Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോംബ് സ്‌ക്വാഡും സ്‌നൈപ്പർ ഡോഗും മുതൽ കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും അടങ്ങുന്ന സുരക്ഷ ഇനി മോദിക്ക് മാത്രം; പഴുതടച്ച സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംരക്ഷണം നൽകിയിരുന്നത് മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും; നെഹ്റു കുടുംബത്തിന്റെ സുരക്ഷ സിആർപിഎഫിനെ ഏൽപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതോടെ രാജ്യത്ത് എസ്‌പിജി സുരക്ഷ നൽകുന്ന ഏക വ്യക്തിയായി പ്രധാനമന്ത്രിയും

ബോംബ് സ്‌ക്വാഡും സ്‌നൈപ്പർ  ഡോഗും മുതൽ കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും അടങ്ങുന്ന സുരക്ഷ ഇനി മോദിക്ക് മാത്രം;  പഴുതടച്ച സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംരക്ഷണം നൽകിയിരുന്നത് മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും; നെഹ്റു കുടുംബത്തിന്റെ സുരക്ഷ സിആർപിഎഫിനെ ഏൽപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതോടെ രാജ്യത്ത് എസ്‌പിജി സുരക്ഷ നൽകുന്ന ഏക വ്യക്തിയായി പ്രധാനമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നെഹ്‌റു കുടുംബത്തിന്റെ എസ്‌പിജി സുരക്ഷ പിൻവലിക്കുന്നതോടെ രാജ്യത്തെ ഏറ്റവും നൂതനമായ സുരക്ഷാ വ്യൂഹമുള്ള ഏക വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറും. നിലവിൽ പ്രധാനമന്ത്രിക്കും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കൾക്കും മാത്രമാണ് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷയുള്ളത്. ഇതിൽ സോണിയാ ഗാന്ധിക്കും മക്കൾക്കുമുള്ള സുരക്ഷ പിൻവലിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലാതെ എസ്‌പിജി സുരക്ഷ നൽകുന്നത് നെഹ്റു കുടുംബത്തിനു മാത്രമാണ്. സോണിയാ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്കാണ് എസ്‌പിജി സുരക്ഷയുള്ളത്. ഇതു സംബന്ധിച്ച് നെഹ്റു കുടുംബത്തിന് അറിയിപ്പ് നൽകിയെന്നാണു സൂചന.

സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിൻവലിച്ച് പകരം സിആർപിഎഫിന്റെ സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ആഭ്യന്തര വകുപ്പിന്റെ വാർഷിക അവലോകന യോഗമാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ നെഹ്‌റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് പുതിയ നീക്കം.

1984-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാർക്കും മുൻ പ്രധാനമന്ത്രിമാർക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) രൂപീകരിച്ചത്. 1988-ലാണ് എസ്‌പിജി നിയമം പാർലമെന്റ് പാസാക്കിയത്. 1989-ൽ രാജീവ് ഗാന്ധിക്കുള്ള എസ്‌പിജി സുരക്ഷ വിപി സിങ് സർക്കാർ ഒഴിവാക്കി. എന്നാൽ 1991-ൽ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തിൽ ഭേദഗതി വരുത്തി. എല്ലാ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുറഞ്ഞത് പത്തു വർഷത്തേക്ക് എസ്‌പിജി സുരക്ഷ നൽകാൻ തീരുമാനിച്ചു. അടുത്തിടെ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിനെ എസ്‌പിജി സുരക്ഷ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കംബോഡിയൻ യാത്രയ്ക്കു പിന്നാലെയാണ് കേന്ദ്രസർക്കാർ എസ്‌പിജി സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരുന്നു. എസ്‌പിജി സുരക്ഷയുള്ളവർ ഏതു വിദേശ രാജ്യത്തു പോയാലും കമാൻഡോകൾ ഒപ്പമുണ്ടാകണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശം. ഇത് അംഗീകരിച്ചില്ലെങ്കിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കും എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ നിലപാട്. അടുത്തിടെ വരെ ഇന്ത്യയിൽനിന്ന് ആദ്യം പോകുന്ന വിദേശരാജ്യം വരെ മാത്രമേ എസ്‌പിജി കമാൻഡോകൾ ഇവരെ അനുഗമിച്ചിരുന്നുള്ളു. അവിടെനിന്നു മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോൾ സ്വകാര്യത ചൂണ്ടിക്കാട്ടി കമാൻഡോകളെ ഒപ്പം കൂട്ടാതെ മടക്കി അയച്ചിരുന്നു.

മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിന്റെ എസ്‌പിജി സുരക്ഷയും കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ഇനി മുതൽ മന്മോഹൻ സിങ്ങിനു പുറമേ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിആർപിഎഫിന്റെ സുരക്ഷ നൽകാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. മന്മോഹന്റെ മക്കൾ മുമ്പ് തന്നെ എസ്‌പിജി സുരക്ഷ വേണ്ടെന്നു വച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവെഗൗഡയുടെ എസ്‌പിജി സുരക്ഷയും പിൻവലിച്ചിരുന്നു. ഇപ്പോൾ നെഹ്രു കുടുംബത്തിനുള്ള സുരക്ഷ കൂടി പിൻവലിക്കുന്നതോടെ രാജ്യത്തെ പഴുതടച്ച സുരക്ഷ ലഭ്യമാകുന്ന ഏക വ്യക്തി എന്ന ഖ്യാതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കും.

പ്രത്യേക പരിശീലനം ലഭിച്ച സ്പഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ സ്‌നിപ്പർ ഡോഗുകളും ബോംബ് സ്‌ക്വാഡ് വിദഗ്ധരും ഉൾപ്പെടുന്നു, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും അടങ്ങുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂർണമായും സഹകരിക്കാറുണ്ട്. എസ്‌പിജിക്ക് ആധുനിക വാഹനങ്ങളുടെ ഒരു കൂട്ടം ഉണ്ട്, അവയിൽ മിക്കതും ബുള്ളറ്റ് പ്രൂഫ് ആണ്. കവചിത ബിഎംഡബ്ല്യു 7 സീരീസ് സെഡാനുകൾ, കവചിത റേഞ്ച് റോവറുകൾ, ബിഎംഡബ്ല്യുവിന്റെ എസ്യുവികൾ, ടൊയോട്ട, ടാറ്റയുടെ വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനയുടെ വാഹനങ്ങളും ഇവർ വിവിഐപികൾക്ക് സുരക്ഷയൊരുക്കാൻ ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP