Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസിക്ക് തന്നെ യുജിസി അംഗീകാരമില്ല; സർവകലാശാലയുടെ അംഗീകാരത്തിനായി യുജിസിയെ സമീപിക്കേണ്ടത് വിസി; വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റിൽ ഒപ്പിടേണ്ടതും വിസി; യുജിസി അംഗീകാരമില്ലാത്ത വിസി ഒപ്പിട്ട സർട്ടിഫിക്കറ്റിന് എന്തുവില? കൂട്ടിനുള്ളത് യോഗ്യതയില്ലാത്ത പിവിസിയും രജിസ്ട്രാറും; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ തലപ്പത്തെ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ആക്ഷേപം; മുബാറക്ക് പാഷ അടക്കമുള്ളവരുടെ നിയമനങ്ങൾ പുനഃപരിശോധിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

വിസിക്ക് തന്നെ യുജിസി അംഗീകാരമില്ല; സർവകലാശാലയുടെ അംഗീകാരത്തിനായി യുജിസിയെ സമീപിക്കേണ്ടത് വിസി; വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റിൽ ഒപ്പിടേണ്ടതും വിസി; യുജിസി അംഗീകാരമില്ലാത്ത വിസി ഒപ്പിട്ട സർട്ടിഫിക്കറ്റിന് എന്തുവില? കൂട്ടിനുള്ളത് യോഗ്യതയില്ലാത്ത പിവിസിയും രജിസ്ട്രാറും; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ തലപ്പത്തെ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ആക്ഷേപം; മുബാറക്ക് പാഷ അടക്കമുള്ളവരുടെ നിയമനങ്ങൾ പുനഃപരിശോധിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ വിസി-പിവിസി-രജിസ്ട്രാർ നിയമനങ്ങളിൽ ചാൻസലർ ആയ ഗവർണർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. അംഗീകാരമില്ലാത്ത വിസിയും പിവിസിയും രജിസ്ട്രാറുമൊക്കെ ഭരിക്കുന്ന സർവകലാശാലയിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളുടെ ഭാവി പന്താടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതുകൊണ്ടാണ് സർക്കാർ ചെയ്യുന്ന തെറ്റ് തിരുത്തുവാൻ ഗവർണർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നത്. സർവ്വകലാശാലയുടെ പ്രവർത്തനം നിയമപരമാണോ എന്ന് വീക്ഷിക്കേണ്ട ഉത്തരവാദിത്തം ചാൻസലറിൽ നിക്ഷിപ്തമാണ്. അവിടെ പാകപ്പിഴകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താനുള്ള അവകാശം ഗവർണർക്ക് നിയമപരമായി നൽകിയിട്ടുമുണ്ട്. വിസിയുടെ നിയമന ഫയൽ ഗവർണർക്ക് മുന്നിൽ വരുമെങ്കിലും പിവിസി, രജിസ്ട്രാർ നിയമനങ്ങൾ സർക്കാർ തലത്തിലാണ് നടക്കുന്നത്. ഈ ഫയൽ ഗവർണറുടെ മുന്നിൽ വരില്ല. പക്ഷെ തന്നിൽ നിക്ഷിപ്തമായ് അധികാരം ഉപയോഗിച്ച് ഗവർണർക്ക് സർക്കാരിനു നിർദ്ദേശം നൽകാം. ഇതുകൊണ്ടാണ് കൺമുന്നിലെ ചട്ടവിരുദ്ധ നിയമനങ്ങളിൽ ചാൻസലർ ഇടപെടണമെന്ന ആവശ്യം ഉയരുന്നത്. അംഗീകാരമില്ലാത്ത വിസി, യോഗ്യതയില്ലാത്ത പിവിസിയും രജിസ്ട്രാറും. ഇവർ നൽകുന്ന ഡിഗ്രി കേരളത്തിലെ മറ്റു സർവ്വകലാശാലകൾ അംഗീകരിക്കുമോ എന്ന കാര്യത്തിൽ പോലും ഒരുറപ്പും സർക്കാരിനു നൽകാൻ കഴിയില്ല. ഈ ഒരു സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും ഉയരുന്ന ആശങ്കയ്ക്ക് പരിഹാരം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

കഴിവ് നോക്കിയല്ല ചട്ടവും നിയമവും അനുസരിച്ചാണ് വിസിയെ തിരഞ്ഞെടുക്കേണ്ടത്. ഈ നിബന്ധനയാണ് ഓപ്പൺ സർവ്വകലാശാല നിയമനങ്ങളിൽ സർക്കാർ കാറ്റിൽപ്പറത്തിയിരിക്കുന്നത്. ഇവിടെയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ എതിർപ്പ് പ്രസക്തമാകുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല തുടങ്ങിയത്. കേരളത്തിലെ ഈഴവ സമുദായത്തിന്റെ വോട്ടു ബാങ്ക് ആണ് ഇതിലൂടെ പിണറായി സർക്കാർ ലക്ഷ്യമിട്ടത്. ശ്രീനാരായണ സർവ്വകലാശാലയായതിനാൽ തലപ്പത്തിരിക്കാൻ ശ്രീനാരായണീയരുടെ പേര് വെള്ളാപ്പള്ളി സ്വാഭാവികമായും നൽകി. ബിജു പ്രഭാകർ, ബി.അശോക് എന്നീ ഐഎഎസൂകാരുടെയും സുധീറിന്റെയും പേരാണ് വെള്ളാപ്പള്ളി നൽകിയത്. വെള്ളാപ്പള്ളി നൽകിയ ലിസ്റ്റിൽ നിന്ന് പിവിസിയാക്കിയ സുധീറിനും അയോഗ്യതയുണ്ട്. അറുപതു വയസിൽ കൂടുതലുള്ളവരെ പ്രോ വൈസ് ചാൻസലറായി നിയമിക്കാൻ നിയമം അനുവദിക്കുന്നില്ല. സുധീറിന് അറുപത്തിയഞ്ചു വയസായിട്ടുണ്ട്. ആരോപണ വിധേയനായ ഒരാളെ രജിസ്ട്രാർ ആയി നിയമിക്കാൻ കൂടി പോകുന്നുണ്ട്. ജലീലിന്റെ പെഴ്സണൽ സ്റ്റാഫ് പദവി രാജിവെച്ച ദിലീപ് ആണ് രജിസ്ട്രാർ പദവിക്ക് കുപ്പായവും തുന്നി കാത്തിരിക്കുന്നത്. ഇതും യുജിസി ചട്ടം ലംഘിച്ചുള്ള നിയമനം തന്നെയാണ് എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. രജിസ്ട്രാർ പദവിക്ക് ജീവനക്കാരെ നിയന്ത്രിച്ചുള്ള അനുഭവ പരിചയം വേണമെന്നുണ്ട്. ഇത് യുജിസി ചട്ടമാണ്. യുജിസി പറയുന്ന അനുഭവ പരിചയം ദിലീപിനില്ല.

യോഗ്യതയുള്ളവരെ നിയമിക്കണമായിരുന്നെങ്കിൽ സർക്കാർ യോഗ്യതയുള്ളവരെ നിയമിക്കണം. ഇവിടെ അയോഗ്യരായവരെയാണ് സർക്കാർ നിയമിച്ചത്. അയോഗ്യരായവരെയാണ് സർക്കാർ നിയമിക്കുന്നതെങ്കിൽ വെള്ളാപ്പള്ളി നൽകിയ ലിസ്റ്റിൽ നിന്നുള്ള അയോഗ്യരെ നിയമിച്ചു കൂടായിരുന്നോ എന്ന ചോദ്യമാണ് ശ്രീനാരായണീയർ ഉയർത്തുന്നത്. രണ്ടു ലിസ്റ്റിലും ഉള്ളവർ അയോഗ്യരായിരിക്കെയാണ് ഈ ചോദ്യം ശ്രീനാരായണീയർ ഉയർത്തുന്നത്. ഈ ചോദ്യത്തിനു തത്ക്കാലം സർക്കാരിനു മറുപടിയില്ല. ഇതാണ് എസ്എൻഡിപിയും പിണറായി സർക്കാരും തമ്മിലുള്ള ഉരസൽ രൂക്ഷമാക്കുന്നത്. സർവകലാശാലാ തലപ്പത്ത് ഒരു ഈഴവ സമുദായാംഗത്തെ കൊണ്ടുവരാതെ സർക്കാർ ശ്രീ നാരായണീയരുടെ കണ്ണിൽകുത്തിയെന്നാണ് തീരുമാനത്തെക്കുറിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചത്. എൻഎസ്എസിന്റെയോ ഒരു ക്രിസ്ത്യൻ സഭയുടെയോ ആചാര്യന്റെ പേരിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് മറ്റൊരു സമുദായാംഗത്തെ നിയമിക്കാൻ സർക്കാർ തയ്യാറാകുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചിട്ടുണ്ട്. ഈ പ്രതികരണങ്ങളും എസ്എൻഡിപി-സർക്കാർ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്നു എന്ന സൂചനയാണ്.

യുജിസി ചട്ടം അനുസരിച്ച് വൈസ് ചാൻസലർ നിയമനം ഇങ്ങനെ:

വിസി ആകാൻ യുജിസി ചട്ടം അനുസരിച്ച് പത്ത് വർഷം പ്രൊഫസർ പോസ്റ്റിൽ ജോലി ചെയ്യണം. അല്ലെങ്കിൽ തത്തുല്യമായ തസ്തികകളിൽ പ്രവർത്തിക്കണം. യുജിസി ചട്ടമനുസരിച്ച് അല്ല മുബാറക് പാഷ കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പൽ ആയത്. മൂന്നു വർഷമാണ് ഫാറൂഖ് കോളേജിൽ മുബാറക് പാഷ പ്രിൻസിപ്പാൾ ആയത്. ഈ നിയമനം ഒരു പ്രൊഫസർക്ക് തത്തുല്യമല്ല. ഫാറൂഖ് കോളേജിൽ നിന്നും മാനേജ്‌മെന്റുമായി ഉടക്കിയാണ് മുബാറക് പാഷ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റൻസ് എഡ്യൂക്കെഷൻ വിഭാഗം ഡയരക്ടർ ആകുന്നത്. മൂന്നു വർഷമാണ് ഈ പോസ്റ്റിൽ തുടർന്നത്. ഈ പോസ്റ്റിലെ കാലാവധി പ്രൊഫസർക്ക് തത്തുല്യമായി പരിഗണിക്കാം. ഒമാനിൽ ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ ഡെപ്യൂട്ടി ഡീൻ ആയിരുന്നെന്നു പറയുന്നു. ഇത് അഡ്‌മിനിസ്‌ട്രേഷൻ പോസ്റ്റ് ആണ്. അക്കാദമി പോസ്റ്റ് അല്ല. ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ ചരിത്രാധ്യാപകൻ ആയാണ് സേവനം ചെയ്തത്. അപ്പോൾ തന്നെ ഇത് അക്കാദമിക് പോസ്റ്റ് അല്ലെന്നു വ്യക്തമാവുകയാണ്. ഹിസ്റ്ററിയും ഹെൽത്തുമായി സബ്ജക്റ്റ് റിലേറ്റഡ് ബന്ധം പോലുമില്ല. ഒമാനിലെ സർവീസ് ക്വാളിഫൈയിങ് സർവീസ് ആയി പരിഗണിക്കാൻ കഴിയില്ല. സർക്കാർ നിശ്ചയിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ വിസിക്ക് യുജിസി ചട്ടം അനുസരിച്ചുള്ള നിയമനത്തിനു യോഗ്യത വരുന്നില്ല. യുജിസി പത്ത് വർഷം സർവീസ് വിസിക്ക് പറയുമ്പോൾ മുബാറക് പാഷയ്ക്ക് ആകെ മൂന്നു വർഷം സർവീസ് മാത്രമേയുള്ളൂ. ബാക്കി ഏഴു വർഷം എങ്ങനെ കണ്ടെത്തും എന്ന ചോദ്യം ബാക്കിയാവുകയാണ്.

മുൻപ് വിസി ആകാൻ നോക്കിയത് കാലിക്കറ്റ് സർവ്വകലാശാലയിൽ

കാലിക്കറ്റ് വിസിയാകാൻ നോക്കി പരാജയപ്പെട്ട പാരമ്പര്യമാണ് മുബാറക് പാഷയ്ക്ക് ഉള്ളത്. 2006-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ വിസിയാകാൻ പാഷ ശ്രമിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ശ്രമം പരാജയപ്പെട്ടപ്പോൾ 2014-ലും ഈ രീതിയിൽ ഒരു ശ്രമം നടത്തി. ഈ രണ്ടു തവണയും പരാജയമടയാൻ കാരണം പത്ത് വർഷം പ്രൊഫസർ പോസ്റ്റിൽ സർവീസ് ഇല്ല എന്ന ഒരൊറ്റ കാരണം കൊണ്ടാണ്. എങ്ങനെ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ വിസി ആയി നിയമിതനാകാൻ കഴിയും. ഇവിടെയാണ് ചട്ടലംഘനം തെളിയുന്നത്. യുജിസി നിഷ്‌ക്കർഷിക്കും പ്രകാരമുള്ള വിസി അല്ല ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിലെ വിസി എന്ന് വീണ്ടും തെളിയുകയാണ്.

സർക്കാർ പറയുംപോലെ ആദ്യ വിസിയെ സർക്കാരിനു നിയമിക്കാൻ കഴിയുമോ?

പുതിയ സർവകലാശാലയിലെ വിസിയായി ആദ്യ വിസി നിയമനം നടത്തുമ്പോൾ ആരെയും നിയമിക്കാൻ സർക്കാരിനു കഴിയില്ല. വിസിയെ നിയമിക്കണമെങ്കിൽ സർച്ച് കമ്മറ്റിയെ വയ്ക്കണം. ഒരു പാനൽ നിർദ്ദേശിക്കണം., അതിൽ നിന്ന് ചാൻസലറായ ഗവർണർ ഒരാളെ വിസിയായി നിയമിക്കും. ഇതാണ് നിയമം പറയുന്നത്. ആദ്യത്തെ വിസിയെ ചാൻസലർക്ക് നിയമിക്കാം. സർക്കാർ ശുപാർശ പ്രകാരം ആയിരിക്കണം ഈ നിയമനം. അപ്പോഴും യുജിസി നിയമനങ്ങൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. കാരണം യുജിസിയുടെ അംഗീകാരം സർവ്വകലാശാലയ്ക്ക് അത്യാവശ്യമാണ്. കാരണം സർക്കാർ നിയമിക്കുന്ന വിസിയാണ് അംഗീകാരത്തിനായി യുജിസിയെ സമീപിക്കേണ്ടത്. വിസിക്ക് തന്നെ യുജിസിയുടെ അംഗീകാരമില്ല. ഈ വിസിയാണ് സർവ്വകലാശാലയുടെ അംഗീകാരത്തിനായി യുജിസിയെ സമീപിക്കേണ്ടത്. വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റിൽ ഒപ്പിടേണ്ടത് ഈ വിസിയാണ്. യുജിസിയുടെ അംഗീകാരമില്ലാത്ത വിസി ഒപ്പിടുന്ന ഡിഗ്രി സർട്ടിഫിക്കറ്റിനു എന്ത് വിലയാണ് കൽപ്പിക്കാൻ കഴിയുക എന്ന ചോദ്യവും ഇവിടെ ബാക്കിയാകുന്നു.

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ വിസി-പിവിസി-രജിസ്ട്രാർ നിയമനങ്ങൾ യുജിസി മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് നടക്കുന്നത്. സർക്കാർ ചട്ടലംഘനം നടത്തുന്നതിനാൽ ഗവർണർ ഇടപെടണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റി ചെയർമാൻ ആർഎസ് ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും ഗവർണർക്ക് പരാതിയും നൽകിയിട്ടുണ്ട്. യുജിസി ചട്ടപ്രകാരം വിസിയായി നിയമിക്കുന്നയാൾക്ക് പത്ത് വർഷം പ്രൊഫസർ ആയി അനുഭവ പരിചയം വേണമെന്നിരിക്കെ ഈ വിസിക്ക് ഈ രീതിയിലുള്ള യോഗ്യതയില്ല. പിവിസിക്കും പ്രായപരിധി കഴിഞ്ഞിട്ടുണ്ട്. അനുഭവപരിചയമില്ലാത്ത വ്യക്തിയെയാണ് രജിസ്ട്രാർ ആയി പരിഗണിക്കുന്നത്. അതിനാൽ നിയമനങ്ങൾ പുനപരിശോധിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റി നൽകിയ നിവേദനത്തിൽ അവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP