Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

സുപ്രീംകോടതിക്കു വേണ്ടിയിരുന്നത് തെളിവുകൾ; ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശവും വിനയായി; കേരള ജനത വധശിക്ഷ ആഗ്രഹിച്ച നരാധമന് സുപ്രീംകോടതി ഇളവു നല്കിയത് ഇങ്ങനെ

സുപ്രീംകോടതിക്കു വേണ്ടിയിരുന്നത് തെളിവുകൾ; ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശവും വിനയായി; കേരള ജനത വധശിക്ഷ ആഗ്രഹിച്ച നരാധമന് സുപ്രീംകോടതി ഇളവു നല്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ മനസാക്ഷിയെ തൊട്ടുണർത്തിയ നൊമ്പരമായിരുന്നു സൗമ്യയെന്ന ഇരുപത്തിമൂന്നുകാരിയുടെ മരണം. സംസ്ഥാനമൊട്ടുക്ക് പ്രതിഷേധം അലയടിച്ച സംഭവത്തിൽ ഗോവിന്ദച്ചാമിയെന്ന പ്രതിക്ക് ഇന്ത്യൻ ശിക്ഷാനിയമം വിധിക്കുന്ന പരമാവധി ശിക്ഷ നല്കണമെന്നത് ജനകീയ ആവശ്യമായിരുന്നു. എന്നാൽ ജനങ്ങളുടെ ആവശ്യം കോടതിക്ക് അംഗീകരിക്കാനാവില്ല. കോടതിക്കു വേണ്ടത് തെളിവുകളാണ്. ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നു കേരളം മുഴുവൻ വിശ്വസിക്കുന്നുവെങ്കിലും കോടതിക്കു ബോധ്യപ്പെട്ടിട്ടില്ല. ശാസ്ത്രീയമായ തെളിവുകൾ ബലാത്സംഗം തെളിയിച്ചു. എന്നാൽ കൊലപാതകം തെളിയിക്കാനാവശ്യമായ ദൃക്‌സാക്ഷികളോ സാഹചര്യത്തെളിവുകളോ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ള തെളിവുകൾ ഗോവിന്ദച്ചാമിക്ക് സംശയത്തിന്റെ ആനുകൂല്യം നല്കുന്നതായിരുന്നു. 101 ശതമാനം തെളിവുകളുണ്ടെങ്കിൽ കൊലക്കുറ്റം, ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടെങ്കിൽ അതിന്റെ ആനുകൂല്യം എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. കേരളം മുഴുവൻ നരാധമനെന്ന് വിലയിരുത്തുന്ന ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം ഇതാണ്.

2011 ഫെബ്രുവരി ഒന്നിന് രാത്രി 9.30നും 10നും ഇടയിൽ വള്ളത്തോൾനഗർ റെയിൽവെ സ്റ്റേഷനു സമീപം അബോധാവസ്ഥയിൽ സൗമ്യ വിശ്വനാഥനെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലാക്കി. പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ ക്രൂരപീഡനം തെളിയിക്കുന്നതായിരുന്നു. ഫെബ്രുവരി ആറിന് മൂന്ന് മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൗമ്യ മരണത്തിന് കീഴടങ്ങി.

സൗമ്യയെ പരുക്കേറ്റ് കണ്ടെത്തിയതിന് പിന്നാലെ ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യൻ തമിഴനെ കടലൂർ വിരുദാചലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ ലേഡീസ് കംപാർട്ടുമെന്റിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കവർച്ച ചെയ്യാൻ പ്രതി ശ്രമിച്ചുവെന്നും തുടർന്ന് ബലാത്സംഗവും കൊലപാതകവും നടന്നുമെന്നുമാണ് പൊലീസ് നല്കിയ വിശദീകരണം.

കവർച്ചാശ്രമം തടഞ്ഞ പെൺകുട്ടിയെ പ്രതി ശാരീരികമായി ആക്രമിച്ചു. തല ട്രെയിനിന്റെ ചുമരിൽ ഇടിച്ചു. കൈ ട്രെയിനിന്റെ വാതിൽ വച്ച് ഞെരിച്ചു. അർദ്ധബോധാവസ്ഥയിലായ സൗമ്യയെ മെല്ലെപ്പോകുകയായിരുന്ന ട്രെയിനിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ ട്രെയിനിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി 200 മീറ്ററോളം നടന്ന് രക്തത്തിൽ കുളിച്ചു കിടന്ന സൗമ്യയെ കണ്ടെത്തി. പീഡിപ്പിച്ച് സൗമ്യയുടെ മൊബൈലടക്കമുള്ള വസ്തുക്കൾ കവർന്ന് രക്ഷപ്പെട്ടു.

ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളെയാണ് പൊലീസ് ആശ്രയിച്ചത്. ഡിഎൻഎ തെളിവുകൾ കേസിൽ നിർണായകമായി. സൗമ്യയുടെ നഖങ്ങൾക്കിടയിൽ നിന്ന് പ്രതിയുടെ ഡിഎൻഎ സാമ്പിളുകൾ ഫൊറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. സൗമ്യയുടെ ശരീരത്തിൽ നിന്നും വസ്ത്രങ്ങളിൽ നിന്നും പ്രതിയുടെ ബീജങ്ങളും കണ്ടെത്തി. സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കംപാർട്ട്‌മെന്റിൽ നിന്ന് ഗോവിന്ദച്ചാമിയുടെ ഷർട്ടിലെ ബട്ടൻസ് കണ്ടെടുത്തി. ഗോവിന്ദച്ചാമിയെ വൈദ്യപരിശോധയ്ക്ക് വിധേയനാക്കിയപ്പോൾ നഖങ്ങൾ കൊണ്ട് മാന്തിയ പാടുകൾ ശരീരരത്തിൽ കണ്ടെത്തി.

സൗമ്യയുടെ ശരീരത്തിലെ പാടുകൾ ട്രെയിനിൽ വച്ച് അക്രമിക്കപ്പെട്ടത് തെളിയിക്കുന്നതായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ഷെർളി വാസുവിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. നെറ്റിയിൽ ഉണ്ടായിരുന്ന ആറു മുറിവുകൾ വീണപ്പോൾ ഉണ്ടായതല്ല. ഇത് ട്രെയിനിന്റെ ചുവരിൽ ഇടിച്ചപ്പോൾ ഉണ്ടായതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർ എഴുതി. കൈകൾ വാതിലിൽ അമർത്തി ക്ഷതമേൽപ്പിച്ചതിന്റെ പാടുകൾ ഉണ്ട്. പകുതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണെന്ന് മുറിവുകളുടെ സ്വഭാവത്തിൽ നിന്ന് മനസ്സിലാക്കാം. പേടിച്ച് പുറത്തേയ്ക്കു ചാടുമ്പോഴുള്ള പരുക്കിന്റെ സ്വഭാവം ഇതല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി.ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് ആശുപത്രിയിൽ അർദ്ധബോധാവസ്ഥയിലും സൗമ്യ പറഞ്ഞിരുന്നു. കൂടാതെ ഗോവിന്ദച്ചാമിയെ ട്രെയിനിൽ കണ്ടെന്ന് മൊഴി നൽകിയ സാക്ഷികൾ ഉണ്ടായിരുന്നു.

സൗമ്യവധക്കേസ് പ്രതിക്കു വധശിക്ഷ നല്കുണമെന്നത് കേരളത്തിലെ പൊതുജനങ്ങളുടെ ആവശ്യമായി മാറിയിരുന്നു. വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. പക്ഷേ, വധശിക്ഷയ്‌ക്കെതിരേ ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. 2014 ജൂലൈ 29ന് സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവെന്തെന്ന് കോടതി ചോദിച്ചു. 2016 സെപ്റ്റംബർ 15ൽ സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി.

കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകൾ സുപ്രീംകോടതിയുടെ പലപ്പോഴായുള്ള പരാമർശങ്ങളിൽനിന്നും വിധിന്യായങ്ങളിൽനിന്നും വായിച്ചെടുക്കാം. സൗമ്യ ട്രെയിനിൽ നിന്ന് സ്വയം ചാടിയതായി കണ്ടയാൾ പറഞ്ഞുവെന്ന സാക്ഷി മൊഴിയാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്. അതുകൊണ്ട് തന്നെ കൊലപാതകക്കുറ്റമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സൗമ്യയെ ഗോവിന്ദചാമി ക്രൂരമായി ബലാൽസംഗത്തിന് വിധേയനാക്കി. ഇതിനെ തുടർന്ന് സൗമ്യ തീവണ്ടിയിൽ നിന്ന് ചാടിയെങ്കിൽപോലും അതിനെ മരണത്തിലേക്ക് ഗോവിന്ദചാമി തള്ളിവിട്ടതായി കണക്കാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല.

കേസിൽ കൊലപാതകം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. ഈ ബഞ്ച് തന്നെയാണ് സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ പുനപരിശോധനാ ഹർജിയും പരിഗണിച്ചു തള്ളിയത്. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നൽകാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം കോടതി വിധിച്ചു.

ട്രെയിനിൽ നിന്ന് വീണപ്പോൾ തലയിലേറ്റ ക്ഷതമാണ് സൗമ്യയുടെ മരണകാരണമായത്. എന്നാൽ ട്രെയിനിൽ നിന്ന് സൗമ്യ സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് ആയില്ല. ഈ സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കൊലക്കുറ്റം ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. കൊലപാതകത്തിനുള്ള ഐപിസി 302 വകുപ്പ് ഒഴിവാക്കിയപ്പോൾ ഗുരുതരമായി പരിക്കേൽപിച്ചതിനുള്ള ഐപിസി 325 വകുപ്പ് കോടതി പ്രതിക്കുമേൽ ചുമത്തി.

സൗമ്യ വധക്കേസിൽ ഗോവിന്ദ ചാമിയുടെ അപ്പീൽ പരിഗണിക്കവെ സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പ്രോസിക്യൂഷന് പലപ്പോഴും ഉത്തരംമുട്ടി. ഗോവിന്ദചാമി സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ അതിന് വ്യക്തമായ ഉത്തരം നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യ ട്രെയിനിൽ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികൾ. ഊഹാപോഹങ്ങൾ കോടതിയിൽ പറയരുത്. സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ചില പരാമർശങ്ങളും തിരിച്ചടിയായി. ഗോവിന്ദച്ചാമി ട്രെയിനിൽവച്ച് നാലോ അഞ്ചോ തവണ സൗമ്യയുടെ തല ഭിത്തിയിലിടിച്ച് ബോധംകെടുത്തിയശേഷം പുറത്തേക്കെറിഞ്ഞുവെന്നാണ് ഡോ. ഷേർളി വാസു റിപ്പോർട്ട് നല്കിയത്. പത്തോ പതിനഞ്ചോ കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്നും വീണാലും ചാടിയാലും അധികം പരിക്കുകൾ ഉണ്ടാകണമെന്നില്ല. എന്നാൽ തള്ളിയിടുമ്പോൾ വേറെ ഒരു ഫോഴ്സ് കൂടി ഉണ്ടാവുകയും അത് കൂടുതൽ ഗുരുതരമായ മുറിവ് ഉണ്ടാക്കുകയും ചെയ്യും. സൗമ്യയുടെ ശരീരത്തിലെ ആദ്യത്തെ മുറിവ് വീഴുമ്പോൾ ഉണ്ടായതും, രണ്ടാമത്തേത് ഗോവിന്ദച്ചാമി ബലാൽസംഗത്തിന് ശേഷം കല്ലുകൊണ്ട് അടിച്ചതുമായിരുന്നു. രണ്ടാമത്തെ മുറിവിന് കാരണം ഗോവിന്ദച്ചാമിയാണ്. തലയ്ക്ക് അടിച്ചാൽ മരിക്കുമെന്ന് ഏതൊരാൾക്കും അറിയാം. അപ്പോൾ അടിച്ചത് വഴി കൊല്ലാനുള്ള ഉദ്ദേശ്യവും കൊല്ലപ്പെടുമെന്ന ഗോവിന്ദച്ചാമിയുടെ അറിവും തെളിയിക്കപ്പെടുമായിരുന്നു. ട്രെയിനിൽ സൗമ്യയുടെ തല തവണ ഇടിച്ച് അബോധാവസ്ഥയിലാക്കി എന്ന പോസ്റ്റമോർട്ടം റിപ്പോർട്ടിലെ പരാമർശം ഈ സാധ്യത മുഴുവൻ ഇല്ലാതാക്കുന്നതായിരുന്നു.

സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകൾ നിരത്തി ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് ഒരുവിധത്തിലും സാധിച്ചില്ല. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട സുപ്രീംകോടതി ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുക പോലുമുണ്ടായി.

സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാർട്മെന്റിനു മുന്നിലുള്ള ജനറൽ കോച്ചിലെ യാത്രക്കാരന്റെ മൊഴിയിൽ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനിൽക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയിൽ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കു സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിടാൻ സാധിക്കുമോയെന്നു ബെഞ്ചിലെ ജസ്റ്റിസുമാരായ പ്രഫുല്ല സി.പന്തും യു.യു. ലളിതും സംശയം പ്രകടിപ്പിക്കുകയുണ്ടായി.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ.ആളൂർ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രധാന വാദം. ഗോവിന്ദചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നായിരുന്നു ഇദ്ദേഹം നേരത്തെ കോടതിയിൽ വാദിച്ചിരുന്നത്. സൗമ്യയുടേത് അപകട മരണമായിരുന്നു. ഇത് ബലാത്സഗമായി ചിത്രീകരിച്ച് ഗോവിന്ദചാമിയെ കേസിൽ കുടുക്കുക ആയിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടില്ലെന്നു ബോധ്യപ്പെടുത്താൻ അഭിഭാഷകൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാരണം ശാസ്ത്രീയ തെളിവുകൾ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തുവെന്നകാര്യം തെളിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP