Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പിണറായിക്ക് പണി കൊടുക്കാൻ ഡൽഹിയിൽ നിന്നും ഡിജിപി വരുമോ?; മോദിയുടെ വിശ്വസ്തൻ പിണറായിയുടെ ഡിജിപിയാകുമോ? കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുമ്പോൾ ബെഹ്‌റയ്ക്ക് പകരം ആരുവരുമെന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരങ്ങളും അനവധി; കേരള കേഡറിൽ പെട്ട എസ്‌പിജി തലവൻ അരുൺ കുമാർ സിൻഹ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരുമോ? സീനിയോരിറ്റി പട്ടികയിൽ ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയും; തിരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ മാറ്റി പുതിയ പദവി നൽകുമെന്നും സൂചന

പിണറായിക്ക് പണി കൊടുക്കാൻ ഡൽഹിയിൽ നിന്നും ഡിജിപി വരുമോ?; മോദിയുടെ വിശ്വസ്തൻ പിണറായിയുടെ ഡിജിപിയാകുമോ? കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുമ്പോൾ ബെഹ്‌റയ്ക്ക് പകരം ആരുവരുമെന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരങ്ങളും അനവധി; കേരള കേഡറിൽ പെട്ട എസ്‌പിജി തലവൻ അരുൺ കുമാർ സിൻഹ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരുമോ? സീനിയോരിറ്റി പട്ടികയിൽ ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയും; തിരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ മാറ്റി പുതിയ പദവി നൽകുമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം കത്തിനിൽക്കുമ്പോൾ ഒരുകാര്യംപറയാതെ വയ്യ. കേരളം പതിയെ തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുകയാണ്. ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപിയെ കണ്ടെത്താൻ സമയമായിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡിജിപി മാറണം. അതല്ലങ്കിൽ നാലുവർഷമായി ക്രമസമാധാന ചുമതലയിലുള്ള ഡിജിപിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ മാറ്റും. അങ്ങനെയെങ്കിൽ സീനിയോരിറ്റി നോക്കിയാൽ ആരാവും ബെഹ്‌റയ്ക്ക് പകരം വരിക?

അടുത്തിടെയാണ് കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അരുൺ കുമാർ സിൻഹയ്ക്ക് ടോമിൻ.ജെ.തച്ചങ്കരിക്കൊപ്പം ഡിജിപി പദവി കിട്ടിയത്. 1987 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. കേരള കേഡർ ഉദ്യോഗസ്ഥനായ സിൻഹയ്ക്കും ഇനി 3 വർഷത്തെ സർവീസ് ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ കേന്ദ്ര ഡപ്യൂട്ടേഷൻ കാലാവധി അടുത്തിടെ നീട്ടി നൽകിയിരുന്നു. ഇപ്പോൾ കേരള കേഡറിൽ ഉള്ളവരിൽ സീനിയർ അരുൺ കുമാർ സിൻഹയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും എസ്‌പിജി ഡയറക്ടറുമായ സിൻഹ അതെല്ലാം വിട്ട് ഇങ്ങോട്ട് പോരുമോ?

ജയിൽ മേധാവി ഋഷിരാജ് സിങ്, ഫയർഫോഴ്‌സ് മേധാവി ആർ.ശ്രീലേഖ എന്നിവരാണ് ഡിജിപി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥർ. ബെഹ്‌റയ്ക്ക് 2021 ജൂൺ 30 വരെയാണ് കാലാവധി. എന്നാൽ, തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് അത്രയും നാൾ ഡിജിപി പദവിയിൽ തുടരാനാവില്ല. ഈ സാഹചര്യത്തിൽ ബെഹ്‌റയെ നവംബറോടെ നീക്കുമെന്നാണ് സൂചന. എന്നാൽ, സ്റ്റാറ്റസ് കുറയാത്ത പുതിയപദവി നൽകി വിശ്വസ്തനായ ബെഹ്‌റയെ സന്തോഷിപ്പിക്കാനാണ് സാധ്യത. സംസ്ഥാന വിവരാവകാശകമ്മീഷണറായി ബെഹ്‌റയെ നിയമിച്ചേക്കും എന്ന് കേൾക്കുന്നുണ്ട്.

ബെഹ്‌റയ്ക്ക് പകരം ആരുവരും?

ഋഷിരാജ് സിങ്ങിന് 2021 ജൂലായ് 31 വരെ കാലാവധിയുണ്ട്. ഇപ്പോൾ ജയിൽ ഡിജിയാണ്. ആർ.ശ്രീലേഖ 2020 ഡിസംബറിൽ വിരമിക്കും. ഇപ്പോൾ അഗ്നിരക്ഷാസേന കമാൻഡന്റ് ജനറലാണ്. നവംബറിൽ ബെഹ്‌റയെ മാറ്റിയാൽ, ഒരുമാസത്തേക്കാണെങ്കിലും ശ്രീലേഖയ്ക്ക് വേണമെങ്കിൽ ഒരുഅവസരം കൊടുക്കാം. ആദ്യത്തെ വനിതാ ഡിജിപിയായി ശ്രീലേഖയെ വാഴിക്കാം. എന്നാൽ, ഒരുമാസത്തേക്ക് ഇങ്ങനെയൊരു ടോപ് പദവി നൽകാൻ മുഖ്യമന്ത്രി തയ്യാറാവുമോയെന്ന് വ്യക്തമല്ല. ഋഷിരാജ് സിംഗിന് വഴിയിലുള്ള തടസ്സം അദ്ദേഹത്തിന്റെ സിങ്കം ഇമേജ് തന്നെയാണ്. ആരെയും കൂസാത്ത പ്രകൃതമുള്ള സിങ്കത്തെ ഏറ്റവും ഉന്നത പദവിയിൽ അവരോധിക്കുമോയെന്നും കണ്ടറിയണം. എന്നാൽ, മികച്ച പൊലീസ് ഓഫീസറായ സിങ് പൊലീസിന്റെ തലപ്പത്ത് എത്തണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ ഏറെ. പിന്നീട് ഊഴം തച്ചങ്കരിക്കാണ്. തച്ചങ്കരിയുടെ കാര്യത്തിലും രണ്ടുപക്ഷമുണ്ട്. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു തച്ചങ്കരി. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിരമിക്കാൻ മൂന്നു വർഷത്തെ കാലാവധിയാണുള്ളത്.

വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന് 2 വർഷമാണ് സർവ്വീസ് അവശേഷിക്കുന്നത്. ഇവർ മൂന്നു പേരും കഴിഞ്ഞാൽ പിന്നെ ലിസ്റ്റിൽ ഉൾപ്പെടുന്ന ബി.സന്ധ്യയ്ക്കും 3 വർഷം സർവ്വീസ് ബാക്കിയുണ്ട്. ക്രൈംബ്രാഞ്ച് മേധാവി അനിൽകാന്തിനും ഒന്നര വർഷത്തോളം സർവ്വീസ് ഇനി ബാക്കിയുണ്ട്.

അരുൺ കുമാർ സിൻഹ വരുമോ?

കഴിഞ്ഞ വർഷം ഡിസംബറിലാണ്, കേന്ദ്രസർക്കാർ അരുൺ കുമാർ സിൻഹയ്ക്ക് എസ്‌പിജി ഡയറക്ടറായുള്ള കാലാവധി നീട്ടി കൊടുത്തത്. 2021 ജൂലായ് വരെ. 2016 മാർച്ചിലാണ് സിൻഹയെ എസ്‌പിജി മേധാവിയാക്കിയത്. മോദിക്ക് വളരെ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ. സിൻഹയെ കേരളത്തിലേക്ക് കൊണ്ടുവരാനും സംസ്ഥാന സർക്കാരിനെ ചൊൽപ്പിടിക്ക് നിർത്താനും ബിജെപിക്ക് താൽപര്യമുണ്ടെന്ന തരത്തിൽ വാർത്തകളുണ്ട്. യുപിഎസ്‌സി പട്ടികയിൽ സിൻഹയുടെ പേരുവന്നാൽ അത് കേന്ദ്രത്തിന് തള്ളാനാവില്ലെന്നും വാദമുണ്ട്. എന്നാൽ, നിലവിലുള്ള ഉന്നത പദവിയിൽ നിന്ന് സംസ്ഥാനത്തെ താരതമ്യേന അധികാരം കുറഞ്ഞ പദവിയിലേക്ക് സിൻഹ വരുമോ? ടോമിൻ ജെ. തച്ചങ്കരിയ്‌ക്കൊപ്പം ഡിജിപി പദവി ലഭിച്ചെങ്കിലും എസ്‌പിജി ഡയറക്ടർ എന്ന നിലയിൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ ആയതിനാൽ അരുൺ കുമാർ സിൻഹ ഉടനെ കേരളത്തിലേക്കില്ല എന്നാണ് സൂചന.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ നിയമിക്കുന്നതിൽ സംസ്ഥാനത്തിന് കാര്യമായ റോൾ ഇല്ലെന്ന വാദത്തിലും കഴമ്പില്ല. യുപിഎസ്‌സിക്ക് പട്ടിക തയ്യാറാക്കി അയയ്ക്കുമ്പോൾ മൂന്നുപേരുടെ ചുരുക്ക പട്ടികയാണ് അവിടുന്നു തിരിച്ചയയ്ക്കുക. അവരിൽ നിന്നൊരാളെ തിരഞ്ഞെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. ഏതായാലും, മെയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ഡിജിപി ആരെന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP