Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൈലമാളെ സസ്പെന്റ് ചെയ്തത് ശ്രീധന്യയെ കുഴപ്പത്തിലാക്കാതിരിക്കാൻ; അച്ചടക്ക നടപടിക്ക് ആദ്യം പറഞ്ഞത് വാർത്ത ചോർത്തിയെന്ന ആക്ഷേപം; ഉത്തരവിറങ്ങിയപ്പോൾ പറയുന്നത് ചട്ടവിരുദ്ധമായി റിപ്പോർട്ട് നൽകിയതിന് നടപടി എന്നും; കിളിമാനൂർ ചന്ദ്രബാബുവിന്റെ കോൺക്രീറ്റ് മിക്സിങിലെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കേണ്ടത് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തന്നെയെന്ന് രേഖകളും; സുധാകര മന്ത്രി നൽകിയത് ഓപ്പറേഷൻ ശബരിമലയിലെ ഐപിഎസുകാരൻ ഹരിശങ്കറിന്റെ അമ്മായി അച്ഛനെ തൊട്ടാൽ പണി ഉറപ്പെന്ന സന്ദേശം

ഷൈലമാളെ സസ്പെന്റ് ചെയ്തത് ശ്രീധന്യയെ കുഴപ്പത്തിലാക്കാതിരിക്കാൻ; അച്ചടക്ക നടപടിക്ക് ആദ്യം പറഞ്ഞത് വാർത്ത ചോർത്തിയെന്ന ആക്ഷേപം; ഉത്തരവിറങ്ങിയപ്പോൾ പറയുന്നത് ചട്ടവിരുദ്ധമായി റിപ്പോർട്ട് നൽകിയതിന് നടപടി എന്നും; കിളിമാനൂർ ചന്ദ്രബാബുവിന്റെ കോൺക്രീറ്റ് മിക്സിങിലെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കേണ്ടത് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തന്നെയെന്ന് രേഖകളും; സുധാകര മന്ത്രി നൽകിയത് ഓപ്പറേഷൻ ശബരിമലയിലെ ഐപിഎസുകാരൻ ഹരിശങ്കറിന്റെ അമ്മായി അച്ഛനെ തൊട്ടാൽ പണി ഉറപ്പെന്ന സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ജില്ലാ വിജിലൻസ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിൽ ചട്ടവിരുദ്ധതയില്ലെന്ന് വ്യക്തം. മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഗൗരവമേറിയ കാര്യങ്ങളുമാണ്. ഇത്തരമൊരു റിപ്പോർട്ട് നൽകിയതിൽ തെറ്റില്ലെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുമ്പോൾ ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ വിവാദത്തിലുമാകുകായണ്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് അതിവേഗ നടപടി എടുത്തത്. ഇതിന് കാരണം മേൽപാലത്തിലെ നിർമ്മാണ കരാറുകാരായ ശ്രീധന്യാ കൺസ്ട്രക്ഷൻസിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് സൂചന.

ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് പൊതുമരാമത്ത് വകുപ്പിൽ എല്ലാ ജില്ലകളിലും വിജിലൻസ് വിങ്ങിന് രൂപം നൽകുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് ഇല്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധനാ വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറെയാണ് എല്ലാ ജില്ലകളിലും വിജിലൻസ് ഓഫീസറായി നിയമിച്ചത്. ഇവരുടെ മേലുദ്യോഗസ്ഥൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആണ്. വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ പേരിലാണ് എറണാകുളം ജില്ല വിജിലൻസ് ഓഫീസറായിരുന്ന വി.കെ. ഷൈലാമോളെ സസ്‌പെൻഡ് ചെയ്തത്. മാധ്യമങ്ങൾക്ക് വിവരം നൽകിയതിന്റെ പേരിലാണ് ഷൈലാമോൾക്കെതിരേ നടപടി സ്വീകരിക്കുന്നത് എന്നായിരുന്നു ആദ്യം പരഞ്ഞത്.

എന്നാൽ, സസ്‌പെൻഷൻ ഉത്തരവിൽ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ പേരിലാണ് നടപടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് കൊടുങ്ങല്ലൂർ ഡിവിഷനിൽ ഇരിക്കുമ്പോഴും ഇത്തരത്തിൽ അവർക്കെതിരേ നടപടി ഉണ്ടായിരുന്നു. അവിടെ നടന്ന ഒരു ക്രമക്കേട് സംബന്ധിച്ച പരാതി പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നൽകിയതിനായിരുന്നു അന്ന് സസ്‌പെൻഡ് ചെയ്തത്. ഇതിനെ തുടർന്ന് സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലൂടെയാണ് അവരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തത്. അതായത് വീണ്ടും സമാനമായ അച്ചടക്ക നടപടി. ശ്രീധന്യാ കൺസ്ട്രക്ഷൻസിന്റെ മുതലാളി കിളിമാനൂർ ചന്ദ്രബാബുവാണ്. ചന്ദ്രബാബു പഴയ എസ് എൻ ഡി പി നേതാവാണ്. സിപിഎമ്മുമായി അടുപ്പമുള്ള ചന്ദ്രബാബുവിന്റെ മകളുടെ ഭർത്താവാണ് ഐപിഎസുകാരനായ പഴയ കോട്ടയം എസ് പി ഹരിശങ്കർ. ശബരിമലയിലെ യുവതികളെ കയറ്റാനുള്ള ഓപ്പറേഷന് ചുക്കാൻ പിടിച്ചത് ഹരിശങ്കറായിരുന്നു.

വെറ്റില പാലത്തിലെ കോൺക്രീറ്റ് മിക്‌സിന് ഗുണനിലവാരം ഇല്ലാത്തതും പ്ലാന്റിൽ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് സൗകര്യമില്ലാത്തതുമാണ് പി.ഡബ്ല്യു.ഡി. ജില്ല വിജിലൻസ് ഓഫീസർ കൂടിയായ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്. മേൽപ്പാലത്തിന്റെ ഡെക് സ്ലാബിന്റെ കോൺക്രീറ്റിങ് സമയത്ത് എക്‌സിക്യുട്ടീവ് എൻജിനീയറുടെ സാന്നിധ്യം ഉണ്ടാകാത്തതും വലിയ വീഴ്ചയായി റിപ്പോർട്ടിൽ പറയുന്നുണ്ട്. വൈറ്റില പോലെയുള്ള വലിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ റിപ്പോർട്ട് ഗൗരവത്തിലെടുക്കുന്നതിനു പകരം ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ വി.കെ. ഷൈലാമോളെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നിൽ ചന്ദ്രബാബുവിനെ രക്ഷിച്ചെടുക്കാനാണെന്നാണ് ആരോപണം.

രണ്ട് കോടിയിലധികം രൂപയുടെ നിർമ്മാണ ജോലികൾ നടക്കുമ്പോൾ പ്ലാന്റിൽ കോൺക്രീറ്റിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് വേണമെന്നാണ് നിയമം. വൈറ്റില മേൽപ്പാലം നിർമ്മിക്കുന്ന കരാറുകാരുടെ പ്ലാന്റ് ചിത്രപ്പുഴയിലാണ്. ഇവിടെ പ്ലാന്റില്ലെന്നാണ് വിജിലൻസ് ഓഫീസർ ചൂണ്ടിക്കാട്ടിയത്. ഇതിനു പകരം വൈറ്റിലയിൽ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കിളിമാനൂർ ചന്ദ്രബാബു പറയുന്നു. വൈറ്റിലയിൽ പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച്.) ഓഫീസിനു പിന്നിലായി ലാബ് ഒരുക്കിയിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. കോൺക്രീറ്റ് മിക്‌സ് തയ്യാറാക്കുമ്പോൾ എക്‌സിക്യുട്ടീവ് എൻജിനീയർ സ്ഥലത്തുണ്ടാകണമെന്നും പി.ഡബ്ല്യു.ഡി. മാനുവലിൽ പറയുന്നു. പ്ലാന്റിലെത്തി കോൺക്രീറ്റ് മിക്‌സ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ട ചുമതലയും എക്‌സിക്യുട്ടീവ് എൻജിനീയർക്കാണ്. ഇത് നടക്കാത്തതിന് കാരണവും ചന്ദ്രബാബുവിനോടുള്ള താൽപ്പര്യമാണെന്നാണ് ഉയരുന്ന സംശയം.

ഐ.എസ്. 456 എന്നതാണ് കോൺക്രീറ്റിന്റെ ഗുണനിലവാര പരിശോധനയിലെ അംഗീകൃത മാനദണ്ഡം. ഇത് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പരിശോധിച്ചപ്പോൾ കോൺക്രീറ്റിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടായെന്നാണ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറവുകൾ പരിഹരിക്കാനായി പണി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള പണം കിട്ടാതിരുന്നതിനാലാണ് നിർമ്മാണം നിർത്തിയതെന്നായിരുന്നു കരാറുകാരൻ പ്രചരിപ്പിച്ചത്. അന്നത് വലിയ വാർത്തയുമായിരുന്നു. മന്ത്രി ശാസിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം പണി പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി പിണങ്ങിയാണ് കിളിമാനൂർ ചന്ദ്രബാബു എസ് എൻ ഡി പി വിടുന്നത്.

വൈറ്റില മേൽപാലം റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുള്ളതായി ശനിയാഴ്ചതന്നെ മന്ത്രി ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റിങ്ങിന് ഗുണനിലവാരമില്ല എന്നായിരുന്നു ഇവർ റിപ്പോർട്ട് നൽകിയത്. ബന്ധപ്പെട്ട ജീവനക്കാർ നിർമ്മാണസ്ഥലത്ത് എത്താറില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടിയത് ശ്രീധന്യ കൺസ്ട്രക്ഷന്റെ കള്ളക്കളികളിലേക്കാണ്. ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്‌പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നു. ഇത് കേരളത്തിലെ ഉദ്യോഗസ്ഥർക്കും അറിയാം.

ഇങ്ങനെ തട്ടിപ്പ് നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉടമയെ പിടിച്ചു ജയിലിൽ ഇടേണ്ടതിനു പകരം കേരളത്തിൽ ഇന്ന് വരെയും ഉള്ള ഏറ്റവും വലിയ ജംഗ്ഷനിലെ വൈറ്റില മേൽപാലം കരാർ കൊടുത്തു കൊണ്ട് ഇടത് സർക്കാർ മാതൃക കാണിച്ചുവെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാലാരിവട്ടം പോലെ വൈറ്റില മേൽപാലത്തിലും പിഴവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് കോൺഗ്രസ് സമരായുധമാക്കി കഴിഞ്ഞു. പാലത്തിന്റെ കോൺക്രീറ്റിനു നിലവാരം പോരെന്നു കാണിച്ചു പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP