Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

നാല് പതിറ്റാണ്ട് രാജാവായി വാണ സ്പെയിൻ വിട്ട് ഒളിച്ചോടി മുൻ സ്പാനിഷ് രാജാവ്; അഴിമതി ആരോപണങ്ങളിലെ അന്വേഷണം കനക്കുമ്പോഴാണ് നിലവിലെ രാജാവായ സ്വന്തം മകന് കത്തെഴുതിവച്ച് രാജാവ് ഒളിച്ചോടുന്നത്; കനകവും കാമിനിയും നിറഞ്ഞ രാജകഥകളിൽ ഒന്നുകൂടി ദുഃഖപര്യവസായിയാകുന്നു

നാല് പതിറ്റാണ്ട് രാജാവായി വാണ സ്പെയിൻ വിട്ട് ഒളിച്ചോടി മുൻ സ്പാനിഷ് രാജാവ്; അഴിമതി ആരോപണങ്ങളിലെ അന്വേഷണം കനക്കുമ്പോഴാണ് നിലവിലെ രാജാവായ സ്വന്തം മകന് കത്തെഴുതിവച്ച് രാജാവ് ഒളിച്ചോടുന്നത്; കനകവും കാമിനിയും നിറഞ്ഞ രാജകഥകളിൽ ഒന്നുകൂടി ദുഃഖപര്യവസായിയാകുന്നു

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: താൻ ഉൾപ്പെട്ടിട്ടുള്ള അഴിമതി ആരോപണത്തിന്റെ അന്വേഷണത്തിന് ചൂട്പിടിക്കുമ്പോൾ, സ്വന്തം മകന് ഒരു എഴുത്ത് എഴുതിവച്ചിട്ട് നാടുവിട്ടിരിക്കുകയാണ് മുൻ സ്പാനിഷ് രാജാവായ ജുവാൻ കാർലോസ്. മകനും സ്പെയിനിലെ ഇപ്പോഴത്തെ രാജാവുമായ ഫെലിപ്പ് രാജാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലാണ് താൻ സ്പെയിൻ വിട്ടുപോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇന്നലെയാണ് ഈ കത്ത് പുറത്തുവന്നത്. അപ്പോഴേക്കും ഈ മുൻ രാജാവ് രാജ്യം വിട്ടുകഴിഞ്ഞിരുന്നു.

1931-ൽ സ്പാനിഷ് വിപ്ലവത്തെ തുടർന്ന് നാടുവിടേണ്ടി വന്ന അൽഫോൻസോ പതിമൂന്നാമന്റെ കൊച്ചുമകൻ ജനിച്ചതും ബാല്യകാലം ചെലവഴിച്ചതും റോമിലായിരുന്നു. പിന്നീട് സ്പെയിനിലെത്തി പഠനം പൂർത്തിയാക്കിയ അദ്ദേഹം 1974 മുതൽ രാജ്യതലവനായി അധികാരമേറ്റെടുത്തു. പിന്നീട് അന്നത്തെ സ്പാനിഷ് ഏകാധിപതി ഫ്രാൻസിസ്‌കോ ഫ്രാങ്കോയുടെ മരണശേഷം 1975 നവംബർ 22 നാണ് രാജാവായി അധികാരമേറ്റെടുക്കുന്നത്.ഫ്രാങ്കോയുടെ ഏകാധിപത്യകാലത്തുനിന്നും സ്പെയിനിനെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു ജുവാൻ കാർലോസ്.

എന്നാൽ പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് നിരവധി ആരോപണങ്ങളായിരുന്നു. തന്റെ മകൾക്കെതിരെ നികുതി വെട്ടിപ്പ് കേസുപോലും ഉണ്ടായി. മകൾ കേസിൽ നിന്നും വിമുക്തയായെങ്കിലും മകളുടെ ഭർത്താവ് ശിക്ഷിക്കപ്പെട്ടു. സ്പെയിനിൽ കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന 2012-ൽ ആഫ്രിക്കയിൽ ആനവേട്ടക്ക് പോയതായിരുന്നു അദ്ദേഹത്തിനെതിരെ ജനരോഷം ഉയരുവാനുള്ള മറ്റൊരു കാരണം. തീർത്തും രഹസ്യമായിരുന്നു യാത്ര. നായാട്ടിനിടയിൽ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച അദ്ദേഹത്തെ ഒരു പ്രത്യേക വിമാനത്തിൽ തിരികെ സ്പെയിനിലേക്ക് കൊണ്ടുവരുന്നതോടെയാണ് ഈ സംഭവം പൊതുജനങ്ങൾ അറിയുന്നത്.

എന്നാൽ, ഈ യാത്രയുടെ ചെലവ് സർക്കാർ ഖജനാവിൽ നിന്നോ, കൊട്ടാരത്തിന്റെ സ്വത്തിൽ നിന്നോ അല്ല ചെലവാക്കിയതെന്ന വിശദീകരണം പിന്നീട് വന്നു. മൊഹമ്മദ് എയാദ് കയാലി എന്നൊരു വ്യവസായിയാണ് ഈ യാത്രയുടെ ചെലവ് വഹിച്ചതെന്നും പിന്നീട് പുറത്തായി.ഇതിനിടയിലാണ് സൗദി അറേബ്യയിലെ ഒരു ഹൈസ്പീഡ് റെയിൽ പ്രൊജക്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ജുവാന്റെ പേരിൽ ഉണ്ടാകുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് മുൻ സൗദി രാജാവിൽ നിന്നും 100 മില്ല്യൺ ഡോളർ കൈക്കൂലിയായി സ്വീകരിച്ചു എന്നായിരുന്നു ആരോപണം.

കഴിഞ്ഞ ജൂണിലാണ് സ്പാനിഷ് സുപ്രീം കോടതി ഈ കേസിൽ ഒരു അന്വേഷണത്തിനായി ഉത്തരവിട്ടത്. സ്വിറ്റ്സർലാൻഡിലെ ലാ ട്രിബ്യുൺ ഡി ജനീവ എന്നൊരു വർത്തമാനപത്രത്തിൽ ഇതിനെ സംബന്ധിച്ച ഒരു വാർത്ത വന്നതിനു ശേഷമായിരുന്നു ഈ ഉത്തരവ്. ഈ പണം തന്റെ ഒരു സ്ത്രീ സുഹൃത്തുകൂടിയായ ഒരു വ്യവസായിയുടെ പേരിലേക്ക് മാറ്റി എന്നാണാരോപണം. ജുവാൻ കാർലോസ് ഈ ആരോപണത്തെ കുറിച്ച് അഭിപ്രായമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ സുപ്രീം കോടതി ഉത്തരവ് വന്ന ഉടനെ, അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ രാജാവുമായ ഫെലിപ്പ് രാജാവ്, ജുവാന് മുൻ രാജാവ് എന്ന നിലയിൽ നൽകിവന്നിരുന്ന എല്ലാ സൗകര്യങ്ങളും എടുത്തു കളഞ്ഞിരുന്നു.

കാമുകിമാർ ധാരാളമുള്ള ജുവാൻ കാർലോസ് ഏറ്റവും അവസാനമായി തന്റെ സ്വന്തം ഭാര്യയുമായി കിടക്ക് പങ്കിട്ടത് 40 വർഷങ്ങൾക്ക് മുൻപായിരുന്നു എന്നൊരു വാർത്ത ഇടക്ക് വന്നിരുന്നു. ഡയാനാ രാജകുമാരിയും ചാൾസ് രാജകുമാരനും സ്പെയിൻ സന്ദർശിച്ചപ്പോൾ, ഡയാനയോട് വളരെ മോശമായ രീതിയിൽ പെരുമാറിയതായും ഒരു പുസ്തകത്തിൽ വന്നിരുന്നു. കൈനിറയെ സമ്പത്തും, ചുറ്റും കാമുകിമാരുമൊക്കെയായി കളം നിറഞ്ഞാടിയ ഒരു രാജാവ് കൂടി നാടുവിട്ടോടുകയാണ്. എന്നാൽ, അദ്ദേഹം എവിടേക്കാണ് പോയതെന്ന് പറഞ്ഞിട്ടില്ല. കൊട്ടാരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് അദ്ദേഹം ഡൊമിനികൻ റിപ്പബ്ലിക്കിലേക്ക് പോകാനാണ് സാധ്യത എന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP