Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി

സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ അരുൺ മാതാപിതാക്കളുടെ മുന്നിൽ വെച്ചു കുത്തിയത് 33 തവണ; കൊടുംക്രൂരമെന്ന് വിലയിരുത്തി കോടതിയുടെ ശിക്ഷാ വിധി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാടിനെ നടുക്കിയ അരുംകൊലയിൽ നിർണായക കോടതി വിധി. നെടുമങ്ങാട് സൂര്യഗായത്രി കൊലപാതകക്കേസിലാണ് പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതിക്ക് അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വിവാഹഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി നടത്തിയതുകൊടുംക്രൂരതയാണെന്ന് കോടതി വിലയിരുത്തി.

2021 ആഗസ്തിലാണ് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നത്. അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സൂര്യഗായത്രിയോട് പല തവണ അരുൺ വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു. എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു.

ഇതിനിടയിലാണ് അരുൺ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണം നടത്താൻ ശ്രമിച്ചത് സൂര്യഗായത്രിയാണെന്നും അത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തി മരിക്കുകയാണ് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 33 തവണ ശരീരത്തിൽ കുത്താൻ സ്വയം സാധിക്കില്ലെന്നും അതിനാൽ തന്നെ അരുൺ കുറ്റക്കാരനെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ അതിക്രൂരമായാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പ്രതിയുടെ മനോനില കണക്കിലെടുത്തുകൊണ്ടും ഒരു കാരണവശാലും പ്രതിയുടെ ശിക്ഷയിൽ ഇളവ് നൽകരുതെന്നും പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു.

കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതുകൊണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചിരുന്നു. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം കത്തി പിടിച്ചുവാങ്ങി തുരുതുരെ കുത്തിയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്‌പി.യുമായ ബി.എസ്. സജിമോൻ നൽകിയ മൊഴി പ്രോസിക്യൂഷന് നിർണ്ണായക തെളിവായി മാറി.

കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജൻ ധന്യാ രവീന്ദ്രനും സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയാണുണ്ടായിരുന്നതെന്നും ഫൊറൻസിക് വിദഗ്ദരായ ലീന. വി. നായർ, ഷഫീക്ക, വിനീത് എന്നിവർ നൽകിയ മൊഴിയും ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നൽകിയ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദീപ ഹരിഹരന്റെ മൊഴിയും പ്രോസിക്യൂഷൻ കേസിന് ഏറെ സഹായകരമായി മാറി.

പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപള്ളി. ടി.എൻ. സുനിൽകുമാറും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP