കൈപ്പറ്റാതെ ശ്രീകല ടീച്ചർ ഈ ലോകത്ത് നിന്നു തന്നെ യാത്രയായി: സർക്കാർ ജോലി ഉണ്ടായിട്ടും മക്കളെ പോറ്റാൻ പാടുപെട്ട അദ്ധ്യാപിക ഭർത്താവിന്റെ വഴിയെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഇല്ല....ശ്രീകല ടീച്ചറർ ഇനി ഇല്ല; ശമ്പളം ചോദിച്ച് സർക്കാർ ഓഫിസുകൾ തോറും കയറി ഇറങ്ങാൻ ഈ അദ്ധ്യാപിക ഇനി ഇല്ല; നാലു വർഷം ചെയ്ത ജോലിയുടെ ശമ്പളം കൈപ്പറ്റാതെ ശ്രീകല ടീച്ചർ ഈ ലോകത്ത് നിന്നു തന്നെ യാത്രയായി: സർക്കാർ ജോലി ഉണ്ടായിട്ടും മക്കളെ പോറ്റാൻ പാടുപെട്ട അദ്ധ്യാപിക ഭർത്താവിന്റെ വഴിയെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം: ചെയ്ത ജോലിയുടെ ശമ്പളം ചോദിച്ച് സർക്കാർ ഓഫിസുകൾ തോറും കയറി ഇറങ്ങിയ ആ അദ്ധ്യാപിക ഇനി ഇല്ല. സർക്കാർ ജോലി ഉണ്ടായിട്ടും രണ്ട് മക്കളെ പോറ്റാൻ പെടാപ്പാടു പെട്ട ശ്രീകല ടീച്ചർ ഒടുവിൽ പട്ടിണിയും പ്രാരാബ്ദങ്ങളുമില്ലാത്ത ലോകത്തേക്ക് യാത്രയായി. നാലു വർഷം ചെയ്ത ജോലിയുടെ ശമ്പളം കിട്ടുന്നതിന് മുമ്പേ തന്നെ ടീച്ചറെ മരണം കവർന്നെടുക്കുക ആയിരുന്നു. ഈ തിരുവോണ നാളിലായിരുന്നു കൊട്ടിയം എൻഎസ്എംജിഎച്ച്എസിലെ ഹിന്ദി അദ്ധ്യാപികയായ ശ്രീകല ഓസ്റ്റിന്റെ (51) മരണം.

ചെയ്യുന്ന ജോലിക്കുള്ള ശമ്പളം തേടി നാലു വർഷമായി അവർ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി. എന്നാൽ ഭർത്താവ് മരിച്ചു പോയ ഈ അദ്ധ്യാപികയോട് അൽപ്പം കരുണ കാട്ടാൻ ആരും ഉണ്ടായിരുന്നില്ല. മരണം വരെ ആരും ശമ്പളം ആ കൊടുത്തില്ല. ഏഴ് വർഷം മുൻപ്, അവരുടെ ഭർത്താവ് ഒാസ്റ്റിൻ.ഐ.വിൻസെന്റും ഹൃദയാഘാതത്തെത്തുടർന്നു മരണമടഞ്ഞത് ഒരു ഓണക്കാലത്തുതന്നെയാണ്. ഇക്കഴിഞ്ഞ തിരുവോണത്തിനു ഹൃദയാഘാതം തന്നെ ശ്രീകലയുടെയും ജീവനെടുത്തു.

കൊട്ടിയം പറക്കുളം ഐവി വില്ലയിൽ ഓസ്റ്റിൻ എൻഎസ്എംജിഎച്ചിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് അതേ ജോലി ശ്രീകലയ്ക്കു ലഭിച്ചു. കടവൂരിലെ സ്‌കൂളിലായിരുന്നു ആദ്യ നിയമനം. ജോലി ലഭിച്ച് ഏതാനും മാസം ശമ്പളം ലഭിച്ചില്ല. പരാതിപ്പെട്ടപ്പോൾ തുക ഒരുമിച്ചു നൽകി. ഇതിനിടെയാണു കൊട്ടിയത്തെ സ്‌കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചത്. അന്നു മുതൽ ശമ്പളം ലഭിക്കാതെയായി. ഇവിടെ ജോലി ആരംഭിച്ച് നാലു വർഷമായിട്ടും സ്ഥിതി അതുതന്നെ. ഒടുവിൽ ശമ്പളം എന്ന മോഹം സഫലമാകും മുന്നേ തന്നെ ശ്രീകല ടീച്ചർ പോയി.

ഭർത്താവ് മരിച്ച കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീകല ടീച്ചർ. ജോലി ലഭിച്ചപ്പോൾ വളരെ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ശമ്പളം ലഭിക്കാതായതോടെ ഇവർ മക്കളെ പോറ്റാൻ പെടാപ്പാടു പെട്ടു. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടം വാങ്ങിയാണു ശ്രീകലയും മക്കളായ വിൻസെന്റ് എ.പണ്ടാലയും ആൽവിൻ.എ.പണ്ടാലയും അടങ്ങുന്ന കുടുംബം ജീവിച്ചത്. മക്കളുടെ വിദ്യാഭ്യാസത്തിനായി വസ്തുവും പണയപ്പെടുത്തേണ്ടി വന്നു. ആശ്രിത പെൻഷൻ എന്ന നിലയിൽ ലഭിച്ച തുക മാത്രമായിരുന്നു ഏക ആശ്വാസം. ശമ്പളമെന്ന ഏറ്റവും ന്യായമായ അവകാശത്തിനുവേണ്ടി വിദ്യാഭ്യാസ ഉപജില്ലാ ഒാഫിസ് മുതൽ സെക്രട്ടേറിയേറ്റ് വരെ അവർ കയറിയിറങ്ങി.

മന്ത്രിമാരും ജനപ്രതിനിധികളും നൽകിയ ഉറപ്പുകളും പാലിക്കാതെ പോയി. എയ്ഡഡ് മേഖലയിലെ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരും മാനേജ്‌മെന്റും തമ്മിലുള്ള തർക്കമാണു ശ്രീകലയ്ക്കു നീതി ലഭിക്കാതിരുന്നതിനു കാരണം. ശ്രീകലയുടെ സംസ്‌കാരം നടത്തി. സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ശമ്പളം ലഭിക്കാതെ, ഇതു പോലെ ആയിരക്കണക്കിന് ജീവനക്കാരാണ് എയ്ഡഡ് മേഖലയിലുള്ളത്. സീനിയോറിറ്റി സംബന്ധിച്ച അവ്യക്തതകളും നിലനിൽക്കുന്നു. കണ്ണു തുറക്കണം, കാണണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP