Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് പരിശോധനയിൽ നിർണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്; കൊറോണ വൈറസ് കണ്ടെത്താനുള്ള പുതിയ ടെസ്റ്റ് കിറ്റ് കണ്ടെത്തി; നൂറ് ശതമാനം കൃത്യതയുള്ള പരിശോധനാ ഉപകരണം കണ്ടെത്തിയതോടെ കോവിഡ് നിർണയം ഇനി വളരെ എളുപ്പത്തിലാകും; ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാം; കൈയടിക്കേണ്ട നേട്ടം വെറും മൂന്നാഴ്‌ച്ച കൊണ്ട് സമ്മാനിച്ചത് ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം

കോവിഡ് പരിശോധനയിൽ നിർണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്; കൊറോണ വൈറസ് കണ്ടെത്താനുള്ള പുതിയ ടെസ്റ്റ് കിറ്റ് കണ്ടെത്തി; നൂറ് ശതമാനം കൃത്യതയുള്ള പരിശോധനാ ഉപകരണം കണ്ടെത്തിയതോടെ കോവിഡ് നിർണയം ഇനി വളരെ എളുപ്പത്തിലാകും; ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാം; കൈയടിക്കേണ്ട നേട്ടം വെറും മൂന്നാഴ്‌ച്ച കൊണ്ട് സമ്മാനിച്ചത് ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 രോഗ നിർണയ പരിശോധനയിൽ അതിനിർണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്‌നോളജിയിലെ ഗവേഷകർ. കോവിഡ് പരിശോധനയിൽ നൂറ് ശതമാനം കൃത്യതയുള് ഉപകരണം വികസിപ്പിച്ചെടുത്തതായാ ശ്രീചിത്ര അധികൃതർ അവകാശപ്പെട്ടു. കൊറോണ വൈറസിന്റെ എൻ ജീന് കണ്ടെത്തുന്ന ആർടി ലംപും അടിസ്ഥാന ടെസ്റ്റ് കിറ്റുമാണ് ശ്രീചിത്രയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. ചിത്ര ജീൻലാംപ് എന്നാണ് ടെസ്റ്റ് കിറ്റിന് ഇട്ടിരിക്കുന്ന പേര്. ഈ കണ്ടെത്തലോടെ കോവിഡ് പരിശോധനയുടെ ചെലവ് ഗണ്യമായി കുറയും എന്നതാണ് പ്രത്യേകതയെന്ന് ശ്രീചിത്ര ഡയറക്ടർ വാർത്താ കുറിപ്പിൽ അറിയിച്ചു.

റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേഴ്‌സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ ഓഫ് വൈറൽ ന്യൂക്ലിക് ആസിഡ് (RT-LAMP) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാർസ് കോവ്-2 വൈറസിലെ എൻ ജീനിനെ (N Gene) കണ്ടെത്തുന്നതാണ് ഉപകരണം. അതുകൊണ്ട് തന്നെ കിറ്റിന് കൃത്യത ഉറപ്പാക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ആർടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാർസ് കോവ്-2-ലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളിൽ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്. സാർസ് കോവ്-2-ലെ എൻ ജീനിനെ കൃത്യമായി തിരച്ചറിയാൻ കഴിയുന്ന ടെസ്റ്റ് കിറ്റിന് എൻ ജീനിന്റെ രണ്ട് മേഖലകൾ കണ്ടെത്താനാകുമെന്നും ഗവേഷകർ പറയുന്നു.

വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാൻ ഇത് സഹായിക്കും. ചിത്ര ജീൻലാംപിന്റെ കൃത്യത 
പരിശോധിക്കുന്നതിന് ഐസിഎംആർ ആലപ്പുഴയിലെ എൻഐവി-യെ ചുമതലപ്പെടുത്തിയിരുന്നു. അവിടെ നടന്ന പരിശോധനയിൽ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ്-19 പരിശോധനയ്ക്കായി ചിത്ര ജീൻലാംപ്-എൻ-ന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉത്പാദനത്തിന് സിഡിഎസ്‌സിഒ ലൈസൻസ് ലഭ്യമാവുകയുമാണ് അടുത്ത ഘട്ടം. പരിശോധനയ്ക്ക് അനുമതി ലഭിച്ചാൽ ചിലവും കുറഞ്ഞതാകും. ഈ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ശ്രീചിത്രയിലെ ഗവേഷകരുടെ പ്രതീക്ഷയും.

ഏതെങ്കിലും ജീൻ അംപ്ലിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് എൻ-ജീനിന്റെ രണ്ട് മേഖലകൾ കണ്ടെത്തുന്ന ടെസ്റ്റുകളാണ് അമേരിക്കയിലെ ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ കൊവിഡ്-19 പരിശോധനയ്ക്ക് ശുപാർശ ചെയ്യുന്നത്. അമേരിക്കയിൽ ടെസ്റ്റ് കിറ്റുകൾക്ക് എഫ്ഡിഎ അംഗീകാരം ലഭിക്കണമെങ്കിൽ ഈ നിബന്ധനകൾ കൃത്യമായി പാലിക്കണം. അമേരിക്കയിൽ അബോട്ട് കോർപ്പറേഷൻ (At) ലാംപ് സാങ്കേതികവിദ്യ ഉപയോഗിച്ച് RdRp ജീൻ കണ്ടെത്തുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തിരുന്നു. ജപ്പാനിലെ എയ്‌കെൻ കെമിക്കൽ കമ്പനി ലിമിറ്റഡും LAMP സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇത് എൻ ജീൻ കണ്ടെത്താനായിരുന്നില്ല.

നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന പിസിആർ കിറ്റുകൾ രോഗബാധ കണ്ടെത്തുന്നത് ഇ-ജീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാണ്. RdRp ജീൻ കണ്ടെത്തി കൊവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്യുന്നു. രോഗബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന ഒഴിവാക്കി, കുറഞ്ഞ ചെലവിൽ, ഒരു പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കാൻ ചിത്ര ജീൻലാംപ്-എൻ പരിശോധനയിലൂടെ കഴിയും. ചിത്ര ജീൻലാംപ്-എൻ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ ജീൻ കണ്ടെത്താനാകും. സാമ്പിൾ ശേഖരണം മുതൽ ഫലം വരുന്നത് വരെയുള്ള സമയം രണ്ട് മണിക്കൂറിൽ താഴെയാണ്. ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. അതുകൊണ്ട് തന്നെ വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീൻ ഉപയോഗിച്ച് തന്നെ വൻതോതിൽ പരിശോധന നടത്താം. ജില്ലാ ആശുപത്രികളിലെ ലാബുകളിൽ പോലും വളരെ എളുപ്പത്തിൽ ടെസ്റ്റിങ് സൗകര്യം സജ്ജീകരിക്കാൻ കഴിയും. ഫ്‌ളൂറസെൻസിൽ വരുന്ന മാറ്റം വിലയിരുത്തി മെഷീനിൽ നിന്ന് തന്നെ ഫലം അറിയാം.- ഗവേഷകർ പറയുന്നു.

പരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ ചെലവും (2.5 ലക്ഷം രൂപ) എൻ ജീനിന്റെ രണ്ട് മേഖലയ്ക്കുള്ള ടെസ്റ്റ് കിറ്റിന്റെ വിലയും (RNAവേർതിരിക്കൽ ഉൾപ്പെടെ) അടക്കം ഒരു ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയിൽ താഴെയാണ് എന്നതും ഏറെ പ്രതീക്ഷ നൽകുന്നു. അതേസമയം RT PCR മെഷീനിന് 15-40 ലക്ഷം രൂപയാണ് വില എന്നതും ശ്രദ്ധേയമാണ്. PCR കിറ്റിന് 1900-2500 രൂപ വില വരും. ജീൻലാംപ്-എൻ ടെസ്റ്റ് കിറ്റ്, ഉപകരണം എന്നിവയ്‌ക്കൊപ്പം RNA എക്‌സ്ട്രാക്ഷൻ കിറ്റും ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിത്ര ജീൻലാംപ്-എൻ വികസിപ്പിച്ചെടുത്തിരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം പൂർണ്ണമായും നൽകിയത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറിയെന്നും ശ്രീചിത്ര അധികൃതർ അറിയിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുളാർ മെഡിസിൻ വിഭാഗത്തിലെ സയന്റിസ്റ്റ്-ഇൻ-ചാർജ്ജുമായ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ഇതേ സംഘം 2018-19-ൽ കഫപരിശോധനയിൽ കൂടി ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് കിറ്റും
ഉപകരണവും കണ്ടെത്തിയിരുന്നു. ലാംപ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കഫത്തിൽ നിന്ന് മൈക്രോബാക്ടീരിയം ട്ഊബർകുലോസിസിന്റെ ഡിഎൻഎ കണ്ടെത്തിയാണ്
ക്ഷയരോഗം സ്ഥിരീകരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഈ സാങ്കേതികവിദ്യ അഗാപ്പെ
ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറിയിരുന്നു.

ഐസിഎംആറിന്റെ പിന്തുണയോടെ കിറ്റിന്റെയും ഉപകരണത്തിന്റെയും ക്ലിനിക്കൽ ട്രയൽ വിവിധ കേന്ദ്രങ്ങളിലായി 2020 മാർച്ചിൽ ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്‌നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് പദ്ധതിയുടെ കീഴിലാണ് ക്ഷയരോഗ നിർണ്ണയ ഉപകരണം വികസിപ്പിച്ചെടുത്തത്. അതിന്റെ തുടർച്ചയായാണ് ലാംപ് സാങ്കേതികവിദ്യ ഉപയോഗിച്ച് സാർസ് കോവ്2-ലെ എൻ ജീനിനെ കണ്ടെത്താനുള്ള ഗവേഷണം ആരംഭിച്ചത്.

എൻഐവി-യിൽ നിന്നുള്ള ഫലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാലുടൻ ചിത്ര ജീൻലാംപ് കിറ്റുകൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസിനായി അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് സിഡിഎസ്‌സിഒ-യിൽ അപേക്ഷ സമർപ്പിക്കും. ഉത്പാദനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി കമ്പനി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോർഡിനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത്, ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനായി മുന്നോട്ടുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽറ്റി ഫീസ് ഒഴിവാക്കും.

രാജ്യത്തുകൊവിഡ്-19 പടർന്നുപിടിക്കുന്നതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന സാധനങ്ങളിൽ നിന്ന് ലഭിക്കേണ്ട റോയൽറ്റി ഫീസ് കമ്പനികളിൽ നിന്ന്
ഈടാക്കേണ്ടതില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ ഉത്പാദനം നടത്തുന്നതിന് സാങ്കേതികവിദ്യകൾ കൈമാറുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കും. ഗവേഷണ പ്രവർത്തനങ്ങൾക്കായി ലോക്ക്ഡൗൺ കാലയളവിൽ കർണ്ണാടകയിൽ നിന്ന് സുപ്രധാന രാസവസ്തുക്കൾ എത്തിക്കുന്നതിന് വേണ്ട സഹായവും പിന്തുണയും നൽകിയതിന് സംസ്ഥാന സർക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർക്കും ഇൻസ്റ്റിറ്റ്യൂട്ട് നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP