Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാൻ നിയമങ്ങൾ വളച്ചൊടിച്ചു; പിഎച്ച്ഡി ചെയ്ത അതേ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ കഴിയില്ലെന്ന് സ്വജന പക്ഷപാത വിരുദ്ധ നിയമന നയം; ചുരുക്കപ്പട്ടിക ഓൺലൈനിൽ ഇട്ട് പരാതികൾ പരിഹരിക്കണമെന്ന ചട്ടവും കാറ്റിൽ പറത്തി; എസ് സി-എസ് ടിക്കാരേയും വനതികളേയും ഒഴിവാക്കി ഇന്റർവ്യൂ ബോർഡും; ഒരാൾക്ക് രണ്ട് പോസ്റ്റിൽ നിയമനവും; ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിലെ നിയമനങ്ങളിൽ വിവാദം തുടരുന്നു; ഇടപെടലിന് ദേശീയ പട്ടിക വർഗ കമ്മീഷൻ

യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാൻ നിയമങ്ങൾ വളച്ചൊടിച്ചു; പിഎച്ച്ഡി ചെയ്ത അതേ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ കഴിയില്ലെന്ന് സ്വജന പക്ഷപാത വിരുദ്ധ നിയമന നയം; ചുരുക്കപ്പട്ടിക ഓൺലൈനിൽ ഇട്ട് പരാതികൾ പരിഹരിക്കണമെന്ന ചട്ടവും കാറ്റിൽ പറത്തി; എസ് സി-എസ് ടിക്കാരേയും വനതികളേയും ഒഴിവാക്കി ഇന്റർവ്യൂ ബോർഡും; ഒരാൾക്ക് രണ്ട് പോസ്റ്റിൽ നിയമനവും; ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിലെ നിയമനങ്ങളിൽ വിവാദം തുടരുന്നു; ഇടപെടലിന് ദേശീയ പട്ടിക വർഗ കമ്മീഷൻ

എം മനോജ് കുമാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിലെ നിയമനങ്ങളിൽ സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമെന്നു ആക്ഷേപം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന സയന്റിസ്റ്റ്-എഞ്ചിനീയർ നിയമനങ്ങളിലാണ് ക്രമക്കേടുകൾ ആരോപിക്കപ്പെടുന്നത്. പത്തിലധികം നിയമനങ്ങൾ പരിശോധിക്കപ്പെട്ടപ്പോൾ ശ്രീചിത്രയുടെ വിജ്ഞാപന പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളല്ല തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ആക്ഷേപം. വിജ്ഞാപന പ്രകാരം യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാൻ വേണ്ടി നിയമങ്ങൾ തന്നെ പലപ്പോഴും വളച്ചൊടിക്കപ്പെട്ടതായി വ്യക്തമാകുന്നു. പലർക്കും നിശ്ചിത യോഗ്യതയില്ല. വിജ്ഞാപനം നിർദ്ദേശിക്കുന്ന പ്രവർത്തി പരിചയവുമില്ല. പക്ഷെ ഇവർ ശ്രീചിത്രയിൽ തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക അക്കാദമിക സ്ഥാപനങ്ങളിലെ സ്വജന പക്ഷപാത വിരുദ്ധ നിയമന നയമനുസരിച്ച് അതേ സ്ഥാപനങ്ങളിൽ പിഎച്ച്ഡി ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അതേ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ കഴിയില്ല. കഴിഞ്ഞ അഞ്ചു വര്ഷങ്ങളിലെ നിയമനങ്ങൾ പരിശോധിച്ചാൽ ശ്രീചിത്രയിൽ നിന്ന് തന്നെ പിഎച്ച്ഡി എടുത്ത ഉദ്യോഗാർത്ഥികൾക്ക് അതേ സ്ഥാപനത്തിൽ തന്നെ നിയമനം നൽകിയതായി കാണാം. സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ഇത്തരം പോളിസി സ്വീകരിച്ചതെന്നിരിക്കെ ശ്രീചിത്ര നിയമനങ്ങളിൽ ഈ നയം ലംഘിക്കപ്പെട്ടിരിക്കുന്നു.

നിയമനങ്ങളിൽ നിയമം വളച്ചൊടിക്കാൻ ശ്രീചിത്രയ്ക്ക് പ്രത്യേക അനുമതി ഇല്ലെന്നിരിക്കെ സ്വജനപക്ഷപാതവും അഴിമതിയും തന്നെയാണ് നിയമനങ്ങളിൽ പ്രതിഫലിക്കപ്പെടുന്നത്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വഴികളിൽ ഉദ്യോഗാർത്ഥികൾ കയറിപ്പറ്റിയപ്പോൾ അർഹതയുള്ള, ശ്രീചിത്ര നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പിന്തള്ളപ്പെട്ടു എന്നതാണ് ശ്രീചിത്ര ഗവേണിങ് ബോഡി നേരിട്ട് നടത്തിയ നിയമനങ്ങളുടെ ദുരന്തവശം.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ നിയമനം നടത്തുമ്പോൾ ചുരുക്കപ്പട്ടിക ഓൺലൈനിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തും. പക്ഷെ ശ്രീചിത്ര നിയമനങ്ങൾക്ക് ഈ രീതി പിന്തുടരുന്നില്ല. പലതിനും ചുരുക്കപ്പട്ടിക തന്നെ തയ്യാറാകുന്നില്ല. ഒരേ ഉദ്യോഗാർത്ഥി രണ്ടു പോസ്റ്റുകളിലേക്ക് ഒരേസമയം നിയമിക്കപ്പെട്ടതും ശ്രീചിത്രയിൽ മാത്രമാകും. ഒരേ ഇന്റർവ്യൂ ബോർഡിന് മുന്നിലാണ് ഒരു ഉദ്യോഗാര്ഥിക്ക് രണ്ടു പോസ്റ്റുകളിൽ നിയമനം നൽകിയത്. ഈ സമയം കാത്തു നിൽക്കുന്ന അർഹതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതേ പോസ്റ്റിൽ ശ്രീചിത്രയുടെ തലതിരിഞ്ഞ നയം കാരണം അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. ഇത് താഴെ നൽകിയിട്ടുമുണ്ട്.

കേന്ദ്ര സർക്കാർ നയമനുസരിച്ച് ജോലികൾക്ക് ഉള്ള ഇന്റർവ്യൂ ബോർഡിൽ ഒരു എസി-എസ്ടി അംഗം വേണം, ഒരു ന്യൂനപക്ഷ അംഗം വേണം, ഒരു വനിതാ അംഗം വേണം. പക്ഷെ ശ്രീചിത്ര ഗവേണിങ് ബോഡി ഈ നിയമങ്ങൾ പാലിച്ചല്ല ഇന്റർവ്യൂ ബോര്ഡിനെ തീരുമാനിച്ചത്. അതുകൊണ്ട് ഒട്ടനവധി ക്രമക്കേടുകൾക്കും സ്വജനപക്ഷപാതങ്ങൾക്കും കളം ഒരുങ്ങുകയും ചെയ്തു. ശ്രീചിത്ര യുടെ നിയമന ക്രമക്കേടുകൾ പരാതിയായി ഉയർന്നപ്പോൾ പ്രൈം മിനിസ്റ്റർ ഓഫീസ് തന്നെ ഈ കാര്യത്തിൽ വിശദീകരണം ശ്രീചിത്രയോട് തേടിയിരുന്നു. പക്ഷെ ഗവേണിങ് ബോഡിയുടെ നിബന്ധനകൾ പാലിച്ചാണ് ഈ നിയമനം എന്നാണ് ശ്രീചിത്ര മറുപടി നൽകിയത്.

2018-ൽ നടന്ന നിയമനങ്ങളിൽ ശ്രീ ചിത്ര സംവരണ തത്വം പാലിക്കാത്തതിനാൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗം സെക്രട്ടറി ഈ നിയമനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പുനർ നിയമനത്തിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ കാര്യത്തിൽ സോളിസിറ്റർ ഓഫീസ് കേരള ഹൈക്കോടതിയോട് നിയമോപദേശവും തേടിയിട്ടുണ്ട്. ശ്രീചിത്ര നിയമനങ്ങളിൽ അഴിമതി എന്ന് പരാതി ദേശീയ പട്ടിക വർഗ കമ്മീഷനും പരാതി പോവുകയും കമ്മീഷനും ഈ പ്രശ്‌നത്തിൽ ഇടപെട്ടിട്ടുമുണ്ട്.

ഉയർന്ന ശമ്പളവും 65 വയസ് വരെ ജോലിയും ഉള്ളതിനാൽ സയന്റിസ്റ്റ്-എഞ്ചിനീയർ ഡിയും അതിനു മുകളിലുമുള്ള നിയമനങ്ങളിൽ പിഎച്ച്ഡി നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ശ്രീചിത്രയുടെ ഗവേണിങ് ബോഡി തന്നെ ഈ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ഉദ്യോഗാർത്ഥികളെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയരുന്നത്. സ്വജനപക്ഷപാതത്തിന്റെ തീവ്രത കൂടുമ്പോൾ മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗാർഥിയെ ഒരേസമയം രണ്ടു തസ്തികകളിൽ ഒരേ സമയം നിയമിച്ച റെക്കോർഡും ശ്രീചിത്രയ്ക്ക് തന്നെ സ്വന്തം. കേന്ദ്ര സർക്കാരിനെ തന്നെ കബളിപ്പിക്കുന്ന നീക്കങ്ങളാണ് നിയമനകാര്യത്തിൽ ശ്രീചിത്ര നടത്തുന്നത് എന്നും ഒപ്പം ആരോപണമുയരുന്നു. എഞ്ചിനീയർ ഡി തസ്തികയിൽ പിഎച്ച്ഡി ഇല്ലാതിരുന്ന ആളെയാണ് ശ്രീചിത്ര നിയമിച്ചത്.

ഈ പോസ്റ്റിൽ നിയമനം കിട്ടിയ ആൾക്ക് ഒരേ സമയം രണ്ടു പോസ്റ്റിലാണ് നിയമനം കിട്ടിയത്. ഈ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെട്ട രണ്ടു റാങ്ക് ലിസ്റ്റിലും ഇയാൾ മാത്രം വന്നു. വെയ്റ്റിങ് ലിസ്റ്റിൽ പോലും ആരുമില്ല. സെലക്ഷൻ കമ്മറ്റി ചെയർമാൻ തന്നെയാണ് ഈ ഉദ്യോഗാർഥിയെ അഭിമുഖം നടത്തി തിരഞ്ഞടുത്തത്. അടുത്തടുത്ത ദിവസം രണ്ടു തസ്തികൾക്ക് ഒരേ ഉദ്യോഗാർത്ഥി തന്നെ വരുമ്പോൾ അത് സെലക്ഷൻ കമ്മറ്റി ചെയർമാൻ അറിയാതെ പോയതെങ്ങിനെ എന്നാണ് ചോദ്യം ഉയരുന്നത്. ഇത്തരം ഒരു പ്രക്രിയയിൽ ഏർപ്പെടുമ്പോൾ ഒരു ഉദ്യോഗാർത്ഥിയുടെ അവസരം കൂടിയാണ് ഈ ഘട്ടത്തിൽ നഷ്ടമാവുകയും ചെയ്തത്. ഈ പോസ്റ്റിൽ 2014-ൽ അഭിമുഖം നടന്നെങ്കിലും 2016 ലാണ് ഫലം പ്രസിദ്ധീകരിച്ചത്. പക്ഷെ ഈ ഉദ്യോഗാര്ഥി 2015 നവംബർ മാസം തന്നെ ജോലിക്ക് കയറിയിരുന്നു.

ഈ നിയമനത്തിന്റെ കാര്യം ഇങ്ങിനെ കഴിയുമ്പോൾ 2018-ൽ ശ്രീചിത്ര നടത്തിയ നിയമനങ്ങളുടെ പേരിൽ വ്യാപകമായ പരാതികളാണ് ഉയർന്നത്. 2018-ൽ ശ്രീചിത്ര നടത്തിയ സയന്റിസ്റ്റ് സി വിഭാഗം നിയമനത്തിന് യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത് ഫസ്റ്റ് ക്ലാസ് ബി ടെക് അല്ലെങ്കിൽ തത്തുല്യം ആണ്. പക്ഷെ നിയമനം ലഭിച്ച ആൾക്ക് ബി ടെക് ലഭിച്ചില്ലെന്നാണ് സൂചന. ഇവർക്ക് കൈവശം ഉള്ളത് കൈമനത്തെ വനിതാ പോളിടെക്‌നിക് ഡിപ്ലോമയാണ്. ഇത് ബിടെക്കിനു തത്തുല്യം അല്ല. പക്ഷെ ഉദ്യോഗാർത്ഥിക്ക് നിയമനം ലഭിച്ചു.

സയന്റിസ്റ്റ് ഡി തസ്തികയിൽ പിഎച്ച്ഡിയും എട്ടു വര്ഷത്തെ പ്രവർത്തന പരിചയവുമാണ് പറഞ്ഞത്. നിയമനം ലഭിച്ച ആൾക്ക് ഏഴു വർഷം പ്രവർത്തന പരിചയമുണ്ട്. പക്ഷെ ഈ തസ്തികയ്ക്ക് ഈ പ്രവർത്തി പരിചയം മതിയാകില്ല. ഈ നിയമനവും കഴിഞ്ഞ വർഷത്തെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അപേക്ഷ തന്നെ. ഈ സമയത്ത് നടത്തിയ സയന്റിസ്റ്റ് സി ഉദ്യോഗാർത്ഥിക്ക് 35 വയസ് കടക്കരുത്. ഈ സമയത്ത് ഈ ഉദ്യോഗാർത്ഥിക്ക് പക്ഷെ 35 തികഞ്ഞിരുന്നു. പക്ഷെ കമ്പ്യുട്ടർ ഈ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. മറിച്ചാണ് സാധാരണ സംഭവിക്കാറ്. യോഗ്യതയില്ലാത്തവരുടെ അപേക്ഷ സാധാരണ ഗതിയിൽ കമ്പ്യുട്ടർ നിരസിക്കേണ്ടതാണ്. പക്ഷെ ഇവിടെ സ്വീകരിക്കപ്പെട്ടു. ഇതിലും അധികൃതരുടെ കയ്യുണ്ട് എന്ന ആരോപണം ഉയരുന്നുണ്ട്.

എഞ്ചിനീയർ എഫ് തസ്തികയിൽ ഒരു ഉദ്യോഗാർഥിയെ പ്രൊഫസർ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. എംടെക് വിദ്യാർത്ഥികൾക്കും പിഎച്ച്ഡികാർക്കും ഇവർ ക്ലാസ് എടുക്കണം. പക്ഷെ ഈ തസ്തികയിൽ എടുത്ത നിയമിച്ച ഉദ്യോഗാർത്ഥിക്ക് പിഎച്ച്ഡിയില്ല. മെഡിക്കൽ എക്വിപ്‌മെന്റ് മാനേജ്മെന്റിൽ ഒരു പരിചയവും ഇദ്ദേഹത്തിന് ഇല്ലെന്ന് ആരോപണവുമുണ്ട്. 2017ലെ വിജ്ഞാപന പ്രകാരം സയന്റിസ്‌റ് ഡി തസ്തികയിൽ ഒരു ഉദ്യോഗാർത്ഥിയെ നിയമിച്ചിട്ടുണ്ട്. വിജ്ഞാപന പ്രകാരം വേണ്ട പിഎച്ച്ഡിയല്ല ഇവർക്കുള്ളത്. സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയിൽ ഡോക്ടറേറ്റ് ആണ് ഈ തസ്തികയ്ക്ക് വേണ്ടത്.

2018ലെ വിജ്ഞാപന പ്രകാരം സയന്റിസ്റ്റ് ഡി തസ്തികയിൽ എംടെക്കും 10 വർഷം പ്രവർത്തി പരിചയവും വേണം. നിയമിച്ചയാൾക്ക് 9 വർഷം പ്രവർത്തി പരിചയമേയുള്ളൂ. ഡോക്ടറേറ്റ് എടുത്തിട്ടുമില്ല. 2015ലെ വിജ്ഞാപനം പ്രകാരമുള്ള ക്ലിനിക്കൽ എഞ്ചിനീയറിങ് തസ്തികയിൽ ഒരു ഉദ്യോഗാർത്ഥി എൻട്രൻസ് പരീക്ഷയിൽ തോറ്റുപോയി. അതിനാൽ ഈ പരീക്ഷ പാസായ ആരെയും തിരഞ്ഞെടുത്തിട്ടില്ല. വീണ്ടും വിജ്ഞാപനം ഇറക്കി പരീക്ഷ നടത്തി ഈ ഉദ്യോഗാര്ഥിക്ക് തന്നെ നിയമനം നൽകി എന്നാണ് വ്യക്തമാകുന്നത്.

ശ്രീചിത്ര നിയമനങ്ങളിൽ സുതാര്യതയില്ലാ എന്നാണ് നിയമനങ്ങൾ വ്യക്തമാക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും തന്നെയാണ് നിയമനങ്ങളിൽ തെളിയുന്നത്. അല്ലെങ്കിൽ ഒരു ഉദ്യോഗാർഥി എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെടുമ്പോൾ വിജയിച്ച ഉദ്യോഗാർത്ഥികൾ എന്തുകൊണ്ട് തസ്തികയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന ചോദ്യം ഉയരുന്നു. പക്ഷെ വീണ്ടും വിജ്ഞാപനം വരുകയും എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെട്ട ഉദ്യോഗാര്ഥി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഴിമതിയുടെയും ക്രമക്കേടിന്റെയും പശ്ചാത്തലത്തിൽ നിയമങ്ങളിലെ അഭിമുഖ വേള വീഡിയോ റെക്കാർഡിങ് നടത്തണം എന്നാണ് ആവശ്യം ഉയരുന്നത്.

വികസിത രാജ്യങ്ങളിൽ അഭിമുഖം ഈ രീതിയിലാണ്. സുപ്രീംകോടതിപോലും അഭിമുഖം വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് അനുകൂലമാണ്. ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട് എന്നാണ് സുപ്രീംകോടതി തന്നെ പറയുന്നത്. പക്ഷെ ശ്രീചിത്രയിൽ നിയമന അഴിമതി ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽ തന്നെ ഉയർന്നു നിൽക്കുകയാണ്. ശ്രീചിത്രയിൽ യിൽ നിന്ന് നിയമന കാര്യങ്ങളിൽ പുറത്തുവരുന്നത് ഏതായാലും ശുഭവാർത്തയല്ല. കാരണം ഈ നിയമനം തേടിയ അർഹതയുള്ള ഒട്ടനവധി ഉദ്യോഗാർത്ഥികൾ വഞ്ചിതരായ അവസ്ഥയിൽ പുറത്ത് കാത്തുനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP