Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറശാല എസ്‌പി ആശുപത്രിയിൽ കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് ഈടാക്കിയത് യഥാർത്ഥ തുകയുടെ പതിനഞ്ചിരിട്ടി; മൂന്നുദിവസത്തേക്ക് ചുമത്തിയത് 45,500 രൂപ; മൂന്നുദിവസത്തേക്ക് ഈടാക്കാവുന്നത് 3,000 രൂപ; തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ

പാറശാല എസ്‌പി ആശുപത്രിയിൽ കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് ഈടാക്കിയത് യഥാർത്ഥ തുകയുടെ പതിനഞ്ചിരിട്ടി; മൂന്നുദിവസത്തേക്ക് ചുമത്തിയത് 45,500 രൂപ; മൂന്നുദിവസത്തേക്ക് ഈടാക്കാവുന്നത് 3,000 രൂപ; തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ

വിനോദ് പൂന്തോട്ടം

 തിരുവനന്തപുരം: പാറശാല എസ് പി ഹോസ്പിറ്റൽ നടത്തിയത് തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കോവിഡ് രോഗിയിൽ നിന്നും പ്രാണവായുവിന് ഈടാക്കിയത് യാഥാർത്ഥ തുകയുടെ പതിനഞ്ച് ഇരട്ടിയാണ്. മൂന്ന് ദിവസത്തേക്ക് 3000 രൂപ ഈടാക്കേണ്ട സ്ഥാനത്താണ് 45500 രൂപ ഈടാക്കിയതെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. മിനിട്ടിന് എട്ടു ലിറ്റർ വെച്ച് ഓക്സിജൻ നല്കിയാൽ പോലും മൂന്ന് ദിവസത്തേക്ക് 3000 രൂപ മതി. മിനിട്ടിന് 20 ലിറ്റർ വരെ നല്കുന്ന മറ്റു സ്വകാര്യാശുപത്രികൾ ഈടാക്കുന്നത് 4500 രൂപ മാത്രമാണന്നും ആരോഗ്യ വകുപ്പ് അസിസ്ററന്റ് ഡയറക്ടർ കൂടിയായ ഡോ. ബി ഉണ്ണിക്കൃഷ്ണൻ നല്കിയ റിപ്പോർട്ടിൽ പറയുന്നു

പ്രാണ വായുവിന് കോവിഡ് രോഗിയിൽ മൂന്ന് ദിവസത്തേക്ക് 45, 500രൂപ ഈടാക്കി പകൽ കൊള്ള നടത്തിയത് വിവാദമാവുകയും ഡി എം ഒ ക്ക് പരാതി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. ഡി എം ഒ യുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ പാറാശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി ഉണ്ണിക്കൃഷ്ണൻ എസ് പി ആശുപത്രിയിൽ എത്തി രേഖകൾ പരിശോധിച്ചിരുന്നു.എപ്രിൽ 24 ന് ഉച്ചയ്ക്ക് 1.45 ന് നസീമ എന്ന രോഗിയെ അഡ്‌മിറ്റു ചെയ്തതായി രേഖകൾ ഉണ്ട്. തുടർന്ന് എപ്രിൽ 27 ന് ഉച്ചയ്ക്ക് 12.15ന് രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായും ആശുപത്രി രേഖകളിൽ നിന്നും മനസിലായി.കേയ്സ് ഷീറ്റ് പ്രകാരം മിനിട്ടിൽ എട്ടു ലിറ്റർ വെച്ച് ഓക്സിജൻ രോഗിക്ക് നല്കിയിരുന്നതായി പറയുന്നു.ആശുപത്രിയിൽ സെന്ററലൈസ്ഡ് ഓക്സിജൻ സംവിധാനമാണ് ഉപയോഗിക്കുന്നത്.

അതു പ്രകാരം 58.5 മണിക്കൂർ മിനിട്ടിന് എട്ടു ലിറ്റർ വെച്ച് 28080 ലിറ്റർ ഓക്സിജൻ രോഗി ഉപയോഗിച്ചുവെന്നാണ് എസ് പി ആശുപത്രി അധികൃതരുടെ വാദം.ഒരു പൂർണ ഓക്സിജൻ സിലിണ്ടറിൽ 6500 മുതൽ 7000 ലിറ്റർ വരെ ഓക്സിജൻ ഉണ്ടാവും.അങ്ങനെയെങ്കിൽ നാലു മുതൽ അഞ്ചു സിലിണ്ടർ ഓക്സിജൻ ഈ രോഗിക്ക് വേണ്ടി വിനിയോഗിച്ചുണ്ടാകാം.ഒരു ഓക്സിജൻ സിലിണ്ടറിന് 600 രൂപയാണ് വില. അതായത് രോഗി മൂന്നു ദിവസവും ഓക്സിജൻ ഉപയോഗിച്ചുവെങ്കിൽ അടയ്ക്കേണ്ട തുക വെറും മുവ്വായിരം രൂപ. ആ സ്ഥാനത്താണ് 45500 രൂപ ഈടാക്കി എസ് പി ആശുപത്രി അധികൃതർ തീവെട്ടിക്കൊള്ള നടത്തിയത്.നെയ്യാറ്റിൻകരയിലെ മറ്റു സ്വകാര്യ ആശുപത്രികളിലും ഡോ. ഉണ്ണിക്കൃഷ്ണൻ അന്വേഷണം നടത്തി. മിനിട്ടിൽ 20 ലിറ്റർ വരെ നല്കുന്ന സ്വകാര്യ ആശുപത്രികൾ മൂന്നു ദിവസത്തേക്ക് ഈടാക്കുന്നത് 4500 രൂപയാണന്നും അന്വേഷണത്തിൽ മനസിലായി. കോവിഡ് സാഹചര്യം മനസിലാക്കി രോഗിയിൽ നിന്നും എസ് പി ആശുപത്രി നടത്തിയത് പകൽ കൊള്ളയാണന്ന് അന്വേഷണ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തു. റിപ്പോർട്ട് ഡി എം ഒ ക്ക് കൈമാറി.

തിരുവനന്തപുരത്ത് ആശുപത്രികളിൽ ഒഴിവില്ലാത്തതിനാലാണ് കോവിഡ് പോസിറ്റീവ് ആയതോടെ പേപ്പാറ കാലങ്കാവ് എസ്.എൻ നിവാസിൽ നസീമയെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുവായ നൂറുൽ അമീനിന്റെ സഹായത്തോടെയായിരുന്നു ഇത്. മൂന്ന് ദിവസം ഈ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവർക്ക് ആദ്യ രണ്ട് ദിവസങ്ങളിലും ഓക്സിജൻ സൗകര്യം വേണ്ടി വന്നില്ലെന്നും മൂന്നാം ദിവസമാണ് ഓക്സിജൻ നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ വസ്തുത കൂടി പരിശോധിക്കുമ്പോൾ യഥാർത്ഥത്തിൽ ഓക്സിജന് 1000 രൂപ മാത്രമേ ചെലവു വരികയുള്ളുവെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.

66950 രൂപയുടെ ഡിസ്ചാർജ് ബില്ലിലാണ് ഒരു ദിവസത്തെ ഓക്സിജന്റെ നിരക്ക് 45,600 രൂപയെന്ന ഭീമമായ കണക്ക് നൽകിയത്. ഇത് ചോദ്യം ചെയ്തപ്പോൾ പല രോഗികൾക്കും ഒരു ലക്ഷം രൂപയോളം ബില്ല് വരുന്നുണ്ടെന്നും ഇത് സാധാരണമാണെന്നും അറിയിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞിട്ടും അവർ ഒരു മാറ്റത്തിനും തയ്യാറായില്ല. ആരോഗ്യ സ്ഥിതി മോശമായ ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് നീക്കുമ്പോഴാണ് ഈ ക്രൂരതയെന്ന് ഓർക്കണം. കയ്യിൽ ഇത്രയും പണം കരുതിയിട്ടില്ലായിരുന്നതിനാൽ കടംവാങ്ങേണ്ട അവസ്ഥ വരെ വന്നുവെന്നും രോഗിയുടെ ബന്ധുവായ നുറുൽ അമീൻ പറഞ്ഞിരുന്നു.. മെയ്‌ 2ന് നസീമ മരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് കുടുംബം പരാതി നൽകി. അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകാതെ വന്നപ്പോൾ കൊള്ള വിവരം ചൂണ്ടിക്കാട്ടി ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

തുടർന്ന് സ്വകാര്യ ആശുപത്രി അധികൃതർ തന്നെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടെന്നും മുപ്പതിനായിരം രൂപ തിരികെ നൽകാം എന്ന് അറിയിച്ചെന്നും നൂറുൽ അമീൻ വെളിപ്പെടുത്തിയിരുന്നു. സംഭവം ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.

അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെയാണ് പരാതിയുമായി മുന്നോട്ടു പോകാതിരിക്കാൻ ബന്ധുക്കളെ പിന്തിരിപ്പിക്കാൻ ആശുപത്രി അധികൃതർ നടത്തിയ നീക്കം പുറത്തു വരുന്നത്. എന്നാൽ ആശുപത്രിക്ക് എതിരെ നടപടിയില്ലാത്തതാണ് ഇങ്ങനെയൊരു നീക്കത്തിന് പോലും സാഹചര്യം ഒരുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഇനിയും ഒരു രോഗിക്ക് പോലും ഈ അവസഥ വരാതിരിക്കാൻ നടപടിയാണ് വേണ്ടത്. ഇതിനായി ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

രോഗിക്ക് മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബിൽ എഴുതിയതിൽ ഉണ്ടായ പിഴവ് ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ് ബില്ല് പകൽകൊള്ള തന്നെയെന്ന് വ്യക്തമാക്കുകയാണ് കണക്കുകൾ പലപ്പോഴും ഒരു രോഗിക്ക് നൽകേണ്ടി വന്ന ഓക്സിജന്റെ കണക്ക് കൃത്യമായി കണക്കാക്കാൻ സാധിച്ചെന്ന് വരില്ല. അതിനാൽ സാധാരണക്കാരായ ജനങ്ങളെ ചൂഷണത്തിൽ നിന്ന് ഒഴിവാക്കാനായി ഓക്സിജൻ നിരക്ക് നിജപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. സംസ്ഥാനത്തെ ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഘട്ടം ഘട്ടമായി ഇതൊക്കെ നടപ്പാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP