Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാൻ ശുപാർശ; ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിന് കൈമാറി; നടപ്പിലാക്കാൻ സാധിച്ചാൽ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കും മുതൽകൂട്ടാകും; ഹിന്ദുസ്വത്ത് വാദമുയർത്തി മുതലെടുക്കാൻ ബിജെപിയും രംഗത്ത്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാൻ ശുപാർശ; ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാറിന് കൈമാറി; നടപ്പിലാക്കാൻ സാധിച്ചാൽ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കും മുതൽകൂട്ടാകും; ഹിന്ദുസ്വത്ത് വാദമുയർത്തി മുതലെടുക്കാൻ ബിജെപിയും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സ്വത്തുക്കൾ നിലവറയിൽ ആരും കാണാതെ പൊടിപിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇനിയും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തത് അടക്കമുള്ള സ്വത്ത് വഹകളാണ് ക്ഷേത്രത്തിലെ നിലവറകളിൽ ഉള്ളത്. ഈ സ്വത്തുകൾ പൊതുനന്മക്കായി വിനയോഗിക്കണെന്ന ആവശ്യം അടുത്തിടെ കൂടുതൽ ശക്തമായി ഉയർന്നിരുന്നു. ഗുരുവായൂർ മോഡൽ ഭരണ സംവിധാനം വേണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഉയർന്നു. ഇതിൽ പുരോഗമനപരവും പൊതുജനങ്ങളിൽ നിന്നും ഏറെ സ്വീകാര്യത നേടിയതുമായി കാര്യം നിധിശേഖരത്തിൽ പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴികെയുള്ളവ മ്യൂസിയമാക്കി മാറ്റണം എന്നതായിരുന്നു. ഈ ആവശ്യം വീണ്ടും ഉയർന്നിരിക്കയാണിപ്പോൾ.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതോടെ ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായി മാറി ഇത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. അതേസമയം വിവാദം ഭയന്ന് സ്വന്തം നിലയിൽ തീരുമാനം എടുക്കാതെ സുപ്രീം കോടതിയുടെ അനുമതിയോടെ തീരുമാനം കൈക്കള്ളാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം നേരത്തെ തന്നെ സുപ്രീംകോടതി നിയോഗിച്ച വിനേദ് റായി സമിതിയാണ് മുന്നോട്ട് വെച്ചിരുന്നു. വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം പഠിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യഷതയിൽ ഉപസമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പിന് നല്ലകിയ റിപ്പോർട്ടിലാണ് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം പ്രയോഗികമാണന്ന വ്യക്തമാക്കിയത്. സുപ്രീം കോടതി അനുവദിച്ചാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് മ്യൂസിയം നടപ്പിലാക്കണം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്. മ്യൂസയമാക്കി മാറ്റിയ അത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയക്ക് മുതൽക്കൂട്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജകുടുംബാംഗങ്ങളെ സർക്കാർ പ്രതിനിധികളും അടങ്ങുന്ന ഭരണ സമിതിക്ക് നിർണായകമായ റോൾ ഈ സംരംഭത്തിൽ ഉണ്ടാകും. മ്യൂസയത്തിന്റെ നടത്തിപ്പ് ചുമതല ഇവർക്കാകുമെന്നുമാണ് വിലയിരുത്തൽ. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദിന് പുറമേ നിയമ ദേവസ്വം സെക്രട്ടറിമാരായിരുന്നു ഉപസമിതിയിലെ അംഗങ്ങൾ. ഉപസമിതി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറും.



ലണ്ടൻ മാതൃകയിൽ മ്യൂസിയം സ്ഥാപിക്കണമെന്നായിരുന്നു വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം കോടതി അനുവദിച്ചാൽ മ്യൂസിയം സ്ഥാപിക്കമെന്നൊണ് സർക്കാർ നിലപാട്. ലണ്ടൻ മ്യൂസിയത്തിന്റെ മാതൃകയിൽ അമൂല്യ രത്നങ്ങളുൾപ്പടെ ക്ഷേത്രത്തിലെ സ്വത്ത് വകകൾ ഘട്ടം ഘട്ടമായി പ്രദർശിപ്പിക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിർദ്ദേശം. ഈ നിർദ്ദേശത്തെ ശശി തരൂർ എംപി അടക്കമുള്ളവർ പിന്തുണച്ചിരുന്നു. മ്യൂസിയം നിർമ്മാണത്തിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും സുപ്രീംകോടതി നിർദ്ദേശിക്കുകയാണെങ്കിൽ മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമർപ്പിക്കാമെന്നും അന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

വിലമതിക്കാനാവാത്ത അമൂല്യ നിധിശേഖരത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഇപ്പോഴത്തെ നീക്കത്തോടെ കൂടുതൽ പ്രശസ്തി കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇപ്പോഴത്തെ നിർദ്ദേശം പൂർണമായും അംഗീകരിക്കാൻ രാജകുടുംബാംഗം തയ്യാറാകില്ല. എന്നാൽ, വിശ്വാസികളെ യാതൊരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത വസ്തുക്കൾ പ്രദർശിപ്പിക്കാമെന്നാണ് നിർദ്ദേശം. എന്നാൽ, സംസ്ഥാനത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ ഹിന്ദു സ്വത്തുക്കൾ സർക്കാർ ഉപയോഗിക്കുന്നു എന്ന വിവാദം ഉയർത്തി തീരുമാനത്തെ എതിർക്കാൻ ബിജെപി രംഗത്തുണ്ട്.

ബിജെപി നേതാവ് ശ്രീധരൻ പിള്ള അടക്കമുള്ളവർ ഇതിനോടകം തന്നെ ചീഫ് സെക്രട്ടറിയുട റിപ്പോർട്ടിനെ തള്ളിക്കൊണ്ട് രംഗത്തെത്തി കഴിഞ്ഞു. അതുകൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം എളുപ്പത്തിൽ മ്യൂസിയമാക്കി മാറ്റാൻ സാധിക്കില്ല. സുപ്രീം കോടതി വിധി തന്നെയാകും ഇതിൽ നിർണായകമാകുക. ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ സുരക്ഷയ്ക്കായി തന്നെ സംസ്ഥാന സർക്കാർ കോടികൾ ചെലവിടുന്നുണ്ട്. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാണ് താനും. ഈ സാഹചര്യത്തിൽ മ്യൂസിയം ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുള്ള വരുമാന മാർഗ്ഗം കൂടിയായി മാറുമെന്ന വിലയിരുത്തലുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP