Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിദ്യ കത്ത് നൽകിയപ്പോൾ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചു; തന്റെ പരാതിക്ക് പ്രതികരണം പോലും ഉണ്ടായിരുന്നില്ല'; പിഎച്ച്.ഡി. പ്രവേശന അട്ടിമറിയെക്കുറിച്ച് തുറന്നുപറഞ്ഞ് ദളിത് വിദ്യാർത്ഥി; വ്യാജരേഖ ചമച്ചതിൽ മഹാരാജാസിലെ ആർക്കും പങ്കില്ലെന്ന് കോളജ് ഗവേണിങ് കൗൺസിൽ

'വിദ്യ കത്ത് നൽകിയപ്പോൾ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചു; തന്റെ പരാതിക്ക് പ്രതികരണം പോലും ഉണ്ടായിരുന്നില്ല'; പിഎച്ച്.ഡി. പ്രവേശന അട്ടിമറിയെക്കുറിച്ച് തുറന്നുപറഞ്ഞ് ദളിത് വിദ്യാർത്ഥി; വ്യാജരേഖ ചമച്ചതിൽ മഹാരാജാസിലെ ആർക്കും പങ്കില്ലെന്ന് കോളജ് ഗവേണിങ് കൗൺസിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജരേഖ വിവാദത്തിൽ ആരോപണ വിധേയയായ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം നേടിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയ ദളിത് വിദ്യാർത്ഥി വർഷ. തന്റെ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ല. എന്നാൽ സൂപ്പർ ന്യൂമറിയായി ആദ്യം എടുത്ത മൂന്ന് പേരിൽ ഉൾപ്പെടാത്തതിനെത്തുടർന്ന് വിദ്യ കത്ത് നൽകിയപ്പോൾ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചുവെന്നും വർഷ പറഞ്ഞു.

അട്ടിമറിയുമായി ബന്ധപ്പെട്ട് സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പരാതി നൽകിയിരുന്നതായാണ് ദളിത് വിദ്യാർത്ഥി വർഷ പറഞ്ഞത്. അഞ്ച് സീറ്റ് ഉയർത്താനുള്ള തീരുമാനം പെട്ടന്നായിരുന്നു. ജെ.ആർ.എഫുള്ള മൂന്ന് പേർക്ക് വേണ്ടി സീറ്റ് ഉയർത്തുമ്പോഴും ബാക്കിയുള്ള രണ്ടിൽ ഒന്ന് സംവരണമായി നിലനിർത്താമായിരുന്നു. അതുണ്ടായില്ലെന്നും വർഷ പറഞ്ഞു.

'വിദ്യ കത്ത് നൽകിയപ്പോൾ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചു. എന്നാൽ, തന്റെ പരാതിക്ക് പ്രതികരണം പോലും ഉണ്ടായിരുന്നില്ല. അന്ന് പിച്ച്.ഡി. പ്രവേശനം ലഭിക്കാത്തിനെത്തുടർന്ന് ജോലി നേടാനായി ബി.എഡിന് ചേർന്നു. വീണ്ടും ശ്രമിക്കുമ്പോൾ നമ്മുടെ സമയം കൂടിയാണ് നഷ്ടമാവുന്നത്. അക്കാദമിക് ഭരണസംവിധാനത്തെ വിശ്വസിച്ചാണ് നമ്മൾ അഡ്‌മിഷൻ അടക്കമുള്ള നടപടികളിലേക്ക് പോകുന്നത്. ഞാൻ നൽകുന്ന പരാതിയിൽ മറുപടി ലഭിക്കുക എന്നത് ന്യായമായ കാര്യമാണ്. എന്നാൽ അത് ലഭിച്ചില്ല', വർഷ പറഞ്ഞു.

നിയമപ്രകാരം വരാനിരിക്കുന്ന ആഭ്യന്തര അന്വേഷണങ്ങളിൽ പ്രതീക്ഷയുണ്ട്. ഇതിന് മുമ്പും അട്ടിമറി നടന്നിട്ടുണ്ടാകാം, അതും അന്വേഷിക്കണം. സംവരണം അട്ടിമറിച്ചതിൽ അന്വേഷണം വേണം. അർഹതപ്പെട്ടത് ആർക്കാണോ അവർക്ക് നീതി ലഭിക്കാൻ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും വർഷ പറഞ്ഞു.

അതേ സമയം താൽക്കാലിക അദ്ധ്യാപക നിയമനത്തിനായി കെ. വിദ്യ വ്യാജരേഖ ചമച്ചതിൽ മഹാരാജാസ് കോളജിലെ ആർക്കും പങ്കില്ലെന്ന് ഗവേണിങ് കൗൺസിൽ വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്ന് കൗൺസിൽ ചെയർമാൻ ഡോ. എം രമാകാന്തൻ പറഞ്ഞു.

പരാതി വിശദമായി പരിശോധിക്കാൻ കോളജ് ഗവേണിങ് കൗൺസിൽ യോഗം ചേരുന്നുണ്ട്. പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ. വിദ്യക്കെതിരായ സർട്ടിഫിക്കറ്റ് വിവാദവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമാണ് ഗവേണിങ് കൗൺസിൽ പരിശോധിക്കുക.

വിദ്യ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റിൽ മഹാരാജാസ് കോളജിന്റെ ലോഗോയും സീലും ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് ഗവേണിങ് കൗൺസിൽ പരിശോധിക്കുക. മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ എഴുതാത്ത ആർഷോയുടെ മാർക്ക് ലിസ്റ്റിൽ പാസ്സായതായാണ് രേഖപ്പെടുത്തിയതും കൗൺസിൽ പരിശോധിക്കും.

അതേസമയം, കെ.എസ്.യു പ്രവർത്തകക്കെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ആരോപണം തെറ്റെന്ന് മഹാരാജാസ് കോളജ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കെ.എസ്.യു പ്രവർത്തകയുടെ പുനർമൂല്യ നിർണയത്തിൽ ആർക്കിയോളജി ഡിപാർട്ട്‌മെന്റ് കോർഡിനേറ്റർ വിനോദ് കുമാർ ഇടപെട്ടെന്ന പരാതിയിൽ കഴമ്പില്ലെന്ന് എക്‌സാമിനേഷൻ കമ്മിറ്റി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

നിയമാവലി പ്രകാരമാണ് പുനർമൂല്യ നിർണയം നടന്നത്. പരീക്ഷയിൽ ആദ്യം 18 മാർക്കാണ് കെ.എസ്.യു പ്രവർത്തകക്ക് ലഭിച്ചിരുന്നത്. ഇത് പുനർമൂല്യ നിർണയത്തിൽ 30 മാർക്കായി വർധിച്ചു. കൂടുതൽ മാർക്ക് ലഭിച്ചത് പുനർമൂല്യ നിർണയത്തിലെ അപാകതയായി കാണാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോർഡിനേറ്റർക്കെതിരെ പരാതി നൽകിയതോടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആർഷോമിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP