Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത

ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയർന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ കാഞ്ഞിപ്പള്ളി രൂപത. സമരം ചില തത്പര കക്ഷികൾ ആസൂത്രണം ചെയ്തതാണെന്ന് വികാരി ജനറൽ ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു. ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധ വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ഒന്നാം തീയതി റിസൾട്ട് വന്നപ്പോൾ ശ്രദ്ധ 16 പേപ്പറുകളിൽ 12ലും പരാജയപ്പെട്ടിരുന്നെന്നും വികാരി ജനറൽ പറഞ്ഞു. ഈ സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കണമെന്ന ഉദ്ദേശ്യത്തോടെ, മുഖ്യധാരാ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കോളജ് അധികൃതർ പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് കോളജ് മാനേജ്‌മെന്റ് നേരത്തെത്തന്നെ പരാതി നൽകിയിരുന്നു.

വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം അസത്യമാണ്. വിവരങ്ങൾ പൊലീസിലും കുട്ടിയുടെ മാതാപിതാക്കളോടും കൃത്യമായി അറിയിച്ചിരുന്നു. ജൂൺ രണ്ടിനാണ് സംഭവം നടന്നത്. ഒരു മാസത്തെ അവധിക്കു ശേഷം ജൂൺ ഒന്നിനാണ് വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽ മടങ്ങിയെത്തിയത്. അന്നേദിവസം കുട്ടിയുടെ സർവകലാശാല പരീക്ഷാഫലം പുറത്തുവന്നിരുന്നു. മൂന്ന് സെമസ്റ്ററിലേയും ഫലങ്ങൾ ടാബുലേറ്റ് ചെയ്തപ്പോൾ ആകെയുള്ള 16 തിയറി പേപ്പറുകളിൽ 12 പേപ്പറുകളിൽ പരാജയപ്പെട്ടെന്ന് കുട്ടി അറിഞ്ഞു.

ജൂൺ രണ്ടിന് ഫുഡ് ടെക്‌നോളജി കോഴ്‌സിന്റെ പ്രാക്ടിക്കൽ ക്ലാസിനിടെ ഫോൺ ഉപയോഗിച്ചതിന് കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങിവച്ചിരുന്നു. സർവകലാശാല നിയമപ്രകാരമുള്ള നടപടിയാണിത്. ഇക്കാര്യം കുട്ടിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കളെ അറിയിക്കാൻ എച്ച്ഒഡി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഈ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. കോളജ്, യൂണിവേഴ്‌സിറ്റി നിയമപ്രകാരമാണ് ഇത് ചെയ്തത്. കൂടാതെ, മാതാപിതാക്കൾ കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്ന വേളയിൽ അതിന് സാധിക്കാതെ വന്നാൽ ഉടലെടുക്കാവുന്ന സുരക്ഷാപ്രശ്‌നങ്ങൾ കൂടി പരിഗണിച്ചാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.

അതേ ദിവസം വൈകുന്നേരം 6.30-ന് കുട്ടിയുടെ ഹോസ്റ്റൽ റൂംമേറ്റിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചിരുന്നു. എന്നാൽ മാതാപിതാക്കളോട് സംസാരിക്കാൻ കുട്ടി വിസമ്മതിച്ചതായാണ് മനസിലാക്കുന്നത്. തുടർന്ന് രാത്രിഭക്ഷണം കഴിക്കാനായി മറ്റുള്ള കുട്ടികൾ പോയപ്പോൾ ശ്രദ്ധ മുറിയിൽ തുടരുകയായിരുന്നു. സഹപാഠികൾ തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിൽ കാണുകയും സംശയം തോന്നി ജനൽ വഴി അകത്തേക്ക് നോക്കിയപ്പോൾ വിദ്യാർത്ഥിനിയെ തൂങ്ങിയ നിലയിൽ കാണപ്പെടുകയുമായിരുന്നു.

കുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ സഹപാഠികൾ വാർഡനെയും മറ്റുള്ളവരെയും വിവരമറിയിച്ചു. ഉടനടി വിദ്യാർത്ഥിനിയെ സമീപത്തുള്ള മേരിക്വീൻസ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ തന്നെ മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു.

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, അവിടെ കൂടിയിരുന്നവരോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നില്ലായിരിക്കാം. കാഴ്ചക്കാരായി നിൽക്കുന്നവരോട് ഇത്രയും സെൻസിറ്റീവായ വിഷയത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് നിർബന്ധമില്ല. അതിനാലായിരിക്കാം ഈ വിഷയത്തിൽ ഇത്രയും തെറ്റിധാരണകൾ ഉണ്ടായത്.

വിദ്യാർത്ഥിനിയുടെ സംസ്‌കാര ശുശ്രൂഷകളിൽ കോളജ് മാനേജരും അദ്ധ്യാപകരും സഹപാഠികളായ വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. സംഭവത്തിന്റെ രണ്ട് ദിവസങ്ങൾക്കു ശേഷം കോളജിൽ അരങ്ങേറിയ കാര്യങ്ങൾ വളരെ സങ്കടകരമാണ്. കഴിഞ്ഞ രണ്ടുദിവസമായി ചില തൽപരകക്ഷികൾ കാമ്പസിനുള്ളിൽ പ്രവേശിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. അസഭ്യവർഷമടക്കം നടത്തിയ ഇവർ കോളജിന്റെ പ്രവർത്തനം തടസപ്പെടുത്തി.

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ കോളജിനെ തകർക്കാനായി ചില തൽപരകക്ഷികൾ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നതായി മനസിലായിട്ടുണ്ട്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്തായി കണ്ടുവരുന്നു. ഇത് സങ്കടകരമാണ്. മേലിൽ ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുത്. പൊലീസ്, സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇതിനായി മാനേജ്‌മെന്റ് ഏതുതരത്തിലുള്ള അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്നും ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ പറഞ്ഞു.


അതേസമയം, ശ്രദ്ധയുടെ ആത്മഹത്യ അന്വേഷിക്കാൻ സാങ്കേതിക സർവകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംഘം നാളെ കോളജിൽ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും നാളെ കോളജിലെത്തി മാനേജ്‌മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും.

രണ്ടാം വർഷ വിദ്യാർത്ഥിനി ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിനിന്ന നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്നു കുടുംബം ആരോപിച്ചിരുന്നു. കോളജ് എച്ച്ഒഡിയും അദ്ധ്യാപകരും ഹോസ്റ്റൽ വാർഡനും ശ്രദ്ധയെ മാനസ്സികമായി തകർക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

പ്രതിഷേധം കനത്ത സാഹചര്യത്തിൽ ക്യാമ്പസ് അടയ്ക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തിചാർജ് നടത്തിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥികളെ കോളജിൽ പൂട്ടിയിട്ടുവെന്നും ഇന്റേർണൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങൾക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP