Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കാതലിക്കും പെണ്ണിൻ കൈകൾ' പാട്ടിലൂടെ പാടിയും ആടിയും രസിപ്പിച്ചപ്പോൾ തെന്നിന്ത്യ ഏറ്റെടുത്തു; പ്രഭുദേവയ്‌ക്കൊപ്പം ഡാൻസ് ചെയ്ത് ഞെട്ടിച്ച സംഗീതജ്ഞൻ അഭിനയിച്ചത് മലയാളം ഉൾപ്പടെ 72 സിനിമകളിൽ; തടിച്ച ശരീരവും കുടവയും വച്ചുള്ള ഡാൻസ് കണ്ട് അമ്പരന്നത് കൊറിയോഗ്രാഫർമാരും; അവസാനമായി കോവിഡിനെതിരെ മലയാളത്തിൽ പാടി സന്ദേശവും നൽകി; എസ്‌പി.ബി ഓർമയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തടിച്ച ശരീരവും കുടവയറുമുള്ള ആ ഗായകൻ വേദിയിൽ പ്രഭുദേവയ്‌ക്കൊപ്പം ഡാൻസ് കളിച്ചപ്പോൾ സിനിമ കണ്ടിറങ്ങിയവര്‌ക്കെല്ലാം അത്ഭുതവും അമ്പരപ്പുമായി. കാതനിലെ എസ്‌പി.ബിയുടെ ഈ പാട്ട് രംഗം ആർക്കും മറക്കാൻ ഇടയുണ്ടാകില്ല. ' കാതലിക്കും പെണ്ണിൻ കൈകൾ' എന്ന പാട്ടിനൊപ്പം എസ്‌പി.ബി പാടി ആടി. തെന്നിന്ത്യ മുഴുവൻ ഈ പാട്ട് ഏറ്റെടുക്കുകയായിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഉൾപ്പടെ തന്റെ സാന്നിധ്യം അറിയിച്ച 72 ൽ പരം സിനികളാണ് ശ്രദ്ധേയമായത്. തടിച്ച ശരീരവും കുടവയറുമുള്ള ഗായകൻ സ്‌ക്രീനിൽ ഡാൻസ് ചെയ്യുന്നതു കണ്ട് ഡാൻസ് മാസ്റ്റർമാർ വരെ വിസ്മയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്‌പിബിക്കു സ്വന്തം.

തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി 72 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതിൽ പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കൺമണിയിലെ 'മണ്ണിൽ ഇന്ത കാതൽ...' എന്ന ഗാനം ഈ പട്ടികയിൽപെടും.കെ.ബാലചന്ദറിന്റെ 'മനതിൽ ഉറുതി വേണ്ടും' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബാലചന്ദറിന്റെ അസിസ്റ്റന്റായിരുന്ന വസന്തിന്റെ 'കേളടി കൺമണി'യിൽ നായകനായി. ഭാര്യ മരിച്ച മധ്യവയസ്‌കന്റെ വേഷത്തിൽ എസ്‌പിബി തിളങ്ങി. 'ഗുണ'യിലും തെലുങ്കു ചിത്രമായ 'ആയുധ'ത്തിലും പൊലീസ് വേഷമായിരന്നു.

ശങ്കറിന്റെ 'കാതലൻ' എന്ന ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. സിഗരം, തലൈവാസൽ, പാട്ടുപാടവാ, മാജിക് മാജിക് തുടങ്ങിയ തമിഴ് ചിത്രങ്ങൾക്കു പുറമേ ഒട്ടേറെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴ്, തെലുങ്ക് സീരിയലുകളും ടെലിവിഷൻ ഷോകളും പുറമേ.എസ്‌പിബിയുടെ സംഗീത പാരമ്പര്യം തുടരുന്നതു മകൻ ചരണിലൂടെയാണ്. ഗായകനും നടനും നിർമ്മാതാവുമാണു ചരൺ. ഇളയരാജ, കീരവാണി, എ.ആർ. റഹ്മാൻ തുടങ്ങിയവരുടെ സംഗീതസംവിധാനത്തിൽ തെലുങ്കിലും കന്നഡയിലും പാടിയിട്ടുണ്ട്. കാപിറ്റൽ ഫിലിം വർക്ക്‌സ് എന്ന പേരിൽ നിർമ്മാണ കമ്പനിയുമുണ്ട്. ചരൺ നിർമ്മിച്ച 'ആരണ്യകാണ്ഡം' എന്ന ചിത്രത്തിനു 2012ൽ ദേശീയ അവാർഡ് ലഭിച്ചു.

തമിഴിൽ വെങ്കട് പ്രഭു സംവിധാനം ചെയ്ത 'സരോജ' എന്ന ചിത്രത്തിൽ നായകനായി. ഒട്ടേറെ തമിഴ് സീരിയലുകളിലും കന്നഡ സിനിമയിലും മുഖം കാണിച്ചു.''എന്റെ ശബ്ദം അച്ഛന്റെ ശബ്ദത്തിനു സമാനമാണെന്നു പലരും പറഞ്ഞിട്ടുണ്ട്. യഥാർഥ ശബ്ദമുള്ളപ്പോൾ മറ്റൊന്നു കടമെടുക്കുന്നത് എന്തിനാണെന്നു ചിന്തിട്ടുണ്ടാകും''- പ്രതീക്ഷിച്ച അവസരങ്ങൾ ലഭിച്ചോ എന്ന ചോദ്യത്തോട് ചരൺ ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെയാണ്.

അവസാനമായി പാടിയ ആ പാട്ട്

കോവിഡ് ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് ആ വിളി വന്നത്. ഫോണിനപ്പുറത്ത് എസ്‌പിബി. 'കോവിഡ് കാലമല്ലേ... എല്ലാവരും ആകെ നിരാശയിലും സങ്കടത്തിലുമല്ലേ... അവർക്കു ധൈര്യം പകരാൻ കുറച്ചു പാട്ടിറക്കണം' എസ്‌പിബി പറയുകയാണ്.
റഫീഖ് എനിക്കൊരു ഉപകാരം ചെയ്യാമോ, ഒരു പാട്ട് എഴുതിത്ത്ത്ത്തരാമോ? വളരെ വിനയത്തോടെയുള്ള അഭ്യർത്ഥന കേട്ടപ്പോൾ എന്റെ ഉള്ളുലഞ്ഞു. എന്നെപ്പോലൊരാളോട് ഇത്രയും വിനയം ആവശ്യമുണ്ടോ അദ്ദേഹത്തിന്.

രണ്ടുദിവസം കഴിഞ്ഞപ്പോൾ 'ഒരുമിച്ചു നിൽക്കേണ്ട സമയം, ഇതു പൊരുതലിന്റെ, കരുതലിന്റെ സമയം..' എന്നു തുടങ്ങുന്ന വരികൾ എഴുതിക്കൊടുത്തു. ഉടൻ നന്ദി സന്ദേശം വന്നു. പിന്നാലെ ഫോണിൽ അദ്ദേഹത്തിന്റെ ആ ശബ്ദം. വളരെ സന്തോഷമായെന്ന വാക്കുകൾ. സംഗീതം ചെയ്ത് പാടിയശേഷം അദ്ദേഹം അതിന്റെ ലിങ്കും അയച്ചു തന്നു. ഇത്ര വലിയൊരു ഗായകനിൽ നിന്നു കിട്ടിയ അംഗീകാരമായി ഞാനിപ്പോഴും അതു കരുതുന്നു.

കോവിഡ് കാലത്ത് ജനങ്ങൾ തളർന്നു പോകാതിരിക്കാൻ ഫേസ്‌ബുക്കിലൂടെ ധാരാളം സംസാരിക്കുകയും പാടുകയും ചെയ്തയാളാണ് എസ്‌പിബി. കോവിഡ് തന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നുവെന്നത് നൊമ്പരപ്പെടുത്തുന്നു. ഞാൻ പാട്ടെഴുതിത്ത്ത്ത്തുടങ്ങിയ കാലത്ത് 2002ലോ മറ്റോ അദ്ദേഹം എന്റെയൊരു ഗാനം പാടിയിട്ടുണ്ട്. ജൂൺ മഴയിൽ എന്നൊരു ആൽബത്തിൽ. അതിന്റെ വരികൾ ഇപ്പോൾ ഞാൻ ഹൃദയം കൊണ്ടു വീണ്ടും എഴുതിപ്പോകുന്നു:

'ഒരു വേള ഇനിയും നാം കാണുകിൽ...'

എസ്‌പിബിയെ ഒരു വേള ഇനിയും കാണാനാകില്ലല്ലോ എന്ന സത്യത്തിന്റെ പേനത്തുമ്പ് എന്റെ ഹൃദയത്തെ പോറിമുറിക്കുന്നു.എന്നാണ് റഫീഹ് അഹമ്മദ് കുറിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP