Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കി; രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സിഡിറ്റ് നിർവഹിക്കും; സ്പ്രിൻക്ലർ കമ്പനിയുടെ പക്കലുള്ള ഡേറ്റ നശിപ്പിക്കാൻ സർക്കാർ നിർദേശിച്ചു; സ്പ്രിൻക്ലറുമായുള്ള കരാറിൽ ഇനി അവശേഷിക്കുന്നത് അപ്ലിക്കേഷൻ അപ്‌ഡേഷൻ മാത്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേരള സർക്കാർ; സ്പ്രിൻക്ലർ വിഷയത്തിൽ കടുംപിടുത്തം പിടിച്ച് മുഖ്യമന്ത്രി ഒടുവിൽ മുട്ടു മടക്കുമ്പോൾ രാഷ്ട്രീയ വിജയം വിഷയം ഉയർത്തിയ ചെന്നിത്തലയ്ക്ക്

കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കി; രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സിഡിറ്റ് നിർവഹിക്കും; സ്പ്രിൻക്ലർ കമ്പനിയുടെ പക്കലുള്ള ഡേറ്റ നശിപ്പിക്കാൻ സർക്കാർ നിർദേശിച്ചു; സ്പ്രിൻക്ലറുമായുള്ള കരാറിൽ ഇനി അവശേഷിക്കുന്നത് അപ്ലിക്കേഷൻ അപ്‌ഡേഷൻ മാത്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേരള സർക്കാർ; സ്പ്രിൻക്ലർ വിഷയത്തിൽ കടുംപിടുത്തം പിടിച്ച് മുഖ്യമന്ത്രി ഒടുവിൽ മുട്ടു മടക്കുമ്പോൾ രാഷ്ട്രീയ വിജയം വിഷയം ഉയർത്തിയ ചെന്നിത്തലയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ കടുംപിടുത്തം തുടർന്ന സംസ്ഥാന സർക്കാർ ഒടുവിൽ വിഷയത്തിൽ പ്രതിപക്ഷത്തിന് വിജയം. കോവിഡ് വിവര വിശകലനത്തിൽനിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ, രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സിഡിറ്റ് നിർവഹിക്കും. ഡേറ്റ ശേഖരിക്കും മുമ്പ് രോഗിയുടെ അനുമതിപത്രം വാങ്ങും. സ്പ്രിൻക്ലർ കമ്പനിയുടെ പക്കലുള്ള ഡേറ്റ നശിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

സ്പ്രിൻക്ലറുമായി കരാർ അപ്ലിക്കേഷൻ അപ്‌ഡേഷനു മാത്രമാക്കി. ഇതോടെ വിഷയത്തിൽ തുടക്കം മുതൽ കടുംപിടുത്തം തുടർന്ന് മുഖ്യമന്ത്രി പിണറായിക്ക് കനത്ത പ്രഹരമായി. അതേസമയം വിഷയം ഉയർത്തുക്കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക ്‌രാഷ്ട്രീയ വിജയവും കൂടിയായി സർക്കാറിന്റെ പിൻവലിയൽ. സ്പ്രിൻക്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മറ്റുള്ളവരും നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.

സ്പ്രിൻക്ലറുമായി നിലവിൽ സോഫ്റ്റ് വെയർ അപ്ഡേഷൻ കരാർ മാത്രമാണുള്ളതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. നേരത്തെ ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കണമെന്ന് സ്പ്രിൻക്ലറിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ആമസോൺ ക്ലൗഡിലേക്കു മാറ്റിയ ഡാറ്റ ഉപയോഗിക്കുന്നനു സ്പ്രിൻക്ലറിന് അനുമതി ഇല്ലെന്നും സർക്കാർ വ്യക്തമാക്കി. സ്പ്രിൻക്ലർ നൽകുന്നതിനു സമാനമായ സേവനങ്ങൾ നൽകാൻ സന്നദ്ധമാണെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ സോഫ്റ്റ് വെയർ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് സർക്കാർ അറിയിച്ചു.

വിവര വിശകലനത്തിന് സംസ്ഥാന സർക്കാർ സ്പ്രിൻക്ലറുമായി കരാറുണ്ടാക്കിയത് രാഷ്ട്രീയ വിവാദത്തിന് ഇടവച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംക്ലറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സർക്കാർ വിശദീകരണം. വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങൾ ശക്തമായി ഉയർന്നിട്ടും പിന്മാറാൻ സർക്കാർ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കം ഒട്ടേറെ ഹർജികൾ സർക്കാരിനും കരാരിനും എതിരെ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ കൊവിഡ് ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തും എന്നാണിപ്പോൾ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ആമസോൺ ക്ലൗഡിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സ്പ്രിംക്ലർ ഉദ്യോഗസ്ഥർക്ക് അനുവാദം ഉണ്ടാകില്ല. അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്‌ഡേഷന് കരാർ മാത്രമാണ്, കൈവശം ഉള്ള ഡാറ്റകൾ നശിപ്പിക്കാൻ സ്പ്രിംക്ലറിന് നിർദ്ദേശം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്പ്രിൻക്ലർ ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷയായിരുന്നു, വിവാദത്തിന്റെ കേന്ദ്ര ബിന്ദു. സൗജന്യ സേവനം വാഗ്ദാനം ചെയ്ത സ്പ്രിൻക്ലറിലേക്ക് സർ്ക്കാർ എങ്ങനെ എത്തിയെന്നതായിരുന്നു രണ്ടാമത്തെ വിമർശനം. ഇതിൽ ക്രമക്കേടും അഴിമതിയും നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി, സ്പ്രിൻക്ലറിനെ തെരഞ്ഞെടുത്ത സർക്കാർ നടപടിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കരാർ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

അന്ന് സർക്കാഫിന് വേണ്ടി ലക്ഷങ്ങൽ മുടക്കി പുറമേ നിന്നും അഭിഭാഷകയെ കൊണ്ടുവരികയായിരുന്നു. സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബർ കേസുകളിൽ മാത്രം ഹാജരാകാറുള്ള അഡ്വ. നപ്പായിരുന്നു അന്ന് കോടതിയിൽ ഹാജരായത്. കോടതിയിൽ കേരളത്തിനുവേണ്ടി ഹാജരാകുന്നത് ആദ്യമാണെങ്കിലും സംസ്ഥാന സർക്കാരിനു വേണ്ടി സംസാരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം കേരള സർക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക് ചെയിൻ ഉച്ചകോടിയിൽ മുഖ്യപ്രഭാഷകരിൽ ഒരാളായിരുന്നു.

നേരത്തെ സ്പിൻക്ലർ വിവാദത്തിൽ കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്കുകയാണ് ഉണ്ടായത്. ഇനി മുതൽ കമ്പനിയുടെ സോഫ്ട്‌വെയറിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുത്, വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നൽകാൻ പാടില്ല, കേരള സർക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാൻ പാടില്ല, കരാർ കാലാവധിക്ക് ശേഷം മുഴുവൻ ഡേറ്റയും തിരികെ നൽകണം, സെക്കന്ററി ഡാറ്റകൾ കമ്പനിയുടെ കയ്യിലുണ്ടെങ്കിൽ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികൾ വച്ചുകൊണ്ടാണ് സർക്കാർ കരാറുമായി മുന്നോട്ടുപോകാൻ അനുവദിച്ചിരിക്കുന്നത്.

ഹൈക്കോടതിയുടെ ഈ നിർദ്ദേശപ്രകാരമാണ് സ്പ്രിൻക്ലറുമായുള്ള ഡാറ്റാ അനാലിസിസ് കരാറിൽ നിന്നും സർക്കാർ പിൻവലിയുന്നത്. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതു സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് അഭിഭാഷക പറഞ്ഞപ്പോൾ അത് എടുത്തു പറഞ്ഞ് വിവര സുരക്ഷിതത്വത്തിൽ കൂടുതൽ കരുതൽ വേണ്ടത് സർക്കാരിനു തന്നെയെന്ന് ഹൈക്കോടതിയും വിശദീകരിച്ചു. 2020ലെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ഡേറ്റ ശേഖരിക്കാൻ സർക്കാരിന് അധികാരമുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരമാണു നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമെന്നും സർക്കാരിനു വേണ്ടി ഹാജരായ മുംബൈയിൽ നിന്നുള്ള സൈബർ വിദഗ്ധയായ അഭിഭാഷക എൻ.എസ്.നപ്പിനൈ വിശദീകരിച്ചിരുന്നു.

സ്പ്രിൻക്ലർ കമ്പനി കരാർ ലംഘിച്ചാൽ അമേരിക്കയിൽ മാത്രമേ നിയമ നടപടി എടുക്കാൻ കഴിയൂ എന്ന വിവരം സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ ഏതെങ്കിലും തരത്തിൽ വിവരച്ചോർച്ചയുണ്ടായാൽ പൊതുജനങ്ങൾക്ക് ക്രിമിനൽ നടപടിയുമായി രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും കോടതിയെ അറിയിച്ചു. അഞ്ചു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് ശേഷി ഇല്ലേ എന്ന് ചോദിച്ച കോടതി എന്തു കൊണ്ട് കേന്ദ്ര ഏജൻസികളുടെ സേവനം ഉപയോഗിച്ചില്ല? എന്തുകൊണ്ടു സ്പ്രിൻക്ലറിനെ തിരഞ്ഞെടുത്തു? തിരക്കിട്ട് എന്തുകൊണ്ടു സ്പ്രിൻക്ലറിലേക്കു പോയി? ഇന്ത്യയിലെ ഏജൻസികളെ എന്തു കൊണ്ടു പരിഗണിച്ചില്ല? സ്പ്രിൻക്ലർ താൽപര്യം പ്രകടിപ്പിച്ചു എന്നതാണോ മാനദണ്ഡം? ഇങ്ങനെ ആണോ കമ്പനികളെ തിരഞ്ഞെടുക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു.

കേന്ദ്രം സേവനം നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട് എന്ന കാര്യവും സർക്കാരിനെ അറിയിച്ചു. സ്പ്രിൻക്ലർ സൗജന്യ സേവനം നൽകാൻ തയാറായെന്നായിരുന്നു ഇതിന് സർക്കാരിന്റെ വിശദീകരണം. അടിയന്തര സാഹചര്യമായതിനാലാണ് ഇത്തരം ഒരു നടപടിയിലേക്കു പോകാൻ കാരണമെന്നും സർക്കാർ വിശദീകരിച്ചു. ഡേറ്റ സ്പ്രിൻക്ലറിനു കൈമാറിയോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അവ്യക്തം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ കോടതിയിലുയർത്തിയ പ്രധാന വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP