Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീപത്മനാഭ ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരങ്ങൾ കാണാൻ സാധാരണക്കാർക്ക് ഭാഗ്യം ഉണ്ടാകുമോ? പുതിയ മ്യൂസിയം ഉണ്ടാക്കി നിധിശേഖരം പ്രദർശിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു; അന്തിമ തീരുമാനം പുതിയ ഭരണസമിതിയുടേത്; 'ഭഗവാന്റെ രഹസ്യം അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ലെന്നും ഗൗരി പാർവതി ബായി; ക്ഷേത്രച്ചെലവ്ക്ക് സ്വന്തം വരുമാനം കണ്ടെത്തേണ്ടി വരുമെന്നതിനാൽ രാജ്യാന്തര നിലവാരമുള്ള മ്യൂസിയ സാധ്യതകൾ പൂർണമായും അടയുന്നുമില്ല

ശ്രീപത്മനാഭ ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരങ്ങൾ കാണാൻ സാധാരണക്കാർക്ക് ഭാഗ്യം ഉണ്ടാകുമോ? പുതിയ മ്യൂസിയം ഉണ്ടാക്കി നിധിശേഖരം പ്രദർശിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു; അന്തിമ തീരുമാനം പുതിയ ഭരണസമിതിയുടേത്; 'ഭഗവാന്റെ രഹസ്യം അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ലെന്നും ഗൗരി പാർവതി ബായി; ക്ഷേത്രച്ചെലവ്ക്ക് സ്വന്തം വരുമാനം കണ്ടെത്തേണ്ടി വരുമെന്നതിനാൽ രാജ്യാന്തര നിലവാരമുള്ള മ്യൂസിയ സാധ്യതകൾ പൂർണമായും അടയുന്നുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം സാധാരണക്കാരായ ആൾക്കാർക്ക് കാണാൻ അവസരം ഒരുക്കണം എന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്. ഇതിനായി മ്യൂസിയം തുടങ്ങാൻ വേണ്ട സൗകര്യങ്ങൾ ചെയ്യാമെന്ന നിർദ്ദേശം ശശി തരൂർ അടക്കമുള്ളവർ മുൻകാലങ്ങളിൽ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇപ്പോൾ ക്ഷേത്രഭരണത്തിൽ അടക്കം സ്വതന്ത്രമായ ഭരണസമിതി വരുന്നതോടെ മ്യൂസിയം വേണമോ എന്നതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മ്യൂസിയത്തിൽ അമൂല്യശേഖരം പ്രദർശിപ്പിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പുതിയ ഭരണസമിതിയാണ്. ഇത്തരമൊരു തീരുമാനം അവർ കൈക്കൊള്ളുമോ എന്നതാണ് ഇനി അറിയേണ്ടത്.

നിധി ശേഖരത്തിന്റെ ഒരു ഭാഗം പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, രാജകുടുംബം എതിർത്തു. അമൂല്യസ്വത്തുക്കൾ മൂർത്തിയുടേതാണെന്നും ഇവ പുറത്തേക്കു മാറ്റുന്നത് ആചാരങ്ങൾക്കു വിരുദ്ധമാണെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം. അതോടെ മ്യൂസിയം നിർമ്മാണത്തിൽനിന്നു സർക്കാർ പിന്നോട്ടുപോയി. എന്നാൽ, പുതിയ സാഹചര്യത്തിൽ രാജകുടുംബം ഇക്കാര്യത്തിൽ എന്തു തീരുമാനം കൈക്കൊള്ളും എന്നതും ശ്രദ്ധേയമാണ്.

അഞ്ച് നിലവറകളിലുള്ള എല്ലാ ശേഖരങ്ങളുടെയും ത്രിമാന ചിത്രങ്ങളടക്കം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. യാഥാർഥ വസ്തുക്കൾക്കുപകരം ത്രിമാന ചിത്രങ്ങളും വിവരങ്ങളുമടങ്ങിയ ഡിജിറ്റൽ പ്രദർശനം നടത്താനും ആലോചിച്ചിരുന്നു. 13-ാം നൂറ്റാണ്ടുമുതലുള്ള അപൂർവശേഖരങ്ങളാണ് എ നിലവറ എന്നറിയപ്പെടുന്ന ശ്രീപണ്ടാര അറയിലുള്ളത്. അപൂർവ സ്വർണനാണയങ്ങൾ, രത്‌നക്കല്ലുകൾ പതിച്ച വിഗ്രഹങ്ങൾ, മരതകം, മാണിക്യം, വജ്രം തുടങ്ങിയവ ഇതിലുൾപ്പെടും. സി, ഡി, ഇ, എഫ് എന്നിവ നിത്യപൂജകൾക്കും ഉത്സവ ആവശ്യങ്ങൾക്കുമുള്ള പൂജാസാധനങ്ങളും ഭക്തരുടെ സമർപ്പണങ്ങളും സൂക്ഷിച്ചിട്ടുള്ളവയാണ്. എ നിലവറയിലെ ശേഖരങ്ങളാണ് പ്രദർശനത്തിനു നിർദേശിച്ചിരുന്നത്.

പ്രധാന ശ്രീകോവിലിനു ചുറ്റുമായി ഭൂമിക്കടിയിലാണ് നിലവറകൾ. സുപ്രീംകോടതി വിദഗ്ധസമിതിയാണ് ഇവയുടെ ശാസ്ത്രീയമായ രേഖപ്പെടുത്തൽ നടത്തിയത്. അമ്പലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങൾ മ്യൂസിയത്തിനായി ഉപയോഗപ്പെടുത്താനാണ് സമിതി നിർദ്ദേശം. ക്ഷേത്രവളപ്പിലും മ്യൂസിയത്തിലും ഒരുക്കേണ്ട സുരക്ഷയും നിർദേശിച്ചിരുന്നു. അമൂല്യ വസ്തുക്കളുടെ അല്പഭാഗമോ ഇവയുടെ ചിത്രങ്ങളടക്കമുള്ള ഡിജിറ്റൽ മ്യൂസിയമോ സ്ഥാപിച്ചേക്കാം. രാജകുടുംബത്തിന്റകൂടി നിർദേശമനുസരിച്ചായിരിക്കും അന്തിമതീരുമാനം.

തദ്ദേശീയർക്ക് 500 രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കാമെന്നായിരുന്നു നിർദ്ദേശം. 30 കോടിവരെ പ്രതിവർഷം വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനും കോടതി പുതിയ ഭരണസമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ബി നിലവറ തുറക്കുന്നതിൽ ഇപ്പോൾ തീരുമാനമില്ലെന്നും മാനസിക സംഘർഷത്തിന്റെ വർഷങ്ങളാണ് അവസാനിച്ചതെന്നും ഗൗരി പാർവതി ബായി പ്രതികരിച്ചിരുന്നത്. 'കോവിഡ് മാറി എല്ലാവർക്കും ക്ഷേത്ര ദർശനത്തിന് എത്താൻ കഴിയട്ടെ. ബി നിലവറയിൽ ക്ഷേത്രം സംബന്ധിച്ച് രഹസ്യങ്ങളാണ് ഉള്ളത്. ഭഗവാന്റെ രഹസ്യം അത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ. ബി നിലവറ തുറക്കില്ല. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ തന്ത്രിയുൾപ്പെടെയുള്ളവർ തീരുമാനിക്കും. ബാക്കി പ്രതികരണങ്ങൾ ക്ഷേത്ര ഭരണം സംബന്ധിച്ച് വിധി മുഴവൻ വായിച്ച ശേഷം പ്രതികരിക്കും'-ഗൗരി പാർവതി ബായി പ്രതികരിച്ചു.

അതേസമയം ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് സർക്കാറിന് ആശ്വാസമാണ്. കാരണം നിധിശേഖരത്തിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അടക്കം വലിയ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിനായി സർക്കാർ സാമ്പത്തികമായി കോടികൾ മുടക്കേണ്ട അവസ്ഥയുമാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ വിധിമൂലം ക്ഷേത്രത്തിന് ഉണ്ടായിരിക്കുന്നത് വൻ സാമ്പത്തിക ബാദ്ധ്യത കൂടിയാണ്.വിധി പ്രസ്താവത്തിനൊപ്പം സർക്കാർ ചെലവഴിച്ച തുക തിരിച്ചുനൽകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്.

ഇതുപ്രകാരം സുരക്ഷാ സംവിധാനമൊരുക്കാനും മറ്റുമായി 2012 മുതൽ 2019 വരെയുള്ള കാലയളവിൽ ക്ഷേത്രത്തിനായി 11 കോടി 70ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇത് തിരിച്ചു നൽകണം.കൂടാതെ ക്ഷേത്രത്തിലെ നിലവറകളിലെ കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കൾക്ക് കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാർക്കുള്ള ചെലവും വഹിക്കണം. ഇപ്പോൾ രാജകുടുബത്തിന്റെ നിയന്ത്രണത്തിലുള്ള കല്യാണമണ്ഡപങ്ങളിൽ നിന്നും മറ്റും വരുമാനം കിട്ടുന്നുണ്ട്. ഇത് ഉപയോഗിച്ചാലും ക്ഷേത്ര ചെലവുകൾക്ക് കൂടുതൽ തുക കണ്ടെത്തേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ക്ഷേത്രത്തിന് ഉണ്ടാവുക.

വിധിയിൽ ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP