Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളക്ടറുടെ കോവിഡ് അവലോകനത്തിന് പോകാത്ത ജില്ലാ പൊലീസ് മേധാവി; ഹോട് സ്‌പോട്ടുകള് സ്വയം നിശ്ചയിച്ച് റോഡുകൾ കല്ലിട്ട് അടയ്ക്കുന്നത് കളക്ടറേറ്റിലെ യോഗ തീരുമാനങ്ങൾ ഒന്നും അറിയാതെ; എല്ലാം ഐജിമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പൊളിച്ച് ഒടുവിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ; ഇനി യതീഷ് ചന്ദ്രയ്ക്ക് കളക്ടർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടി വരും; കണ്ണൂരിലെ പൊലീസ് രാജിനെ പൊളിച്ച് താരമായി കളക്ടർ ബ്രോ സുഭാഷ്

കളക്ടറുടെ കോവിഡ് അവലോകനത്തിന് പോകാത്ത ജില്ലാ പൊലീസ് മേധാവി; ഹോട് സ്‌പോട്ടുകള് സ്വയം നിശ്ചയിച്ച് റോഡുകൾ കല്ലിട്ട് അടയ്ക്കുന്നത് കളക്ടറേറ്റിലെ യോഗ തീരുമാനങ്ങൾ ഒന്നും അറിയാതെ; എല്ലാം ഐജിമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പൊളിച്ച് ഒടുവിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ; ഇനി യതീഷ് ചന്ദ്രയ്ക്ക് കളക്ടർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടി വരും; കണ്ണൂരിലെ പൊലീസ് രാജിനെ പൊളിച്ച് താരമായി കളക്ടർ ബ്രോ സുഭാഷ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഏറ്റവും കൂടുതൽ കോവിഡ് രോഗികളും ഏറ്റവുമധികം ഹോട്‌സ്‌പോട്ടുകളുമുള്ള കണ്ണൂർ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ജില്ലാ ഭരണകൂടവും പൊലീസും തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. ജില്ലയിൽ ഹോട്‌സ്‌പോട്ട് അല്ലാത്തിടത്തു പോലും പൊലീസ് റോഡുകൾ അടച്ചതാണു കലക്ടറെ പ്രകോപിപ്പിച്ചത്. റോഡുകൾ തുറക്കണമെന്നു ആവശ്യപ്പെട്ട് കലക്ടർ ടി.വി.സുഭാഷ് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കു കത്തു നൽകി. അതിനിടെ ലോക്ഡൗൺ സംബന്ധിച്ച് ജില്ലകളിൽ തീരുമാനം എടുക്കേണ്ട അധികാരി കലക്ടറാണെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകി. ഇതോടെ യതീഷ് ചന്ദ്രയ്ക്ക് മുകളിലാണ് കളക്ടർ എന്ന് വ്യക്തമാവുകയാണ്. നാട്ടുകാരുടേയും ആരോഗ്യ പ്രവർത്തകരുടേയും പരാതികൾ സജീവമായതോടെയാണ് എസ് പിക്കെതിരെ കണ്ണൂരിൽ കളക്ടർ ബ്രോ നിലപാട് കടുപ്പിച്ചത്. ഇത് സംസ്ഥാന സർക്കാരും അംഗീകരിക്കുകയാണ്.

ഐജിമാരായ വിജയ് സാഖറേ, അശോക് യാദവ് എന്നിവരുടെ നിർദ്ദേശപ്രകാരമാണു റോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണു പൊലീസിന്റെ വിശദീകരണം. കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ (പ്രൈമറി-സെക്കൻഡറി കോൺടാക്റ്റുകൾ) താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയാണു നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ ഐജിമാർക്ക് ഇതിൽ ബന്ധമില്ലെന്നാണ് മറുനാടന് ലഭിച്ച സൂചന. ഹോട് സ്‌പോട്ട് അല്ലാത്തിടത്ത് റോഡുകൾ അടയ്ക്കാൻ പൊലീസിന് അവകാശമില്ലെന്നാണ് ഐജിമാരുടേയും പക്ഷം. ഇതിനിടെയാണ് കാര്യങ്ങൾ വ്യക്തമാക്കി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്.

റോഡ് തുറക്കണമെന്ന ആവശ്യത്തിനു പുറമേ ഗുരുതരമായ ആരോപണങ്ങളും കലക്ടറുടെ കത്തിലുണ്ട്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിദിന അവലോകന യോഗത്തിൽ എസ്‌പിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുക്കുന്നില്ല, സമൂഹവ്യാപന സാധ്യതയില്ലെന്നു ഡിഎംഒ റിപ്പോർട്ട് നൽകിയിട്ടുള്ളപ്പോൾ ജില്ലയെ കണ്ടയ്ന്റ്‌മെന്റ് സോണുകളാക്കിയത് എന്തിന്? ജില്ലയെ കണ്ടയ്ന്റ്‌മെന്റ് സോണുകളാക്കാൻ യോഗങ്ങളിൽ തീരുമാനമില്ലെന്നും കളക്ടർ പറയുന്നു. ഹോട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം വേണമെന്ന സർക്കാർ നിർദ്ദേശമിരിക്കെ, അതല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ അടച്ചത് എന്താണ് എന്നെല്ലാം കത്തിലുണ്ട്. കൂടാതെ റോഡുകൾ അടിയന്തരമായി തുറക്കണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിയുമായി ആലോചിക്കാതെ മേലിൽ റോഡുകൾ അടയ്ക്കരുതെന്നും താക്കീതും കത്തിലുണ്ട്.

ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ 3 എസ്‌പിമാരാണു ജില്ലയിലെ റോഡുകളിൽ നിയന്ത്രണങ്ങൾക്കു നേതൃത്വം നൽകുന്നത്. ഇതും കലക്ടറോട് ആലോചിക്കാതെയാണെന്നു വിവരമുണ്ട്. ആരോഗ്യ വകുപ്പ് അറിയാതെ പൊലീസ് കോവിഡ് രോഗികളുടെ വിവരശേഖരണം നടത്തുന്നത് ആരോഗ്യ വകുപ്പിന്റെയും എതിർപ്പിനു കാരണമായിട്ടുണ്ട്. കണ്ണൂരിലേയും കാസർകോട്ടേയും വിവര ചോർച്ചാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്. കണ്ണൂരിൽ കർശന നിയന്ത്രണം തുടരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ചെയ്തതോടെ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നു വ്യക്തമാക്കി കലക്ടറും എസ്‌പിയും രാത്രി സംയുക്ത പ്രസ്താവനയിറക്കി.

ഇതിനിടെയാണ് അധികാരം കളക്ടർക്കാണെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് ഉത്തരവ് ഉറക്കിയത്. ലോക്ഡൗൺ നടപ്പാക്കുന്നതിനെച്ചൊല്ലി കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളുമായി അധികാരത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കത്തു നൽകിയത്. ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിലും ദുരന്ത നിവാരണ നിയമം അനുസരിച്ചും ജില്ലയുടെ അധികാരം കലക്ടർക്കാണ്. ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കളക്ടർ വ്യക്തമാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കണ്ണൂരിലാണ് പ്രതിരോധസംവിധാനം ഒന്നിച്ചു നിന്നു ചലിപ്പിക്കേണ്ട ജില്ലാ ഭരണകൂടവും പൊലീസും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന പരാതിയാണ് കളക്ടർ തന്നെ നേരിട്ട് ഉന്നയിക്കുന്നത്. ഹോട്ട് സ്‌പോട്ടുകൾ അല്ലാത്ത മേഖലകളിലും പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട് സ്‌പോട്ടുകൾക്ക് പുറത്ത് അടച്ചിട്ട റോഡുകൾ പൊലീസ് ഉടനെ തുറക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് അയച്ച കത്തിൽ കളക്ടർ ടിവി സുഭാഷ് ആവശ്യപ്പെടുന്നു.

അതിനിടെ പൊലീസ് ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസ്സം നിൽക്കുന്നു എന്ന് കാട്ടി ഡിഎംഒ കളക്ടർക്ക് പരാതി നൽകി. അതിനിടെ കഴിഞ്ഞ ആഴ്ച ലോക്ക് ഡൗണിനിടെ ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ചക്കരക്കൽ സിഐ എംവി ദിനേശനെ സ്ഥലം മാറ്റി. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയിരിക്കുന്നത്. അക്രഡേറ്റിഷൻ കാർഡ് കാണിച്ചിട്ടും സിഐ തന്നെ റോഡിലിട്ട് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്‌തെന്ന് കാണിച്ച് ദേശാഭിമാനി കണ്ണൂർ സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നേരത്തെ കണ്ണൂരിൽ ലോക് ഡൗൺ കാലത്ത് സാമൂഹിക പ്രവർത്തകരെ കൊണ്ട് ഏതമിടിപ്പിച്ച എസ്‌പിയുടെ നടപടിയും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP